ഉപരാഷ്ട്രപതിയുടെ കാര്യാലയം
കോവിഡിനെതിരായ പോരാട്ടത്തിൽ, ജീവിതവും ജീവിതമാർഗങ്ങളും ഒരുപോലെ സംരക്ഷിക്കാൻ ശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി
Posted On:
28 JUN 2020 10:01AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 28, 2020
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ, ജീവിതവും ജീവിതമാർഗങ്ങളും ഒരുപോലെ സംരക്ഷിക്കാൻ രാജ്യത്തെ എല്ലാ പൗരന്മാരും ശ്രദ്ധിക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു അഭ്യർത്ഥിച്ചു.
മിക്ക ലോകരാജ്യങ്ങളും, ലോക്ഡൗൺ നടപടികൾ അവസാനിപ്പിച്ച്, സമ്പത് വ്യവസ്ഥ കേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തിൻറെ ശക്തി അടങ്ങിയിരിക്കുന്നത്, ആത്മീയതയിലുള്ള ആശ്രയത്തിലും ശാസ്ത്രത്തിലുള്ള വിശ്വാസത്തിലുമാണ്.
സുരക്ഷിതരായി കഴിയാൻ നിലവിൽ നമുക്ക് മുൻപിലുള്ള മാർഗങ്ങൾ, മുഖാവരണങ്ങളുടെ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ, കൃത്യമായ ഇടവേളകളിലുള്ള കൈകഴുകൽ എന്നിവ മാത്രമാണ്.
ഇവയ്ക്കൊപ്പം തന്നെ, രോഗപ്രതിരോധശേഷി കൂട്ടുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള, പരമ്പരാഗത ഭക്ഷണങ്ങൾ, ഔഷധ സസ്യക്കൂട്ടുകൾ എന്നിവയുടെ ഉപയോഗവും ശീലിക്കാൻ ശ്രദ്ധിക്കണം.
വീടുകളിൽ തന്നെ ചെയ്യാൻ സാധിക്കുന്ന യോഗ, പ്രാണായാമ, വ്യായാമമുറകൾ എന്നിവ നമ്മുടെ ശരീരത്തെ കരുത്തുള്ളതാക്കുന്നതിനൊപ്പം, വൈറസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
കുടുംബങ്ങളുമായും, സുഹൃത്തുക്കളുമായും നിരന്തരം ബന്ധം പുലർത്താൻ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, വിർച്വൽ ആണെങ്കിൽ കൂടിയും, ഒരുമയുടെ അനുഭവം പകരാൻ സാങ്കേതികവിദ്യ സഹായിക്കുന്നതായും ചൂണ്ടിക്കാട്ടി.
ഭഗവാൻ ശ്രീ കൃഷ്ണൻ, അർജുനന് നൽകിയ "നിങ്ങൾ ചെയ്യേണ്ടത്, നന്നായും തുടർച്ചയായി ചെയ്യുക" എന്ന സന്ദേശവും അദ്ദേഹം കുറിപ്പിൽ പങ്കുവച്ചു.
ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കർ അഭിപ്രായപ്പെട്ടത് പോലെ, നമ്മുടെ ശരീരമാണ് നമ്മുടെ യഥാർത്ഥ പങ്കാളികളെന്നു തിരിച്ചറിയാൻ നമുക്ക് സാധിക്കണമെന്നും ശ്രീ നായിഡു ഓർമ്മിപ്പിച്ചു. അതു കൊണ്ടുതന്നെ നല്ല ഭക്ഷണരീതികൾ ശീലിച്ചുകൊണ്ടും, വ്യായാമമുറകൾ പതിവാക്കിക്കൊണ്ടും ആരോഗ്യക്ഷമത നിലനിർത്താൻ നാം ശ്രദ്ധിക്കണം. അപ്പോൾ മാത്രമേ, ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ നമ്മുടെ ശരീരം നമുക്ക് പിന്തുണ നൽകുകയുള്ളൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
(Release ID: 1634932)
Visitor Counter : 228