ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 സംബന്ധിച്ച പുതിയ വിവരങ്ങള്‍
Posted On:
26 MAY 2020 2:02PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 26 മെയ് 2020
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുകയും സംസ്ഥാനങ്ങളില്‍ യാത്രാ ഇളവുകള്‍ വരികയും ചെയ്തതോടെ ഇതര സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി പോയവരുടെ മടക്കം വര്‍ധിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് 19 ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദനും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ പ്രത്യേക ഓഫീസര്‍ (ഒ.എസ്.ഡി) ശ്രീ. രാജേഷ് ഭൂഷനും വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍, എന്‍ എച്ച് എം ഡയറക്ടര്‍മാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച നടത്തിയത്.
രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനയും മരണനിരക്കും പരിഗണിച്ച് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, കോവിഡ് ചികിത്സയ്ക്കായുള്ള സജ്ജീകരണങ്ങള്‍ എന്നിവയ്ക്ക് അടുത്ത രണ്ടുമാസത്തേയ്ക്കുള്ള ആവശ്യങ്ങള്‍ പരിഗണിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
കോവിഡിനു പുറമെയുള്ള അവശ്യ ആരോഗ്യ സേവനങ്ങളിലും സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം ഓര്‍മ്മപ്പെടുത്തി. സഞ്ചരിക്കുന്ന ചികിത്സാ യൂണിറ്റുകളും, സബ് ഹെല്‍ത്ത് സെന്ററുകളും സജ്ജമാക്കണം. ആയുഷ്മാന്‍ ഭാരതുമായി ബന്ധപ്പെടുത്തി ചികിത്സാ സംവിധാനങ്ങള്‍ വേഗത്തിലാക്കാം. ടെലി മെഡിസിന്‍ സേവനങ്ങളും ആരംഭിക്കാനാകും. ആരോഗ്യപ്രവര്‍ത്തകരെ അധികം വിന്യസിച്ച് സബ് ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, വോളന്റിയര്‍മാര്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. ആശാ പ്രവര്‍ത്തകര്‍ക്കും എ എന്‍ എമ്മുമാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കി അവരുടെ സേവനവും ഉറപ്പാക്കാം. ഗര്‍ഭിണികള്‍, അഞ്ചു വയസിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1626916)