ധനകാര്യ മന്ത്രാലയം

2018-19 സാമ്പത്തിക സര്‍വ്വേയിലെ മുഖ്യ സവിശേഷതകള്‍

Posted On: 04 JUL 2019 12:37PM by PIB Thiruvananthpuram

2018-19 ലെ സാമ്പത്തിക സര്‍വ്വേ കേന്ദ്ര ധനകാര്യ കോര്‍പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ ഇന്ന് ലോക് സഭയുടെ മേശപ്പുറത്ത് വച്ചു. നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. സര്‍വ്വേയുടെ പ്രധാന സവിശേഷതകള്‍ ചുവടെ : 
പ്രവര്‍ത്തനത്തിലെ മാറ്റം : സ്വകാര്യ നിക്ഷേപം വളര്‍ച്ച, തൊഴില്‍, കയറ്റുമതി, ആവശ്യകത എന്നിവയുടെ മുഖ്യ ചാലക ശക്തിയായി
·    കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വളര്‍ച്ചയുടെ പ്രയോജനങ്ങളും അടിസ്ഥാന സാമ്പത്തിക ഭദ്രതയും അല്പാല്പമായി താഴേക്ക് അരിച്ചിറങ്ങി സമൂഹത്തിന്റെ അടിത്തട്ടിലെത്തി.
·    2024-25 ഓടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയ്ക്കായി മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് സുസ്ഥിരമായി നിലനില്‍ക്കണം.
·    സുസ്ഥിര വളര്‍ച്ചയ്ക്കായി അനുകൂലമായ ജനസംഖ്യാഘടകത്തിന്റെ പിന്തുണ യോടെയുള്ള സമ്പാദ്യം, നിക്ഷേപം, കയറ്റുമതി എന്നിവയടങ്ങുന്ന ധര്‍മ്മനിഷ്ഠാചക്രത്തിന്റെ അനിവാര്യത.
·    ആവശ്യകത, ശേഷി വികസനം, തൊഴിലാളികളുടെ ഉല്‍പാദന ക്ഷമത, നൂതന സാങ്കേതിക വിദ്യ എന്നിവയ്ക്ക് സ്വകാര്യ നിക്ഷേപം മുഖ്യ ചാലകശക്തിയായി. 
·    സമ്പദ്ഘടനയെ ഒന്നുകില്‍ ധര്‍മ്മനിഷ്ഠാ ചക്രത്തിലായോ അല്ലെങ്കില്‍   ദൂഷിത ചക്രത്തിലായോ കാണുന്ന പരമ്പരാഗതമായ ആംഗ്ലോസാക്‌സണ്‍ കാഴ്ചപ്പാടില്‍ നിന്ന്  സര്‍വ്വേ വ്യതിചലിക്കുന്നു.

സുസ്ഥിരമായ ധര്‍മ്മചക്രത്തിന് ആവശ്യമായ ഘടകങ്ങള്‍ :
o    ഡാറ്റയെ ഒരു പൊതുവസ്തുവായി അവതരിപ്പിക്കുക
o    നിയമപരിഷ്‌കരണങ്ങള്‍ക്ക് ഊന്നല്‍
o    നയസ്ഥിരത ഉറപ്പാക്കല്‍ 
o    ബിഹേവിയറല്‍ എക്കണോമിക്‌സിന്റെ തത്വങ്ങള്‍ ഉപയോഗിച്ച് ശീലങ്ങള്‍ മാറ്റുന്നതിനെ പ്രോത്സാഹിപ്പിക്കല്‍
o    കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളെ  പുഷ്ടിപ്പെടുത്തല്‍
o    മൂലധനച്ചെലവ് കുറയ്ക്കല്‍
o    നിക്ഷേപങ്ങള്‍ക്കുള്ള റിസ്‌ക് റിട്ടേണ്‍ യുക്തിസഹമാക്കല്‍

നയങ്ങള്‍, റോബോട്ടുകള്‍ക്ക് പകരം ജനങ്ങള്‍ക്കായി : ബിഹേവിയറല്‍ എക്കണോമിക്‌സിന്റെ തത്വങ്ങളുടെ പ്രയോഗവല്‍ക്കരണം
o    ക്ലാസിക്കല്‍ എക്കണോമിക്‌സിലെ അപ്രായോഗിക റോബോട്ടുകളില്‍ നിന്ന് മാറി യഥാര്‍ത്ഥ ജനങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍
o    അഭിലഷണീയമായ സ്വഭാവത്തിലേക്ക് ജനങ്ങളെ തള്ളിനീക്കാന്‍ ബിഹേവിയറല്‍ എക്കണോമിക്‌സിന്റെ തത്വങ്ങള്‍ ഉപയോഗിക്കുക.
o    ബിഹേവിയറല്‍ എക്കണോമിക്‌സിനെ സാമൂഹിക മാറ്റത്തിനായി ഉപയോഗിക്കുക.
o    ബേട്ടി ബച്ചാവോ ബേട്ടി പഠാവോയില്‍ നിന്ന് 'ബദ്‌ലാവിലേക്ക്'  (ബിഎഡിഎല്‍എവി-ബേട്ടി ആപ്കി ധന്‍ ലക്ഷ്മി ഓര്‍ വിജയ ലക്ഷ്മി).
o    ശുചിത്വ ഭാരതത്തില്‍ നിന്ന് സുന്ദര ഭാരതത്തിലേക്ക്
o    പാചക വാതക സബ്‌സിഡി ഉപേക്ഷിക്കുന്നതില്‍ നിന്ന് സബ്‌സിഡിയെ കുറിച്ച് ചിന്തിക്കുന്നതിലേക്ക്.
o    നികുതി വെട്ടിപ്പില്‍ നിന്ന്  നികുതി ഒടുക്കലിലേക്ക്.

സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കായി നയങ്ങള്‍ നവീകരിക്കല്‍
o    വര്‍ദ്ധിച്ച ലാഭം, തൊഴിലവസര സൃഷ്ടി, കൂടുതല്‍ ഉല്പാദനക്ഷമത എന്നിവ കൈവരിക്കുന്നതിലേക്ക് സൂക്ഷ്മ - ചെറുകിട-ഇടത്തരം സംരംഭങ്ങളെ മാറ്റിയെടുക്കുന്നതിന് സര്‍വ്വേ ഊന്നല്‍ നല്‍കുന്നു.
o    നൂറ് തൊഴിലാളികളില്‍ താഴെ മാത്രമുള്ള സ്ഥാപനങ്ങള്‍ പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കിലും അവ എണ്ണത്തില്‍ മൊത്തം സ്ഥാപനങ്ങളുടെ അമ്പത് ശതമാനത്തിലേറെ വരും.
o    ഇത്തരം സ്ഥാപനങ്ങളുടെ സംഭാവന തൊഴിലവസരങ്ങളില്‍ 14 ശതമാനവും ഉല്പാദനക്ഷമതയില്‍ കേവലം എട്ട് ശതമാനവുമാണ്.
o    100 ലേറെ തൊഴിലാളികളുള്ള വന്‍കിട സ്ഥാപനങ്ങള്‍ എണ്ണത്തില്‍ 15 ശതമാനം മാത്രമേ ഉള്ളൂവെങ്കിലും തൊഴിലിന്റെ കാര്യത്തില്‍ 75 ശതമാനവും ഉല്പാദനക്ഷമതയില്‍ 90 ശതമാനത്തോളവും അടുത്തുനില്‍ക്കുന്നു.
o    സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ ബന്ധനങ്ങളില്‍ നിന്ന് വിമുക്ത മാക്കി വളരാന്‍ അനുവദിക്കണം.
o    രാജസ്ഥാനില്‍ ദൃശ്യമായതുപോലെ തൊഴില്‍ നിയമ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നത് കൂടുതല്‍ തൊഴില്‍ അവസരങ്ങളുടെ സൃഷ്ടിയിലേക്ക് വഴിയൊരുക്കും.
o    കൂടുതല്‍ തൊഴില്‍ ദായക മേഖലകളില്‍ താരതമ്യേന ചെറുപ്പമായ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിന് മുന്‍ഗണനാ വായ്പാ മാര്‍ഗ്ഗ രേഖകള്‍ മാറ്റിയെഴുതണം.

ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഡാറ്റ
o    ഡാറ്റയുടെ ശേഖരണത്തിലും, സംഭരണത്തിലും ഉണ്ടായിട്ടുളള സാങ്കേതിക മുന്നേറ്റങ്ങളെക്കാള്‍ വളരെയധികമാണ് സമൂഹത്തിലെ ഡാറ്റ ഉപഭോഗം. 
o    സമൂഹ താല്പര്യത്തിനനുസൃതമായി ജനങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ഡാറ്റയെ സ്വകാര്യതയുടെ നിയമ ചട്ടക്കൂടിനുള്ളില്‍ ഒരു പൊതുവസ്തുവായി കരുതാം. 
o    പാവപ്പെട്ടവര്‍ക്കും, സാമൂഹിക മേഖലകള്‍ക്കും വേണ്ടി ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഡാറ്റ സൃഷ്ടിക്കണം.
o    ഗവണ്‍മെന്റിന്റെ പക്കലുള്ള വ്യത്യസ്ത ഡാറ്റ ശേഖരങ്ങള്‍ ലയിപ്പിക്കുന്നത് പല മടങ്ങ് പ്രയോജനം ചെയ്യും.

നീതിന്യായ വ്യവസ്ഥയുടെ താഴേ തട്ടിലെ ശേഷി വികസനം
o    ഇന്ത്യയില്‍ ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നതിനും ഉയര്‍ന്ന ജിഡിപി വളര്‍ച്ചയ്ക്കുമുള്ള ഏറ്റവും വലിയ ഏക തടസ്സം ഇന്ന് കരാര്‍ നടപ്പാക്കലിലും തര്‍ക്ക പരിഹാരത്തിലുമുള്ള കാലതാമസമാണ്. 
o    കെട്ടിക്കിടക്കുന്ന കേസുകളില്‍ ഏതാണ്ട് 87.5 ശതമാനവും ജില്ലാ കോടതികളിലും കീഴ്‌കോടതികളിലുമാണ്. 
o    ഹൈക്കോടതികളിലെ കേവലം 93 ഉം കീഴ്‌ക്കോടതികളിലെ 2279 ഉം ഒഴിവുകള്‍ നികത്തിയാല്‍ മാത്രം നൂറ് ശതമാനം തീര്‍പ്പാക്കല്‍ കൈവരിക്കാനാകും.
o    ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, എന്നീ സംസ്ഥാനങ്ങള്‍ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു.
o    കീഴ്‌ക്കോടതികളില്‍ 25 ശതമാനവും, ഹൈക്കോടതികളില്‍ 4 ശതമാനവും, സുപ്രീംകോടതിയില്‍ 18 ശതമാനവും  ഉല്പാദനക്ഷമത വര്‍ദ്ധിപ്പിച്ചാല്‍ കുടിശ്ശിക തീര്‍പ്പാക്കാനാവും.

നയപരമായ അനിശ്ചിതത്വം എങ്ങനെയാണ് നിക്ഷേപത്തെ ബാധിക്കുന്നത് ?
·    കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അമേരിക്ക പോലുള്ള  വന്‍കിട രാജ്യങ്ങളില്‍ സാമ്പത്തിക അനിശ്ചിതത്വം വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയില്‍ സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വത്തിന് ഗണ്യമായ കുറവുണ്ടായി. 
·    ഇന്ത്യയില്‍ ഏകദേശം അഞ്ച് പാദങ്ങളില്‍ അനിശ്ചിതത്വം നിക്ഷേപ വളര്‍ച്ചയെ തടസ്സപ്പെടുത്തി.
·    സാമ്പത്തിക നയങ്ങളിലെ അനിശ്ചതത്വം കുറഞ്ഞിരിക്കുന്നത് അനുകൂലമായ നിക്ഷേപ അന്തരീക്ഷം വളര്‍ത്തും.
·    നയ സ്ഥിരത, ഗവണ്‍മെന്റ് വകുപ്പുകളിലെ ഗുണനിലവാരം ഉറപ്പാക്കല്‍ എന്നിവയിലൂടെ സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വം കുറയ്ക്കാനാകുമെന്ന് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു.

2040-ലെ ഇന്ത്യയുടെ ജനസംഖ്യ
·    അടുത്ത രണ്ട് ദശകങ്ങളില്‍ ജനസംഖ്യാ വളര്‍ച്ചയില്‍ കുത്തനെയുള്ള മാന്ദ്യം പ്രതീക്ഷിക്കുന്നു. ചില സംസ്ഥാനങ്ങള്‍ 2030 -ഓടെ വാര്‍ദ്ധക്യമുള്ള സമൂഹങ്ങളായി മാറും.
·    മൊത്തത്തിലുള്ള ദേശീയ ഫലപുഷ്ടി നിരക്ക് 2021 -ഓടെ റീപ്ലേസ്‌മെന്റ് നിരക്കിലും താഴെയാകും.
·    2021-31 ല്‍ ജോലി ചെയ്യുന്നവരുടെ ജനസംഖ്യ പ്രതിവര്‍ഷം ഏകദേശം 9.7 ദശലക്ഷം കണ്ട് വളരും. 2039-41 ല്‍ പ്രതിവര്‍ഷം 4.2 ദശലക്ഷവും.
·    അഞ്ച് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള എലമെന്‍ട്രി സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ അടുത്ത രണ്ട് ദശകത്തില്‍ ഗണ്യമായ കുറവുണ്ടാകും.
·    സംസ്ഥാനങ്ങള്‍ പുതിയ സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിന് പകരം നിലവിലുള്ളവയെ സംയോജിപ്പിച്ച് ലാഭകരമാക്കാട്ടേതുണ്ട്.
·    വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടമായി ഉയര്‍ത്തിയും, ആരോഗ്യ പരിചരണ മേഖലയിലെ നിക്ഷേപം കൂട്ടിയും, നയരൂപകര്‍ത്താക്കള്‍ വാര്‍ദ്ധക്യത്തിലേക്ക് തയ്യാറെടുപ്പുകള്‍ നടത്തണം.
ശുചിത്വ ഭാരതത്തില്‍ നിന്ന് ആരോഗ്യ ഭാരതത്തിലൂടെ സുന്ദര ഭാരതത്തിലേക്ക്
·    ആരോഗ്യ രംഗത്ത് ശുചിത്വ ഭാരത ദൗത്യത്തിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായി.
·    93.1 ശതമാനം കുടുംബങ്ങള്‍ക്കും ശൗചാലയം ലഭിച്ചു.
·    ഗ്രാമീണ ഇന്ത്യയില്‍ ശൗചാലയമുള്ളവരില്‍ 96.5 ശതമാനം പേരും അവ ഉപയോഗിക്കുന്നു.
·    30 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വീടുകള്‍ക്കുള്ളിലെ കക്കൂസുകളുടെ ഉപയോഗം 100 ശതമാനമാണ്.
·    ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമായ മെച്ചപ്പെടുത്തലിനായി പരിസ്ഥിതിയെയും, ജലത്തേയും ബാധിക്കുന്ന വിഷയങ്ങള്‍ കൂടി ശുചിത്വ ഭാരത ദൗത്യത്തിലുള്‍പ്പെടുത്തണം.

താങ്ങാവുന്ന നിരക്കിലുള്ള സുസ്ഥിര ഊര്‍ജ്ജത്തിലൂടെ വളര്‍ച്ച ഉറപ്പാക്കണം
·    2010-ലെ നിരക്കില്‍ ഇന്ത്യയ്ക്ക് അതിന്റെ യഥാര്‍ത്ഥ ആളോഹരി ജി.ഡി.പി  5000 ഡോളര്‍ ഉയര്‍ത്തണമെങ്കില്‍ ആളോഹരി ഊര്‍ജ്ജ ഉപഭോഗം 2.5 മടങ്ങ് വര്‍ദ്ധിക്കണം.
·    ഇന്ത്യയ്ക്ക് മനുഷ്യ വികസന സൂചികയില്‍ 0.8 ലെത്തണമെങ്കില്‍ ആളോഹരി ഊര്‍ജ്ജ ഉപഭോഗം നാല് മടങ്ങ് വര്‍ദ്ധിക്കണം. 
·    സ്ഥാപിതശേഷിയില്‍ ഇന്ത്യ ഇന്ന് കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തും, സൗരോര്‍ജ്ജത്തില്‍ അഞ്ചാം സ്ഥാനത്തും, പുനരുപയോഗ ഊര്‍ജ്ജസ്ഥാനത്ത് അഞ്ചാം സ്ഥാനത്തുമാണ്. 
·    ഇന്ത്യയിലെ ഊര്‍ജ്ജ കാര്യക്ഷമതാ പരിപാടികള്‍ വഴി 50,000 കോടി രൂപ ലാഭിക്കുകയും 108.28 ദശലക്ഷം ടണ്‍ കാര്‍ബണ്‌ഡൈ ഓക്‌സൈഡിന്റെ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്തു. 
·    മൊത്തം വൈദ്യുതി ഉല്പാദനത്തില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പങ്ക് (25 മെഗാവാട്ടിന് മുകളിലുള്ള ജലവൈദ്യു പദ്ധതികള്‍ ഒഴികെ) 2014-15 ലെ ആറ് ശതമാനത്തില്‍ നിന്ന് 2018-19 ല്‍ പത്ത് ശതമാനമായി ഉയര്‍ന്നു.
·    താപ വൈദ്യുതി ഇപ്പോഴും 60 ശതമാനം ഉപയോഗത്തിലൂടെ മുഖ്യ പങ്ക് വഹിക്കുന്നു.
·    ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ വിപണി വിഹിതം 0.06 ശതമാനം മാത്രമാണ്. ചൈനയില്‍ അത് രണ്ട് ശതമാനവും, നോര്‍വ്വെയില്‍ 39 ശതമാനവുമാണ്.
·    ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ വേഗത്തില്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാവുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

ക്ഷേമ പദ്ധതികളില്‍ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം
·    മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമത സാങ്കേതിക വിദ്യയിലൂടെ ഗണ്യമായി വര്‍ധിച്ചതായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
·    നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി വേതന വിതരണത്തിലെ കാലതാമസം ഗണ്യമായി കുറഞ്ഞു.

എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വളര്‍ച്ചയ്ക്ക് കുറഞ്ഞ വേതന സംവിധാനം ഉടച്ചുവാര്‍ക്കണം
·    തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ദാരിദ്ര്യം ലഘൂകരിക്കുന്നതിനും ആവശ്യമായ കരുത്തുറ്റ ഉപകരണമായി ഉപയോഗിക്കാന്‍ നല്ലതുപോലെ രൂപകല്‍പന ചെയ്ത ഒരു മിനിമം വേതന സംവിധാനം നിര്‍ദ്ദേശിക്കുന്നു.
·    ഇന്ത്യയില്‍ നിലവിലുള്ള മിനിമം വേതന സംവിധാനത്തില്‍ വ്യത്യസ്ത തൊഴിലുകള്‍ക്ക് വിവിധ സംസ്ഥനങ്ങളിലായി 1915 മിനിമം വേതനങ്ങളാണുള്ളത്. 
·    മിനിമം വേതന നിയമത്തില്‍ കീഴില്‍ ഇന്ത്യയില്‍ ഓരോ മൂന്ന് തൊഴിലാളികളില്‍ ഒരാള്‍ വീതം സംരക്ഷിക്കപ്പെടുന്നില്ല. 
·    വേതന ബില്‍ കോഡില്‍ നിര്‍ദ്ദേശിക്കപ്പെട്ടതുപോലെ മിനിമം വേതനം യുക്തിസഹമാക്കുന്നതിനെ സര്‍വ്വേ പിന്തുണയ്ക്കുന്നു.
·    എല്ലാത്തരം തൊഴിലുകള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള മിനിമം വേതനം സര്‍വ്വേ മുന്നോട്ടു വയ്ക്കുന്നു.
·    ദേശീയ കുറഞ്ഞ വേതനം ഭൂമിശാസ്ത്രപരമായി അഞ്ച് വ്യത്യസ്ത മേഖലകള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്യണം.
·    സംസ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന മിനിമം കൂലി ഈ നിരക്കിലും താഴെയാകരുത്.
·    മിനിമം വേതനം സംബന്ധിച്ച ദേശീയ തലത്തിലെ ഡാഷ് ബോര്‍ഡ് കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയം രൂപീകരിക്കണം.
·    നിയമപരമായ മിനിമം വേതനം ലഭിക്കാതെ വന്നാല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തണം.

2018-19 ലെ സാമ്പത്തിക സ്ഥിതി
·    2018-19 ലും ഇന്ത്യ വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്ഘടനയായി തുടരുന്നു. 
·    ജി.ഡി.പി വളര്‍ച്ചാ നിരക്ക് 2017-18 ലെ 7.2 ശതമാനത്തില്‍ നിന്ന് 2018-19 ല്‍ 6.8 ശതമാനത്തിലെത്തി.
·    പണപ്പെരുപ്പം 2018-19 ല്‍ 3.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തി.
·    നിഷ്‌ക്രിയ ആസ്തിയില്‍ കുറവുണ്ടായി. 2018 മാര്‍ച്ചില്‍ മൊത്തം വായ്പകളുടെ 11.5 ശതമാനമാനമായിരുന്നത് 2018 ഡിസംബര്‍ അവസാനത്തോട് 10.1 ശതമാനമായി കുറഞ്ഞു.
·    നിക്ഷേപ വളര്‍ച്ചാ നിരക്ക് 2017-18 മുതല്‍ മെച്ചപ്പെട്ടു വരുന്നു.
·    സ്ഥിര നിക്ഷേപത്തിലെ വളര്‍ച്ച 2016-17 ലെ 8.3 ശതമാനത്തില്‍ നിന്ന് തൊട്ടടുത്ത വര്‍ഷം 9.3 ശതമാനത്തിലേക്കും 2018-19 ല്‍ 10 ശതമാനത്തിലേക്കും ഉയര്‍ന്നു.
·    കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി യുടെ 2.1 ശതമാനത്തില്‍ നിലനിര്‍ത്തി. 
·    കേന്ദ്ര ഗവണ്‍മെന്റിന്റെ ധനക്കമ്മി 2017-18 ലെ മൊത്തം ജി.ഡി.പി യുടെ 3.5 ശതമാനത്തില്‍ നിന്ന് 2018-19 ല്‍ 3.4 ശതമാനമായി കുറഞ്ഞു.
·    സ്വകാര്യ നിക്ഷേപത്തിലെ വളര്‍ച്ചയില്‍ ഉപഭോഗത്തിലെ ഗതിവേഗവും 2019 - 20 ല്‍ വളര്‍ച്ച ഉയര്‍ത്തുമെന്നതിന്റെ സൂചകങ്ങളാണ്. 

സുസ്ഥിര വികസനവും കാലാവസ്ഥാ വ്യതിയാനവും
·    ഇന്ത്യയുടെ എസ്.ഡി.ജി സൂചിക സംസ്ഥാനങ്ങളില്‍ 42 നും 69 നും ഇടയ്ക്കും , കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 57നും 68 നുമിടയ്ക്കാണ്. 
·    സംസ്ഥാനങ്ങളില്‍  കേരളവും ഹിമാചല്‍ പ്രദേശവുമാണ് 69 പോയിന്റോടെ മുന്നില്‍. 
ND MRD – 370



(Release ID: 1577287) Visitor Counter : 201