പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഝന്‍സിയിലെ റാണി ലക്ഷ്മി ബായ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയില്‍ കോളേജ്, അഡ്മിനിസ്ട്രേഷന്‍ കെട്ടിടങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 29 AUG 2020 3:38PM by PIB Thiruvananthpuram

കേന്ദ്ര കൃഷി മന്ത്രി ശ്രീ. നരേന്ദ്ര സിങ് തോമര്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, മറ്റ് അതിഥികള്‍, വിദ്യാര്‍ത്ഥി സുഹൃത്തുക്കളേ, വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ വെര്‍ച്വല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന എല്ലാ പ്രിയ സഹോദരീ സഹോദരന്മാരേ,


റാണി ലക്ഷ്മി ബായ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയിലെ പുതിയ കോളേജ്, അഡ്മിനിസ്ട്രേഷന്‍ കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതിന് എല്ലാവരെയും എന്റെ ആശംസകള്‍ അറിയിക്കുന്നു. ഇവിടെ നിന്ന് ബിരുദം നേടിയ ശേഷം യുവ സഹപ്രവര്‍ത്തകര്‍ കാര്‍ഷിക മേഖലയുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കും.

വിദ്യാര്‍ത്ഥികളുടെ തയ്യാറെടുപ്പുകളിലെ ഉത്സാഹവും സന്തോഷവും ആത്മവിശ്വാസവും അവരുമായുള്ള സംഭാഷണത്തിനിടയില്‍, കാണാനും മനസ്സിലാക്കാനും എനിക്കു കഴിഞ്ഞു. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ശേഷം കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രചോദനവും പ്രോത്സാഹനവുമാകും.
സുഹൃത്തുക്കളേ, ഒരിക്കല്‍ റാണി ലക്ഷ്മി ബായി ബുന്ദേല്‍ഖണ്ഡില്‍ നിന്ന് അലറിക്കരഞ്ഞു: ''ഞാന്‍ എന്റെ ഝാന്‍സി നല്‍കില്ല'', ''ഞാന്‍ എന്റെ ഝാന്‍സി നല്‍കില്ല'' എന്ന വാചകം നാമെല്ലാവരും ഓര്‍ക്കുന്നു. ഇന്ന് ഒരു പുതിയ അലര്‍ച്ച ആവശ്യമുണ്ട്, ബുന്ദേല്‍ഖണ്ഡിന്റെ മണ്ണായ ഝാന്‍സിയില്‍ നിന്ന്. ' എന്റെ ഝാന്‍സി- എന്റെ ബുന്ദേല്‍ഖണ്ഡ്' അതിന്റെ എല്ലാ ശക്തിയും വിനിയോഗിക്കും, ഒപ്പം സ്വാശ്രയ ഇന്ത്യ പ്രചാരണം വിജയകരമാക്കുന്നതിനായി ഒരു പുതിയ അധ്യായം രചിക്കുകയും ചെയ്യും.

കൃഷിക്ക് അതില്‍ വലിയ പങ്കുണ്ട്. കാര്‍ഷികമേഖലയിലെ സ്വാശ്രയത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് ഭക്ഷ്യധാന്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് ഗ്രാമങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ മുഴുവന്‍ സ്വാശ്രയത്വത്തെയും കുറിച്ചാണ് അത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ മൂല്യ വര്‍ധിതമാക്കി ലോക വിപണികളിലേക്ക് കൊണ്ടുപോകുക എന്നതാണ് ദൗത്യം. കൃഷിയെ സ്വാശ്രയമാക്കുന്നതിന് പിന്നിലെ ലക്ഷ്യം കര്‍ഷകരെ ഉല്‍പാദകരായി മാത്രമല്ല സംരംഭകരായി കൂടി മാറ്റുക എന്നതാണ്. കര്‍ഷകരും കൃഷിയും വ്യവസായങ്ങള്‍ പോലെ പുരോഗമിക്കുമ്പോള്‍ ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും വലിയ തോതില്‍ തൊഴിലിനും സ്വയംതൊഴിലിനും അവസരങ്ങളുണ്ടാകും.

സുഹൃത്തുക്കളേ, ഈ ദൃഢനിശ്ചയം വെച്ചുകൊണ്ട് കാര്‍ഷികരംഗത്ത് ചരിത്രപരമായ നിരവധി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നടപ്പാക്കുന്നു. ഇന്ത്യയില്‍, കര്‍ഷകരെ ചങ്ങലയിട്ട നിയമങ്ങള്‍, മണ്ഡി (വിപണി) നിയമങ്ങള്‍, അവശ്യ സേവന നിയമം എന്നിവയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്.  മറ്റേതൊരു വ്യവസായത്തെയും പോലെ, കര്‍ഷകര്‍ക്കു തന്റെ ഉല്‍പ്പന്നങ്ങള്‍ മികച്ച വില ലഭിക്കുന്ന വിധം രാജ്യത്ത് എവിടെയും വില്‍ക്കാന്‍ കഴിയും.

കൂടാതെ, ഗ്രാമങ്ങള്‍ക്ക് സമീപമുള്ള വ്യവസായങ്ങളുടെ ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നതിനും സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ വ്യവസായങ്ങള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുള്ള പ്രത്യേക ഫണ്ട് സൃഷ്ടിച്ചു. സംഭരണത്തിനായി ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിനും സംസ്‌കരണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും ഞങ്ങളുടെ കാര്‍ഷികോദ്പാദക സംഘടനകളെ (എഫ്പിഒകള്‍) സാമ്പത്തികമായി സഹായിക്കും. ഇത് കാര്‍ഷിക മേഖലയില്‍ പഠിക്കുന്ന യുവാക്കള്‍ക്കും അവരുടെ മറ്റ് സുഹൃത്തുക്കള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ വഴികള്‍ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ, വിത്തുകള്‍ മുതല്‍ വിപണികള്‍ വരെ സാങ്കേതികവിദ്യയും ആധുനിക ഗവേഷണവുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.  ഗവേഷണ സ്ഥാപനങ്ങള്‍ക്കും കാര്‍ഷിക സര്‍വകലാശാലകള്‍ക്കും അതില്‍ വലിയ പങ്കുണ്ട്. ആറ് വര്‍ഷം മുമ്പ് രാജ്യത്ത് ഒരു കേന്ദ്ര കാര്‍ഷിക സര്‍വകലാശാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാജ്യത്ത് മൂന്ന് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ മൂന്ന് ദേശീയ സ്ഥാപനങ്ങള്‍- ഐഎആര്‍ഐ- ഝാര്‍ഖണ്ഡ്, ഐഎആര്‍ഐ-അസം, ബിഹാര്‍ മോതിഹാരി മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് എന്നിവ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ഈ ഗവേഷണ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നല്‍കുക മാത്രമല്ല, പ്രാദേശിക കര്‍ഷകര്‍ക്കരുടെ സാങ്കേതിക നേട്ടങ്ങളും അവരുടെ ശേഷിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഇതിനൊപ്പം, രാജ്യത്ത് സൗരോര്‍ജ്ജ പമ്പ്, സോളാര്‍ ട്രീ, പ്രാദേശിക ആവശ്യങ്ങള്‍ക്കനുസൃതമായി വിത്തുകളുടെ വികസനം, മൈക്രോ ഇറിഗേഷന്‍, ഡ്രിപ്പ് ഇറിഗേഷന്‍ തുടങ്ങിയ നിരവധി മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഈ സംരംഭങ്ങള്‍ ധാരാളം കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് ബുന്ദേല്‍ഖണ്ഡിലെ കര്‍ഷകര്‍ക്ക് പ്രാപ്യമാക്കുന്നതില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രധാന പങ്കു വഹി്കാനുണ്ട.് കാര്‍ഷിക മേഖലയെയും അതുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും നേരിടാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോള്‍ മറ്റൊരു ഉദാഹരണവും കണ്ടു.

മെയ് മാസത്തില്‍ വെട്ടുകിളികള്‍ വന്‍ ആക്രമണം നടത്തിയത് ബുന്ദേല്‍ഖണ്ഡില്‍ ആയിരുന്നു. വെട്ടുകിളികളുടെ കൂട്ടങ്ങളേക്കുറിച്ചു വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ കര്‍ഷകന് ഉറങ്ങാന്‍ കഴിയില്ല, കാരണം അവ മാസങ്ങളുടെ അധ്വാനം നശിപ്പിക്കുന്നു. കൃഷിക്കാരുടെ വിളകള്‍ക്കും പച്ചക്കറികള്‍ക്കും നാശനഷ്ടം ഉറപ്പായി. മുപ്പത് വര്‍ഷത്തിന് ശേഷമാണു വെട്ടുകിളികള്‍ ബുന്ദേല്‍ഖണ്ഡിനെ ആക്രമിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍, വെട്ടുകിളികള്‍ ഒരിക്കലും ഇവിടെ വരാറില്ല.

 സുഹൃത്തുക്കളേ, ഉത്തര്‍പ്രദേശ് മാത്രമല്ല, രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളെയും വെട്ടുകിളി ആക്രമണം ബാധിച്ചു. സാധാരണവും പരമ്പരാഗതവുമായ രീതികളിലൂടെ അതിന്റെ വ്യാപനം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഈ കൂട്ടങ്ങളില്‍ നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെടുകയും ഈ വലിയ ആക്രമണങ്ങളില്‍ നിന്ന് വളരെ ശാസ്ത്രീയമായി രക്ഷപ്പെടുകയും ചെയ്തു. ഇന്ത്യയെ കൊറോണ ബാധിച്ചിരുന്നില്ലെങ്കില്‍, ഒരാഴ്ചയായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് നല്ല ചര്‍ച്ച നടക്കുമായിരുന്നു. അത്രയും വലിയൊരു പ്രവര്‍ത്തനം നടന്നിട്ടുണ്ട്.

വെട്ടുകിളി ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരുടെ വിളകളെ രക്ഷിക്കുന്നതിനായി, യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ നടന്നു. ഝാന്‍സി പട്ടണം ഉള്‍പ്പെടെ നിരവധി പട്ടണങ്ങളില്‍ ഡസന്‍ കണക്കിന് കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചു.  വിവരങ്ങള്‍ വേഗത്തില്‍ കര്‍ഷകരിലേക്ക് എത്തിച്ചേരുന്നതിനായി ക്രമീകരണങ്ങള്‍ ചെയ്തു. വെട്ടുകിളികളെ കൊല്ലുന്നതിനും പ്രതിരോധിക്കുന്നതിനുമായി ഞങ്ങള്‍ക്ക് പ്രത്യേക സ്‌പ്രേ മെഷീനുകള്‍ പോലും ഉണ്ടായിരുന്നില്ല, കാരണം ഈ ആക്രമണങ്ങള്‍ സാധാരണയായി നടക്കില്ല. ഈ ആധുനിക യന്ത്രങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ വാങ്ങി ജില്ലകളിലേക്ക് അയച്ചു.  ടാങ്കറുകളോ വാഹനങ്ങളോ രാസവസ്തുക്കളോ മരുന്നുകളോ ആകട്ടെ, എല്ലാ വിഭവങ്ങളും ഞങ്ങള്‍ വിന്യസിച്ചു. അതിനാല്‍ കര്‍ഷകര്‍ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നില്ല.

 വലിയ മരങ്ങള്‍ സംരക്ഷിക്കുന്നതിനു വലിയ പ്രദേശങ്ങളില്‍ രാസവസ്തുക്കള്‍ തളിക്കാന്‍ ഡസന്‍ കണക്കിന് ഡ്രോണുകള്‍ വിന്യസിച്ചു. രാസവസ്തുക്കള്‍ തളിക്കാന്‍ ഹെലികോപ്റ്ററുകള്‍ പോലും ഉപയോഗിച്ചിരുന്നു. ഈ ശ്രമങ്ങളെല്ലാം മൂലമാണ് കര്‍ഷകരെ കനത്ത നഷ്ടത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യക്ക് കഴിയുന്നത്.

 സുഹൃത്തുക്കളേ, യുവ ഗവേഷകരും ശാസ്ത്രജ്ഞരും ഒരു വണ്‍ ലൈഫ് വണ്‍ മിഷനില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ടതിനാല്‍ ഡ്രോണ്‍ സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ, ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ രാജ്യത്തെ കാര്‍ഷിക മേഖലയില്‍ പരമാവധി ഉപയോഗപ്പെടുത്താം.

 കഴിഞ്ഞ ആറ് വര്‍ഷമായി, ഗവേഷണത്തെ കൃഷിയുമായി ബന്ധിപ്പിക്കുന്നതിനും ഗ്രാമീണ തലത്തിലുള്ള ചെറുകിട കര്‍ഷകരെ ശാസ്ത്രീയ ഉപദേശങ്ങളുടെ ലഭ്യതയുമായി ബന്ധിപ്പിക്കുന്നതിനും സമഗ്രമായ ശ്രമങ്ങളാണു നടക്കുന്നത്. കാമ്പസില്‍ നിന്ന് ഫീല്‍ഡിലേക്കുള്ള വിദഗ്ദ്ധരുടെ ഈ ആവാസവ്യവസ്ഥയെ കൂടുതല്‍ ഫലപ്രദമാക്കേണ്ടത് ആവശ്യമാണ്.  നിങ്ങളുടെ സര്‍വ്വകലാശാലയ്ക്കും അതില്‍ വളരെ വലിയ പങ്കുണ്ട്.

 സുഹൃത്തുക്കളേ, കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസവും അതിന്റെ പ്രായോഗിക പ്രയോഗവും സ്‌കൂളുകളിലേക്ക് കൊണ്ടുപോകേണ്ടത് ആവശ്യമാണ്. ഗ്രാമങ്ങളില്‍ മിഡില്‍ സ്‌കൂള്‍ തലത്തില്‍ കാര്‍ഷിക വിഷയം അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതില്‍ നിന്ന് രണ്ട് ഗുണങ്ങളുണ്ടാകും.  ഗ്രാമത്തിലെ കുട്ടികളിലെ കൃഷിയുമായി ബന്ധപ്പെട്ട സ്വാഭാവിക ധാരണ വിപുലീകരിക്കും എന്നതാണ് ഒരു നേട്ടം.  രണ്ടാമത്തെ നേട്ടം അവരുടെ കുടുംബങ്ങള്‍ക്ക് കൃഷി, അനുബന്ധ സാങ്കേതികവിദ്യ, വ്യാപാരം, ബിസിനസ്സ് എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയും എന്നതാണ്. ഇത് രാജ്യത്തെ കാര്‍ഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലക്ഷ്മി ബായിയുടെ കാലം മുതല്‍ മാത്രമല്ല, വെല്ലുവിളികളെ നേരിടുന്നതില്‍ ബുന്ദേല്‍ഖണ്ഡ് എല്ലായ്പ്പോഴും മുന്നില്‍ നിന്ന് മുന്നിട്ടിറങ്ങുന്നു. ഏത് വെല്ലുവിളികളെയും നേരിടാനുള്ള ബുന്ദേല്‍ഖണ്ഡിന്റെ സ്വത്വമാണിത്.

കൊറോണയ്‌ക്കെതിരെയും ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ നിശ്ചയദാര്‍ഢ്യം പ്രകടമാക്കി. ആളുകളുടെ ബുദ്ധിമുട്ടുകള്‍ ഏറ്റവും കുറഞ്ഞതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റും നടത്തിയിട്ടുണ്ട്. ദരിദ്രരുടെ സ്റ്റൗ കത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നല്‍കുന്നത് പോലെ ഉത്തര്‍പ്രദേശിലെ കോടിക്കണക്കിന് ദരിദ്ര, ഗ്രാമീണ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. ബുന്ദേല്‍ഖണ്ഡിലെ പത്ത് ലക്ഷത്തോളം പാവപ്പെട്ട സഹോദരിമാര്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കി.  ലക്ഷക്കണക്കിന് സഹോദരിമാരുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു.  ഗരിബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്റെ കീഴില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 700 കോടി രൂപ ചെലവഴിച്ചു. ഇത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നു. നൂറുകണക്കിന് കുളങ്ങള്‍ നന്നാക്കിയതായും ബുന്ദേല്‍ഖണ്ഡില്‍ പുതിയ കുളങ്ങള്‍ നിര്‍മിച്ചതായും ഞാന്‍ മനസ്സിലാക്കുന്നു.
സുഹൃത്തുക്കളേ, തിരഞ്ഞെടുപ്പിന് മുന്നോടിയായി ഞാന്‍ ഝാന്‍സിയില്‍ വന്നപ്പോള്‍, ബുന്ദേല്‍ഖണ്ഡിലെ സഹോദരിമാരോട് കഴിഞ്ഞ അഞ്ച് വര്‍ഷം ശൗചാലയങ്ങള്‍ക്കാണെന്നും അടുത്ത അഞ്ച് വര്‍ഷം വെള്ളത്തിനായിരിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു.  എല്ലാവരുടെയും വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രചാരണം വളരെ വേഗത്തില്‍ നീങ്ങുന്നത് സഹോദരിമാരുടെ അനുഗ്രഹത്താലാണ്.  യുപി, എംപി എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ബുന്ദേല്‍ഖണ്ഡിലെ എല്ലാ ജില്ലകളിലും ജലസ്രോതസ്സുകള്‍ നിര്‍മ്മിക്കുന്നതിനും പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നു.  10,000 കോടി രൂപ വിലമതിക്കുന്ന അഞ്ഞുറോളം ജല പദ്ധതികള്‍ക്ക് ഈ മേഖലയില്‍ അനുമതി നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മൂവായിരം കോടി രൂപയുടെ പദ്ധതികളുടെ പണി ആരംഭിച്ചു.  ഈ പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് നേരിട്ടുള്ള ആനുകൂല്യം ലഭിക്കും. ബുന്ദേല്‍ഖണ്ഡിലെ ജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നതിനായി, അടല്‍ ഭൂജല്‍ യോജനയുടെ പണി പുരോഗമിക്കുന്നു. ഝാന്‍സി, മഹോബ, ബന്ദ, ഹാമിര്‍പൂര്‍, ചിത്രകൂട്, ലളിത്പൂര് എന്നിവിടങ്ങളിലെ നൂറുകണക്കിന് ഗ്രാമങ്ങളിലെ ജലനിരപ്പ് മെച്ചപ്പെടുത്തുന്നതിനായി 700 കോടി രൂപയുടെ പദ്ധതി നടക്കുന്നു.

 സുഹൃത്തുക്കളേ, ബേട്വ ബുന്ദേല്‍ഖണ്ഡിന്റെ ഒരു വശത്തും കെന്‍ നദി മറുവശത്തും ഒഴുകുന്നു. യമുന മാതാവ് വടക്കേ ദിശയിലാണ്, പക്ഷേ ഈ നദികളുടെ പ്രയോജനങ്ങള്‍ ഈ പ്രദേശം മുഴുവനും ലഭിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. കെന്‍-ബേട്വ നദീസംയോജന പദ്ധതി ഈ പ്രദേശത്തിന്റെ ഗതി മാറ്റും.  ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുമായി ഞങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ഈ ദിശയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം ലഭിച്ചുകഴിഞ്ഞാല്‍ ബുന്ദേല്‍ഖണ്ഡിന്റെ ജീവിതം എന്നെന്നേക്കുമായി മാറുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.

ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയായാലും പ്രതിരോധ ഇടനാഴിയായാലും ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ പ്രതിരോധത്തില്‍ സ്വാശ്രയമാക്കാനായി ഝാന്‍സിയിലെയും സമീപ പ്രദേശങ്ങളിലെയും ധീരരുടെ ഭൂമി വന്‍തോതില്‍ വികസിപ്പിച്ചെടുക്കുന്ന ദിവസം വിദൂരമല്ല.  ഒരു തരത്തില്‍ പറഞ്ഞാല്‍, 'ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍' മന്ത്രം നാല് ദിശകളില്‍ പ്രതിധ്വനിക്കും. ബുന്ദേല്‍ഖണ്ഡിന്റെ പുരാതന സ്വത്വവും ഈ ഭൂമിയുടെ അഭിമാനവും സമ്പന്നമാക്കാന്‍ കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും പ്രതിജ്ഞാബദ്ധരാണ്.
നല്ല ഭാവി ആശംസിച്ചുകൊണ്ട്, സര്‍വ്വകലാശാലയുടെ ഈ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്യുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം അഭിനന്ദനങ്ങള്‍.
ഈ മന്ത്രം എല്ലായ്പ്പോഴും ഓര്‍ക്കുക, രണ്ടടി ദൂരം പാലിക്കുക, മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. നിങ്ങള്‍ സുരക്ഷിതരായി തുടരുകയാണെങ്കില്‍, രാജ്യം സുരക്ഷിതമായിരിക്കും.

 നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി!

 നന്ദി!



(Release ID: 1650276) Visitor Counter : 171