ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയില്‍ കൊവിഡ് 19ന്റെ നിലവിലെ സ്ഥിതിയും പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള പ്രവര്‍ത്തനങ്ങളും കേന്ദ്ര മന്ത്രിമാരുടെ ഉന്നതതല സമിതി അവലോകനം ചെയ്തു
Posted On:
19 MAR 2020 7:54PM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ കൊവിഡ് 19 സംബന്ധിച്ച മന്ത്രിതല സമിതിയുടെ എട്ടാമതു ഉന്നതതല യോഗം ഇന്ന് നിര്‍മാണ്‍ ഭവനില്‍ ചേര്‍ന്നു. സിവില്‍ വ്യോമയാന മന്ത്രി ശ്രീ ഹര്‍ദീപ് എസ് പുരി, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ റായ്, ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ഛൗബേ, കപ്പല്‍ഗതാഗതം, രാസവസ്തു, രാസവള സഹമന്ത്രി ശ്രീ മന്‍സൂഖ് എല്‍ മാണ്ഡവ്യ, ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ എന്നിവര്‍ പങ്കെടുത്തു.
ആരോഗ്യ, കുടുംബക്ഷേമ സെക്രട്ടറി ശ്രീമതി പ്രീതി സുദന്‍, വിദേശകാര്യ സെക്രട്ടറി ശ്രീ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗല, സിവില്‍ വ്യോമയാന സെക്രട്ടറി ശ്രീ പ്രദീപ് സിംഗ് ഖറോല, ഫാര്‍മസ്യൂട്ടിക്കല്‍സ് സെക്രട്ടറി ശ്രീ പി ഡി വഖേല, ഡിഎച്ച്ആര്‍ സെക്രട്ടറിയും ഐസിഎംആര്‍ ഡയറക്ടര്‍ ജനറലുമായ ശ്രീ ബല്‍റാം ഭാര്‍ഗവ, ടെക്‌സ്റ്റൈല്‍സ് സെക്രട്ടറി ശ്രീ രവി കപൂര്‍, ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി, ആരോഗ്യ സ്‌പെഷല്‍ സെക്രട്ടറി ശ്രീ സഞ്ജീവ കുമാര്‍, കപ്പല്‍ ഗതാഗത അഡീഷണല്‍ സെക്രട്ടറി ശ്രീ സഞ്ജയ് ബന്ദോപാധ്യായ, വിദേശകാര്യ അഡീഷണല്‍ സെക്രട്ടറി ശ്രീ ദാമു രവി,
ആഭ്യന്തര കാര്യ അഡീഷണല്‍ സെക്രട്ടറി ശ്രീ അനില്‍ മാലിക്, ഐടിബിപി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീ ആനന്ദ് സ്വരൂപ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡിജിഎച്ച്എസ് ഡോ. രാജീവ് ഗാര്‍ഗും , ജോയിന്റ് സെക്രട്ടറി ശ്രീ ലാവ് അഗര്‍വാളിന് പുറമേ സായുധ സേനാ, ഐടിബിപി, മറ്റ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
രാജ്യത്തെ കൊവിഡ് 19ന്റെ സ്ഥിതിയും പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളും മന്ത്രിതല സമിതി വിശദമായി വിലയിരുത്തി. ഈ ദിശയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയും ഇന്നു യോഗം ചേരുകയും സ്ഥിതി വിലയിരുത്തി മന്ത്രിതല സമിതിക്ക് ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ കൊവിഡ് കേസുകളുടെ സ്ഥിതിയും ഇതുവരെ കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ച നടപടികളും മന്ത്രിതല സമിതി അവലോകനം ചെയ്തു. യാത്രാനിയന്ത്രണങ്ങള്‍ക്ക് പുറമേയുള്ള മറ്റ് തീരുമാനങ്ങള്‍:
- 2020 മാര്‍ച്ച് 22 പുലര്‍ച്ചെ ഒരു മണിക്കു(ജിഎംടി-ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.31) ശേഷം ഏതെങ്കിലും രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വാണിജ്യ യാത്രാ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടാന്‍ പാടില്ല. ഇത് മാര്‍ച്ച് 29,2020 പുലര്‍ച്ചെ ഒരു മണി(ജിഎംടി-ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.31) വരെ ബാധകമായിരിക്കും.
- പരമാവധി 20 മണിക്കൂര്‍ യാത്ര ചെയ്യേണ്ടിവരുന്ന അത്തരം വാണിജ്യ യാത്രാ വിമാനങ്ങള്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ അനുവദിക്കും.
- അതിനാല്‍ ഇങ്ങോട്ടു വരുന്ന രാജ്യാന്തര വാണിജ്യ യാത്രാ വിമാനങ്ങളില്‍ നിന്ന് യാത്രക്കാരെ ( വിദേശിയായാലും ഇന്ത്യക്കാരായാലും) ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങാന്‍ മാര്‍ച്ച് 22,2020 രാത്രി 8.01 മണിക്കു(ജിഎംടി) ശേഷം അനുവദിക്കില്ല ( ഇന്ത്യന്‍ സമയം മാര്‍ച്ച് 23, 2020 പുലര്‍ച്ചെ 01.31 മണിക്കു ശേഷം).
- കൊവിഡ് 19 പടരുന്നത് നിയന്ത്രിക്കാനുള്ള താല്‍ക്കാലിക നടപടികള്‍ മാത്രമാണ് ഇവ. കേന്ദ്ര ഗവണ്‍മെന്റ് ഈ തീരുമാനങ്ങള്‍ പുനരവലോകനം ചെയ്യുന്നതാണ്.
സാമൂഹിക അകലം പാലിക്കല്‍ നടപടികളേക്കുറിച്ച് വിശദമായ നിര്‍ദേശം മാര്‍ച്ച് 16നു കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ചിരുന്നു. രോഗം പടരുന്നതും പകരുന്നതും തടയുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക എന്നാണ് ഇതുകൊണ്ട് പ്രാഥമികമായി ഉദ്ദേശിച്ചത്. രോഗബാധയും അതുമൂലമുള്ള മരണങ്ങളും നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമായി. കൈകളും ശ്വാസോഛാസവും വൃത്തിയുള്ളതായിരിക്കണം എന്നും പതിവായി ഉപയോഗിക്കുന്ന ഇടങ്ങള്‍ കൃത്യമായി ശുചീകരിച്ചുകൊണ്ട് പരിസ്ഥിതി ശുചിത്വം പാലിക്കണമെന്നും, വസ്തുക്കള്‍ പങ്കുവയ്ക്കുന്നത് കുറയ്ക്കണമെന്നും ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോടു ഗവണ്‍മെന്റ് നിരന്തരം നിര്‍ദേശിച്ചുകൊണ്ടിരിക്കുകയാണ്.
മന്ത്രിതല സമിതി നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായി, ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ പരസ്പര സമ്പര്‍ക്കവും കൂടിച്ചേരലും കുറയ്ക്കുന്നതിന് പഴ്‌സനല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം:
- ഗ്രൂപ്പ് ബി, സി ജീവനക്കാരില്‍ 50 ശതമാനം പേര്‍ എല്ലാ ദിവസവും ഓഫീസില്‍ എത്തുകയും ബാക്കി 50 ശതമാനം പേര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുകയും വേണം.
- ഗ്രൂപ്പ് ബി, സി ജീവനക്കാരുടെ ജോലി സംബന്ധിച്ച പ്രതിവാര സമയപ്പട്ടിക തയ്യാറാക്കുകയും ഇടവിട്ട ആഴ്ചകളില്‍ അവര്‍ ഓഫീസില്‍ ഹാജരാവുകയും വേണം.
- ഒരു ദിവസം ഓഫീസില്‍ ഹാജരാകുന്ന ജീവനക്കാരുടെ ജോലി സമയം ഒരേപോലെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം
വിശദാംശങ്ങള്‍ പഴ്‌സനല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
https://dopt.gov.in/sites/default/files/11013_9_2014_EsttAIII_19032020_English.PDF
ഇതിനു പുറമേ അവശ്യ സേവന മേഖലകളിലെ ഒഴികെ പ്രവര്‍ത്തന സമയം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ നിര്‍ദേശം പുറപ്പെടുവിക്കണം. വ്യവസായ സ്ഥാപനങ്ങള്‍ ജോലി സമയം വിഭജിക്കണം, മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കണം.
സ്വകാര്യ സ്ഥാപനങ്ങള്‍ സാധ്യമാകുന്നത്ര ജോലികള്‍ വീട്ടിലിരുന്നു ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടണം.
മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും മ്യൂസിയങ്ങളും ജിമ്മുകളും പരീക്ഷാ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചിടണം.
കായിക പരിപാടികളും മത്സ രങ്ങളും മതപരമായ സദസ്സുകളും മാറ്റിവയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കണം. ചെറിയ യോഗങ്ങളില്‍പ്പോലും ആളുകള്‍ പങ്കെടുക്കുന്നത് അകലം പാലിച്ചുകൊണ്ടാകുന്നുവെന്നും ഉറപ്പാക്കണം.
മെട്രോകള്‍, റെയില്‍വേ, ബസ്സുകളും വിമാനങ്ങളും തുടങ്ങിയവ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് പരിഗണിക്കുകയും സാമൂഹിക അകലം പാലിക്കുന്ന വിധം സീറ്റിങ്ങ് സജ്ജീകരിക്കുകയും ചെയ്യണം. റെയില്‍വേ സ്റ്റേഷനുകളിലും മെട്രോ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റകളിലും വിമാനത്താവളങ്ങളിലും ഊര്‍ജ്ജിതമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആളുകള്‍ കൂട്ടംകൂടുന്നതും ഫലപ്രദമായി നിയന്ത്രിക്കണം.
രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും ഒഴികെ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന യാത്രാ സൗജന്യങ്ങളും മാര്‍ച്ച് 20,2020 അര്‍ധരാത്രി മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മന്ത്രിതല സമിതിയുടെ നിര്‍ദേശം വരുന്നതിനു മുമ്പേ തന്നെ റെയില്‍വേ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഇതിനു പുറമേ, നമ്മുടെ ജനസംഖ്യയിലെ ഏറ്റവും ദുര്‍ബലരായ ആളുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ജനപ്രതിനിധികളും ഗവണ്‍മെന്റ് ജീവനക്കാരും മെഡിക്കല്‍ പ്രൊഫഷണലുകളും ഒഴികെയുള്ള 65 വയസ്സിനു മുകളിലുള്ളവര്‍ വീട്ടില്‍ത്തന്നെ കഴിയമെന്നും ചികില്‍സാപരമായ കാര്യങ്ങള്‍ക്കോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ അല്ലാതെ കൂടിച്ചേരരുതെന്നും എല്ലാ സംസ്ഥാനങ്ങളും നിര്‍ദേശം പുറപ്പെടുവിക്കണം.
അതുപോലെതന്നെ, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വീട്ടില്‍ത്തന്നെ കഴിയുകയും പൊതു പാര്‍ക്കുകളിലോ ഉല്ലാസയാത്രകള്‍ക്കോ കൂടുതലാളുകള്‍ പങ്കെടുക്കുന്ന കളികള്‍ക്കോ പോകാതിരിക്കണമെന്നും നിര്‍ദേശം നല്‍കണം.
അത്യാവശ്യമല്ലാത്ത ആശുപത്രിവാസങ്ങളും ശസ്ത്രക്രിയകളും ഒഴിവാക്കുന്നതു സംബന്ധിച്ച് മെഡിക്കല്‍ പ്രഫഷണലുകളുമായി കൂടിയാലോചിച്ച് വിശദമായ നിര്‍ദേശം പുറപ്പെടുവിക്കണം. രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നു രോഗം പകരുന്നത് ഒഴിവാക്കാനും കൊവിഡ് 19മായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ആശുപത്രികള്‍ കൂടുതല്‍ വിനിയോഗിക്കാനുമാണ് ഇത്.
കൊവിഡ് 19 പ്രതിരോധിക്കാന്‍ ഗവണ്‍മെന്റ് നടത്തുന്ന പ്രയത്‌നങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വോളന്റീയര്‍മാരായി യുവജനങ്ങളും മറ്റു പൗരന്മാരും പ്രവര്‍ത്തിക്കണം.
മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, മറ്റു രോഗപ്രതിരോധ, മുന്‍കരുതല്‍, ചികില്‍സാ സാധനങ്ങള്‍ തുടങ്ങിയവയ്ക്ക് ആരെങ്കിലും അമിതവില ഈടാക്കിയാല്‍ അവര്‍ക്കെതിരേ ഔഷധ, ഉപഭോക്തൃകാര്യ മന്ത്രാലയം ശക്തമായ നടപടി സ്വീകരിക്കുന്നതായിരിക്കും. ഇത്തരം സാധനങ്ങള്‍ എല്ലാ ആശുപത്രികളിലും ലഭ്യമായിരിക്കുകയും ജനങ്ങള്‍ക്ക് വേണ്ടത്ര നല്‍കുകയും വേണം. മാസ്‌കുകള്‍ ആവശ്യമുണ്ടെങ്കില്‍ മാത്രമാണ് ധരിക്കേണ്ടത് എന്നും കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം എന്നും ജനങ്ങളെ ബോധവല്‍ക്കരിക്കണം.
ഗവണ്‍മെന്റ് സ്വീകരിക്കുന്ന മുഴുവന്‍ നടപടികളെക്കുറിച്ചും ജനങ്ങള്‍ അറിഞ്ഞിരിക്കുക എന്നതും കൊവിഡ് 19 തടയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ ഗവണ്‍മെന്റിനു പൂര്‍ണ പിന്തുണ നല്‍കുക എന്നതും പ്രധാനമാണ്.
****
(Release ID: 1607274)
Visitor Counter : 1256