കൃഷി മന്ത്രാലയം

വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ ഖാരിഫ് വിള ദേശീയ സമ്മേളനം 2020ല്‍  കേന്ദ്ര കൃഷി മന്ത്രി അധ്യക്ഷത വഹിച്ചു

Posted On: 16 APR 2020 3:26PM by PIB Thiruvananthpuram

 

ഖാരിഫ് വിളകള്‍ ഉദ്ദേശിച്ച ഫലം കൈവരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും പ്രയത്‌നിക്കണം എന്നും കൃഷിക്കാരുടെ വരുമാനം ഇരട്ടിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ ദൗത്യമാതൃകയില്‍ പ്രാവര്‍ത്തികമാക്കണം എന്നും കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംങ് തോമര്‍ പറഞ്ഞു.  ഖാരിഫ് വിള  ദേശീയ സമ്മേളനം  2020 ദേശീയ സമ്മേളനത്തെ വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ അഭിസംബോധന ചെയ്ത മന്ത്രി, സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന തടസങ്ങള്‍ എല്ലാം കേന്ദ്ര ഗവണ്‍മെന്റ് നീക്കുമെന്ന് ഉറപ്പു നല്കി.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഖാരിഫ് കൃഷിക്കുള്ള തയാറെടുപ്പുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്ത് നടപടികളുടെ പട്ടിക തയാറാക്കുക എന്നതായിരുന്നു ദേശീയ ഖാരിഫ് കോണ്‍ഫറണ്‍സിന്റെ ഉദ്ദേശ്യം. ഗാവ് ഗരിബ് ഔര്‍ കിസാന്‍ അതായത് ഗ്രാമം, പാവപ്പെട്ടവര്‍, കൃഷിക്കാര്‍ എന്നിവര്‍ ഈ ആപല്‍ സന്ധിയില്‍ ക്ലേശിക്കാന്‍ പാടില്ല എന്നാണ് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ഉറപ്പു നല്കിയിരിക്കുന്നത് എന്ന് ശ്രീ തോമര്‍ പറഞ്ഞു. പ്രധാന്‍ മന്ത്രി ഫസല്‍ ബിമ യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി എന്നിവ ഓരോ കൃഷിക്കാരനും വേണ്ടി വിശദീകരിക്കപ്പെടണം എന്ന് ശ്രീ തോമര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.


ലോക് ഡൗണ്‍ കൃഷിയെ ബാധിച്ചിട്ടില്ല എന്നുറപ്പാക്കുന്നതിന് വേണ്ടി ഓള്‍ ഇന്ത്യ അഗ്രി ട്രാന്‍സ്‌പോര്‍ട്ട് കോള്‍ സെന്റര്‍ ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. കഴിയുന്നത്ര ഇലക്ട്രോണിക് കാര്‍ഷിക മാര്‍ക്കറ്റുകള് (e-NAM) ഉപയോഗിക്കുവാന്‍ മന്ത്രി ആഹ്വാനം ചെയ്തു. സാമൂഹിക അകലം ഉറപ്പാക്കുമ്പോഴും കാര്‍ഷിക മേഖലയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന അയവുകളും ഇളവുകളും എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

 ഭക്ഷ്യധാന്യ ഉത്പാദനത്തിന്റെ 2020 - 21 ലെ ലക്ഷ്യം 298 ദശലക്ഷം ടണ്ണായി നിശ്ചയിച്ചിട്ടുണ്ട്. 2019 -20 സാമ്പത്തിക വര്‍ഷത്തെ ഭക്ഷ്യധാന്യ ഉത്പാദന ലക്ഷ്യം 291.10 ദശലക്ഷം ടണ്‍ ആയിരുന്നു. എന്നാൽ അത് 292 ദശലക്ഷം ടണ്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പ്രധാനമായും സ്ഥല വിസ്തൃതി, വിവിധ വിളകളുടെ ഉത്പാദന ക്ഷമത എന്നിവയുടെ വര്‍ധനകൊണ്ടാണ് ഇത്.

കേന്ദ്ര കൃഷി സഹമന്ത്രി ശ്രീ പര്‍ഷോത്തം റുപാലയും ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ (2018 -19) റെക്കോഡ് ഭക്ഷ്യധാന്യ ഉത്പാദനത്തിനു പുറമേ 25.49 ദശലക്ഷം ഹെക്ടറില്‍ നിന്ന് 313.85 ദശലക്ഷം മെട്രിക് ടണ്‍ പച്ചക്കറി പഴവര്‍ഗ്ഗങ്ങളാണ് ഇന്ത്യ ഉത്പാദിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  ഇത് ലോകത്തിലെ മൊത്തം പഴ ഉത്പാദനത്തിന്റെ 13 ശതമാനമാണ്. പച്ചക്കറികളുടെ ഉത്പാദനത്തില്‍ ചൈന കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്‌ക്കെന്നും റുപാല പറഞ്ഞു.

കൃഷി വകുപ്പ് സഹമന്ത്രി ശ്രീ കൈലാഷ് ചൗധരിയും സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2018 -19 ല്‍ ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉത്പാദനം 285 ദശലക്ഷം ടണ്‍ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത് റെക്കോഡായിരുന്നു. 2019 -20 ല്‍ ഇത് 292 ദശലക്ഷം ടണ്‍ ആകുമെന്നു പ്രതീക്ഷിക്കുന്നു.  വിവിധ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ഏകോപിത പരിശ്രമം മൂലവുമാണ് ഇത് സാധ്യമായതെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു.

പതാകാ നൗക പദ്ധതിയായ പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായക്കു കീഴില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാനുമായി ഓരോ തുള്ളിക്കും കൂടുതല്‍ വിളവ് പോലുള്ള മന്ത്രാലയത്തിന്റെ പുതിയ സംരംഭങ്ങളെ കുറിച്ച് കൃഷി സഹകരണ കര്‍ഷകക്ഷേമ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ അഗര്‍വാള്‍ സംസാരിച്ചു.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കൃഷിക്കാര്‍ക്ക് സഞ്ചാര നിയന്ത്രണം ഉള്ളിതനാല്‍ എല്ലാ സംസ്ഥാനങ്ങളും, ഗ്രാമ/ബ്ലോക്ക് തലത്തില്‍ റാബി വിള സംഭരണം ഉറപ്പാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും കൃഷിക്കാരില്‍ നിന്ന് നേരിട്ട് വിളവ് സംഭരിക്കാനും വിപണനം ചെയ്യാനുമുള്ള നടപടികളും‍ കൈക്കൊള്ളുന്നുണ്ട്.

മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.  

 

***(Release ID: 1615087) Visitor Counter : 271