ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇതുവരെ 948 പേരെ  ഒഴിപ്പിച്ചു

Posted On: 11 MAR 2020 3:57PM by PIB Thiruvananthpuram


 

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെയും മറ്റു രാഷ്ട്രങ്ങളിലെ പൗരന്‍മാരെയും കേന്ദ്ര ഗവണ്‍മെന്റ് തിരിച്ച്  നാട്ടിലെത്തിച്ചു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഇന്നലെ (10.03.2020) തിരിച്ചെത്തിച്ചു. 25 പുരുഷന്‍മാര്‍, 31 വനിതകള്‍, 2 കുട്ടികള്‍ എന്നിവരടങ്ങുന്നതാണ് സംഘം. ഇവരിലാര്‍ക്കും ഇപ്പോള്‍ രോഗ ലക്ഷണമില്ല.
ഇതുവരെ 948 യാത്രക്കാരെയാണ് കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിപ്പിച്ചത്. ഇതില്‍ 900 പേരും ഇന്ത്യന്‍ പൗരന്‍മാരാണ്. അവശേഷിക്കുന്ന 48 പേര്‍ മാലദ്വീപുകള്‍, മ്യാന്‍മാര്‍, ബംഗ്ലാദേശ്, ചൈന, യു.എസ്.എ, മഡഗാസ്‌കര്‍, ശ്രീലങ്ക, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, പെറു എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
നേരത്തെ കോവിഡ്-19 വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്ന് രണ്ടു പ്രത്യേക വിമാനങ്ങളിലായി 654 പേരെ തിരിച്ചെത്തിച്ചിരുന്നു. ഇവരെ രണ്ടാഴ്ചക്കാലം ഐസലേഷനില്‍ പാര്‍പ്പിച്ച് രണ്ടു തവണ ലബോറട്ടറി പരിശോധന നടത്തി. ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. 
ഫെബ്രുവരി 27 ന് ജാപ്പാനീസ് ക്രൂയിസ് കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ 124 യ്ത്രക്കാരെ ഇന്ത്യന്‍ ഗവണ്‍മെന്റ് തിരിച്ചെത്തിച്ചു. ആദ്യ ഘട്ടത്തില്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

***
 


(Release ID: 1606013) Visitor Counter : 206