പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി)2020 ലെ ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിലെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

Posted On: 07 SEP 2020 10:20PM by PIB Thiruvananthpuram

നമസ്‌ക്കാരം!
ബഹുമാന്യനായ രാഷ്ട്രപതി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ രമേഷ് പൊക്രിയാല്‍ നിഷാങ്ക് ജി, സജ്ഞയ് ദോത്രേ ജി, ആദരണീയരായ എല്ലാ ഗവര്‍ണര്‍മാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, വിദ്യാഭ്യാസ മന്ത്രിമാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നതില്‍ സുപ്രധാനപങ്കുവഹിച്ച ഡോ: കസ്തൂരി രംഗന്‍ ജി അദ്ദേഹത്തിന്റെ ടീമംഗങ്ങള്‍, വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ വിചക്ഷണര്‍, മഹതികളെ മഹാന്മാരെ.


ആദ്യമായി ഞാന്‍ ആദരണീയ രാഷ്ട്രപതിക്ക് നന്ദിയുള്ളവനാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ ഈ യോഗം വളരെയധികം പ്രസക്തവും പ്രധാനവുമാണ്. ഇന്നത്തെ ഈ ഒത്തുചേരല്‍ ഒന്നിച്ചുചേര്‍ത്താല്‍ നൂറുവര്‍ഷത്തെ അദ്ധ്യാപന പരിചയമുണ്ടാകും. ഞാന്‍ നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.


സര്‍,
രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതില്‍ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സംവിധാനവും വളരെ സുപ്രധാനമായ മാധ്യമമാണ്. കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എല്ലാവരും തന്നെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ടവരുമാണ്. എന്നാല്‍ വിദ്യാഭ്യാസനയത്തില്‍ അടിസ്ഥാനപരമായി പരിമിതമായ ഇടപെടലും സ്വാധീനവും മാത്രമാണ് ഗവണ്‍മെന്റില്‍ നിന്നുള്ളതെന്നതും വസ്തുതയാണ്. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസനയത്തില്‍ കൂടുതല്‍ ഉള്‍പ്പെടുമ്പോള്‍ അതിന്റെ പ്രസക്തിയും വ്യാപ്തിയും വര്‍ദ്ധിക്കുകയും ചെയ്യും.

ദേശീയ വിദ്യാഭ്യാസ നയത്തിനുള്ള പ്രവര്‍ത്തനം 4-5 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഗ്രാമങ്ങളിലും നഗരങ്ങളിലും നിന്നുള്ള ലക്ഷക്കണക്കിന് ആളുകളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പരിചയസമ്പന്നരായ ആളുകളും തങ്ങളുടെ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. രണ്ടുലക്ഷത്തിലധികം ആളുകള്‍ കരട് നയത്തിലെ വിവിധവിഭാഗങ്ങളിലായി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. അത് അര്‍ത്ഥമാക്കുന്നത് രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസവിചക്ഷണര്‍, അദ്ധ്യാപകര്‍, വിദ്യാഭ്യാസ മാനേജര്‍മാര്‍, പ്രൊഫഷണലുകള്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയെന്നതാണ്. അത്രയും അഗാധവും വ്യാപകവും വൈവിദ്ധ്യപരവുമായ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞുവന്ന അമൃതായതുകൊണ്ടുതന്നെ ഇപ്പോള്‍ ദേശീയ വിദ്യാഭ്യാസനയം എല്ലായിടത്തും സ്വാഗതം ചെയ്യപ്പെടുകയാണ്.

ഒരു ഗ്രാമത്തിലെ അദ്ധ്യാപകനായിക്കോട്ടെ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഒരു വിദ്യാഭ്യാസവിചക്ഷണനാകട്ടെ എല്ലാവരും ദേശീയ വിദ്യാഭ്യാസനയത്തെ തങ്ങളുടെ സ്വന്തം നയമായാണ് കാണുന്നത്. കഴിഞ്ഞ വിദ്യാഭ്യാസനയത്തില്‍ അവര്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന പരിഷ്‌ക്കരണങ്ങളാണെന്ന തോന്നലാണ് എല്ലാവര്‍ക്കുമുള്ളത്. ഇതാണ് ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കപ്പെടുന്നതിന് പിന്നിലുള്ള സുപ്രധാനമായ കാരണം.

വിദ്യാഭ്യാസനയത്തിന്റെ ഘടന തീരുമാനിച്ചശേഷം രാജ്യം ഒരു പടി മുന്നോട്ടുകടന്നിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും രാജ്യവ്യാപകമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നു. ദേശീയവിദ്യാഭ്യാസ നയം എന്നത് സ്‌കൂള്‍ വിദ്യാഭ്യാസം സംബന്ധിച്ചുള്ള പരിഷ്‌ക്കാരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, ദേശീയവിദ്യാഭ്യാസം നയം എന്നതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സമഗ്രമായ ചര്‍ച്ചകളും അനിവാര്യമാണ്. ഈ നയം 21-ാംനൂറ്റാണ്ടിലെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക മണ്ഡലങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ പോകുകയാണ്.

സ്വാശ്രയ ഇന്ത്യയുടെ കാര്യക്ഷമതയ്ക്കും നിശ്ചയദാര്‍ഡ്യത്തിനും ഈ നയം രൂപം നല്‍കും. നമ്മുടെ തയാറെടുപ്പുകളും അവബോധങ്ങളും സ്വാഭാവികമായി ഈ അതിബൃഹത്തായ നിശ്ചയദാര്‍ഡ്യവുമായി സമന്വയിക്കപ്പെടും. ദേശീയവിദ്യാഭ്യാസനയത്തിന്റെ സൂക്ഷ്മഭേദങ്ങളെക്കുറിച്ച് നിങ്ങളില്‍ പലരും പഠനം നടത്തിയിരിക്കും. ഇത്രയധികം വ്യാപ്തിയുള്ള ഈ പരിഷ്‌ക്കാരത്തിന്റെ ഉദ്ദേശത്തേയും സൂക്ഷ്മഭേദങ്ങളെയും കുറിച്ചുള്ള തുടര്‍ചര്‍ച്ചകള്‍ക്കും അതുകൊണ്ടുതന്നെ തുല്യപ്രാധാന്യമുണ്ട്. എല്ലാ സംശയങ്ങളും ചോദ്യങ്ങളും പരിഹരിച്ചുകൊണ്ട് രാജ്യത്തിന് വിജയകരമായി തന്നെ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാന്‍ കഴിയും.

സര്‍,
അതിവേഗം മാറുന്ന തൊഴിലുകളെക്കുറിച്ചും തൊഴിലിന്റെ സ്വഭാവങ്ങളെക്കുറിച്ചും ഇന്ന് ലോകമാകെ വ്യാപകമായി ചര്‍ച്ച നടത്തുകയാണ്. ഈ നയം ഭാവിയുടെ ആവശ്യകത മനസില്‍ സൂക്ഷിച്ചുകൊണ്ട് രാജ്യത്തെ യുവത്വത്തെ അറിവിലും വൈദഗ്ധ്യത്തിലുമുള്ള രണ്ടു മുഖങ്ങളില്‍ തയാറാക്കും. പുതിയ വിദ്യാഭ്യാസ നയം പഠനത്തെക്കാളേറെ ജ്ഞാനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുകയും പാഠ്യപദ്ധതിക്ക് അപ്പുറമുള്ള വിമര്‍ശനാത്മക ചിന്തകള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യും. പ്രക്രിയകളെക്കാളെറെ ആസക്തി, പ്രായോഗികത, പ്രകടനം എന്നിവയ്ക്ക് ശക്തമായ ഊന്നലുണ്ട്. അടിസ്ഥാനപരമായ അറിവുനേടലിനും ഭാഷാപഠനത്തിനും, പഠനത്തിന്റെ പരിണിതഫലങ്ങളിലും അദ്ധ്യാപക പരിശീലനത്തിലും ശ്രദ്ധയൂന്നുന്നുണ്ട്. ഈ നയത്തിന്റെ പ്രവേശനത്തിലും വിലയിരുത്തലിലും വ്യാപകമായ പരിഷ്‌ക്കരണങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഓരോ വിദ്യാര്‍ത്ഥിയേയും ശാക്തീകരിക്കുന്നതിനുള്ള വഴിയാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്.
ഒരു തരത്തില്‍ ഇത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്നും എല്ലാ പരിസ്ഥിതിക്കും യോജിക്കുന്ന ഒന്ന് എടുക്കുന്നതിനുള്ള പ്രയത്‌നമാണ്. ഇത് ഒരു സാധാരണല്ല മറിച്ച് അനിതരസാധാരണമായ പരിശ്രമമാണെന്ന് ആചാര്യന്മാരായ നിങ്ങള്‍ക്കും തോന്നിയിട്ടുണ്ടാകും. നമ്മുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാഭ്യാസനയത്തില്‍ നമുക്ക് കാണാന്‍ കഴിയുന്ന പ്രശ്‌നങ്ങളും കുറവുകളും ഈ നയത്തില്‍ ഒഴിവാക്കുന്നതിനായി സമഗ്രമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ബാഗിന്റെയും ബോര്‍ഡ് പരീക്ഷകളുടെയും ഭാരത്തെക്കുറിച്ചും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദത്തെക്കുറിച്ചും തീവ്രമായ ചര്‍ച്ചകള്‍ ദീര്‍ഘകാലമായി നടക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ വളരെ കാര്യക്ഷമമായ രീതിയില്‍ ഈ നയം അഭിസംബോധനചെയ്യുന്നുണ്ട്.- सा विद्या या विमुक्तये  അതായത് നമ്മുടെ മനസിനെ മോചിപ്പിക്കുന്നതായിരിക്കണം അറിവുകള്‍ എന്നാണ്.

അടിസ്ഥാനഘട്ടത്തില്‍ തന്നെ കുട്ടികളെ അവരുടെ സംസ്‌ക്കാരവും ഭാഷയും പാരമ്പര്യവുമായി ബന്ധപ്പെടുത്തുകയാണെങ്കില്‍ വിദ്യാഭ്യാസം എന്നത് കാര്യക്ഷമമാകുക മാത്രമല്ല, കുട്ടികള്‍ അതുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യും. ഈ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ ഒരു സമ്മര്‍ദ്ദവും പോരായ്മയും സ്വാധീനവുമില്ലാതെ പഠനത്തിന്റെ ജനാധിപത്യ മൂല്യങ്ങളേയും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ നമ്മുടെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ധാരകളെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദങ്ങളും ഇതിലൂടെ ഇല്ലാതായിട്ടുണ്ട്.


ഇപ്പോള്‍ യുവത്വത്തിന് അവരുടെ താല്‍പര്യത്തിനും അഭിരുചിക്കുമനുസരിച്ച് പഠിക്കാന്‍ കഴിയും. മുമ്പ് സമ്മര്‍ദ്ദം മൂലം വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവിനപ്പുറത്തുള്ള ഒരു ധാര തെരഞ്ഞെടുത്തിരുന്നു. അവര്‍ അത് തിരിച്ചറിഞ്ഞുകഴിയുമ്പോഴേയ്ക്കും വളരെ വൈകിയിരിക്കും. അതിന്റെ ഫലമെന്തെന്നാല്‍ ഒന്നുകിൽ വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിക്കും അല്ലെകില്‍ എങ്ങനെയെങ്കിലും അവന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കും. എനിക്ക് ഇത് മനസിലാകും, വാസ്തവത്തില്‍ എന്നെക്കാളും നിങ്ങള്‍ക്ക് ഇത് നന്നായി അറിയാമായിരിക്കും, ഇത് നമ്മുടെ രാജ്യത്ത് നിരവധി പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്, ഇതാണ് പല പ്രശ്‌നങ്ങളുടെ മൂലകാരണവും. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ദേശീയ വിദ്യാഭ്യാസ നയത്തില്‍ ലഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളെ അക്കാദമിക് ബാങ്ക് ഓഫ് ക്രഡിറ്റിന്റെ ഗുണവും വലിയതോതില്‍ ലഭിക്കും.

സര്‍,
ഇന്ത്യയെ സ്വാശ്രയമാക്കുന്നതിന് യുവത്വം നൈപുണ്യമുള്ളവരാകേണ്ടത് വളരെ അനിവാര്യമാണ്. കുട്ടികാലം മുതല്‍ തന്നെ നമ്മുടെ യുവത്വത്തെ ഭാവിയിലെ തൊഴിലിലേക്ക് പാകപ്പെടുത്തുന്നതിനായി നല്ലതുപോലെ തയാറെടുപ്പിക്കേണ്ടതുണ്ട്. പ്രായോഗിക പഠനം രാജ്യത്ത് നമ്മുടെ യുവസുഹൃത്തുക്കളുടെ തൊഴില്‍സാദ്ധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആഗോള വിപണിയില്‍ അവരുടെ പങ്കാളിത്തവും വര്‍ദ്ധിപ്പിക്കും. आ नो भद्राः क्रतवो यन्तु विश्वतः     എന്ന് നമ്മുടെ രാജ്യത്ത് പറയാറുണ്ട്. അതായത് ഏത് ദിശയില്‍ നിന്ന് വരുന്നുവെന്നത് കണക്കാക്കാതെ ഒരാള്‍ നല്ല ആശയങ്ങള്‍ സ്വീകരിക്കണം എന്നാണ്. പ്രാചീനകാലം മുതല്‍ തന്നെ ഇന്ത്യ അറിവിന്റെ ആഗോള കേന്ദ്രമായിരുന്നു. 21-ാം നൂറ്റാണ്ടില്‍ ഇന്തയെ അറിവിന്റെ സമ്പദ്ഘടനയാക്കാനായി നമ്മള്‍ പരിശ്രമിക്കുകയാണ്. ഈ നിശ്ചയദാര്‍ഢ്യത്തിന്റെ ദിശയിലേക്കുള്ള വലിയ കാലടിയാണ് പുതിയ വിദ്യാഭ്യാസനയം.

പുതിയ വിദ്യാഭ്യാസ നയം സാധാരണ കുടുംബത്തിലെ യുവത്വത്തിനു  മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കാമ്പസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനുള്ള വാതിലുകള്‍ തുറന്നുകൊടുക്കുകയും  ബുദ്ധിശക്തിയുടെ പുറത്തേക്കുള്ള ഒഴുക്ക് തടയുകയും ചെയ്യും. അന്താരാഷ്ട്ര തലത്തിലുള്ള കാമ്പസുകള്‍ രാജ്യത്ത് സ്ഥാപിച്ചുകഴിയുമ്പോള്‍ വിദ്യാഭ്യാസത്തിന് വേണ്ടി വിദേശത്തേയ്ക്ക് പോകുന്നതിനുള്ള പ്രവണതകള്‍ കുറയുകയും നമ്മുടെ സര്‍വകലാശാലകളും കോളജുകളും കുടുതല്‍ കാര്യക്ഷമമാകുകയും ചെയ്യും. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ പഠനക്രമത്തിന്റെ എല്ലാ പരിമിതികളും അവസാനിപ്പിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് ഇതിന്റെ മറ്റൊരു വശം.

സര്‍,
ഏതൊരു സംവിധാനത്തിലും വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാകുകയും നമ്മള്‍ പുതിയൊരു സംവിധാനത്തിലേക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ ചില സംശയങ്ങളും ആശങ്കകളും ഉണ്ടാകാറുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം സ്വാതന്ത്ര്യം ലഭിക്കുകയും പഠനധാരകള്‍ ഇല്ലാതാകുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് എങ്ങനെ കോളജുകളില്‍ പ്രവേശനം ലഭിക്കും, തങ്ങളുടെ കുട്ടികളുടെ ജീവിതാവസ്ഥയ്ക്ക് എന്തു സംഭവിക്കുമെന്നും രക്ഷിതാക്കള്‍ ചിന്തിക്കും. പുതിയ മാറ്റങ്ങള്‍ക്ക് വേണ്ടി തങ്ങളെ എങ്ങനെ തയാറാക്കുമെന്ന ചോദ്യം പ്രൊഫസര്‍മാരുടെയൂം അദ്ധ്യാപകരുടെയും മനസുകളിലുണ്ടാകും. എങ്ങനെയാണ് പുതിയ പഠനക്രമത്തെ പരിപാലിക്കേണ്ടത് എന്നും അവര്‍ സംശയപ്പെടും.

ഇവിടെ നിരവധിചോദ്യങ്ങളുണ്ട്, നിങ്ങളെല്ലാം അത് ചര്‍ച്ചചെയ്യുകയുമാണ്. നയത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തരത്തില്‍ എങ്ങനെയാണ് പഠനക്രമം രൂപീകരിക്കേണ്ടത്, എങ്ങനെയാണ് പാഠ്യഭാഗങ്ങളും ഉള്ളടക്കങ്ങളും പ്രാദേശിക ഭാഷകളില്‍ തയാറേക്കണ്ടത്, ലൈബ്രറികളെക്കുറിച്ച്, വിദ്യാഭ്യാസത്തിന്റെ ഡിജിറ്റലായും ഓണ്‍ലൈനായുമുള്ള ഉള്ളടക്കങ്ങളെ കുറിച്ച്, എങ്ങനെയാണ് ഇവ നടക്കുക, എന്നതുപോലെ ഇതിന്റെ നടത്തിപ്പുമായാണ് കൂടുതലും ചോദ്യങ്ങളുള്ളത്. വിഭവങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ നഷ്ടമാവില്ലേ? എന്നതുപോലെ ഭരണക്രമത്തെക്കുറിച്ചും സ്വാഭാവികമായും നിരവധി ചോദ്യങ്ങള്‍ നിങ്ങളുടെ മനസുകളില്‍ ഉണ്ടായിരിക്കാം. ഈ ചോദ്യങ്ങളെല്ലാം സുപ്രധാനങ്ങളുമാണ്.
ഓരോ ചോദ്യങ്ങളും പരിഹരിക്കാനായി നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. വിദ്യാഭ്യാസമന്ത്രാലയത്തില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാങ്ങളിലെ ഓരോ തല്‍പരകക്ഷികളുടെയും വീക്ഷണങ്ങളും പ്രതികരണങ്ങളും തുറന്ന മനസോടെയാണ് ശ്രവിക്കുന്നതും. ആത്യന്തികമായി നമ്മളെല്ലാം ചേര്‍ന്ന് എല്ലാ സംശയങ്ങളും ആശങ്കകളും പരിഹരിക്കണം. ഈ നയം പുറത്തുവന്ന വീക്ഷണത്തിന്റെ വഴക്കത്തിന്റെ അതേരീതി തന്നെയായിരിക്കണം ഇതിന്റെ നടത്തിപ്പിലെ വഴക്കത്തിലും നമ്മള്‍ പ്രകടമാക്കേണ്ടത്.

ഇത് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയമല്ല. ഇത് രാജ്യത്തിന്റെ വിദ്യാഭ്യാസ നയമാണ്. രാജ്യത്തിന്റെ വിദേശകാര്യ, പ്രതിരോധ നയങ്ങള്‍ ഒരു ഗവണ്‍മെന്റിന്റേതുമല്ലാതെ ദേശത്തിന്റേതാകുന്നതുപോലെ വിദ്യാഭ്യാസനയവും രാജ്യത്തിന്റെ വിദ്യാഭ്യാസ നയമാണ്, ഏത് ഗവണ്‍മെന്റാണ് ഇവിടെയുള്ളത് അല്ലെങ്കില്‍ ആരാണ് ഇവിടെ ഭരിക്കുന്നത് എന്നതിനൊന്നും ഒരു പ്രസക്തിയുമില്ല. ഈ നയം 30 വര്‍ഷത്തിന് ശേഷമാണ് പുറത്തുവരുന്നത് എന്തെന്നാല്‍ ഇത് ഗവണ്‍മെന്റുകളില്‍ പരിമിതപ്പെട്ടതല്ല, എന്നാല്‍ രാജ്യത്തിന്റെ അഭിലാഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

സര്‍,
കാലത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഭാവിയെ മുന്നില്‍ കണ്ടുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തില്‍ സമഗ്രമായ വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയും നിര്‍ദ്ധനരും പിന്നോക്കകാരും ഗിരിവര്‍ഗ്ഗ സമൂഹങ്ങളുമുള്‍പ്പെടുന്ന രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കുപോലും അത് ലഭ്യമാകുകയും ചെയ്യുമ്പോള്‍ വിവരങ്ങളിലേക്കും അറിവിലേക്കുമുള്ള അവരുടെ എത്തിച്ചേരലുകളും വര്‍ദ്ധിക്കുകയാണ്.

ഇന്ന് വിഡിയോ സ്ട്രീമിംഗ് സൈറ്റുകള്‍ വഴി തങ്ങളുടെ ബ്ലോഗുകളിലൂടെ എല്ലാ വിഷയങ്ങള്‍ക്കും മികച്ച പരിശീലനം ലഭ്യമാക്കികൊണ്ട് എന്റെ നിരവധി യുവസുഹൃത്തുക്കള്‍ ചാനലുകള്‍ നടത്തുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു പാവപ്പെട്ട ആണ്‍കുട്ടിയ്‌ക്കോ, പെണ്‍കുട്ടിയ്‌ക്കോ ഇത് ചിന്തിക്കാന്‍ കഴിയുന്നതുപോലുമായിരുന്നില്ല. സാങ്കേതികവിദ്യയുടെ എത്തിച്ചേരല്‍ മൂലം പ്രാദേശികവും സാമുഹികവുമായ അസമത്വത്തിന്റെ പ്രശ്‌നത്തില്‍ വലിയ കുറവുമുണ്ടായിട്ടുണ്ട്. സര്‍വകലാശാലകള്‍ കോളജുകള്‍ എന്നിവ വഴി പരമാവധി സാങ്കേതിക പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.

സര്‍,
ഏതൊരു സംവിധാനത്തിനും അതിന്റ ഭരണനിര്‍വഹണമാതൃകയിലൂടെ കാര്യക്ഷമവും സംശ്ലേഷിതവുമാകാന്‍ കഴിയും. ഭരണനിര്‍ഹണം സംബന്ധിച്ച് ഈ നയവും അതേ സമീപനം തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. എല്ലാതരത്തിലുള്ള വിദ്യാഭ്യാസവും ,അത് അക്കാദമികമായിക്കോട്ടെ, സാങ്കേതികമാകട്ടെ, അല്ലെങ്കില്‍ തൊഴിലധിഷ്ഠിതമാകട്ടെ, അവയുടെകുറവുകൾ നികത്താൻ ഉന്നതവിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളിലും പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഭരണസംവിധാനത്തിലെ തട്ടുകള്‍ പരിമിതപ്പെടുത്തികൊണ്ട് മികച്ച ഏകോപനം ഉറപ്പാക്കാന്‍ നയം പരിശ്രമിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിലെ നിയന്ത്രണങ്ങള്‍ ഈ നയത്തിലൂടെ കുടുതല്‍ ലളിതവല്‍ക്കരിക്കുകയും സുസംഘടിതവുമാക്കും.

ഗ്രേഡഡ് സ്വയംഭരണം എന്ന ആശയത്തിന് പിന്നില്‍ ഓരോ കോളജും സര്‍വകലാശാലയുമായുള്ള ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് പാരിതോഷികം നല്‍കുകയും വേണം. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഉദ്ദേശം അതിന്റെ രൂപത്തിലും ഉള്ളടക്കത്തിലും നാം നടപ്പാക്കുകയെന്നത് നമ്മുടെ സംയുക്ത ഉത്തരവാദിത്വമാണ്. സെപ്റ്റംബര്‍ 25ന് മുമ്പ് നിങ്ങളുടെ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയൂം സര്‍വകലാശാലകളില്‍ നിങ്ങള്‍ ഇത്തരത്തിലുള്ള കുടുതല്‍ വെര്‍ച്ച്വല്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കണമെന്നതാണ് എനിക്ക് നിങ്ങളോടുള്ള പ്രത്യേക അഭ്യര്‍ത്ഥന. നമ്മള്‍ മുന്നോട്ടുപോകുമ്പോള്‍ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് മികച്ച ധാരണയുണ്ടാകുകയെന്നതാണ് ആശയം. നിങ്ങള്‍ നിങ്ങളുടെ സമയം ഇതിന് വേണ്ടി വിനിയോഗിച്ചതില്‍ ഞാന്‍ നിങ്ങള്‍ക്കെല്ലാം എന്റെ നന്ദിരേഖപ്പെടുത്തുന്നു.

ബഹുമാന്യനായ രാഷ്ട്രപതിക്ക് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ നന്ദിരേഖപ്പെടുത്തുന്നു. നിങ്ങള്‍ക്കെല്ലാം അനവധി നിരവധി ആശംസകള്‍.  


(Release ID: 1652487) Visitor Counter : 306