ധനകാര്യ മന്ത്രാലയം

ഓഹരിവില്‍പന വര്‍ധിപ്പിക്കും; 2019-20ല്‍ 1,05,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു

എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള തന്ത്രപ്രധാന തീരുമാനവുമായി മുന്നോട്ട്

കൂടുതല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയ്ക്കു പങ്കാളിത്തം നല്‍കാന്‍ നിര്‍ദേശം

Posted On: 05 JUL 2019 1:42PM by PIB Thiruvananthpuram

2019-20 സാമ്പത്തിക വര്‍ഷം ഓഹരിവില്‍പന വര്‍ധിപ്പിക്കാനും 1,05,000 കോടി രൂപയുടെ ഓഹരിവില്‍പന നടത്താനും കേന്ദ്ര ഗവണ്‍മെന്റ് തീരുമാനം. പാര്‍ലമെന്റില്‍ 2019-20 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കവേ കേന്ദ്ര ധനകാര്യ, കമ്പനികാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവണ്‍മെന്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്ത്രപരമായി വിറ്റഴിക്കുമെന്നും സാമ്പത്തികേതര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സംയോജിപ്പിച്ചു ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കി. 
ഗവണ്‍മെന്റിന്റെ വിഹിതം 51 ശതമാനത്തില്‍ കുറയാത്തവിധം സാമ്പത്തികേതര മേഖലയിലെ ഓഹരി വിറ്റഴിക്കല്‍ നയം പിന്‍തുടര്‍ന്നുവരികയാണ് എന്നു ധനകാര്യമന്ത്രി ഓര്‍മിപ്പിച്ചു. ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ത്തന്നെ തുടരേണ്ട സ്ഥാപനങ്ങളില്‍ ഓഹരി 51 ശതമാനത്തില്‍നിന്നു താഴ്ത്തിയാണെങ്കിലും നിയന്ത്രണം നിലനിര്‍ത്തുകയെന്ന രീതിയും ഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ട്. 51 ശതമാനം ഗവണ്‍മെന്റ് വിഹിതം നിലനിര്‍ത്തുക എന്നതില്‍നിന്ന് ഗവണ്‍മെന്റിനും ഗവണ്‍മെന്റ് നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കുംകൂടിയുള്ള വിഹിതമായി 51 ശതമാനം നിലനിര്‍ത്തുക എന്ന രീതിയിലേക്കു നയം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 
തെരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനു ഗവണ്‍മെന്റ് മുന്‍ഗണന കല്‍പിക്കുമെന്നു ധനകാര്യമന്ത്രി വെളിപ്പെടുത്തി. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള പദ്ധതി പുനരാരംഭിക്കുന്നതോടൊപ്പം കൂടുതല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യമേഖലയ്ക്കു പങ്കാളിത്തം നല്‍കുകയും ചെയ്യും.
AKA MRD – 386
***



(Release ID: 1577563) Visitor Counter : 77