ന്യൂനപക്ഷകാര്യ മന്ത്രാലയം

നവീകരണം നിയന്ത്രണം മാത്രമല്ല; മനുഷ്യരുടെയും രാജ്യത്തിന്റെ തന്നെയും നന്മയ്ക്കായുള്ള തീരുമാനം: കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി

Posted On: 20 JUL 2020 1:17PM by PIB Thiruvananthpuram

 

 

പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരും സമൂഹവും സിനിമയും മാധ്യമങ്ങളും മുന്നോട്ടുപോകുന്നത് ഒറ്റമനസോടെ

 

 

ന്യൂഡൽഹി, 20 ജൂലൈ 2020

 

ഗവണ്‍മെന്റ്,  രാഷ്ട്രീയം, സിനിമ,  മാധ്യമങ്ങള്‍ എന്നിവ സമൂഹത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായും പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരും സമൂഹവും സിനിമയും മാധ്യമങ്ങളും മുന്നോട്ടുപോകുന്നത് ഒറ്റമനസോടെയാണെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി ശ്രീ.മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ധൈര്യം,പ്രതിജ്ഞാബദ്ധത, ജാഗ്രത എന്നിവയാണ് ഈ ബന്ധം ശാക്തീകരിക്കാന്‍ വേണ്ട ഘടകങ്ങള്‍. ഡല്‍ഹി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്  ഇന്‍ ഹയര്‍ എജ്യൂക്കേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

 

സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവും രാജ്യത്തുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഈ നാലു വിഭാഗങ്ങളും അവരുടെ കടമകള്‍ രാജ്യതാല്‍പ്പര്യത്തിനായി നിറവേറ്റിയിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍  കൊറോണ മഹാമാരിക്കാലത്തെ വെല്ലുവിളി നേരിടാന്‍ ഈ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും 'തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ മാധ്യമപ്രവര്‍ത്തനം, മാധ്യമങ്ങള്‍, സിനിമ എന്നിവയുടെ പങ്ക്' എന്ന വിഷയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

 

നവീകരണം നിയന്ത്രണം മാത്രമല്ല, മറിച്ച് മനുഷ്യരുടെയും രാജ്യത്തിന്റെ തന്നെയും നല്ലതിന് വേണ്ടിയുള്ള തീരുമാനം ആണ്. കഴിഞ്ഞ ആറുമാസമായി സമൂഹം, സിനിമ, മാധ്യമങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന സംസ്‌കാരത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിയന്ത്രണങ്ങള്‍ മാത്രമല്ല, മറിച്ച് പുതിയ തീരുമാനങ്ങളും നവീകരണത്തിന് കാരണമാകുന്നുണ്ട്. സിനിമയും മാധ്യമങ്ങളും നമ്മുടെ ജീവിതത്തിന്റെ  പ്രധാന ഭാഗം മാത്രമല്ല, നമ്മുടെ സമൂഹത്തെ സ്വാധീനിക്കത്തക്കവണ്ണമുള്ള ശക്തി ഇവയ്ക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1960-70 കാലഘട്ടത്തില്‍ ദേശസ്‌നേഹത്തില്‍ അധിഷ്ഠിതമായ നിരവധി സിനിമകള്‍ ഉണ്ടായിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. മറ്റേതൊരു ഭരണഘടനാ സംവിധാനത്തേക്കാളും രാജ്യ  നിര്‍മ്മാണത്തില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പങ്ക് വഹിക്കാനുണ്ടെന്ന് ശ്രീ. നഖ്‌വി അഭിപ്രായപ്പെട്ടു.

 

രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പോലും വിവരവിനിമയത്തിന് ദിനപത്രങ്ങള്‍, ടെലിവിഷന്‍,  റേഡിയോ എന്നിവയ്‌ക്കൊപ്പം ഡിജിറ്റല്‍ മാധ്യമങ്ങളും പ്രധാന പങ്കുവഹിക്കുന്നുണ്ട്. വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലെത്തിക്കുന്നതിലൂടെ അവരെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം ക്രിയാത്മക  വിമര്‍ശനങ്ങളിലൂടെ ഗവണ്‍മെന്റിനെ  ജാഗരൂകരാക്കാനും മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് ശ്രീ മുക്താര്‍ അബ്ബാസ് നഖ്‌വി ചൂണ്ടിക്കാട്ടി.



(Release ID: 1639939) Visitor Counter : 188