മന്ത്രിസഭ

ശ്രീ. രാജീവ് ഗൗബ പുതിയ കാബിനറ്റ് സെക്രട്ടറിയായി ചുമതലയേറ്റു

Posted On: 30 AUG 2019 4:15PM by PIB Thiruvananthpuram

 

പുതിയ കാബിനറ്റ് സെക്രട്ടറിയായി ശ്രീ. രാജീവ് ഗൗബ ചുമതലയേറ്റു. ശ്രീ.പി.കെ സിന്‍ഹ വിരമിച്ച ഒഴിവിലാണ് നിയമനം. ഝാര്‍ഖണ്ഡ് കേഡര്‍ (1982 ബാച്ച്) ഉദ്യോഗസ്ഥനായ ശ്രീ. രാജീവ് ഗൗബ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നഗര വികസന സെക്രട്ടറി, ഝാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി തുടങ്ങി നിരവധി സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളിലും അന്താരാഷ്ട്ര സംഘടനകളിലും സുരക്ഷ, ഭരണ നിര്‍വഹണം, ധനകാര്യം എന്നിവയിലായി വലിയ അനുഭവ സമ്പത്തോടെയാണ് ശ്രീ ഗൗബ പുതിയ ചുമതലയേറ്റെടുക്കുന്നത്.

ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദു ചെയ്യുന്നതിനും ജമ്മു കാശ്മീരിന്റെ പുനരേകീകരണത്തിനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം നടപ്പിലാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. പിഴവുകളില്ലാത്ത വിധം, സുഗമമായി ആ തീരുമാനം നടപ്പിലാക്കി. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ ഈ ഉദ്യമങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും നടപ്പിലാക്കുന്നതിനും നേതൃത്വം നല്‍കി. ചെറിയ ഒരു സംഘത്തോടൊപ്പം ഭരണഘടനാ, നിയമ വശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയ അദ്ദേഹം ഭരണ, സുരക്ഷാ ഏര്‍പ്പാടുകളും ചെയ്തു.

നേരത്തെ ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയായിരുന്ന സമയത്ത്, ഇടതു തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ 2015 ല്‍ അദ്ദേഹം ഒരു ബഹുമുഖ കര്‍മ പദ്ധതി അവതരിപ്പിച്ചിരുന്നു. അത് നടപ്പിലാക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകളില്‍ കുറവു വരുത്താന്‍ അത് സഹായിച്ചു.

ആഭ്യന്തര മന്ത്രാലയത്തിനു പുറമെ, നഗര വികസനം, രാജ്യരക്ഷ, പരിസ്ഥിതിയും വനവും, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സേവനമര്‍പ്പിച്ചു.

ഝാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിയായിരിക്കെ പ്രൊഫഷനലുകളുടെ ലാറ്ററല്‍ എന്‍ട്രി, മന്ത്രാലയങ്ങളുടെ വലിപ്പം ചെറുതാക്കലും പുനക്രമീകരണംവും, തൊഴില്‍ പരിഷ്‌കരണം എന്നിവയടക്കം സുപ്രധാന ഭരണ, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശ്രീ. ഗൗബ നടപ്പിലാക്കി. ബിസിനസ് ചെയ്യുന്നതിലെ എളുപ്പം സംബന്ധിച്ച പട്ടികയില്‍ ഏറ്റവും താഴെയായിരുന്ന ഝാര്‍ഖണ്ഡ് അദ്ദേഹത്തിന്റെ കാലയളവില്‍ മൂന്നാം റാങ്കിലേക്ക് കുതിച്ചു ചാട്ടം നടത്തി.

അന്താരാഷ്ട്ര നാണയ നിധി ബോര്‍ഡില്‍ നാലു വര്‍ഷക്കാലം ശ്രീ.ഗൗബ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

AM/MRD



(Release ID: 1583721) Visitor Counter : 91