പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റുമായി ടെലിഫോണില്‍ സംസാരിച്ചു

Posted On: 02 JUN 2020 9:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. 
ഗ്രൂപ്പ് ഓഫ് സെവന്‍ നേതൃത്വത്തെ കുറിച്ചു സംസാരിച്ച പ്രസിഡന്റ് ട്രംപ് കൂട്ടായ്മയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു പ്രധാന രാജ്യങ്ങളെ ഉള്‍പ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ പ്രധാനമന്ത്രി മോദിയെ അദ്ദേഹം ക്ഷണിച്ചു. 
പ്രസിഡന്റ് ട്രംപിന്റെ സൃഷ്ടിപരവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ സമീപനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, കൂട്ടായ്മ വികസിപ്പിക്കുന്നത് കോവിഡനന്തര ലോകത്തില്‍ ഉയര്‍ന്നുവരുന്ന യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സഹായകമാകുമെന്നു ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിനായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിക്കുന്നതില്‍ ഇന്ത്യക്കു സന്തോഷം മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. 
അമേരിക്കയില്‍ നടന്നുവരുന്ന ജനങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി മോദി ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടട്ടേ എന്ന് ആശംസിക്കുകയും ചെയ്തു. 
ഇരു രാജ്യങ്ങളിലുമുള്ള കോവിഡ്- 19 സാഹചര്യം, ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍, ലോകാരോഗ്യ സംഘടന പരിഷ്‌കരിക്കപ്പെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച വീക്ഷണങ്ങള്‍ ഇരുവരും പങ്കുവെച്ചു. 
ഫെബ്രുവരിയില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനം ഊഷ്മളതയോടെ പ്രസിഡന്റ് ട്രംപ് അനുസ്മരിച്ചു. സന്ദര്‍ശനം പല കാരണങ്ങളാല്‍ അവിസ്മരണീയവും ചരിത്രപരവും ആയിരുന്നു എന്നും ഉഭയകക്ഷി ബന്ധത്തിന് ഊര്‍ജം പകരാന്‍ അതു സഹായകമായി എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. 
സംഭാഷണത്തിലെ സവിശേഷമായ ഊഷ്മളതയും ആത്മാര്‍ഥതയും ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ സവിശേഷ സ്ഥിതിയും ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. 

(Release ID: 1628884) Visitor Counter : 342