ഉപരാഷ്ട്രപതിയുടെ കാര്യാലയം

തന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ ശ്രീ.അദ്വാനി  അടക്കമുള്ള ഗുരുക്കന്മാർ വഹിച്ച പങ്ക് അനുസ്മരിച്ച് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു

Posted On: 04 JUL 2020 4:07PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 04, 2020

രാജ്യം നാളെ ഗുരുപൂർണിമ ദിവസം ആചരിക്കാനിരിക്കെ,തന്റെ ജീവിതവും വീക്ഷണങ്ങളും  രൂപപ്പെടുത്തുന്നതിൽ വിവിധ കാലഘട്ടങ്ങളിൽ ശ്രീ.എൽ കെ അദ്വാനി  അടക്കമുള്ള ഗുരുക്കന്മാർ വഹിച്ച പങ്ക് അനുസ്മരിച്ച് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു.എല്ലാ ഗുരുക്കന്മാരോടുമുള്ള ആദരവും കടപ്പാടും രേഖപ്പെടുത്തുന്നതായും അദ്ദേഹം സാമൂഹികമാധ്യമമായ ഫേസ്‍ബുക്കിൽ  കുറിച്ചു .


തന്റെ ജീവിതകാലയളവിൽ 58 ഗുരുക്കന്മാരിൽ നിന്നും ലഭിച്ച മാർഗനിർദേശവും പ്രബോധനവും അദ്ദേഹം അനുസ്മരിച്ചു.തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ യശ്ശശരീരനായ തെനെതി വിശ്വനാഥവും, പിന്നീട് ശ്രീ അദ്വാനിയും   വഹിച്ച പങ്ക് അമൂല്യമായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെളിപ്പെടുത്തി.പതിനഞ്ചു മാസം മാത്രം പ്രായമുള്ളപ്പോൾ അമ്മയെ നഷ്‌ടമായ തനിക്ക്  മുത്തച്ഛനും  മുത്തശ്ശിയുമാണ്  ആദ്യ ഗുരുക്കന്മാരെന്ന് അദ്ദേഹം അനുസ്മരിച്ചു.സ്കൂൾ-കോളേജ്-സർവകലാശാല കാലയളവുകളിൽ തന്നെ സ്വാധീനിച്ച മറ്റു    56  അധ്യാപകരുടെ പേരും ശ്രീ.നായിഡു ഫേസ്ബുക്കിൽ കുറിച്ചു.


ഭാരതീയ പാരമ്പര്യമായ 'ഗുരുശിഷ്യ പരമ്പര'യിൽ, ശിഷ്യന്മാരുടെ സ്വഭാവരൂപീകരണമടക്കമുള്ള സമഗ്രവികസനത്തിൽ ഗുരുക്കന്മാർ വഹിക്കുന്ന പങ്കിന് ആദരവർപ്പിച്ച ശ്രീ.നായിഡു,സാങ്കേതികവിദ്യയുടെ ഇക്കാലത്ത്,വിദ്യാഭ്യാസരീതികളിൽ തങ്ങളുടേതായ സംഭാവന  നല്കാൻ രാജ്യത്തെ അദ്ധ്യാപകർ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.ശരിയായ മൂല്യങ്ങളും,വീക്ഷണങ്ങളുമുള്ള സൽസ്വഭാവികളായ വ്യക്തികളെ വാർത്തെടുക്കുന്നതിലൂടെ അദ്ധ്യാപകർ  രാഷ്ട്രനിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

'ഗുരു'എന്ന ആശയത്തിന് ഒരു പകരക്കാരനാവാൻ ഇന്റെർനെറ്റിന് ഒരിക്കലും സാധിക്കില്ലെന്ന് ശ്രീ.നായിഡു ഓർമ്മിപ്പിച്ചു."വിവരങ്ങളുടെ ഒരു മായാ പ്രപഞ്ചം  ഇന്റർനെറ്റ് നിങ്ങൾക്ക് മുന്നിൽ തുറന്നേക്കാം,പക്ഷെ ഉന്നത ശേഷികളായി വിശേഷിപ്പിക്കപ്പെടുന്ന,അപഗ്രഥനത്തിന്റെയും വിലയിരുത്തലിന്റെയും കഴിവുകൾ നിങ്ങളിൽ ഊട്ടിയുറപ്പിക്കാൻ ഒരു അധ്യാപകന് മാത്രമേ സാധിക്കൂ.ജീവിതത്തിലെ ദുർഘട സന്ധികളെ തരണം ചെയ്യാൻ ഇത്തരം സിദ്ധികൾ നമ്മെ സഹായിക്കും.മൂല്യങ്ങൾ,മനുഷ്യത്വപരമായ ചിന്തകൾ,അനുകമ്പ,അച്ചടക്കം എന്നിവ തന്റെ ശിഷ്യന്മാരിൽ വളർത്താനും അവർക്ക് ശരിയായ മാർഗം കാണിച്ചുകൊടുക്കാനും ഒരു ഗുരുവിനു മാത്രമേ സാധിക്കൂ" ; അദ്ദേഹം അഭിപ്രായപ്പെട്ടു.


രാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും തമ്മിലുണ്ടായിരുന്ന പ്രചോദനാത്മകമായ ഗുരുശിഷ്യ ബന്ധത്തിന്റെ കഥയും ഉപരാഷ്ട്രപതി ആദരവോടെ  ഓർമ്മിച്ചു.തുടക്കത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും,കാലക്രമത്തിൽ സ്വാമി വിവേകാനന്ദൻ, തന്റെ ഗുരുവിന്റെ എല്ലാ ആശയങ്ങളോടും അനുരൂപപ്പെടുകയായിരുന്നു  എന്ന് ശ്രീ.നായിഡു ചൂണ്ടിക്കാട്ടി .

എല്ലാ ഗുരുക്കന്മാരോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്ന ഗുരു പൂർണിമ, ആഷാഢ (Ashada) മാസത്തിലെ പൗർണമി ദിനത്തിലാണ്  ആഘോഷിക്കുന്നത്.   വേദവ്യാസൻ,ബുദ്ധഭഗവാൻ,24 ആമത്തെ   ജൈന തീർത്ഥങ്കര എന്നിവർ ഇതേദിവസമാണ് ജനിച്ചത്.ബുദ്ധഭഗവാൻ,സാരനാഥിൽ വച്ച്,തന്റെ ആദ്യ പ്രഭാഷണം നടത്തിയതും ഇതേ ദിവസമാണ്.

ഗുരു പൂർണിമ ദിവസമായ നാളെ, രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ഗുരുക്കന്മാർ തങ്ങൾക്ക് നൽകിയ സംഭാവനകൾ ഓർത്തെടുക്കുവാനും അവർക്ക് ആദരം അർപ്പിക്കാനും ശ്രദ്ധിക്കണമെന്നും ശ്രീ.വെങ്കയ്യ നായിഡു അഭ്യർത്ഥിച്ചു .



(Release ID: 1636448) Visitor Counter : 162