രാസവസ്തു, രാസവളം മന്ത്രാലയം

എൻ.‌എഫ്.‌എൽ-ന്റെ മൊത്തം വളം വിൽ‌പന എക്കാലത്തെയും ഉയർന്ന നിലയായ 18.79 ലക്ഷം മെട്രിക് ടണ്ണിലെത്തി

Posted On: 07 AUG 2020 3:09PM by PIB Thiruvananthpuram

 

നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിന്റെ (എൻ‌.എഫ്‌.എൽ) മൊത്തം വളം വിൽ‌പന 2020 ഏപ്രിൽ-ജൂലൈ മാസത്തിൽ  18.79 ലക്ഷം മെട്രിക് ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 15.64 ലക്ഷം മെട്രിക് ടണ്ണിനേക്കാൾ 20 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ വില്പന നടത്തിയ യൂറിയ, ഡി.എ.പി., എം.ഒ.പി., എൻ‌.പി.കെ., എസ്‌.എസ്‌.പി., ബെന്റോണൈറ്റ് സൾഫർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

എൻ‌.എഫ്‌.എൽ-ന്റെ പ്രസ്താവന പ്രകാരം, കമ്പനിയുടെ പ്രധാന ഉൽ‌പ്പന്നമായ യൂറിയയുടെ വില്പന 15.87 ലക്ഷം മെട്രിക് ടൺ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ 17% കൂടുതലാണിത്.

പ്രോത്സാഹജനകമായ വിൽപ്പന കണക്കുകളിൽ സന്തോഷം രേഖപ്പെടുത്തിയ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ.വി.എൻ.ദത്ത്, കോവിഡ് 19 മഹാമാരിയുടെ പരിമിതികൾക്കിടയിലും ‘കിസാൻ’ രാസവളങ്ങളുടെ റെക്കോർഡ് വില്പനയിൽ മാർക്കറ്റിംഗ് ടീമിനെ അഭിനന്ദിച്ചു.

അഞ്ച് യൂറിയ നിർമാണ പ്ലാന്റുകൾ ആണ് എൻ‌.എഫ്‌.എൽ.-നു കീഴിൽ പ്രവർത്തിക്കുന്നത്.പഞ്ചാബിലെ  നംഗൽ, ബട്ടിന്ദ എന്നിവടങ്ങളിൽ ഓരോന്ന് വീതവും ഹരിയാനയിലെ പാനിപട്ടിൽ ഒന്നും മധ്യപ്രദേശിലെ വിജയ് പൂരിൽ രണ്ട് പ്ലാന്റുകലുമാണുള്ളത്.35.68 ലക്ഷം മെട്രിക് ടൺ യൂറിയ ആണ് കമ്പനിയുടെ പ്രതിവർഷ ഉത്പാദന ശേഷി. സ്വന്തം ഉൽ‌പ്പന്നങ്ങളായ യൂറിയ, ജൈവ വളങ്ങൾ, ബെന്റോണൈറ്റ് സൾഫർ എന്നിവ കൂടാതെ എല്ലാത്തരം രാസവളങ്ങളും ഒരേ കുടക്കീഴിൽ കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കമ്പനി മറ്റ് രാസവളങ്ങളുടെ വ്യാപാരവും നടത്തി വരുന്നു.

**


(Release ID: 1644108) Visitor Counter : 182