നൈപുണ്യ വികസന, സംരംഭക മന്ത്രാലയം

ലോക്ക്ഡൗണ്‍ കാലയളവില്‍ സേവനം നല്‍കുന്നതിനായി രാജ്യത്തെ 900ത്തിലേറെ പ്ലംബര്‍മാരുടെ പട്ടിക തയ്യാറാക്കി  ഐ.പി.എസ്.സി

Posted On: 22 APR 2020 1:50PM by PIB Thiruvananthpuram



ന്യൂഡല്‍ഹി, 22 ഏപ്രില്‍ 2020

കോവിഡ് 10 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവശ്യസേവനത്തിന്  പ്ലംബര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ പ്ലംബിംഗ് സ്‌കില്‍സ് കൗണ്‍സില്‍ (ഐ.പി.എസ്.സി )കേന്ദ്ര നൈപുണ്യവികസന-സംരഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കില്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ലോക്ക് ഡൗണ്‍ കാലയളവിലെ അവശ്യഘട്ടങ്ങളില്‍ സേവനം നല്‍കുന്നതിനായി രാജ്യത്തെ 900ത്തിലേറെ പ്ലംബര്‍മാരെ ഉള്‍പ്പെടുത്തി അസോസിയേഷന്‍ പ്രത്യേക വിവരപട്ടികയും തയാറാക്കി.
രാജ്യത്ത് ആവശ്യക്കാര്‍ക്ക് സാധനങ്ങളും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.പി.എസ്.സി അംഗീകൃത പരിശീലനസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഐ.പി.എസ്.സിയുടെ 70 ലേറെ അംഗീകൃത പരിശീലനസ്ഥാപനങ്ങളെ കോവിഡ് നിരീക്ഷണകേന്ദ്രങ്ങളായോ ഭക്ഷണ വിതരണ കേന്ദ്രങ്ങളായോ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്ലംബിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി  കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് പ്രത്യേക മാര്‍ഗരേഖയും അസോസിയേഷന്‍ പുറത്തിറക്കി.  ഐ.പി.എസ്.സിയുടെ പ്രത്യേക സാങ്കേതിക കര്‍മസേനയാണ് മാര്‍ഗരേഖക്ക് രൂപം നല്‍കിയത്.
പ്ലംബിംഗ് പ്രവൃത്തികള്‍ നടത്തുമ്പോള്‍ സാമൂഹ്യഅകലം നിര്‍ബന്ധമായും പാലിക്കണമെന്ന് മാര്‍ഗരേഖ അനുശാസിക്കുന്നു. സ്പര്‍ശശിക്കുന്ന സ്ഥലങ്ങള്‍, പണിസാധനങ്ങള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് ശുചിയാക്കണം. നേരിട്ടു പണം വാങ്ങാതെ അക്കൗണ്ട് കൈമാറ്റം പോലെയുള്ള ഇടപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കണം. ഒരിക്കല്‍ ഉപയോഗിച്ച സാധനങ്ങള്‍ നശിപ്പിക്കണം. അവശ്യ ഘട്ടങ്ങളില്‍ പ്ലംബിംഗ് സംബന്ധമായ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ വീട്ടുടമസ്ഥരെ പരിശീലിപ്പിക്കണം. പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി പണി നടത്തിയ സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
ഏപ്രില്‍ 15 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 20 മുതല്‍ പ്ലംബര്‍മാര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു.
ഐ.പി.എസ്.സിയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഇത് ശക്തി പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.



(Release ID: 1617128) Visitor Counter : 231