റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

നേരിയ/ഇടത്തരം വര്‍ണാന്ധത ഉള്ളവര്‍ക്കും ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും

Posted On: 26 JUN 2020 3:16PM by PIB Thiruvananthpuram



നേരിയ/ഇടത്തരം വര്‍ണാന്ധത ഉള്ളവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍ുകന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 -ലെ ഫോം1, ഫോം 1A എന്നിവ ഭേദഗതി വരുത്തുന്നതിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ജൂണ്‍ 24 നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം, മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
ദിവ്യാംഗരായ പൗരന്മാര്‍ക്ക് ഗതാഗത സംബന്ധമായ സേവനങ്ങളും ഡ്രൈവിംഗ് ലൈസന്‍സും ലഭ്യമാക്കുന്നതിന് മന്ത്രാലയം നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ദിവ്യാംഗര്‍ക്കും ഒരു കണ്ണിന് മാത്രം കാഴ്ച ശക്തിയുള്ളവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നേരത്തെ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
ഡ്രൈവിങ് ലൈസന്‍സിനായുള്ള അപേക്ഷയില്‍ ശാരീരിക ക്ഷമത (ഫോം 1) അല്ലെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഫോം 1A) സത്യവാങ്മൂലം നല്‍കുമ്പോള്‍ വര്‍ണാന്ധത ഒരു തടസമായി നില്‍ക്കുന്നതിനാല്‍, ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നില്ല എന്നു കാണിച്ച് മന്ത്രാലയത്തിന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഈ പ്രശ്‌നത്തില്‍ ആരോഗ്യരംഗത്തെ വിദഗ്ധരോട് ഉപദേശം തേടുകയായിരുന്നു. ഇതു പ്രകാരം നേരിയ മുതല്‍ ഇടത്തരം വര്‍ണാന്ധത ഉള്ളവര്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുന്നതിന് നിര്‍ദേശം ലഭിച്ചു. എന്നാല്‍ ഗുരുതര വര്‍ണാന്ധത ഉള്ളവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. ലോകത്ത് മറ്റുരാജ്യങ്ങളിലും ഭാഗിക വര്‍ണാന്ധത ഉള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നുണ്ട്.
 



(Release ID: 1634542) Visitor Counter : 204