മന്ത്രിസഭ

ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ തത്വത്തിലുള്ള അനുമതി

Posted On: 23 OCT 2019 4:58PM by PIB Thiruvananthpuram


ടെലികോം പൊതുമേഖല സംരംഭങ്ങള്‍ക്ക് നാല് ജി സ്‌പെക്ട്രം അനുവദിക്കും


20,000 കോടിയിലധികം രൂപയുടെ മൂലധനം നിവേശിപ്പിക്കും


15,000 കോടി രൂപയുടെ  ദീര്‍ഘകാല കടപ്പത്രം പുറത്തിറക്കും


ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പദ്ധതിയുടെ ചെലവ് കേന്ദ്രം വഹിക്കും

 

 

ബി.എസ്.എന്‍.എല്ലിനെയും, എം.ടി.എന്‍.എല്ലിനെയും പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ഇവയെ തമ്മില്‍ ലയിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൊതുമേഖലാ ടെലികോം കമ്പനികള്‍ക്ക് 4 ജി സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രം അനുവദിക്കാനും കടപ്പത്രം പുറപ്പെടുവിക്കുക വഴി കടബാധ്യത പുനക്രമീകരിക്കാനും, തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും, ആസ്തി പണയം വയ്ക്കാനുമുള്ള നിര്‍ദ്ദേശത്തിനും കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 


താഴെപ്പറയുന്നവയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി: 


1.    ബി.എസ്.എന്‍.എല്ലിനും, എം.ടി.എന്‍.എല്ലിനും ബ്രോഡ്ബാന്റ്, മറ്റ് ഡാറ്റാ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് 4ജി സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള ഭരണാനുമതി. ഈ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 20,140 കോടി രൂപ മൂല്യമുള്ള മൂലധന നിവേശത്തിലൂടെ സ്‌പെക്ട്രത്തിന്റെ ചെലവ് കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും. ഇതിന് പുറമെ സ്‌പെക്ട്രത്തിന്റെ മൂല്യത്തിന് വരുന്ന ചരക്ക് സേവന നികുതി തുകയായ 3674 കോടി രൂപ ബജറ്റ് വിഹിതത്തിലൂടെ സമാഹരിക്കും. ഈ സ്‌പെക്ട്രം അനുവദിക്കലിലൂടെ 4ജി സേവനങ്ങള്‍ ഗ്രാമീണ മേഖലകളിലടക്കമുള്ള തങ്ങളുടെ വിപുലമായ ശൃംഖലയില്‍ ഹൈസ്പീഡ് ഡാറ്റ നല്‍കാനും വിപണിയില്‍ മത്സരിക്കാനും ബി.എസ്.എന്‍.എല്ലിനും, എം.ടി.എന്‍.എല്ലിനും കഴിയും.
2.    ബി.എസ്.എന്‍.എല്ലിനും, എം.ടി.എന്‍.എല്ലിനും 15,000 കോടി രൂപയുടെ ദീര്‍ഘകാല കടപ്പത്രം നിര്‍വ്വഹിക്കും. കേന്ദ്ര ഗവണ്‍മെന്റ് ഇതിന് ജാമ്യം നില്‍ക്കും. ഇതുവഴി ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും തങ്ങളുടെ നിലവിലുള്ള കടബാധ്യത പുനക്രമീകരിക്കും.
3.    50 വയസും അതിന് മുകളിലുള്ളവരുമായ ജീവനക്കാര്‍ക്ക് ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്.) പ്രഖ്യാപിക്കും. ഇതിന്റെ ചെലവ് ബജറ്റ് സഹായത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് നിറവേറ്റും. വി.ആര്‍.എസ്. ആനുകൂല്യത്തിന് 17,169 കോടി രൂപ അധികമായി വേണ്ടി വരും. പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, കമ്പ്യൂട്ടേഷന്‍ എന്നിവയുടെ ചെലവ് കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും അന്തിമ രൂപം നല്‍കും.
4.    കടബാധ്യത തീര്‍ക്കല്‍, ശ്യംഖല വിപുലീകരിക്കല്‍, അധിക പ്രവര്‍ത്തന ചെലവ് മുതലായവയ്ക്കായി പണം കണ്ടെത്തുന്നതിന് ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും തങ്ങളുടെ ആസ്തികള്‍ പണയപ്പെടുത്തും.
5.    ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍. ലേലത്തിന് തത്വത്തില്‍ അംഗീകാരം.
ഈ പുനരുദ്ധാരണ പദ്ധതി നടപ്പാലാക്കുന്നതോടെ രാജ്യത്തെ ഗ്രാമീണ, വിദൂരസ്ഥ മേഖലകളിലുള്‍പ്പെടെ കരുത്തുറ്റ വാര്‍ത്താവിനിമയ ശൃംഖല വഴി ഗുണനിലവാരമുള്ളതും, ആശ്രയിക്കാവുന്നതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും കഴിയുമെന്നാണ് പ്രതീക്ഷ.


ND



(Release ID: 1588985) Visitor Counter : 219