ശാസ്ത്ര സാങ്കേതിക മന്ത്രാലയം

കോവിഡ് 19 ലാംപ് ,പി സി ആർ  ടെസ്റ്റുകൾക്കായി  മാഗ്നറ്റിക് നാനോ പാര്‍ട്ടിക്കിള്‍ അടിസ്ഥാനമാക്കിയുള്ള ആര്‍ എന്‍ എ വേര്‍തിരിക്കല്‍ കിറ്റ് വികസിപ്പിച്ച് ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

Posted On: 24 APR 2020 6:29PM by PIB Thiruvananthpuram



കേന്ദ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എസ് സി ടി ഐ എം എസ് ടി) ആര്‍ എന്‍ എ വേര്‍തിരിച്ചെടുക്കുന്നതിന് സഹായകമായ 'ചിത്ര മാഗ്ന' എന്ന പരിശോധന കിറ്റ് വികസിപ്പിച്ചു. കോവിഡ് 19 പരിശോധനയ്ക്കായി ലഭിക്കുന്ന സ്രവങ്ങളില്‍ നിന്ന് ആര്‍ എന്‍ എ വേര്‍തിരിച്ച് എടുക്കുന്നതിനായുള്ള നൂതനമായ സാങ്കേതിക വിദ്യയാണ് ഇത്. 

ഈ സംവിധാനത്തില്‍ രോഗിയുടെ സാമ്പിളില്‍ നിന്ന് ആര്‍ എന്‍ എ വേര്‍തിരിച്ചെടുക്കുന്നതും വിഘടിക്കാതെ സൂക്ഷിക്കുന്നതും മാഗ്നറ്റിക് നാനോ പാര്‍ട്ടിക്കിളുകളുടെ സഹായത്താലാണ്. ഇത് ശ്രദ്ധേയമായ നേട്ടമാണെന്നാണ് വിലയിരുത്തല്‍. കാരണം രോഗികളുടെ സാമ്പിള്‍ സംഭരിക്കുമ്പോഴും മറ്റു രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ചില ആര്‍ എന്‍ എകള്‍ വിഘടിച്ചു പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതെല്ലാം കാന്തിക സ്വഭാവമുള്ള വേര്‍തിരിച്ചെടുക്കല്‍ സാങ്കേതിക വിദ്യയിലൂടെ പിടിച്ചെടുക്കാന്‍ കഴിയും. 

ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകളേക്കാള്‍ ലളിതമായ ഈ സാങ്കേതിക വിദ്യക്ക് പേറ്റന്റ് ലഭിക്കാനുള്ള നടപടികള്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട്. 

ലാംപ്  പരിശോധനയ്ക്കു മാത്രമല്ല, ആര്‍ ടി - പി സി ആര്‍ പരിശോധനയ്ക്കും രോഗിയുടെ സാമ്പിളില്‍ നിന്ന് ആര്‍ എന്‍ എ കൃത്യമായി വേര്‍തിരിച്ചെടുക്കാന്‍ 'ചിത്ര മാഗ്ന' ഉപയോഗിക്കാനാകും. കൃത്യമായ അളവില്‍ വൈറല്‍ ആര്‍ എന്‍ എ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പി സി ആര്‍ അല്ലെങ്കില്‍ ലാംപ്  പരിശോധനയുടെ ഫലം എന്നതിനാല്‍ ഈ പുതിയ സാങ്കേതിക വിദ്യ കോവിഡ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിയാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കുറച്ചെണ്ണം ഒഴികെ, ഭൂരിഭാഗം ആര്‍ എന്‍ എ ഐസൊലേഷന്‍ കിറ്റുകളും ഇറക്കുമതി ചെയ്യുന്നതാണ്. കിറ്റുകളുടെ ലഭ്യത പലപ്പോഴും രാജ്യമെമ്പാടുമുള്ള ആര്‍ ടി - പി സി ആര്‍ പരിശോധനയ്ക്കു തടസ്സമായി മാറാറുണ്ട്. 

'ചിത്ര മാഗ്ന'യുടെ സാങ്കേതിക വിവരങ്ങള്‍ എറണാകുളത്തെ അഗാപ്പേ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡിനു കൈമാറി. ചിത്ര ജീന്‍ ലാംപ്  - എന്‍ വികസിപ്പിച്ച ഡോ. അനൂപ് തെക്കുവീട്ടിലും സംഘവുമാണ് 'ചിത്ര മാഗ്ന'യുടെ സാങ്കേതിക വിദ്യയും വികസിപ്പിച്ചത്.


(Release ID: 1617933) Visitor Counter : 175