രാജ്യരക്ഷാ മന്ത്രാലയം

റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി

Posted On: 10 SEP 2020 4:55PM by PIB Thiruvananthpuram



ഇന്ന് അംബാലയിലെ വ്യോമസേനാ താവളത്തിൽ നടന്ന ഔപചാരിക ചടങ്ങിൽ റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്, ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറൻസ് പാർലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത് ചരിത്ര മുഹൂർത്തമാണെന്നും വ്യോമസേനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും ചടങ്ങിൽ സംസാരിച്ച രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണായക വഴിത്തിരിവാണ് റാഫേൽ കരാർ എന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവർക്ക് ശക്തമായ സന്ദേശമാണ് റാഫേലിന്റെ വരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതു സാഹചര്യത്തിലും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കാനുള്ള ഉറപ്പും അതിനു സാധ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്താനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയവും ശ്രീ രാജ്നാഥ് സിംഗ് ആവർത്തിച്ചു. “സൈന്യത്തിന്റെ ലക്ഷ്യങ്ങൾ അങ്ങേയറ്റം അചഞ്ചലമാണ്”- അദ്ദേഹം വ്യക്തമാക്കി. “നാം പ്രതിരോധം ശക്തിപ്പെടുത്തുന്നത് അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും കൈവരിക്കാനാണ്, അന്താരാഷ്ട്ര സമാധാനത്തിന് ഭംഗം വരുത്തുന്ന ഒരു നടപടിയും സ്വീകരിക്കാൻ നാം ആഗ്രഹിക്കുന്നില്ല. അയൽക്കാരിലും ലോകത്തെ മറ്റ് രാജ്യങ്ങളിലും നമുക്ക് സമാനപ്രതീക്ഷകളാണുള്ളത്", രാജ്യരക്ഷാമന്ത്രി പറഞ്ഞു.

യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമസേന അടുത്തിടെ നടത്തിയ നീക്കങ്ങളുടെ ചടുലതയിലും കൃത്യതയിലും രാജ്യരക്ഷാമന്ത്രി അഭിനന്ദനം അറിയിച്ചു.

റഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതീകമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറൻസ് പാർലി തന്റെ പ്രസംഗത്തിൽ പറഞ്ഞു. അവശേഷിക്കുന്ന 31 വിമാനങ്ങൾ സമയബന്ധിതമായി കൈമാറുമെന്നും അവർ ഉറപ്പ് നൽകി.

സംയുക്ത സേനാ മേധാവി, ജനറൽ ബിപിൻ റാവത്ത്, ചീഫ് ഓഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ ആർ.‌ കെ.‌ എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി, ഡോ. അജയ് കുമാർ, പ്രതിരോധ ഉത്പാദന സെക്രട്ടറി, ശ്രീ രാജ് കുമാര്‍,
പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡി.ആർ.ഡി.. ചെയർമാനുമായ ഡോ. ജി. സതീഷ് റെഡ്ഡി, തുടങ്ങിയവരും രാജ്യരക്ഷാ മന്ത്രാലയത്തിലെയും സൈന്യത്തിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

2020
ജൂലൈ 27 ന് ഫ്രാൻസിൽ നിന്ന് അംബാലയിലെ വ്യോമസേനാ താവളത്തിൽ എത്തിയ ആദ്യ ബാച്ചിൽപ്പെട്ട അഞ്ച് റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ സ്ക്വാഡ്രൺ 17- “ഗോൾഡൻ ആരോസ്” - ന്റെ ഭാഗമായി.

അംബാലയിൽ നടന്ന ചടങ്ങുകളിൽ റഫേൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം, പരമ്പരാഗതസർവ്വ ധർമ്മ പൂജ’, റാഫേൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംഗ് എയറോബാറ്റിക് ടീംനടത്തിയ അഭ്യാസ പ്രകടനം എന്നിവ ഉണ്ടായിരുന്നു. പരമ്പരാഗതമായജല പീരങ്കി അഭിവാദ്യവും റാഫേൽ വിമാനങ്ങൾക്ക് നൽകി. ആചാരപരമായ ചടങ്ങുകൾക്ക് ശേഷം ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു.

***


(Release ID: 1653082) Visitor Counter : 207