പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ കീഴിലെ സാമ്പത്തിക സഹായ പദ്ധതിക്ക് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 09 AUG 2020 1:11PM by PIB Thiruvananthpuram

 

ഭഗവാന്‍ ബലരാമന്റെ ജന്മവാര്‍ഷികമായ 'ഹല്‍ ഷഷ്ഠി'യാണ് ഇന്ന്. 
എല്ലാ ദേശവാസികള്‍ക്കും, പ്രത്യേകിച്ച് കര്‍ഷകസുഹൃത്തുക്കള്‍ക്ക്, വളരെ സന്തോഷകരമായ ഹല്‍ ചാത്ത് ആശംസിക്കുന്നു!
ഈ വിശേഷാവസരത്തില്‍ രാജ്യത്തെ കാര്‍ഷിക സൗകര്യങ്ങള്‍ വികസിപ്പിക്കാനായി ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക ഫണ്ടിന് സമാരംഭം കുറിക്കുകയാണ്. ഗ്രാമങ്ങളില്‍ മികച്ച വെയര്‍ഹൗസുകളും ആധുനിക ശീതീകരണ സംവിധാനങ്ങളും സൃഷിടിക്കുന്നതിന് ഇത് സഹായകമാകും. എല്ലാറ്റിനും ഉുപരിയായി ഗ്രാമങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍  സൃഷ്ടിക്കപ്പെടും.
അതോടൊപ്പം പി.എം. കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നുള്ള 17,000 കോടി രൂപ 8.5 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് കൈമാറുന്നതില്‍ എനിക്ക് അതിയായ ആഹ്ളാദമുണ്ട്. ഈ പദ്ധതിയുടെ ലക്ഷ്യം നേടാനായത് വളരെയധികം സംതൃപ്തി നല്‍കുന്നതാണ്.
ഓരോ കര്‍ഷക കുടുംബത്തിനും ആവശ്യമുള്ള സമയത്ത് നേരിട്ട് സഹായം നല്‍കാന്‍ കഴിയുന്നു എന്നതാണ് പദ്ധതിയെ വിജയകരമാക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് ഈ പദ്ധതിയിലൂടെ 75,000 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചു. അതില്‍ 22,000 കോടി രൂപ കൊറോണ മൂലം അടച്ചിടല്‍ പ്രഖ്യാപിച്ച സമയത്താണ് കൈമാറിയത്.
സുഹൃത്തുക്കളെ,
ഗ്രാമങ്ങളില്‍ എന്തുകൊണ്ട് വ്യവസായങ്ങളില്ല എന്നതിനെ കുറിച്ചു പതിറ്റാണ്ടുകളായി ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഗ്രാമങ്ങൡ വ്യവസായങ്ങള്‍ ഉണ്ടാവണമെന്ന ആവശ്യം ഉയരുന്നുമുണ്ട്. വ്യവസായങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനും രാജ്യത്ത് എവിടെ വേണമെങ്കിലും വില്‍ക്കാനും കഴിയുമ്പോള്‍ എന്തുകൊണ്ട് കര്‍ഷകര്‍ക്കും അത്തരമൊരു സൗകര്യം ലഭിച്ചുകൂടാ?
നഗരത്തില്‍ ഒരു സോപ്പ് കമ്പനി ആരംഭിക്കുകയാണെങ്കില്‍ അവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന സോപ്പ് ആ നഗരത്തില്‍ മാത്രമേ വില്‍ക്കാന്‍ കഴിയുകയുള്ളു എന്നില്ല. എന്നാല്‍ ഇപ്പോഴും കാര്‍ഷികമേഖലയില്‍ ഇതാണ് സംഭവിക്കുന്നത്. കര്‍ഷകര്‍ എവിടെയാണോ അവരുടെ ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്, ആ പ്രദേശത്തുള്ള പ്രാദേശിക മണ്ഡികളില്‍ മാത്രമേ അവരുടെ വിളകള്‍ വില്‍ക്കാന്‍ പാടുള്ളു. മറ്റ് മേഖലകളിലൊന്നും ഒരു ഇടനിലക്കാരന്‍ ഇല്ലെങ്കില്‍ എന്തിന് കാര്‍ഷിക വ്യാപാരത്തില്‍ മാത്രം ഒരു ഇടനിലക്കാരന്‍ എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. വ്യവസായങ്ങള്‍ക്ക് വികസനത്തിനുള്ള പശ്ചാത്തല സൗകര്യം എളുപ്പത്തില്‍ ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് അത് കാര്‍ഷികമേഖലയ്ക്കും ലഭിക്കുന്നില്ല?
സുഹൃത്തുക്കളെ,
'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' കീഴില്‍ കര്‍ഷകരും കൃഷിയുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം തേടുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന 'ഒരു രാഷ്ട്രം, ഒരു വിപണി' എന്ന ദൗത്യം ഇപ്പോള്‍ പൂര്‍ത്തിയായി. ആദ്യമായി ഇ-നാം എന്ന പേരില്‍ സാങ്കേതികവിദ്യാധിഷ്ഠിത  സംവിധാനം സൃഷ്ടിച്ചു. ഇപ്പോള്‍ കര്‍ഷകരെ വിപണികളുടെയും വിപണി നികുതിയുടെയും പരിപ്രേക്ഷ്യത്തില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് നിയമമുണ്ടാക്കി. ഇപ്പോള്‍ കര്‍ഷകനു നിരവധി സാദ്ധ്യതകളുണ്ട്- അയാള്‍ വിചാരിക്കുകയാണെങ്കില്‍ അയാള്‍ക്ക് വിളനിലത്തില്‍ വച്ചുതന്നെ അയാളുടെ ഉല്‍പ്പന്നത്തിന്റെ വില്‍പന പൂര്‍ത്തിയാക്കാം അല്ലെങ്കില്‍ കര്‍ഷകന് വെയര്‍ഹൗസില്‍ നിന്ന് നേരിട്ട് ആരാണോ കൂടുതല്‍ വില നല്‍കുന്നത് അതിന്റെ അടിസ്ഥാനത്തില്‍ തന്റെ വിള വ്യാപാരിക്കോ ഇ-നാമുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കോ വില്‍ക്കാം,
അതേ രീതിയില്‍ തന്നെ കര്‍ഷകര്‍ക്ക് നേരിട്ട് വ്യവസായങ്ങളുമായി പങ്കാളിത്തം സാധ്യമാകുന്ന തരത്തിലുള്ള മറ്റൊരു പുതിയ നിയമവും രൂപീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇപ്പോള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ചിപ്‌സ്, ജ്യൂസ്, മാര്‍മലേഡ്, ചട്ട്ണി എന്നിവ ഉണ്ടാക്കുന്ന കമ്പനികളുമായി സഹകരിക്കാം. ഇതു വിത്ത് വിതയ്ക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് സുനിശ്ചിതമായ വില ഉറപ്പാക്കുകയും അത് വലിയിടിവില്‍നിന്നു കര്‍ഷകന് ആശ്വാസം നല്‍കുകയും ചെയ്യും
സുഹൃത്തുക്കളെ,
നമ്മുടെ കൃഷിയില്‍നിന്നുള്ള ഉല്‍പ്പാദനത്തിലോ വരുമാനത്തിലോ ഒരു പ്രശ്നവുമില്ല. ഉല്‍പ്പാദനത്തിന് ശേഷമുള്ള വരുമാന ന്ഷടമാണ് വലിയ പ്രശ്നം. അത് കര്‍ഷകരെയും അതുപോലെ രാജ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു വശത്ത് നിയമപരമായ തടസ്സങ്ങള്‍ മാറ്റുകയും മറുവശത്ത് കര്‍ഷകര്‍ക്ക് നേരിട്ടുള്ള സഹായം നല്‍കുകയും ചെയ്യുന്നു. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വലിയ കുറവുണ്ടായിരുന്ന സമയത്താണ് നാം അവശ്യവസ്തു നിയമത്തിന് രൂപം നല്‍കിയത്. ഇപ്പോള്‍ ലോകത്തെ രണ്ടാമത്തെ വലിയ ഭക്ഷ്യ ഉല്‍പ്പാദകരായിട്ടും ഇപ്പോഴും അതേ നിയമമാണ് നിലനില്‍ക്കുന്നത്.
ഗ്രാമങ്ങളില്‍ നല്ല വെയര്‍ഹൗസുകള്‍ നിര്‍മ്മിക്കപ്പെടാത്തതിന്റെയും കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ ഉണ്ടാകാത്തതിന്റെയും പ്രധാനപ്പെട്ട കാരണം ഈ നിയമമായിരുന്നു. ഈ നിയമം നിരന്തരം ദുരുപയോഗം ചെയ്തു. രാജ്യത്തെ വ്യാപാരികളേയും നിക്ഷേപകരേയും ഭീഷണിപ്പെടുത്താനാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കാര്‍ഷിക വ്യാപാരവും ഭയപ്പെടുത്തുന്ന സംവിധാനങ്ങളില്‍ നിന്ന് മോചിതമായി. ഇപ്പോള്‍ വ്യാപാര വാണിജ്യ മേഖലയിലുള്ളവര്‍ക്ക് ഗ്രാമങ്ങളില്‍ സംഭരണകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മുന്നോട്ടുവരാന്‍ കഴിയും.
സുഹൃത്തുക്കളെ,
ഇന്ന് സമാരംഭം കുറിക്കുന്ന ഈ കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ട് തങ്ങളുടെ ഗ്രാമങ്ങളില്‍ ആധുനിക സംഭരണ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കും. ഈ പദ്ധതിയിലൂടെ ഒരു ലക്ഷം കോടി രൂപ ഗ്രാമങ്ങളിലെ കര്‍ഷക കമ്മിറ്റികള്‍, എഫ്.പി.ഒകള്‍ തുടങ്ങിയ കര്‍ഷക കൂട്ടായ്മകള്‍ക്ക് വെയര്‍ഹൗസുകള്‍, ശീതീകരണ സംഭരണികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും ഭക്ഷ്യസംസ്‌ക്കരണ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുമായി ലഭ്യമാക്കും. കര്‍ഷകരെ സംരംഭകരാക്കി മാറ്റുന്നതിനായി ലഭ്യമാക്കുന്ന ഈ തുകയ്ക്ക് പലിശ നിരക്കില്‍ 3%ന്റെ ഇളവും നല്‍കും. അല്‍പ്പം മുമ്പ് ചില കര്‍ഷക സംഘടനകളുമായി ഞാന്‍ ചില ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്ത് അങ്ങോളമിങ്ങോളം വര്‍ഷങ്ങളായി കര്‍ഷകരെ സഹായിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടനകള്‍ക്ക് ഈ പുതിയ ഫണ്ട് വളരെയധികം സഹായകരമാകും.
സുഹൃത്തുക്കളെ,
കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഈ ആധുനിക പശ്ചാത്തല സൗകര്യം വളരെയധികം സൗകര്യം ചെയ്യും. 'ആത്മനിര്‍ഭര്‍ ഭാരതി'ന്റെ കീഴില്‍ ഓരോ ജില്ലയിലെയും ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഉല്‍പ്പന്നങ്ങള്‍ ദേശീയ ആഗോള വിപണികളില്‍ എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിന്റെ കീഴില്‍ രാജ്യത്തിന്റെ വിവിധ ജില്ലകളില്‍ ഗ്രാമങ്ങള്‍ക്ക് വളരെ സമീപമായി കാര്‍ഷിക വ്യവസായങ്ങളുടെ ക്ലസ്റ്ററുകള്‍ വികസിപ്പിക്കും.
സുഹൃത്തുക്കളെ,
ഗ്രാമങ്ങളിലെ കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളില്‍ നിന്നുള്ള ഭക്ഷ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ നഗരങ്ങളിലും, നഗരങ്ങളില്‍ നിന്നുള്ള മറ്റ് വ്യവസായ ചരക്കുകള്‍ ഗ്രാമങ്ങളിലേക്കും എത്തുന്ന ഒരു സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ നാം നീങ്ങിക്കൊണ്ടിരിക്കുന്നത്.  ്'ആത്മനിര്‍ഭര്‍ ഭാരതി'ന്റെ ഈ ലക്ഷ്യത്തിനു വേണ്ടിയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. അപ്പോള്‍ ആരാണ് കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ നയിക്കുക എന്ന ചോദ്യം ഉയരും. ഇതില്‍ വലിയ പങ്കും എഫ്.പി.ഒ, അല്ലെങ്കില്‍ കര്‍ഷക ഉല്‍പ്പാദക സംഘടന എന്ന് നാം വിളിക്കുന്ന ചെറുകിട കര്‍ഷകരുടെ വലിയ ഗ്രൂപ്പുകളായിരിക്കും.
അതുകൊണ്ട് എഫ്.പി.ഒ. അല്ലെങ്കില്‍ കര്‍ഷക ഉല്‍പ്പാദക സംഘടനയുടെ വലിയ ഒരു ശൃംഖല സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് കഴിഞ്ഞ ഏഴു വര്‍ഷമായി നടന്നുകൊണ്ടിരുന്നത്. വരുന്ന വര്‍ഷങ്ങളില്‍ അത്തരത്തിലുള്ള 10,000 എഫ്.പി.ഒകള്‍ രാജവ്യാപകമായി രൂപീകരിക്കും എന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളെ,
ഒരു വശത്ത് എഫ്.പി.ഒകളുടെ ശൃംഖലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് കൃഷിയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഏകദേശം 350 സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസംസ്‌ക്കരണം, നിര്‍മ്മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മികച്ച കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മാണം, പുനരുപയോഗ ഊര്‍ജ്ജം എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഈ സ്റ്റാര്‍ട്ട് അപ്പുകള്‍.
സുഹൃത്തുക്കളെ,
ചെറുകിക കര്‍ഷകരാണ് ഈ പദ്ധതികളുടെയും കര്‍ഷകരുമായി ബന്ധപ്പെട്ട പരിഷ്‌ക്കരണങ്ങളുടെയും കേന്ദ്രം. മിക്കവാറും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നത് ചെറുകിട കര്‍ഷകരാണ്. ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി പ്രാപ്യമാകാത്തത് ചെറുകിട കര്‍ഷകര്‍ക്കാണ്. ചെറുകിട കര്‍ഷകരുടെ സ്ഥിതി മാറ്റുന്നതിന് കഴിഞ്ഞ ആറേഴു വര്‍ഷമായി പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ കാര്‍ഷിക വികസനവുമായി ചെറുകിട കര്‍ഷകരും ബന്ധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവര്‍ സ്വയം ശാക്തീകരിക്കപ്പെടേണ്ടതുമുണ്ട്.
സുഹൃത്തുക്കളെ,
രണ്ടുദിവസം മുമ്പ്, രാജ്യത്തെ ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഒരു സുപ്രധാന പദ്ധതിക്ക് സമാരംഭം കുറിച്ചിരുന്നു. വരുംദിവസങ്ങളില്‍ രാജ്യത്തിനാകെ തന്നെ വലിയ നേട്ടം ഉണ്ടാക്കാന്‍ പോകുന്നതായിരിക്കും അത്. മഹാരാഷ്ട്രയ്ക്കും ബിഹാറിനുമിടയില്‍ രാജ്യത്തെ ആദ്യത്തെ കിസാന്‍ റെയില്‍ ഫ്ളാഗ്ഓഫ് ചെയ്തു.
ഇനി ഈ ട്രെയിന്‍ മഹാരാഷ്ട്രയില്‍ നിന്നും ഓറഞ്ച്, മുന്തിരി, ഉള്ളി, തുടങ്ങിയ നിരവധി പഴങ്ങളും പച്ചക്കറികളുമായി പുറപ്പെട്ട് മഖ്നാ, ലിച്ചി, പാന്‍, ശുദ്ധമായ പച്ചക്കറികള്‍, മത്സ്യം എന്നിവയുമായി ബീഹാറില്‍നിന്നു തിരിച്ചുവരും. ബിഹാറില്‍ നിന്നുള്ള ചെറുകിട കര്‍ഷകരെ മുംബൈ, പൂനെ പോലുള്ള വലിയ നയഗരങ്ങളുമായി നേരിട്ട് ബന്ധപ്പിക്കും. ഈ ട്രെയിന്‍ കടന്നുപോകുന്നതുകൊണ്ട് ആദ്യത്തെ ഈ ഈ ട്രെയിന്‍ കൊണ്ട് യു.പി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കും ഗുണുമുണ്ടാകും. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ് എന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത. ഒരു തരത്തില്‍ ഒരു ശീതീകരണ സംഭരണി ട്രാക്കില്‍ കൂടി സഞ്ചരിക്കുന്നുവെന്ന് പറയാം. ഇത് എല്ലാ തരത്തിലുമുള്ള കര്‍ഷകര്‍ക്കും, അതായത്, പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും അതോടൊപ്പം ഇതൊക്കെ ഉപയോഗിക്കുന്ന നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും ഗുണമാകും.
കര്‍ഷകന് അവന്റെ ഉല്‍പ്പന്നം കുറഞ്ഞ വിലയ്ക്ക് പ്രാദേശിക മണ്ഡികളിലോ വിപണികളിലോ വില്‍ക്കേണ്ടിവരില്ലെന്നതാണ് കര്‍ഷകര്‍ക്കുണ്ടാകുന്ന ഗുണം. ട്രക്കില്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന പാഴ്ച്ചെലവ് പ്രശ്നങ്ങളില്‍നിന്ന് കര്‍ഷകര്‍ സ്വതന്ത്രരാകും. ട്രക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചരക്കുനീക്കത്തിനുള്ള ചെലവ് വളരെ കുറവുമായിരിക്കും. കാലാസ്ഥയുടെ വ്യതിയാനം കൊണ്ടോ അല്ലെങ്കില്‍ മറ്റ് പ്രതിസന്ധികള്‍ കൊണ്ടോ കേടുകൂടാത്ത പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ക്ഷാമമുണ്ടാകില്ലെന്നതും വില കുറവായിരിക്കുമെന്നതും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇതുമൂലമുണ്ടാകുന്ന ഗുണങ്ങളാണ്.
എല്ലാറ്റിനും ഉപരിയായി ഇത് ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുത്തും. ചെറുകിട കര്‍ഷകര്‍ വലിയ നഗരങ്ങളിലേക്ക് എത്തിച്ചേരുന്നതുകൊണ്ടുതന്നെ പച്ചക്കറികള്‍ വളര്‍ത്തുന്നതിന് അവര്‍ കൂടുതല്‍ ശ്രമിക്കും. അതുപോലെ മൃഗസംരക്ഷണത്തിനും മത്സ്യംവളര്‍ത്തലിനും അവര്‍ക്ക് പ്രോത്സാഹനം ലഭിക്കും. ഇത് കുറച്ച് ഭൂമിയില്‍ നിന്ന് കുടുതല്‍ വരുമാനം ലഭിക്കുന്നതിനു വഴി തുറക്കുകയും തൊഴിലിനും സ്വയം തൊഴിലിനുമുള്ള നിരവധി പുതിയ അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഇതെല്ലാം 21-ാം നൂറ്റാണ്ടില്‍ രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയെ മാറ്റുക മാത്രമല്ല, കാര്‍ഷികവൃത്തിയിലൂടെയുള്ള വരുമാനം പല മടങ്ങ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അടുത്തിടെ എടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം തന്നെ സമീപഭാവിയില്‍ ഗ്രാമങ്ങള്‍ക്ക് ചൂറ്റും വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ഒരു പ്രതിസന്ധിഘട്ടത്തിലും എങ്ങനെ ഗ്രാമങ്ങള്‍ക്കും കര്‍ഷകര്‍ക്കും രാജ്യത്തെ സഹായിക്കാന്‍ കഴിയുമെന്നത് കഴിഞ്ഞ ആറുമാസമായി നാം നീരിക്ഷിച്ചുവരികയാണ്. അടച്ചിടല്‍ സമയത്ത് രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ കുറവുണ്ടാകാതെ നോക്കിയത് നമ്മുടെ കര്‍ഷകരാണ്. രാജ്യം അടച്ചിടലില്‍ ആയിരുന്നപ്പോള്‍ നമ്മുടെ കര്‍ഷകര്‍ പാടങ്ങളില്‍ വിളവെടുക്കുകയായിരുന്നു, അവര്‍ വിളയുടെ പുതിയ റെക്കാര്‍ഡുകള്‍ സൃഷ്ടിക്കുകയായിരുന്നു. അടച്ചിടലിന്റെ ആദ്യദിനം മുതല്‍ ദീപാവലി, ഛാത്ത് വരെ ദേശവാസികളായ 80 കോടിയിലേറെ പേര്‍ക്ക് നമുക്ക് സൗജന്യ റേഷന്‍ നല്‍കാനായി. ഇത് സാദ്ധ്യമാക്കിയത് കര്‍ഷകര്‍ മാത്രമാണ്.
സുഹൃത്തുക്കളെ,
കര്‍ഷകരുടെ വിളകള്‍ വാങ്ങുന്നതില്‍ ഗവണ്‍മെന്റ് റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇതുമൂലം കഴിഞ്ഞ തവണത്തേത്തിനെക്കാള്‍ 27,000 കോടി രൂപ അധികം കര്‍ഷകരില്‍ എത്തിച്ചേര്‍ന്നു. അത് വിത്തോ വളമോ ആയിക്കോട്ടെ, ഈ ബുദ്ധിമുട്ടേറിയ ഈ സമയത്തും റെക്കാര്‍ഡ് വിളയുണ്ടാകുകയും അത് ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയും ചെയ്തു. ബുദ്ധിമുട്ടേറിയ ഈ സമയത്തും നമ്മുടെ ഗ്രാമീണ സമ്പദ്ഘടന ശക്തമായിരിക്കുന്നതിന്റെയും ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ കുറഞ്ഞതിന്റെയും കാരണം ഇതാണ്.
നമ്മുടെ ഗ്രാമങ്ങളുടെ ഈ ശക്തി രാജ്യത്തിന്റെ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് സുപ്രാധനമായ പങ്കു വഹിക്കട്ടെ! ഈ വിശ്വാസത്തോടെ എന്റെ കര്‍ഷക സുഹൃത്തുക്കള്‍ക്ക് നിരവധി അഭിനന്ദനങ്ങള്‍!
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രശംസനീയമായ പ്രവൃത്തികള്‍ തുടരുക. കൊറോണയെ ഗ്രാമങ്ങള്‍ക്ക് പുറത്തുനിര്‍ത്തുക.
'രണ്ടടി ദൂര'ത്തിന്റെ അല്ലെങ്കില്‍ ശാരീരിക അകലം പാലിക്കലിന്റെയും മുഖാവരണത്തിന്റെയൂം മന്ത്രം പിന്‍തുടരുക.
ജാഗ്രതയോടെയിരിക്കുക, സുരക്ഷിതമായിരിക്കുക.
വളരെയധികം നന്ദി!

****


(Release ID: 1647338) Visitor Counter : 477