രാസവസ്തു, രാസവളം മന്ത്രാലയം

പഴങ്ങളിലും പച്ചക്കറികളിലുമുള്ള സൂക്ഷ്മാണുബാധ തടയുന്നതിന് ഐപിഎഫ്റ്റി, പുതിയ 'അണുനാശക സ്‌പ്രേ' വികസിപ്പിച്ചു.

Posted On: 12 SEP 2020 11:45AM by PIB Thiruvananthpuram

കോവിഡ് ആഗോളവ്യാപകമായി പ്രതിസന്ധി ഉയര്‍ത്തിയ കാലയളവില്‍, കേന്ദ്ര രാസവള മന്ത്രാലയത്തിലെ കെമിക്കല്‍സ് & പെട്രോ കെമിക്കല്‍സ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെസ്റ്റിസൈഡ് ഫോമുലേഷന്‍ ടെക്‌നോളജി - ഐ പി എഫ് റ്റി, രണ്ട് നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു. ഉപരിതലത്തില്‍ പ്രയോഗിക്കാനായുള്ള അണുനാശക സ്‌പ്രേയും, പഴം - പച്ചക്കറികള്‍ക്കായുള്ള അണുനാശക ലായനിയുമാണ് വികസിപ്പിച്ചത്.


വാതില്‍പ്പടികള്‍, കസേര കൈപ്പിടികള്‍, കമ്പ്യൂട്ടര്‍ കീ ബോര്‍ഡ്, മൗസ് എന്നീ നിരവധി ഉപരിതലങ്ങള്‍ വഴി, സൂക്ഷ്മാണുക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് ഐപിഎഫ്റ്റി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപരിതലങ്ങളില്‍ പ്രയോഗിക്കാവുന്ന ആല്‍ക്കഹോള്‍ അധിഷ്ഠിത അണുനാശക സ്പ്രേ  ഐപിഎഫ്റ്റി വികസിപ്പിച്ചത്.


ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികള്‍ മൂലമുണ്ടാകുന്ന വിവിധ രോഗങ്ങള്‍ക്കെതിരായ, സസ്യജന്യ സംയുക്തങ്ങള്‍ അടങ്ങിയതാണ് ഈ സ്‌പ്രേ. ഉപരിതലത്തില്‍ പ്രയോഗിച്ചാല്‍ ഉടന്‍ ബാഷ്പീകരിച്ച് പോകുന്ന മണമില്ലാത്ത സ്‌പ്രേ, യാതൊരു വിധത്തിലുള്ള കറയോ അവശിഷ്ടമോ ഉണ്ടാക്കാറില്ല.


പഴം - പച്ചക്കറിയുടെ ഉപരിതലത്തിലുള്ള കീടനാശിനി അവശിഷ്ടങ്ങളെ ഇല്ലാതാക്കാനുള്ള ലായനിയും ഐപിഎഫ്റ്റി വികസിപ്പിച്ചു. ദൈനംദിന പോഷണത്തിനാവശ്യമായ ആഹാര പദാര്‍ത്ഥങ്ങളാണ് പഴവും പച്ചക്കറിയും. കീടനാശിനികളുടെ അമിതോപയോഗം മൂലം പലപ്പോഴും, അവയുടെ അവശിഷ്ടങ്ങള്‍ പഴത്തിലും പച്ചക്കറിയും നിലനില്‍ക്കാറുണ്ട്. ഇവയുടെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പഴം - പച്ചക്കറികള്‍, 100% വും ഭക്ഷ്യയോഗ്യമാക്കുന്നതിന് ജലാധിഷ്ഠിതമായ ലായനി ആണ് ഐ.പി.എഫ് റ്റി വികസിപ്പിച്ചത്. ജലം ചേര്‍ത്ത് നേര്‍പ്പിച്ച ഈ അണുനാശക ലായനിയില്‍ പഴങ്ങളും പച്ചക്കറികളും 15 - 20 മിനിറ്റ് മുക്കി വച്ചതിനുശേഷം, ശുദ്ധജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉപയോഗിക്കാവുന്നതാണ്. ഈ ലളിതമായ പ്രക്രിയയിലൂടെ പഴങ്ങളും പച്ചക്കറികളും പൂര്‍ണമായും കീടനാശിനി മുക്തമാകും.


1991 മെയിലാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ കെമിക്കല്‍സ് & പെട്രോ കെമിക്കല്‍സ് വകുപ്പിന് കീഴില്‍ സ്വയംഭരണ സ്ഥാപനമായി ഐപിഎഫ്റ്റി പ്രവര്‍ത്തനമാരംഭിച്ചത്. സുരക്ഷിതവും, കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ ക ീടനാശിനി ലായനികളുടെ നിര്‍മാണത്തിനായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.


ഫോര്‍മുലേഷന്‍ ടെക്‌നോളജി, ബയോസയന്‍സ്, അനലിറ്റിക്കല്‍ സയന്‍സ്, പ്രോസസ്സ് ഡെവലപ്‌മെന്റ് എന്നീ നാല് അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനുകളാണ് ഐപിഎഫ്.റ്റിയ്ക്കുള്ളത്.

********
 



(Release ID: 1653622) Visitor Counter : 234