പ്രധാനമന്ത്രിയുടെ ഓഫീസ്‌

വ്യോമയാന മേഖലയെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി അവലോകന യോഗം നടത്തി

Posted On: 01 MAY 2020 5:53PM by PIB Thiruvananthpuram


ഇന്ത്യയുടെ വ്യോമയാന മേഖല കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ സഹായിക്കുന്ന തന്ത്രങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമഗ്ര യോഗം നടത്തി. യാത്രക്കാര്‍ക്കു സഹായകമാകുംവിധം യാത്രാസമയം കുറയ്ക്കാനും എയര്‍ലൈനുകള്‍ക്കു സഹായകമാകുംവിധം ചെലവു പരമാവധി കുറയ്ക്കാനും സാധിക്കണമെന്നു യോഗം വിലയിരുത്തി. സൈനികകാര്യ വകുപ്പുമായി അടുത്ത സഹകരണം ആവശ്യമാണെന്നു നിരീക്ഷിക്കുകയും ചെയ്തു. 
വരുമാനം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ആറു വിമാനങ്ങള്‍ കൂടി പി.പി.പി. അടിസ്ഥാനത്തില്‍ കൈമാറുന്നതിനു നടപടി കൈക്കൊള്ളാന്‍ വ്യോമയാന മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. മൂന്നു മാസത്തിനകം ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കണം. 
ഇ-ഡി.ജി.സി.എ. പദ്ധതി പുനരവലോകനം ചെയ്യപ്പെട്ടു. ഈ പദ്ധതി ഡി.ജി.സി.എയുടെ ഓഫിസ് പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുകയും വിവിധ ലൈസന്‍സുകളും അനുമതികളും ലഭ്യമാക്കുന്നതിനുള്ള സമയം കുറച്ചുകൊണ്ടുവരിക വഴി ബന്ധപ്പെട്ട എല്ലാവര്‍ക്കും സഹായകമാവുകയും ചെയ്യും. 
വ്യോമയാന മന്ത്രാലയം കൈക്കൊള്ളുന്ന എല്ലാ പരിഷ്‌കാരങ്ങള്‍ക്കുമൊപ്പം നീങ്ങാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു സാധിക്കണമെന്നു യോഗം തീരുമാനിച്ചു. 
ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, വ്യോമയാന സഹ മന്ത്രി, ധനകാര്യ സഹ മന്ത്രി, മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 



(Release ID: 1620290) Visitor Counter : 116