ഉപരാഷ്ട്രപതിയുടെ കാര്യാലയം

യുവാക്കൾക്കിടയിലെ സംരംഭക പ്രതിഭകളെ പരിപോഷിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

Posted On: 27 AUG 2020 12:55PM by PIB Thiruvananthpuram

സമീപ ഭാവിയിൽ തന്നെ സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യം നേടാൻ രാജ്യത്തെ യുവാക്കൾക്കിടയിലെ സംരംഭക പ്രതിഭകളെ പരിപോഷിപ്പിക്കണമെന്ന ആഹ്വാനവുമായി ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു.സ്വാശ്രയത്വം നേടുന്നതിനും മാനവകുലത്തെ സേവിക്കുന്നതിനും രാജ്യത്തെ ഓരോ പൗരന്റെയും സംരംഭകത്വ കഴിവുകളും സാങ്കേതിക നൈപുണ്യവും പ്രയോജനപ്പെടുത്തണമെന്നും നമ്മുടെ പ്രാദേശിക വിഭവങ്ങൾ അതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയൻ തത്ത്വചിന്തയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് സാമൂഹ്യ ഉന്നമനത്തിനും ഭൂദാന പ്രസ്ഥാനത്തിനും ആചാര്യ വിനോബ ഭാവെ നൽകിയ സംഭാവനകളെക്കുറിച്ചുള്ള ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിനോബാജിയും ഗാന്ധിജിയും വിഭാവനം ചെയ്ത സശക്ത ഭാരതം, സ്വാഭിമാന ഭാരതം, ആത്മനിർഭര ഭാരതം എന്നിവ സാക്ഷാത്കരിക്കണമെന്ന് ആവശ്യപ്പെട്ട ഉപരാഷ്ട്രപതി, ഇന്ത്യയുടെ സ്വാശ്രയ സങ്കൽപം അതിതീവ്ര ദേശീയതയിലും സംരക്ഷണവാദത്തിലും അധിഷ്ഠിതമായിരിക്കില്ലെന്നും മറിച്ച് ആഗോള ക്ഷേമത്തിൽ കൂടുതൽ പങ്കാളിത്തമുള്ള ദേശീയവാദിയാകുകയെന്നതായിരിക്കുമെന്നും വ്യക്തമാക്കി.

നിസ്സഹകരണ സമരത്തിൽ പോലും ഉന്നത സാംസ്ക്കാരിക മൂല്യങ്ങളിൽ മഹാത്മാഗാന്ധി അടിയുറച്ചു നിന്നതായി നിരീക്ഷിച്ച ഉപരാഷ്ട്രപതി, പുരാതന സാംസ്ക്കാരിക മൂല്യങ്ങളായ പരസ്പരമുള്ള പങ്കു വയ്ക്കലും കരുതലും മഹാത്മജി സ്വാംശീകരിച്ചതായും പറഞ്ഞു.

14 വർഷം 70,000 കിലോമീറ്റർ വിനോബാജി കാൽനടയായി യാത്ര ചെയ്തതിന്റെ ഫലമാണ്
ഭൂരഹിതരായ കർഷകർക്ക് 42 ലക്ഷം ഏക്കർ ഭൂമി സംഭാവനയായി ലഭിക്കാനിടയാക്കിയതെന്ന് പരാമർശിച്ച ശ്രീ നായിഡു, വിനോബാജി ആരെയും നിർബന്ധിക്കാതെയും, അക്രമരഹിത മാർഗ്ഗങ്ങളിലൂടെയുമാണ് പരിവർത്തനം സാധ്യമാക്കിയതെന്നും ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഗുണപരവും ശാശ്വതവുമായ മാറ്റങ്ങൾ സാധ്യമാണെന്ന് തെളിയിച്ചെന്നും കൂട്ടിച്ചേർത്തു.

ജനസംഖ്യയുടെ 60 ശതമാനം വരുന്ന ഗ്രാമീണ ജനതയ്ക്ക് അനുഗുണമായ രീതിയിൽ പ്രവർത്തിക്കുക എന്നതാണ് അദ്ദേഹത്തിൻറെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വിനോബജിയ്ക്ക് നൽകാവുന്ന ഉചിതമായ ആദരാഞ്ജലിയെന്ന് ശ്രീ നായിഡു അഭിപ്രായപ്പെട്ടു. മഹാത്മാക്കളുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് യുവാക്കളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും ശ്രീ നായിഡു ഊന്നിപ്പറഞ്ഞു.



(Release ID: 1648943) Visitor Counter : 241