ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ലോക്ഡൗണ്‍ കാലത്ത് രാജ്യത്തു മുഴുവനാളുകള്‍ക്കും സൗജന്യമായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നേട്ടം വലുത്, മന്ത്രി ശ്രീ രാം വിലാസ് പാസ്വാന്‍.
Posted On:
30 MAY 2020 5:53PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, മെയ് 30, 2020:
കഴിഞ്ഞ ഒരു വര്‍ഷം രാജ്യത്ത് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വന്‍ നേട്ടങ്ങളാണ് കൈവരിച്ചത് എന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ശ്രീ രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കി. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് രാജ്യമെമ്പാടും ജനങ്ങള്‍ക്കു വിതരണം ചെയ്യാനുള്ള സൗജന്യ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
ഉപഭോക്തൃ സംരക്ഷണ നിയമം 2019 നടപ്പാക്കാനായത്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ)യുടെ അംഗീകൃത മൂലധനം 3500 കോടിയില്‍ നിന്ന് 10,000 കോടിയില്‍ എത്തിച്ചത്, മാര്‍ച്ച് മുതല്‍ രാജ്യവ്യാപകമായി ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കിയത് എന്നിവയാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍, അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് കാലത്ത് നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ മതിയായ അധിക ഭക്ഷ്യധാന്യ കരുതല്‍ ശേഖരം ലഭ്യമാണ് എന്ന് മന്ത്രി വിശദീകരിച്ചു. മെയ് 28ലെ കണക്കുപ്രകാരം എഫ്‌സിഐയുടെ പക്കല്‍ 272. 20 ലക്ഷം മെട്രിക് ടണ്‍ അരിയും 479.40 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പുമാണുള്ളത്. മൊത്തം 751. 69 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. നിലവില്‍ സംഭരിച്ചുകൊണ്ടിരിക്കുന്ന ഗോതമ്പിന്റെയും നെല്ലിന്റെയും കണക്ക് ഉള്‍പ്പെടുത്താതെയാണ് ഇത്.
മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ മുതൽ 3636 ഗുഡ്‌സ് വാഗണുകള്‍ വഴി 101.81 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. ഇതിനു പുറമേ, റോഡു മുഖേനയും ജലപാതകള്‍ മുഖേനയും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിച്ചു. 12 കപ്പലുകളിലായി 12,000 മെട്രിക് ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങളാണ് എത്തിച്ചത്- മന്ത്രി അറിയിച്ചു.
(Release ID: 1628083)
Visitor Counter : 198