ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് കാലത്ത് പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ ഉറപ്പുവരുത്തി ഇലക്ട്രോണിക് വാക്സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് (ഇ-വിന്‍)
Posted On:
03 AUG 2020 4:38PM by PIB Thiruvananthpuram
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാജ്യമെമ്പാടും ഇമ്മ്യൂണൈസേഷന്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഇലക്ട്രോണിക് വാക്സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് (ഇ-വിന്‍). രോഗപ്രതിരോധ ശൃംഖലയ്ക്കു കരുത്തുപകരുന്നതു ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നൂതന സാങ്കേതിക സംവിധാനമാണ് ഇ-വിന്‍. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ആരോഗ്യ മിഷനാണു (എന്‍.എച്ച്.എം) ഈ സേവനം നടപ്പിലാക്കുന്നത്.
രാജ്യത്ത് നിലവിലുള്ള വാക്സിന്റെ അളവ്, ലഭ്യത, സൂക്ഷിച്ചുവെക്കുന്ന താപനില തുടങ്ങിയവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും ഇലക്ട്രോണിക് വാക്സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് നല്‍കുന്നു. അവശ്യ പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ ഹെല്‍ത്ത് സെന്ററുകളടക്കം വിവിധയിടങ്ങളില്‍ തടസ്സങ്ങളില്ലാതെ എത്തിക്കാന്‍ അതിലൂടെ സാധിക്കുന്നു.
വാക്സിന്‍ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുക വഴി ഗര്‍ഭിണികളേയും കുഞ്ഞുങ്ങളേയും വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയാണു ഇതിന്റെ പ്രധാന ലക്ഷ്യം. ഇ-വിന്‍ നവീന സാങ്കേതിക വിദ്യ, മികച്ച ഐടി അടിസ്ഥാന സൗകര്യം, പരിശീലനം ലഭിച്ച ജീവനക്കാര്‍ എന്നിവ വഴി വാക്സിനുകളുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍ ബന്ധപ്പെട്ടയിടങ്ങളിലേക്ക് കൈമാറുന്നു.
കോവിഡ്-19 പ്രതിരോധത്തിനായുള്ള വസ്തുക്കളുടെ വിതരണം നിരീക്ഷിക്കുന്നതിന് സംസ്ഥാനങ്ങളെ ഇവിന്‍ സഹായിക്കുന്നുണ്ട്. പുതുതായി കണ്ടു പിടിക്കുന്ന വാക്‌സിനുകളെ ഈ സംവിധാനത്തിലേക്ക് ചേര്‍ക്കാനും അവയുടെ കാര്യക്ഷമമായ വിതരണം ഉറപ്പുവരുത്താനുമാകും.
നിലവില്‍ 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സേവനം നല്‍കുന്ന ഇ-വിന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ചണ്ഡീഗഢ്, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിലവില്‍ 22 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 585 ജില്ലകളിലെ 23,507 കോള്‍ഡ് ചെയിന്‍ പോയിന്റുകളില്‍ മരുന്നുകളെത്തിക്കുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
***
(Release ID: 1643215)
Visitor Counter : 331