പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിശാഖപട്ടണത്തെ വാതക ചോര്‍ച്ച പ്രധാനമന്ത്രി വിലയിരുത്തി



പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുന്നു

Posted On: 07 MAY 2020 6:30PM by PIB Thiruvananthpuram

 

വിശാഖപട്ടണത്തെ വാതക ചോര്‍ച്ച സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതു വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടന്നു. ദുരന്ത ബാധിതരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരന്തസ്ഥലം സുരക്ഷിതമാക്കുന്നതിനും കൈക്കൊണ്ട നടപടികളെക്കുറിച്ച് അദ്ദേഹം വിശദമായി ചര്‍ച്ച ചെയ്തു. പ്രതിരോധ മന്ത്രി ശ്രീ. രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, ആഭ്യന്തര സഹ മന്ത്രിമാരായ ശ്രീ. നിത്യാനന്ദ റായ്, ശ്രീ. ജി.കിഷന്‍ റെഡ്ഡി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 
അപകടം നടന്നതായ വിവരം ഇന്നു രാവിലെ അറിഞ്ഞയുടന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സഹായവാഗ്ദാനം നടത്തുകയും ചെയ്തു. ഇരുവരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 
ഈ യോഗം കഴിഞ്ഞ ഉടന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ക്യാബിനറ്റ് സെക്രട്ടറി ആഭ്യന്തരം, പരിസ്ഥിതി, വനവും കാലാവസ്ഥാ വ്യതിയാനവും, രാസവസ്തുക്കളും പെട്രോകെമിക്കലും, ഫാര്‍മസ്യൂട്ടിക്കല്‍സ്, വാര്‍ത്താവിതരണ പ്രക്ഷേപണം എന്നീ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളും ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍ ജനറലും ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറലും എ.ഐ.ഐ.എം.എസ്. ഡയറക്ടറും മറ്റു വൈദ്യശാസ്ത്ര വിദഗ്ധരുമായി ചേര്‍ന്ന് അവലോകന യോഗം നടത്തി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. 
പൂനെയില്‍നിന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ സി.ബി.ആര്‍.എന്‍. (കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍) സംഘത്തെയും നാഗ്പൂര്‍ ദേശീയ പരിസ്ഥിതി എന്‍ജിനീയറിങ് ഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സംഘത്തെയും പ്രതിസന്ധി നേരിടുന്നതിനായി സംസ്ഥാന ഗവണ്‍മെന്റിനെ സഹായിക്കുന്നതിനായി ഉടന്‍ വിശാഖപട്ടണത്തേക്ക് അയക്കാന്‍ തീരുമാനിച്ചു. ചോര്‍ച്ച നിമിത്തമുണ്ടാകുന്ന ഹ്രസ്വകാല, ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍കൂടിയാണു വിദഗ്ധ സംഘങ്ങളെ അയയ്ക്കുന്നത്. 
വിശാഖപട്ടണം ജില്ലയിലെ ഗോപാലപട്ടണം മണ്ഡലില്‍ ആര്‍.ആര്‍. വെങ്കിട്ടപുരം ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് ഒരു കെമിക്കല്‍ പ്ലാന്റില്‍ സ്റ്റൈറീന്‍ വാതകം ചോര്‍ന്നത്. തൊട്ടടുത്തുള്ള നരവ, ബി.സി.കോളനി, ബാപ്പുജി നഗര്‍, കമ്പലപലം, കൃഷ്ണനഗര്‍ എന്നീ ഗ്രാമങ്ങളെ വാതക ചോര്‍ച്ച ബാധിച്ചു. വിഷവാതകമായ സ്‌റ്റൈറീന്‍ തൊലിക്കും കണ്ണുകളിലും ചൊറിച്ചില്‍ ഉണ്ടാക്കുകയും ശ്വാസതടസ്സത്തിനും മറ്റും കാരണമായിത്തീരുകയും ചെയ്യും. 
വിശാഖപട്ടണത്തുള്ള സി.ബി.ആര്‍.എന്‍. വിദഗ്ധര്‍ ഉള്‍പ്പെട്ട ദേശീയ ദുരന്ത നിവാരണ സേനാ സംഘത്തെ സംസ്ഥാന ഗവണ്‍മെന്റിനും പ്രാദേശിക ഭരണ സംവിധാനത്തിനും പിന്‍തുണയേകാനായി ഒട്ടും വൈകാതെ തന്നെ വിന്യസിച്ചിരുന്നു. അപകടമുണ്ടായ സ്ഥലത്തിനു ചുറ്റും താമസിക്കുന്നവരെ ദേശീയ ദുരന്ത നിവാരണ സേനാ സംഘം ഉടന്‍ തന്നെ ഒഴിപ്പിച്ചു. പൂനെ എന്‍.ഡി.ആര്‍.എഫില്‍നിന്നുള്ള പരിശീലനം സിദ്ധിച്ച സി.ബി.ആര്‍.എന്‍. സംഘവവും നാഗ്പൂരില്‍നിന്നുള്ള എന്‍.ഇ.ഇ.ആര്‍.ഐ. വിദഗ്ധ സംഘവും വിശാഖപട്ടണത്തിനു തിരിച്ചിട്ടുണ്ട്. ഇതിനു പുറമെ, സ്ഥലത്തുള്ള ഡോക്ടര്‍മാര്‍ക്കു ഡി.ജി.എച്ച്.എസ്. പ്രത്യേക വൈദ്യോപദേശം നല്‍കുകയും ചെയ്യും. 
ചോര്‍ന്ന വാതക സംയുക്തത്തിന്റെ സ്വഭാവം, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, വാതകം ശ്വസിക്കാന്‍ ഇടയായവര്‍ക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍, പ്രഥമ ശുശ്രൂഷാ നടപടിക്രമങ്ങള്‍, ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും. 

***



(Release ID: 1622028) Visitor Counter : 77