ആഭ്യന്തരകാര്യ മന്ത്രാലയം

2021 ലെ പദ്മ പുരസ്കാരങ്ങൾക്കുള്ള നാമനിര്‍ദേശങ്ങൾ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം 

Posted On: 02 JUL 2020 1:15PM by PIB Thiruvananthpuram


റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചു പ്രഖ്യാപിക്കുന്ന 2021 ലെ പദ്മപുരസ്‌കാരങ്ങൾക്കുള്ള ഓൺലൈൻ നാമനിർദേശ/ശിപാർശ നടപടികൾക്ക് മെയ് ഒന്നിന് തുടക്കമായി.പുരസ്‌കാരങ്ങൾക്കായി നാമനിർദേശം സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്. പദ്മ പുരസ്‌കാര പോർട്ടലായ https://padmaawards.gov.in ൽ ഓൺലൈൻ ആയി വേണം നാമനിര്ദേശങ്ങളും ശിപാർശകളും സമർപ്പിക്കാൻ.

വിവിധ മേഖലകളിൽ സ്തുത്യര്‍ഹവും വിശിഷ്ടവുമായ സേവനം കാഴ്ചവയ്ക്കുന്നവർക്കായി നൽകുന്ന പദ്മ പുരസ്‌കാരങ്ങൾക്ക് 1954ല്‍ ആണ് തുടക്കമിട്ടത്. വംശീയ-സ്ഥാന-ലിംഗ-തൊഴിൽ ഭേദമില്ലാതെ, അർഹരായ എല്ലാവര്‍ക്കും
 ഈ പുരസ്‌കാരങ്ങൾ നൽകിവരുന്നു. എന്നാൽ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പദ്മ പുരസ്കാരങ്ങൾക്ക് അര്‍ഹതയുണ്ടാവില്ല.

പദ്മ പുരസ്കാരങ്ങളെ, "ജനങ്ങളുടെ പദ്മ" ആക്കി മാറ്റാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ പൗരന്മാർക്കും, തങ്ങളടക്കം അർഹരെന്നു തോന്നുന്ന ആർക്കും നാമനിർദേശമോ/ശിപാർശയോ നൽകാവുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന പദ്മ പോർട്ടലിൽ നൽകിയിരിക്കുന്ന മാതൃക അനുസരിച്ചു സമർപ്പിക്കേണ്ട നാമനിർദേശത്തിലും/ ശിപാർശയിലും ആവശ്യമായ എല്ലാ വിവരങ്ങളും നൽകേണ്ടതാണ്. നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തി, തനറെ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും, നൽകിയ സേവനങ്ങളും ഉൾപ്പെടുത്തി എണ്ണൂറു വാക്കിൽ കവിയാത്ത ഒരു ദൃഷ്‌ടാന്തം ഇതിനോടൊപ്പം സമർപ്പിക്കണം.

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റായ (www.mha.gov.in) ൽ, "പുരസ്‌കാരങ്ങളും മെഡലുകളും" എന്ന തലക്കെട്ടിനു താഴെ ലഭ്യമാണ്. ഈ പുരസ്കാരങ്ങൾ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും താഴെപ്പറയുന്ന വെബ്‌സൈറ്റിൽ  ലഭ്യമാണ്.
https://padmaawards.gov.in/AboutAwards.aspx

****



(Release ID: 1635884) Visitor Counter : 202