ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 സംബന്ധിച്ച നിലവിലുള്ള സ്ഥിതിയും പ്രതിരോധ നടപടികളും പരിപാലനവും വിലയിരുത്താന്‍ ഉന്നത മന്ത്രിതല യോഗം ചേര്‍ന്നു
Posted On:
16 MAR 2020 7:44PM by PIB Thiruvananthpuram
പരസ്പര അകലം പാലിക്കുന്നതു സംബന്ധിച്ച സമഗ്ര ഉപദേശ പത്രിക ആരോഗ്യ മന്ത്രാലയം പുറത്തിറക്കി
കോവിഡ്-19നെ വിലയിരുത്താനുള്ള ഉന്നത മന്ത്രിതല യോഗം ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നിര്‍മാണ്‍ ഭവനില്‍ ചേര്‍ന്നു. വ്യോമയാന മന്ത്രി ശ്രീ. ഹര്‍ദീപ് എസ്. പുരി, വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍, ആഭ്യന്തര സഹമന്ത്രി ശ്രീ. നിത്യാനന്ദ റായ്, ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബേ എന്നീ മന്ത്രിമാര്‍ പങ്കെടുത്തു. പ്രതിരോധ സേനാ തലവന്‍ ശ്രീ. ബിപിന്‍ റാവത്, സെക്രട്ടറി (എച്ച്.എഫ്.ഡബ്ല്യു.) ശ്രീമതി പ്രീതി സുദന്‍, സെക്രട്ടറി (സിവില്‍ ഏവിയേഷന്‍) ശ്രീ. പ്രദീപ് സിങ് ഖരോള, സെക്രട്ടറി (ഫാര്‍മസ്യൂട്ടിക്കല്‍സ്) ശ്രീ. പി.ഡി.വഘേല, ഡി.ജി.എച്ച്.എസ്. ഡോ. രാജീവ് ഗാര്‍ഗ്, സെക്രട്ടറി ഡി.എച്ച്.ആര്‍.-ഡയറക്ടര്‍ ജനറല്‍ ഐ.സി.എം.ആര്‍. ഡോ. ബല്‍റാം ഭാര്‍ഗവ, സെക്രട്ടറി (ടെക്‌സറ്റൈല്‍സ്) ശ്രീ. രവി കപൂര്‍, സ്‌പെഷ്യല്‍ സെക്രട്ടറി (ആരോഗ്യം) ശ്രീ. സഞ്ജീവ കുമാര്‍, അഡീഷണല്‍ സെക്രട്ടറി (ഷിപ്പിങ്) ശ്രീ. സഞ്ജയ് ബന്ദോപാധ്യായ, വിദേശകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ശ്രീ. ധമ്മു രവി, അഡീഷണല്‍ സെക്രട്ടറി (എം.എച്ച്.എ.) ശ്രീ. അനില്‍ മാലിക്, ഇന്‍സ്‌പെക്ടര്‍ (ഐ.ടി.ബി.പി.) ശ്രീ. ആനന്ദ് സ്വരൂപ്, ജെ.എസ്. (എം.ഒ.എച്ച്.എഫ്.ഡബ്ല്യു.) ശ്രീ. ലാവ് അഗര്‍വാള്‍ എന്നിവരും സൈന്യം, ഐ.ടി.ബി.പി., ഫാര്‍മ, ടെക്‌സ്റ്റൈല്‍സ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഏഴാമത്തെ യോഗത്തില്‍ മന്ത്രിമാരുടെ സംഘം കോവിഡ്-19നെ പ്രതിരോധിക്കുന്നതും പരിപാലിക്കുന്നതും സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി. വിശദമായ ചര്‍ച്ചകളെ തുടര്‍ന്നു പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി പരസ്പരം അകലം പാലിക്കേണ്ടതു സംബന്ധിച്ച നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതിനായി നിര്‍ദേശിച്ചു. ഈ നടപടികള്‍ കോവിഡ്-19നെ പ്രതിരോധിക്കുന്നതിനായി 2020 മാര്‍ച്ച് 31 വരെ നിലനില്‍ക്കുന്ന താല്‍ക്കാലിക നടപടി ആയിരിക്കും.
പ്രധാന നടപടിക്രമങ്ങള്‍:
1. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, മുതലായവ), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക-സാമൂഹിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, തിയറ്ററുകള്‍ എന്നിവ അടച്ചിടണം. വിദ്യാര്‍ഥികള്‍ വീട്ടില്‍ കഴിയേണ്ടതാണ്. ഓണ്‍ലൈന്‍ പഠനം പ്രോല്‍സാഹിപ്പിക്കപ്പെടണം.
2. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ബസ്സുകള്‍, തീവണ്ടികള്‍, വിമാനങ്ങള്‍ എന്നിവയില്‍ ഉപരിതലം മുടക്കമില്ലാതെ യഥാവിധി അണുവിമുക്തമാക്കുന്നതോടൊപ്പം പരസ്പര അകലം പരമാവധി വര്‍ധിപ്പിക്കണം.
3. സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കള്‍ ജീവനക്കാരെ പരമാവധി വീട്ടില്‍നിന്നു ജോലി ചെയ്യാന്‍ അനുവദിക്കണം.
4. യോഗങ്ങള്‍ പരമാവധി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണം. വളരെയധികം ആള്‍ക്കാര്‍ പങ്കെടുക്കേണ്ടുന്ന യോഗങ്ങള്‍ അത്യാവശ്യമല്ലാത്തവ ആണെങ്കില്‍ മാറ്റിവെക്കുക.
5. ഭക്ഷണശാലകളില്‍ കൈ കഴുകുന്നതു സംബന്ധിച്ച മാനദണ്ഡം പാലിക്കുകയും ആള്‍ക്കാര്‍ തൊടാന്‍ സാധ്യതയുള്ള പ്രതലങ്ങള്‍ ശരിയാംവണ്ണം ശുചിയാക്കുകയും ചെയ്യുക. മേശകള്‍ക്കിടയിലുള്ള അകലം കുറഞ്ഞത് ഒരു മീറ്റര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുക. സാധ്യമെങ്കില്‍ ആവശ്യമായ അകലം പാലിച്ചുകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുക.
6. വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടുന്ന കായിക ഇനങ്ങളോ മല്‍സരങ്ങളോ സംഘടിപ്പിക്കുന്നവരുമായി പ്രാദേശിക അധികൃതര്‍ ചര്‍ച്ച നടത്തി, അവ മാറ്റിവെക്കാന്‍ ഉപദേശിക്കുക.
7. ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെടുന്നതു നിയന്ത്രിക്കുന്നതിനായി പ്രാദേശിക അധികൃതര്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളുമായും മത നേതാക്കളുമായും ചര്‍ച്ച നടത്തുകയും ജനക്കൂട്ടങ്ങള്‍ രൂപപ്പെടുന്നില്ലെന്നും വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമെന്ന നിയന്ത്രണം പാലിക്കപ്പെടുന്നുണ്ട് എന്നും ഉറപ്പുവരുത്തണം.
8. പച്ചക്കറി വിപണി, ധാന്യ വിപണി, ബസ് ഡിപ്പോകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങി സേവനം അനിവാര്യമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തന സമയം നിയന്ത്രിക്കുന്നതിനും ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി വ്യാപാരി അസോസിയേഷനുകളുമായും മറ്റു ബന്ധപ്പെട്ടവരുമായും പ്രാദേശിക അധികൃതര്‍ ചര്‍ച്ച നടത്തണം.
9. സമൂഹത്തെ തുടര്‍ച്ചയായി ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുക.
യാത്ര സംബന്ധിച്ച അനുബന്ധ ഉപദേശം: അപകട സാധ്യതയേറിയ പ്രദേശങ്ങളില്‍ കോവിഡ്-19 പടരാതിരിക്കുന്നതിനായി യാത്രാനിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി.
യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നോ ആ വഴിയോ വരുന്നവര്‍ക്കുള്ള 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വ്യാപിപ്പിച്ചു. ഇത് 2020 മാര്‍ച്ച് 18ന് ജി.എം.ടി. 12.00 മണിക്കു പ്രാബല്യത്തില്‍ വരും.
യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്‍, ടര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്ന് 2020 മാര്‍ച്ച് 18 മുതല്‍ ഇന്ത്യയിലേക്കുള്ള യാത്ര നിരോധിച്ചു. 2020 മാര്‍ച്ച് 18ന് ജി.എം.ടി. 12.00 മുതല്‍ ഈ സ്ഥലങ്ങളില്‍നിന്ന് ഒരു വിമാനക്കമ്പനിയും ഇന്ത്യയിലേക്കു യാത്രക്കാരെ കൊണ്ടുവരരുത്. പുറപ്പെടുന്ന വിമാനത്താവളത്തില്‍ വിമാനക്കമ്പനികള്‍ ഇക്കാര്യം ഉറപ്പാക്കണം.
ഈ രണ്ടു നടപടികളും താല്‍ക്കാലികമാണ്. 2020 മാര്‍ച്ച് 31 വരെ ആയിരിക്കും പ്രാബല്യം. പിന്നീട് പുനഃപരിശോധിക്കപ്പെടുകയും ചെയ്യും.
ഇറാനില്‍നിന്ന് ഒഴിപ്പിച്ച 53 പേര്‍ ഉള്‍പ്പെടുന്ന നാലാമത്തെ സംഘം ഇന്നെത്തി. ഇവരെ ജയ്‌സാല്‍മീറില്‍ സൈനിക കേന്ദ്രത്തില്‍ ക്വാറന്റൈനില്‍ വെച്ചിരിക്കുകയാണ്. ഇവരില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. എങ്കിലും ചട്ടപ്രകാരം ക്വാറന്റൈനിലാണ്.
അവസാനമായി ഒഡീഷ, ജമ്മു-കശ്മീര്‍, ലഡാക്ക്, കേരള എന്നിവിടങ്ങളില്‍ ഓരോ വ്യക്തികളില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗം ഭേദമായ 13 പേരും മരണമടഞ്ഞ രണ്ടു പേരും ഉള്‍പ്പെടെ ഇതുവരെ ഇന്ത്യയില്‍ 114 പേരിലാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധയുള്ളവരുമായി ഇടപഴകിയവരെ സംബന്ധിച്ചുള്ള അന്വേഷണം 5200 പേരെ തിരിച്ചറിയാന്‍ സഹായിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ്.
****
(Release ID: 1607071)
Visitor Counter : 217