പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് അവലോകനം ചെയ്തു

Posted On: 04 MAR 2020 5:35PM by PIB Thiruvananthpuram



ഇന്നു നടന്ന യോഗം ഇതുവരെ നടന്ന അവലോകനങ്ങളില്‍ അവസാനത്തേത്; ആദ്യ യോഗം നടന്നത് 2020 ജനുവരി 25ന്
കേന്ദ്ര, സംസ്ഥാന, പ്രാദേശിക തലങ്ങളില്‍ വിവിധ അധികാര കേന്ദ്രങ്ങള്‍ക്കു ചുമതല നിശ്ചയിച്ചുകൊണ്ട് പ്രതികരണാത്മകമായ ഗവണ്‍മെന്റിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സമീപനം
ജന്‍ ഭാഗീദാരി സമീപനത്തിലൂടെ സ്വകാര്യമേഖലയുടെയും സമൂഹത്തിന്റെയും വര്‍ധിച്ച നിലയിലുള്ള പങ്കാളിത്തത്തിന് ഊന്നല്‍
പരിശോധനാ സൗകര്യം വികസിപ്പിക്കുന്നതിനും രോഗബാധ കൂടുതലുള്ള സ്ഥലങ്ങളും ലഭ്യമായ വൈദ്യസഹായവും വ്യക്തമാക്കുന്ന ജി.ഐ.എസ്. വിവരശേഖരം വികസിപ്പിക്കുന്നതിനും തീരുമാനിച്ചു

കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. പി.കെ.മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ മന്ത്രാലയ പ്രതിനിധികളുടെ യോഗം അവലോകനം ചെയ്തു. ഈ ആവശ്യത്തിനായി ജനുവരി 25നു നടന്ന പ്രഥമ യോഗത്തിനു ശേഷം നടന്ന യോഗങ്ങളില്‍ അവസാനത്തേതാണ് ഇത്. ക്യാബിനറ്റ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരും ആരോഗ്യം, വ്യോമയാനം, വാര്‍ത്താവിനിമയവും പ്രക്ഷേപണവും, ഷിപ്പിങ്, വിനോദസഞ്ചാര മന്ത്രാലയ സെക്രട്ടറിമാരും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും ആഭ്യന്തര വകുപ്പ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സെക്രട്ടറിയും പ്രതിരോധ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും നിതി ആയോഗിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രതിനിധികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു.
വളരെ കൂടുതല്‍ ജനസംഖ്യയുള്ളതും രോഗകേന്ദ്രവുമായി അടുത്തു നില്‍ക്കുന്നതുമായ രാജ്യമായിരുന്നിട്ടും ഇന്ത്യയില്‍ വൈറസ് പടരുന്നതു പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധിച്ചു എന്നതിനെ എല്ലാവരും അഭിനന്ദിച്ചു. അതേസമയം, സംസ്ഥാനങ്ങളുടെ കൂടി പിന്‍തുണയോടെ ഗവണ്‍മെന്റിന്റെ എല്ലാ തലങ്ങളെയും ഉള്‍പ്പെടുത്തി കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.
വളരെയധികം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്നലെ നടന്ന യോഗത്തില്‍ രണ്ടു പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും തെര്‍മല്‍ ഇമേജറി സംവിധാനം ഉപയോഗപ്പെടുത്തി എല്ലാവര്‍ക്കും പരിശോധന നടത്താനും വിദേശത്തു നിന്നെത്തുന്ന യാത്രക്കാരും വിനോദസഞ്ചാരികളും സന്ദര്‍ശിച്ച സ്ഥലങ്ങള്‍ എഴുതിനല്‍കണമെന്നു വ്യവസ്ഥ വെക്കാനും തീരുമാനിച്ചു. ഇതു നടപ്പാക്കുന്നതിനായി ബന്ധപ്പെട്ടവര്‍ കുറിച്ചെടുത്തു. മറ്റു രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണ ഉദ്യോഗസ്ഥള്‍ ഉള്‍പ്പെടെ സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനും ആഭ്യന്തര മന്ത്രാലയത്തിനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ പിന്‍തുണയേകും.
സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ച് ജില്ലാതലം വരെ ശരിയായ പരിശോധന സാധ്യമാക്കുന്നതിനും രോഗികളെ മറ്റുള്ളവരില്‍ നിന്ന് അകലെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും അതിവേഗം സൗകര്യമൊരുക്കാന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സൗകര്യങ്ങളും ആശുപത്രികളും ലഭ്യമാക്കുക വഴി ആരോഗ്യമന്ത്രാലയത്തിനു പിന്‍തുണയേകും.
ചെയ്യാവുന്നതും ചെയ്യരുത്താതും സംബന്ധിച്ചുള്ളവ ഉള്‍പ്പെടെയുള്ള അറിവുകള്‍ യഥാസമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരോഗ്യ, മനുഷ്യവിഭവശേഷി വികസന മന്ത്രാലയങ്ങളുമായും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ വാര്‍ത്താവിനിമയ, പ്രക്ഷേപണ മന്ത്രാലയത്തോടു നിര്‍ദേശിച്ചു. ശരിയായ വിവരം ജനങ്ങളിലേക്ക് അതാതു സമയത്ത് എത്തിക്കുന്നതിനായി ആരോഗ്യമന്ത്രാലയം വക്താവ് നിത്യവും വസ്തുതകള്‍ മാധ്യമങ്ങളോടു വിശദമാക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ ഏജന്‍സി, ബന്ധപ്പെട്ട ഏജന്‍സികള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് രോഗബാധയുള്ള സ്ഥലങ്ങളും ലഭ്യമായ വൈദ്യസഹായവും സംബന്ധിച്ച ജി.ഐ.എസ്.മാപ്പിങ് ആരോഗ്യ മന്ത്രാലയം ഏകോപിപ്പിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 10 സമര്‍പ്പിത ടെലിഫോണ്‍ ലൈനുകളോടുകൂടിയ വൈദ്യ ഹെല്‍പ് ലൈന്‍ 2020 ജനുവരി 23 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു എന്നും ഈ സംവിധാനം വളരെയധികം ഗുണകരമാണെന്നും ആരോഗ്യ മന്ത്രാലയം യോഗത്തെ അറിയിച്ചു. ഈ കേന്ദ്രത്തില്‍ ഇതുവരെ ആറായിരത്തിലേറെ കോളുകള്‍ ലഭിച്ചതായും അറിയിച്ചു.
പൊതുജനാരോഗ്യത്തിന് വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് സമൂഹത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണ്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
വലിയ ആള്‍ക്കൂട്ടങ്ങള്‍ കഴിവതും ഒഴിവാക്കണമെന്ന പൊതുജനാരോഗ്യ വിദഗ്ധരുടെ ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ സമ്മേളനങ്ങളോ രാജ്യാന്തരതല യോഗങ്ങളോ സംഘടിപ്പിക്കുംമുന്‍പ് ഗവണ്‍മെന്റ് വകുപ്പുകളും മന്ത്രാലയങ്ങളും ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച ചെയ്യണമെന്നു തീരുമാനിച്ചു.
നേരത്തേ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇപ്രകാരം ട്വീറ്റ് ചെയ്തു: 'കോവിഡ്-19 വൈറസ് പടരുന്നത് ഒഴിവാക്കുന്നതിനായി ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ലോകത്താകമാനമുള്ള വിദഗ്ധര്‍ ഉപദേശിച്ചിട്ടുണ്ട്. അതിനാല്‍ ഈ വര്‍ഷം ഹോളി മിലന്‍ പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നു ഞാന്‍ തീരുമാനിച്ചു.'

 



(Release ID: 1605311) Visitor Counter : 104