ധനകാര്യ മന്ത്രാലയം

വായ്പാ പരിഹാരം വേഗത്തിലാക്കുന്നതിനും എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇ.സി.എൽ.ജി.എസ്.), ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (പി.സി.ജി.എസ്.) 2.0, സബ് ഓർഡിനേറ്റ് ഡെറ്റ് സ്കീം എന്നിവയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും ധനകാര്യ സ്ഥാപനങ്ങളുമായി  ധനമന്ത്രി  കൂടിക്കാഴ്ച്ച നടത്തി

Posted On: 03 SEP 2020 3:46PM by PIB Thiruvananthpuram



കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ  വായ്പകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ  അവലോകനം ചെയ്യാൻ, ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും  മേധാവിമാരുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ  ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ യോഗം ചേർന്നു.വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം എടുത്തുകളയുമ്പോൾ, വായ്പയെടുത്തവർക്ക്  പിന്തുണ നൽകണമെന്നും കോവിഡ് പശ്ചാത്തലത്തിൽ ഉണ്ടായ തിരിച്ചടവ് സംബന്ധിച്ച പ്രശ്നങ്ങൾ  വായ്പയെടുത്തവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ  ബാധിക്കാതെ നോക്കണമെന്നും യോഗത്തിൽ ശ്രീമതി.സീതാരാമൻ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ധനമന്ത്രി പ്രധാനമായും ഊന്നൽ നൽകിയ വിഷയങ്ങൾ:-

> അതത് ധനകാര്യ സ്ഥാപനങ്ങളുടെ ബോർഡിന്റെ അംഗീകാരത്തോടെ  വായ്പ പരിഹാരം സംബന്ധിച്ച  നയം രൂപീകരിക്കുകയും ഉടനടി നടപ്പിലാക്കുകയും ചെയ്യുക .വായ്പക്ക് അർഹരായവരെ തിരിച്ചറിയുന്നതിനും  ബന്ധപ്പെടുന്നതിനുമായി വ്യക്‌തമായ പദ്ധതി തയ്യാറാക്കുക.

> സാധ്യമായ എല്ലാ ബിസിനസ് സംരംഭങ്ങളുടെയും  പുനരുജ്ജീവനത്തിന്  ആവശ്യമായ സഹായം ഉറപ്പുവരുത്താൻ, ധനകാര്യ സ്ഥാപനങ്ങൾ  വ്യക്തവും സുസ്‌ഥിരവുമായ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും,അവ വേഗത്തിൽ നടപ്പിലാക്കുകയും വേണം.

2020 സെപ്റ്റംബർ 15 ന് മുമ്പു തന്നെ വ്യക്തമായ പരിഹാര നിർദ്ദേശങ്ങളടങ്ങിയ പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി  നിരന്തരം മാധ്യമങ്ങളിലൂടെ  പ്രചാരണം നടത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.പരിഹാര നിർദ്ദേശങ്ങൾ സംബന്ധിച്ച്  സാധാരണ ഉണ്ടാകാനിടയുള്ള സംശയങ്ങളും പതിവുചോദ്യങ്ങളുടെ മറുപടികളും, അതത് ധനകാര്യ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും അപ്‌ലോഡുചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണം.ഇത് കൂടാതെ ബ്രാഞ്ചുകളിലൂടെയും മറ്റ് ഓഫീസുകൾ വഴിയും ആവശ്യമായ പ്രചാരണവും  നല്‌കണം.

പ്രശ്ന പരിഹാരത്തിനുള്ള തങ്ങളുടെ  നയങ്ങൾ തയാറാണെന്നും വായ്പയ്ക്ക് അർഹരായവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള സമയപരിധി പാലിക്കുമെന്നും ധനകാര്യ സ്ഥാപനങ്ങൾ  ഉറപ്പ് നൽകി.

പരിഹാരപ്രക്രിയയിലുടനീളം  ധനകാര്യ സ്ഥാപനങ്ങളെ  റിസർവ് ബാങ്ക് സഹായിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ധനമന്ത്രാലയം റിസർവ് ബാങ്കുമായി നിരന്തരം ബന്ധപ്പെട്ടു വരുന്നു.

'ആത്മനിർഭർ ഭാരത് അഭിയാന്റെ  ഭാഗമായി പ്രഖ്യാപിച്ച ഇ.സി.എൽ.ജി.എസ്, പി.സി.ജി.എസ് 2.0, സബ് ഓർഡിനേറ്റ് ഡെറ്റ് സ്കീമുകൾ എന്നീ  പദ്ധതികളുടെ പുരോഗതിയും ധനമന്ത്രി അവലോകനം ചെയ്തു. ഉത്സവകാലം മുന്നിൽക്കണ്ട്  വായ്പഎടുത്തവർക്ക്  സാധ്യമായ പരമാവധി ആശ്വാസം ഉറപ്പുവരുത്താനും മന്ത്രി നിർദ്ദേശിച്ചു.31.8.2020 വരെയുള്ള കാലയളവിൽ  ഇ.സി.‌എൽ.‌ജി.‌എസിന് കീഴിൽ 1.58 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 1.11 ലക്ഷം കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. പി‌.സി‌.ജി‌.എസ്. 2.0 ന് കീഴിൽ,  25,055.5 കോടി രൂപ  യുടെ ബോണ്ടുകളും സി.പി.കളും വാങ്ങുന്നതിന് പൊതുമേഖലാ ബാങ്കുകൾക്ക്  അനുവാദം നൽകിയിട്ടുണ്ട്. പോർട്ട് ഫോളിയോയുടെ 53% ത്തിലധികം വരുന്ന 13,318.5 കോടി രൂപ AA- ന് താഴെ റേറ്റിംഗ് ഉള്ള ബോണ്ടുകൾക്കും സി.പി.ക ൾക്കുമാണ്. കുറഞ്ഞ റേറ്റിംഗ് ഉള്ള  ബോണ്ടുകൾക്കും സി.പി.കൾക്കും  നിർണായകമാണ്  ഈ പദ്ധതി.

***



(Release ID: 1651094) Visitor Counter : 222