ഉപരാഷ്ട്രപതിയുടെ കാര്യാലയം

ലോക ഭൗമ ദിനത്തില്‍ ഉപരാഷ്ട്രപതി ശ്രീ. എം.വെങ്കയ്യ നായിഡു പുറപ്പെടുവിച്ച സന്ദേശം

Posted On: 21 APR 2020 6:17PM by PIB Thiruvananthpuram

കോവിഡ്- 19 മഹാവ്യാധി കാരണമുള്ള മുന്‍പില്ലാത്തവിധമുള്ള ആരോഗ്യ പ്രതിസന്ധിയെ മാനവരാശിയൊന്നാകെ നേരിടുമ്പോഴാണ് ലോക ഭൗമ ദിനത്തിന്റെ അന്‍പതാം വാര്‍ഷികത്തിലൂടെ നാം കടന്നുപോകുന്നത്. ലോകത്തിന്റെ പരിസ്ഥിതിയെക്കുറിച്ചു ഞെട്ടിക്കുന്ന വിവരങ്ങള്‍ ശ്രദ്ധയില്‍ വരുന്ന സമയംകൂടിയാണ് ഇത്. ലോക്ഡൗണ്‍ നിമിത്തം മലിനീകരണം ഗണ്യമായി കുറയുകയും വായുവിന്റെ മേന്‍മ വര്‍ധിക്കുകയും ചെയ്തത് മനുഷ്യന്‍ പരിസ്ഥിതി സന്തുലനത്തിന് എത്രത്തോളം കോട്ടം സൃഷ്ടിക്കുന്നുണ്ട് എന്നു നമ്മെ ബോധ്യപ്പെടുത്തുന്നു.


കൂടുതല്‍ ഹരിതാഭവും മാലിന്യമുക്തവുമായ ഭൂമി യാഥാര്‍ഥ്യമാക്കുന്നതിനായി എല്ലാ പൗരന്‍മാരും ശ്രമിക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു. പ്രകൃതിമാതാവിനെ സംരക്ഷിക്കുംവിധം നമുക്കു വികസന മാതൃകകളെയും ഉപഭോക്തൃ ത്വരയാല്‍ നയിക്കപ്പെടുന്ന ജീവിത ശൈലിയെയും പരിഷ്‌കരിക്കാം. പ്രകൃതിയെ സംരക്ഷിച്ചു ഭൂമിയെ സൗഹാര്‍ദപൂര്‍ണമായ സഹവാസത്തിനു യോജിച്ച ഇടമായി മാറ്റുന്നതിനു പ്രവര്‍ത്തിക്കാന്‍ ഞാന്‍ ജനങ്ങളോട് ഈ ഭൗമ ദിനത്തില്‍ ആഹ്വാനം ചെയ്യുകയാണ്.
നമ്മുടെ പരമ്പരാഗത ചികില്‍സാ സംവിധാനമായ ആയുര്‍വേദം ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങളെ കുറിച്ചും അവയുടെ സന്തുലിതമായ നിലനില്‍പിനെ കുറിച്ചും പറയുന്നുണ്ട്.
എല്ലാ മേഖലകളിലും കാലാവസ്ഥാ സൗഹൃദപരമായ നയങ്ങള്‍ സ്വീകരിച്ചു മുന്നോട്ടു പോവുക മാത്രമാണു പോംവഴി.


ഐക്യരാഷ്ട്രസഭ വികസന പദ്ധതി (യു.എന്‍.ഡി.പി.) റിപ്പോര്‍ട്ട് പ്രകാരം 1990കളിലേതിനെ അപേക്ഷിച്ച് ഹരിതഗൃഹ വാതക ബഹിര്‍ഗമനം 50 ശതമാനത്തിലേറെ വര്‍ധിച്ചു. കാലാവസ്ഥ, സുസ്ഥിര ഊര്‍ജം എന്നിവയില്‍ ശ്രദ്ധേ കേന്ദ്രീകരിക്കുന്നതു വന്‍ നേട്ടം സാധ്യമാക്കുമെന്നു ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
ഈ മഹാവ്യാധി നിമിത്തം മുന്‍പില്ലാത്ത തടസ്സങ്ങള്‍ നേരിടുന്ന സമയത്തു നമുക്കു വികസന മാതൃകകളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചു ചിന്തിക്കാം. നമുക്കു വികസന, സാമ്പത്തിക തന്ത്രങ്ങള്‍ പുനഃപരിശോധിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യാം. ഭൂതകാലത്തില്‍നിന്നും കടുത്ത വര്‍ത്തമാനകാലത്തില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമുക്കു കൂടുതല്‍ സുസ്ഥിരമായ രീതിയില്‍ ഭാവിയെ പുനര്‍നിര്‍വചിക്കാം.


ലോക്ഡൗണ്‍ കാലത്തു ഭൂമി സ്വയം മുറിവുണക്കുകയാണ് എന്നാണു പറഞ്ഞുവരുന്നത്. സത്യമാണത്. ഗംഗ മുതല്‍ കാവേരി വരെയുള്ള നദികളിലെ മലിനീകരണത്തോതു ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഗംഗയില്‍ ചിലയിടങ്ങളിലെ വെള്ളം നേരത്തേ കുളിക്കാന്‍ പറ്റുന്നതല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കുളിക്കാവുന്നതായി മാറി.


താഴെത്തട്ടില്‍, സമൂഹം വലിയ തോതില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തയ്യാറാവുകയും പ്രകൃതി വിഭവങ്ങളുടെ പരമാവധി കുറഞ്ഞ തോതിലുള്ള ഉപയോഗവും പുനരുപയോഗവും പുനഃചംക്രമണവും ശീലിക്കുകയും വേണം. സുസ്ഥിരമായ ജീവിതത്തിനായി സമൂഹം ഒരുമിച്ചു നിലകൊള്ളണം. മെച്ചമാര്‍ന്ന ഭാവിക്കായി നമുക്കു പ്രകൃതിയെ സംരക്ഷിക്കുകയും സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുകയും വേണം.


(Release ID: 1616929) Visitor Counter : 123