പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയുടെ മലയാളം പരിഭാഷ

Posted On: 08 AUG 2019 9:20PM by PIB Thiruvananthpuram

എന്റെ നാട്ടുകാരെ,


ഒരു രാജ്യം എന്ന നിലയിലും ഒരു കുടുംബം എന്ന നിലയിലും നിങ്ങളും ഞങ്ങളും യോജിച്ചുകൊണ്ട് ചരിത്രപരമായ ഒരു തീരുമാനം നാം എടുത്തു. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിച്ച ഒരു സംവിധാനത്തെ, അവരുടെ വികസനത്തിന് വലിയ കടമ്പയായിരുന്ന ഒരു സംവിധാനത്തെ ഇപ്പോള്‍ ഇല്ലാതാക്കി.


സര്‍ദാര്‍ വല്ലഭ ഭായി പട്ടേലിനുണ്ടായിരുന്ന ഒരു സ്വപ്‌നം, ബാബാ സാഹേബ് അംബേദ്ക്കറിനുണ്ടായിരുന്ന ഒരു സ്വപ്‌നം, ശ്യാമപ്രസാദ് മുഖര്‍ജിയും അടല്‍ജിയും കോടിക്കണക്കിന് പൗരന്മാരും പങ്കുവച്ച സ്വപ്‌നം ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.


ജമ്മു-കാശ്മീരിലും ലഡാക്കിലും ഒരു നവയുഗം പിറന്നിരിക്കുന്നു.
ഇപ്പോള്‍ രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തുല്യമായിരിക്കുകയാണ്. ഞാന്‍ ജമ്മു-കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങളേയും രാജ്യത്തെ ഓരോ പൗരന്മാരെയും അഭിനന്ദിക്കുന്നു.


സുഹൃത്തുക്കളെ,
ചിലപ്പോള്‍, സാമൂഹികജീവിതത്തിലെ ചിലകാര്യങ്ങള്‍ സ്ഥിരമാണെന്ന തരത്തില്‍ കാലവുമായി വല്ലാതെ കെട്ടുപിണഞ്ഞുകിടക്കും. അതിലൂടെ അലംഭാവത്തിന്റെ ഒരു വികാരം വികസിക്കുകയും ഒന്നും ഒരിക്കലും മാറ്റപ്പെടില്ലെന്ന ഒരു ചിന്ത ഇതിലൂടെ ജനിക്കുകയും ചെയ്യും. അത്തരത്തിലൊരു വികാരം 370-ാം വകുപ്പിലും പ്രബലപ്പെട്ടിരുന്നു.
അതുകൊണ്ടുതന്നെ ജമ്മു-കാശ്മീരിലെയും ലഡാക്കിലേയും നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്കും നമ്മുടെ കുട്ടികള്‍ക്കും എന്തൊക്കെ കോട്ടങ്ങളുണ്ടാക്കിയെന്നതിനെക്കുറിച്ച് ഇവിടെ ഒരു ചര്‍ച്ചയുമുണ്ടായില്ല. അതിശയകരമെന്തെന്നാല്‍ 370-ാം വകുപ്പ് ജമ്മു-കാശ്മീരിലെ ജനങ്ങള്‍ക്ക് എന്തൊക്കെ നേട്ടങ്ങളുണ്ടാക്കിയെന്ന പട്ടിക നിരത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല എന്നതാണ്.
സഹോദരീ സഹോദരന്മാരെ,
വിഭജനവും, ഭീകരവാദവും സ്വജനപക്ഷപാതവും വന്‍ തോതിലുള്ള വ്യാപകമായ അഴിമതിയുമല്ലാതെ 370, 35എ എന്നീ വകുപ്പുകള്‍ ജമ്മു-കാശ്മീരിന് മറ്റൊന്നും നല്‍കിയില്ല.
ഇതുകൊണ്ടുതന്നെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് 42,000ലധികം ജനങ്ങള്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. ജമ്മു-കാശ്മീരിലും ലഡാക്കിലും ആ മേഖലകള്‍ അര്‍ഹിക്കുന്ന രീതിയിലുള്ള വികസനം നടപ്പിലാക്കാനും കഴിഞ്ഞിരുന്നില്ല.
സംവിധാനത്തിലെ ഈ ന്യൂനത മാറ്റികഴിഞ്ഞശേഷം ജമ്മു-കാശ്മീരിലെ ജനങ്ങള്‍ക്ക് മികച്ച വര്‍ത്തമാനകാലം മാത്രമല്ല, ശോഭനമായ ഭാവിയും മുന്നിലുണ്ടാകും.
സുഹൃത്തുക്കളെ,
ഏത് ഗവണ്‍മെന്റ് അധികാരത്തിലിരുന്നാലും രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയായിരിക്കും അത് പാര്‍ലമെന്റില്‍ നിയമങ്ങള്‍ ഉണ്ടാക്കാനായി പ്രവര്‍ത്തിക്കുക. അധികാരത്തിലിരിക്കുന്നത് ഏത് കക്ഷിയാണെങ്കിലും സഖ്യമാണെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നിലയ്ക്കാറില്ല.
ഒരു നിയമം നിര്‍മ്മിക്കുമ്പോള്‍ പാര്‍ലമെന്റിനുള്ളിലും പുറത്തും വളരെയധികം ചര്‍ച്ചകളും മസ്തിഷ്‌കോദ്ദീപനങ്ങളും നടക്കാറുണ്ട്, അതിന്റെ പ്രധാനപ്പെട്ട പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗൗരവതരമായ വാദപ്രതിവാദങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രക്രിയകള്‍ക്ക് ശേഷം നിര്‍മ്മിക്കുന്ന നിയമങ്ങള്‍ രാജ്യത്തിലെ ജനങ്ങളുടെ ഗുണത്തിന് വേണ്ടിയുള്ളതായിരിക്കും. ഇത്രയധികം നിയമങ്ങള്‍ പാര്‍ലമെന്റില്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ഒരു പ്രത്യേക മേഖലയ്ക്ക് വേണ്ടി അവ നിര്‍മ്മിക്കുന്നില്ലെന്നതാണ് മനസിലാക്കേണ്ടത്.
ഇത്തരത്തില്‍ ആഘോഷപൂര്‍വ്വം ഒരു നിയമം പാസ്സാക്കിയാല്‍ പോലും ആ നിയമം ജമ്മു-കാശ്മീര്‍ മേഖലയില്‍ നടപ്പാക്കിയതായി മുന്‍ ഗവണ്‍മെന്റുകള്‍ക്ക് അവകാശപ്പെടാനാകില്ല.
ഇന്ത്യയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന നിയമങ്ങളുടെ ഗുണങ്ങള്‍ 1.5 കോടിയിലധികം വരുന്ന ജമ്മു-കാശ്മീരിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെടുത്തി. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്, എന്നാല്‍ ജമ്മു-കാശ്മീരിലെ കുട്ടികള്‍ക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള നമ്മുടെ പെണ്‍മക്കള്‍ക്കുള്ള അവകാശങ്ങള്‍ ജമ്മു-കാശ്മീരിലെ പുത്രിമാര്‍ക്ക് നഷ്ടപ്പെടുത്തി.
തൊഴിലാളികളുടെ ശുചിത്വപരിപാലനത്തിനായി മറ്റു സംസ്ഥാനങ്ങള്‍ക്ക് വേണ്ടി സഫായി കര്‍മ്മചാരി നിയമം നിര്‍മ്മിച്ചു, എന്നാല്‍ ജമ്മു-കാശ്മീരിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഇത് നഷ്ടമാക്കി
ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനായി മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ശന നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, എന്നാല്‍ അത്തരം നിയമങ്ങള്‍ ജമ്മു-കാശ്മീരില്‍ നടപ്പിലാക്കാന്‍ കഴിയില്ലായിരുന്നു.
നീല കോളര്‍ തൊഴില്‍ശക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മിനിമം കൂലി നിയമം മറ്റു സംസ്ഥാനങ്ങള്‍ക്കായി നിര്‍മ്മിച്ച് നടപ്പിലാക്കി, എന്നാല്‍ അത്തരമൊരു നിയമം ജമ്മു-കാശ്മീര്‍ സംസ്ഥാനത്തില്‍ വെറും കടലാസുകളില്‍ മാത്രമേ കാണാന്‍ കഴിയൂ.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം നമ്മുടെ പട്ടികവര്‍ഗ്ഗ സഹോദരീ, സഹോദരന്മാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് സംവരണമുണ്ട്. എന്നാല്‍ അത്തരത്തിലൊന്ന് ജമ്മു-കാശ്മീരില്‍ കേട്ടു കേള്‍വി പോലുമില്ല.
സുഹൃത്തുക്കളെ,
370, 35-എ എന്നീ വകുപ്പുകള്‍ റദ്ദാക്കുന്നതോടെ ജമ്മു-കാശ്മീര്‍ ഈ ദുഷ്ഫലങ്ങളില്‍ നിന്ന് പുറത്തുവരുമെന്ന് എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.
സഹോദരി, സഹോദരന്മാരെ,
ഈ പുതിയ സംവിധാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍ഗണന ജമ്മു-കാശ്മീരിലെ സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും മറ്റ് സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും പോലീസിനും ഉള്ളതിന് തുല്യമായ അവസരങ്ങള്‍ ഒരുക്കുകയെന്നതായിരിക്കും.
യാത്രകള്‍ക്ക് സാമ്പത്തികസഹായത്തോടെ അവധി (ലീവ് ട്രാവല്‍ കണ്‍സഷന്‍), വീടു വാടക അലവന്‍സ്, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അലവന്‍സ്, ആരോഗ്യ പദ്ധതികള്‍ തുടങ്ങി നിരവധി സാമ്പത്തിക സൗകര്യങ്ങള്‍ കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഗവണ്‍മെന്റ് ലഭ്യമാക്കുന്നുണ്ട്. ഇവയില്‍ മിക്കവയും ജമ്മു-കാശ്മീര്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നില്ല.
അത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരു പുനരവലോകനത്തിന് ശേഷം വളരെ വേഗം തന്നെ ജമ്മു-കാശ്മീരിലെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും ലഭ്യമാക്കും.
സുഹൃത്തുക്കളെ, ജമ്മു-കാശ്മീരിലും, ലഡാക്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഒഴിവുള്ള തസ്തികകള്‍ നികത്താനുള്ള നടപടികള്‍ അതിവേഗം ആരംഭിക്കും.
ഇത് തദ്ദേശീയരായ യുവജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കും.
ഇതിന് പുറമെ കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളേയും സ്വകാര്യ മേഖലയിലെ വമ്പന്‍ കമ്പനികളേയും പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനായി പ്രോത്സാഹിപ്പിക്കും.
മുകളില്‍പറഞ്ഞതിനൊക്കെ ഉപരിയായി തദ്ദേശീയരായ യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്നതിനായി കരസേനയും അര്‍ദ്ധസൈനികവിഭാഗങ്ങളും റാലികള്‍ സംഘടിപ്പിക്കും.
കൂടുതല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ലഭിക്കുന്നതിനായി പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് പദ്ധതി വിപുലപ്പെടുത്തും.
ജമ്മു-കാശ്മീരിന് വലിയ വരുമാന ന്ഷടവും ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രത്യാഘാതം പരമാവധി കുറയുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പാക്കും.
സഹോദരീ സഹോദരന്മാരെ, കേന്ദ്ര ഗവണ്‍മെന്റ് വളരെയധികം ആലോചനകള്‍ക്ക് ശേഷമാണ് 370 -ാം വകുപ്പ് റദ്ദാക്കി, ജമ്മു-കാശ്മീര്‍ സംസ്ഥാനത്തെ തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
ആ തീരുമാനത്തിന് പിന്നിലുള്ള കാരണം നിങ്ങള്‍ മനസിലാക്കേണ്ടത് അനിവാര്യമാണ്.
സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിന്‍ കീഴില്‍ വന്നപ്പോള്‍ മുതല്‍ തന്നെ ജമ്മു-കാശ്മീര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.
അതിന്റെ ഫലമായി സദ്ഭരണത്തിന്റെ മികച്ച ഫലങ്ങളും വികസനങ്ങളും അവിടെ കാണാനും കഴിഞ്ഞിട്ടുണ്ട്.
മുമ്പ് ഫയലുകളില്‍ ഉറങ്ങികിടന്നിരുന്ന പദ്ധതികള്‍ അവിടെ നടപ്പാക്കികഴിഞ്ഞു.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ വേഗത്തിലായി.
ജമ്മു-കാശ്മീര്‍ ഭരണസംവിധാനത്തില്‍ ഞങ്ങള്‍ സുതാര്യതയും ഒരു പുതിയ പ്രവര്‍ത്തനസംസ്‌ക്കാരവും കൊണ്ടുവരാനാണ് ശ്രമിച്ചത്. അതിന്റെ ഫലമായി അത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയോ(ഐ.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റോ(ഐ.ഐ.എം), ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടോ (എയിംസ്) വിവിധതരം ജലസേചനപദ്ധതികളോ, അല്ലെങ്കില്‍ വൈദ്യുതി പദ്ധതികളോ അല്ലെങ്കില്‍ അഴിമതിവിരുദ്ധ ബ്യൂറോയോ, എന്തായാലും ഈ പദ്ധതികളിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
അതിനൊപ്പം കണക്ടിവിറ്റി പദ്ധതികള്‍, റോഡ് അല്ലെങ്കില്‍ പുതിയ റെയില്‍വേ ലൈനുകള്‍, വിമാനത്താവളത്തിന്റെ ആധുനികവല്‍ക്കരണം എല്ലാം ത്വരിതഗതിയിലാക്കി.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തെ ജനാധിപത്യം വളരെ സുരക്ഷിതമാണ്, എന്നാല്‍ ജമ്മു-കാശ്മീരില്‍ പതിറ്റാണ്ടുകളായി കഴിയുന്ന ആയിരക്കണക്കിന് സഹോദരി സഹോദരന്മാര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടെങ്കിലും നിയമസഭാ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ അവരെ അനുവദിക്കാറില്ല, എന്ന് അറിയുമ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടേക്കാം.
1947ലെ വിഭജനത്തിന് ശേഷം ഇന്ത്യയില്‍ വന്നവരാണവര്‍. ഈ അനീതി അതേ നിലയില്‍ തുടരാന്‍ നാം അനുവദിക്കണമോ?
സുഹൃത്തുക്കളെ,
ജമ്മു-കാശ്മീരിലെ എന്റെ സഹോദരി, സഹോദരന്മാരോട് ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നിങ്ങളുടെ പ്രതിനിധികളെ (തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട) നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കും, അത് നിങ്ങളില്‍ ഒരാള്‍ തന്നെയായിരിക്കും.
നിയമസഭാംഗങ്ങളെ മുന്‍പത്തേതുപോലെ തെരഞ്ഞെടുക്കും.
ഇനി വരാന്‍ പോകുന്ന മന്ത്രിസഭയും നേരത്തെയുണ്ടായിരുന്നതുപോലെ തന്നെയായിരിക്കും. മുന്‍പിലത്തേതുപോലെ തന്നെ മുഖ്യമന്ത്രിയൂം ഉണ്ടാകും.
സൃഹൃത്തുക്കളെ, ഈ പുതിയ സംവിധാനത്തിലൂടെ നമുക്ക് സംയുക്തമായി ജമ്മു-കാശ്മീര്‍ സംസ്ഥാനത്തെ ഭീകരവാദത്തില്‍ നിന്നും വിഭജനവാദത്തില്‍ നിന്നും സ്വതന്ത്രമാക്കാനാകുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.
ഭൂമിയിലെ സ്വര്‍ഗ്ഗമായ ജമ്മു-കാശ്മീര്‍ വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ നേടിയശേഷം ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുമ്പോള്‍, അവിടുത്തെ പൗരന്മാരുടെ ജീവിതം കൂടുതല്‍ സുഗമമാകുമ്പോള്‍, അവരുടെ അവകാശങ്ങള്‍ നിരന്തരം ലഭിക്കുമ്പോള്‍, ബഹുജനങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റ് സംവിധാനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കുമ്പോള്‍, അങ്ങനെ വന്നുകഴിഞ്ഞാല്‍ കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള സംവിധാനം തുടരേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
സഹോദരി, സഹോദരന്മാരെ, ജമ്മു-കാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേണമെന്നും ഒരു പുതിയ ഗവണ്‍മെന്റ് ഉണ്ടാകണമെന്നും ഒരു പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണമെന്നും നാമെല്ലാം ആഗ്രഹിക്കുന്നു, 
പൂര്‍ണ്ണമായി സത്യസന്ധവും സുതാര്യവുമായ പരിസ്ഥിതിയില്‍ നിങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് ജമ്മു-കാശ്മീരിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു.
കഴിഞ്ഞദിവസങ്ങളില്‍ സുതാര്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടത്തിയതുപോലെ ജമ്മു-കാശ്മീരില്‍ നിയമസഭാതെരഞ്ഞെടുപ്പും നടത്തും.
കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ബ്ലോക്ക് വികസന കൗണ്‍സിലുകളുടെ രൂപീകരണം കഴിയുന്നത്ര വേഗതത്തില്‍ നടത്താന്‍ ഞാന്‍ ആ സംസ്ഥാനത്തെ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ജമ്മു-കാശ്മീരിലേയും ലഡാക്കിലേയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വ്യക്തിപരമായ അനുഭവം എനിക്കുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ശ്രീനഗര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ അവരുമായി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു.
അവര്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ എന്റെ വസതില്‍ വച്ച് അവരുമായി ദീര്‍ഘമായ ആശയവിനിമയവും ഞാന്‍ നടത്തിയിരുന്നു.
ഇത് എന്തുകൊണ്ടെന്നാല്‍ പഞ്ചായത്തിലെ ഈ സൃഹൃത്തുകള്‍ ജമ്മു-കാശ്മീരിലെ ഗ്രാമതലത്തില്‍ പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടത്തിയതുകൊണ്ടാണ്.
ഓരോ വീടും വൈദ്യുതീകരിക്കുന്നതോ, അല്ലെങ്കില്‍ സംസ്ഥാനത്തെ വെളിയിട വിസര്‍ജ്ജനമുക്തമാക്കുന്നതോ ആയ ലക്ഷ്യങ്ങളിലെല്ലാം, പഞ്ചായത്തിലെ പ്രതിനിധികള്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
370-ാം വകുപ്പ് റദ്ദാക്കിയശേഷം ഈ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പുതിയ സംവിധാനവുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നതില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.
ജമ്മു-കാശ്മീരിലെ ജനങ്ങള്‍ വിഭജന വാദത്തെ കീഴ്‌പ്പെടുത്തി പുതിയ പ്രതീക്ഷകളുമായി മുന്നോട്ടുപോകുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.
സദ്ഭരണവും സുതാര്യതയുമുള്ള ഒരു പരിസ്ഥിതിയില്‍ ജമ്മു-കാശ്മീരിലെ ജനങ്ങള്‍ പുത്തന്‍ ആവേശത്തോടെ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
സുഹൃത്തുക്കളെ, ജമ്മു-കാശ്മീരില്‍ ഏതെങ്കിലും യുവാക്കളെ നേതൃത്വത്തിലെത്തുന്നതിനുള്ള അവസരം കുടുംബവാഴ്ച നല്‍കിയിരുന്നില്ല.
ഇനി എന്റെ ഈ യുവജനങ്ങള്‍ ജമ്മു-കാശ്മീരിന്റെ വികസനത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും അതിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.
തങ്ങളുടെ മേഖലയിലെ വികസനത്തിന്റെ അധികാരം തങ്ങളുടെ കൈകളില്‍ എടുക്കുക എന്നാണ് എനിക്ക് ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ യുവാക്കളോടും സഹോദരിമാരോടും പുത്രിമാരോടും ആഹ്വാനം ചെയ്യാനുള്ളത്.
സുഹൃത്തുക്കളെ,
ജമ്മു-കാശ്മീരും ലഡാക്കും ഏറ്റവും മികച്ച വിനോദസഞ്ചാര ലക്ഷ്യകേന്ദ്രമാകുന്നതിനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്.
അതിന് വേണ്ട പരിതസ്ഥിതി, ഭരണസംവിധാനത്തിലെ അനിവാര്യമായ മാറ്റം എല്ലാ പരിഗണിക്കും, അതിന് വേണ്ടി എനിക്ക് എല്ലാ നാട്ടുകാരുടെയും പിന്തുണ ആവശ്യമാണ്.
ഒരു കാലത്ത് ബോളിവുഡ് സിനിമകളുടെ ചിത്രീകരണത്തിന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന സ്ഥമായിരുന്നു കാശ്മീര്‍ .
ആ കാലത്ത് ഒരുപക്ഷേ കാശ്മീരില്‍ ചിത്രീകരിക്കാത്ത ഒരു സിനിമയും നിര്‍മ്മിച്ചിരുന്നില്ല.
ഇനി ജമ്മു-കാശ്മീരിലെ സ്ഥിതി സാധാരണനിലയിലാകുമ്പോള്‍, ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ചിത്രീകരണത്തിന് വേണ്ടി അവിടെ എത്തും.
ഓരോ ചലച്ചിത്രവും കാശ്മീരിലെ ജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങളും കൊണ്ടുവരും.
തെലുങ്ക്, തമിഴ് സിനിമാ വ്യവസായത്തോടും അതുമായി ബന്ധപ്പെട്ട ആളുകളോടും എനിക്ക് അപേക്ഷിക്കാനുള്ളത് അവിടെ നിക്ഷേപമിറക്കുന്നതിനും, ചലച്ചിത്രങ്ങള്‍ ചിത്രീകരിക്കുന്നതിനും ജമ്മു-കാശ്മീരില്‍ തീയേറ്ററുകളും മറ്റ് സംവിധാനങ്ങളും സ്ഥാപിക്കുന്നതിനും വേണ്ടി നിര്‍ബന്ധമായും ചിന്തിക്കണമെന്നാണ്.
സാങ്കേതിക ലോകവുമായി ബന്ധപ്പെട്ടവര്‍, ഭരണസംവിധാനങ്ങള്‍ അല്ലെങ്കില്‍ സ്വകാര്യ മേഖല അവരുടെ നയങ്ങളിലും തീരുമാനങ്ങളിലും ജമ്മു-കാശ്മീരില്‍ എങ്ങനെ സാങ്കേതിക വിദ്യ വ്യാപിപ്പിക്കാമെന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ശക്തിപ്പെടുന്നതോടെ ബിസിനസ് പ്രോസസിംഗ് ഔട്ട്‌സോഴ്‌സിംഗ് (ബി.പി.ഒ) സെന്ററുകള്‍, പൊതു സേവന കേന്ദ്രങ്ങള്‍ എന്നിവ അവിടെ വലിയതോതില്‍ വര്‍ദ്ധിക്കും, അത് ഉപജീവനത്തിനുള്ള വരുമാന സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ജമ്മു-കാശ്മീരിലെ നമ്മുടെ സഹോദരീ സഹോദരന്മാരുടെ ജീവിതം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
കായികലോകത്ത് വളരണമെന്ന് അഭിലഷിക്കുന്ന ജമ്മു-കാശ്മീരിലേയും ലഡാക്കിലേയും യുവജനങ്ങള്‍ക്ക് ഗവണ്‍മെന്റ് എടുത്തിട്ടുള്ള തീരുമാനം നേട്ടമാകും.
പുതിയ കായിക അക്കാദമികള്‍, പുതിയ കായിക മൈതാനങ്ങള്‍, ശാസ്ത്രീയ പരിശീലനം എന്നിവയൊക്കെ ലോകത്തിന് മുമ്പാകെ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിന് അവരെ സഹായിക്കും.
സുഹൃത്തുക്കളെ, കുങ്കുമപൂവിന്റെ നിറമോ, കാപ്പിയുടെ രുചിയോ, ആപ്പിള്‍ ജ്യൂസിന്റേയോ, അത്തിപ്പഴത്തിന്റെ ജ്യൂസോ, അല്ലെങ്കില്‍ ലഡാക്കിലെ ജൈവ ഉല്‍പ്പന്നങ്ങളോ, അല്ലെങ്കില്‍ ജമ്മു-കാശ്മീരിലെ പച്ചമരുന്നുകളോ, ഇതെല്ലാം ലോകത്താകമാനം വ്യാപിപ്പിക്കേണ്ടതുണ്ട്.
നിങ്ങള്‍ക്ക് ഞാന്‍ ഒരു ഉദാഹരണം തരാം, ലഡാക്കില്‍ സോളോ എന്ന് വിളിക്കുന്ന ഒരു ചെടിയുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ന്നപ്രദേശത്ത് ജീവിക്കുന്നവര്‍ക്കും മഞ്ഞ് നിറഞ്ഞ പവര്‍വ്വതനിരകളില്‍ വിന്യസിപ്പിച്ചിരിക്കുന്ന സുരക്ഷാഭടന്മാര്‍ക്കും സഞ്ജീവിനി പോലെയാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുറഞ്ഞ ഓക്‌സിജന്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന പ്രതിരോധ സംവിധാനം ശരിശരത്തില്‍ നിലനിര്‍ത്താന്‍ ഈ ചെടിക്ക് വലിയ പങ്കുവഹിക്കാനാകും.
ഈ അനിതരസാധാരണമായ വസ്തു ലോകമാസകലം വില്‍ക്കണമോ വേണ്ടയോ എന്ന് ചിന്തിച്ചുനോക്കു? ഏത് ഇന്ത്യാക്കാരനാണ് ഇത് ഇഷ്ടപ്പെടാത്തത്.
സുഹൃത്തുക്കളെ,
ഞാന്‍ ഒരു ചെടിയെക്കുറിച്ച് മാത്രമാണ് പറഞ്ഞത്.
അവിടെ ജമ്മു-കാശ്മീരിലും ലഡാക്കിലുമായി നിരവധി ചെടികള്‍, പച്ചമരുന്ന് ഉല്‍പ്പന്നങ്ങള്‍ മുതലായവ വ്യാപിച്ച് കിടക്കുന്നുണ്ട്.
അവയൊക്കെ വേര്‍തിരിക്കപ്പെടും. അവയെ വില്‍ക്കുകയാണെങ്കില്‍ അത് ജനങ്ങള്‍ക്കും ജമ്മു-കാശ്മീരിലേയും ലഡാക്കിലേയും കൃഷിക്കാര്‍ക്കും ഏറെ ഗുണം ചെയ്യും.
അതുകൊണ്ട് വ്യവസായങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍, കയറ്റുമതി, ഭക്ഷ്യസംസ്‌ക്കരണ മേഖല എന്നിവിടങ്ങളിലുള്ളവരോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ജമ്മു-കാശ്മീരിലേയും ലഡാക്കിലേയും ഉല്‍പ്പന്നങ്ങള്‍ ലോകത്താകമാനം എത്തുന്നുവെന്ന് ഉറപ്പാക്കാനായി മുന്നോട്ടുവരികയെന്നതാണ്.
സുഹൃത്തുക്കളെ,
കേന്ദ്രഭരണപ്രദേശമായിക്കഴിഞ്ഞശേഷം ലഡാക്കിലെ ജനങ്ങളുടെ വികസനം ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്.
പ്രാദേശിക പ്രതിനിധികള്‍, ലഡാക്കിലേയും കാര്‍ഗിലിലേയും വികസന കൗണ്‍സിലുകള്‍ എന്നിവയുടെ സഹകരണത്തോടെ എല്ലാ വികസന പദ്ധതികളുടെയും ഗുണഫലം അതിവേഗത്തില്‍ തന്നെ ലഭ്യമാക്കും.
ലഡാക്കിന് ആത്മീയ വിനോദസഞ്ചാരത്തിന്റെ(സ്പിരിച്യുല്‍ ടൂറിസം), സാഹസിക വിനോദസഞ്ചാരത്തിന്റെ(അഡ്വഞ്ചര്‍ ടൂറിസം), ഇക്കോ ടൂറിസത്തിന്റെ സുപ്രധാന കേന്ദ്രമാകാനുള്ള സാദ്ധ്യതകളുണ്ട്.
സൗരോര്‍ജ്ജ ഉല്‍പ്പാദനത്തന്റെ വലിയ കേന്ദ്രമായി ലഡാക്കിന് മാറാനാകും.
ഇനി ലഡാക്കിലെ ജനങ്ങളുടെ കഴിവുകള്‍ അതിനനുസരിച്ച് ഉപയോഗിക്കുകയും വിവേചനരഹിതമായി പുതിയ വികസനത്തിന്റെ സാദ്ധ്യതകള്‍ അവിടെ വരികയും ചെയ്യും.
ഇനി ലഡാക്കിലെ യുവജനതയുടെ നൂതനാശയ ഭാവനകള്‍ പ്രോത്സാഹിപ്പിക്കപ്പെടും, അവര്‍ക്ക് വിദ്യാഭ്യാസത്തിന് മികച്ച സ്ഥാപനങ്ങള്‍ ലഭിക്കും, ജനങ്ങള്‍ക്ക് മികച്ച ആശുപത്രികള്‍ ലഭിക്കും പശ്ചാലത്തല സൗകര്യങ്ങള്‍ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ആധുനികവല്‍ക്കരിക്കപ്പെടും.
സുഹൃത്തുക്കളെ,
തീരുമാനങ്ങളെ ചിലര്‍ അംഗീകരിക്കുന്നതും ചിലര്‍ എതിര്‍ക്കുന്നതും ജനാധിപത്യത്തില്‍ സാധിക്കും. അവരുടെ വിയോജിപ്പുകളേയും അവരുടെ എതിര്‍പ്പുകളേയും ഞാന്‍ ബഹുമാനിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ വാദപ്രതിവാദങ്ങള്‍ നടക്കുന്നുവോ, കേന്ദ്ര ഗവണ്‍മെന്റ് അവയോട് പ്രതികരിക്കുകയും അവയെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
അത് നമ്മുടെ ജനാധിപത്യ ഉത്തരവാദിത്വമാണ്.
എന്നാല്‍ രാജ്യത്തിന്റെ താല്‍പര്യം പരമപ്രധാനമായി കണ്ടുകൊണ്ട് ജമ്മു-കാശ്മീരിനും ലഡാക്കിനും പുതിയ ദിശാബോധം നല്‍കുന്നതിന് ഗവണ്‍മെന്റിനെ സഹായിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാണ് എനിക്ക് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. രാജ്യത്തെ സഹായിക്കാന്‍ മുന്നോട്ടുവരിക.
പാര്‍ലമെന്റില്‍ ആര് അനുകൂലിച്ച് വോട്ടുചെയ്തു, ആരു ചെയ്തില്ല, ആര് ബില്ലിനെ പിന്തുണച്ചു അര് പിന്തുണച്ചില്ല എന്ന വസ്തുകളില്‍ നിന്ന് മുന്നോട്ടുപോയി, ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നിവയുടെ താല്‍പര്യത്തിന് വേണ്ടി ഇനി നമുക്ക് ഒന്നിച്ച് ഒരുമയോടെ നില്‍ക്കാം.
ജമ്മു-കാശ്മീരിനേയൂം ലഡാക്കിനേയും കുറിച്ചുള്ള ആശങ്കകള്‍ നമ്മുടെ സംയുക്തമായ ആശങ്കകളാണെന്ന് ഓരോ നാട്ടുകാരനോടും പറയാനും ഞാന്‍ ആഗ്രഹിക്കുകയാണ്. 130 കോടി ജനങ്ങളുടെ ആശങ്കകളാണത്. അവരുടെ സന്തോഷത്തിലോ, സങ്കടങ്ങളിലോ, കഷ്ടപ്പാടുകളിലോ താല്‍പര്യമില്ലാത്തവരല്ല നാം.
370-ാം വകുപ്പില്‍ നിന്നുള്ള രക്ഷ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇപ്പോള്‍ ഈ ചരിത്രപരമായ നീക്കം എന്തൊക്കെ വിചിത്രമായ സാഹചര്യങ്ങളാണോ സൃഷ്ടിച്ചിരിക്കുന്നത് അത് അവര്‍ തന്നെ നേരിട്ടുകൊള്ളമെന്ന സത്യവുമുണ്ട്.
ഈ അന്തരീക്ഷത്തെ ദുഷിപ്പിക്കാന്‍ ശ്രമിക്കുന്ന ചുരുക്കം ചില ആള്‍ക്കാര്‍ക്ക് ആ മേഖലയിലുള്ള നമ്മുടെ സഹോദരി സഹോദരന്മാര്‍തന്നെ ക്ഷമയോടെ മറുപടിയും നല്‍കുന്നുമുണ്ട്.
ഭീകരവാദവും വിഘടനവാദവും പ്രേരിപ്പിക്കുന്ന പാക്കിസ്ഥാന്റെ ഗൂഢാലോചനകളെ ശക്തമായി എതിര്‍ക്കുന്നത് ജമ്മു-കാശ്മീരിലെ ദേശസ്‌നേഹികളാണെന്ന് നാം മറന്ന് പോകരുത്.
ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന നമ്മുടെ സഹോദരി, സഹോദരന്മാര്‍ യഥാര്‍ത്ഥമായ മികച്ച ജീവിതം അര്‍ഹിക്കുന്നുണ്ട്.
നാം അവരില്‍ അഭിമാനിക്കുന്നു.
സ്ഥിതിഗതികള്‍ പതുക്കെ സാധാരണനിലയിലാകുമെന്നും അവരുടെ പ്രശ്‌നങ്ങള്‍ കുറയുമെന്നും ജമ്മു-കാശ്മീരിലെ സുഹൃത്തുക്കള്‍ക്ക് ഇന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
സുഹൃത്തുക്കളെ,
ഈദ് ഉത്സവം അടുത്തെത്തിയിരിക്കുകയാണ്.
ഈദിന് ഞാന്‍ എല്ലാപേര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.
ഈദ് ആഘോഷിക്കുമ്പോള്‍ ജമ്മു-കാശ്മീരിലെ ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും അഭിമുഖികരിക്കേണ്ടി വരാതിരിക്കാന്‍ വേണ്ടിയുള്ള എല്ലാ ശ്രദ്ധയും ഗവണ്‍മെന്റ് എടുക്കുന്നുണ്ട്.
ജമ്മു-കാശ്മീരിന് പുറത്തുതാമസിക്കുന്നവരില്‍ ഈദിന് സ്വന്തം വീടുകളില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് സാദ്ധ്യമായ എല്ലാ പിന്തുണയും നല്‍കും.
സുഹൃത്തുക്കളെ, ഇന്ന് ഈ അവസരത്തില്‍
ജമ്മു-കാശ്മീരിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സുരക്ഷാസേനാംഗങ്ങളോടുള്ള എന്റെ നന്ദിയും ഞാന്‍ പ്രകടിപ്പിക്കുന്നു.
ഭരണതലത്തിലെ എല്ലാ ഉദ്യോഗസ്ഥരും സംസ്ഥാന ജീവനക്കാരും ജമ്മു-കാശ്മീര്‍ പോലീസ് സേനാംഗങ്ങളും അവിടുത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്ന രീതി തികച്ചും പ്രശംസനീയമാണ്.
നിങ്ങളുടെ ശുഷ്‌ക്കാന്തിയാണ് മാറ്റം സംഭവിക്കുമെന്ന എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്.
സഹോദരി, സഹോദരന്മാരെ, ജമ്മു-കാശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ കിരീടമാണ്. ഇതിന്റെ സുരക്ഷയ്ക്കായി ജമ്മു-കാശ്മീരിലെ നിരവധി ധീരരായ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജീവിതം ത്യജിക്കുകയും അപകടത്തിലാക്കുകയും ചെയ്തുവെന്നതില്‍ നാം അഭിമാനിക്കുന്നു.
1965ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് ഇന്ത്യന്‍ കരസേനയ്ക്ക് വിവരം നല്‍കിയ പുഞ്ച് ജില്ലയിലെ മൗലവി ഗുലാം ദിന്‍. അദ്ദേഹത്തിന് അശോക ചക്ര സമ്മാനിച്ചിരുന്നു.
കാര്‍ഗില്‍യുദ്ധ സമയത്ത് ശത്രുക്കളെ പരാജയപ്പെടുത്തിയ ലഡാക്കിലെ കേണല്‍ സോനം വാങ്ചുഗിനെ മഹാവീര ചക്ര നല്‍കി ആദരിച്ചിരുന്നു.
ഒരു വലിയ ഭീകരവാദിയെ കൊലചെയ്ത രജൗരി ജില്ലയിലെ രുക്ഷാന കൗസറിന് കീര്‍ത്തി ചക്രയും സമ്മാനിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഭീകരവാദികള്‍ കൊലചെയ്ത രക്തസാക്ഷിയായ പുഞ്ചിലെ ഔറംഗസേബ്, അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാര്‍ ഇപ്പോള്‍ കരസേനയില്‍ ചേര്‍ന്ന രാജ്യത്തെ സേവിക്കുകയാണ്.
ഇത്തരത്തിലുള്ള ധീരരായ പുത്രന്മാരുടെയും പുത്രിമാരുടെയും പട്ടിക വളരെ നീണ്ടതാണ്.
ഭീകരവാദികളുമായുള്ള പോരാട്ടത്തില്‍ സൈനികരും ജമ്മു-കാശ്മീരിലെ നിരവധി പോലീസ് ഉദ്യോഗസ്ഥരും തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരെ നമുക്ക് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
അവര്‍ക്കെല്ലാം ഉണ്ടായിരുന്നത് സമാധാനവും സുരക്ഷിതത്വം സമ്പല്‍സമൃദ്ധിയുമുള്ള ഒരു ജമ്മു-കാശ്മീര്‍ സൃഷ്ടിക്കണമെന്ന സ്വപ്‌നമായിരുന്നു.
നാം ഒന്നിച്ച് അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കണം.
സുഹൃത്തുക്കളെ ! ഈ തീരുമാനം ജമ്മു-കാശ്മീരിനും ലഡാക്കിനുമൊപ്പം രാജ്യത്തിന്റെയാകെ സാമ്പത്തിക വികസനത്തിന് സഹായിക്കും.
ഭൂഗോളത്തിന്റെ ഈ സുപ്രധാനമായ ഭാഗത്ത് സമാധാനവും സമ്പല്‍സമൃദ്ധിയും നിലനില്‍ക്കുമ്പോള്‍ ലോകത്താകമാനമുള്ള സമാധാന ശ്രമങ്ങളെ അത് സ്വാഭാവികമായും ശക്തിപ്പെടുത്തും.
നമുക്ക് എത്രമാത്രം ശക്തിയും ധൈര്യവും അഭിനിവേശവുമുണ്ടെന്ന് ലോകത്തെ കാണിച്ച് കൊടുക്കുന്നതിന് ഒന്നിച്ചുനില്‍ക്കാന്‍ ഞാന്‍ ജമ്മു-കാശ്മീരിലേയും ലഡാക്കിലേയും സഹോദരി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.
ഒരു നവ ഇന്ത്യ സൃഷ്ടിക്കാന്‍, ഒപ്പം ജമ്മു-കാശ്മീരും ലഡാക്കും സൃഷ്ടിക്കാന്‍ നമുക്ക് ഒന്നിച്ചുനില്‍ക്കാം.
നിങ്ങള്‍ക്ക് വളരെയധികം നന്ദി.


ജയ്ഹിന്ദ്!


(Release ID: 1581720) Visitor Counter : 190