പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനിന് (പി.എം-എസ്.വൈ.എം) പ്രധാനമന്ത്രി തുടക്കം കുറിച്ചു

Posted On: 05 MAR 2019 3:19PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനിന് (പി.എം-എസ്.വൈ.എം) ഗുജറാത്തിലെ വസ്ത്രാലില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തുടക്കം കുറിച്ചു. തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം പി.എം.എസ്.വൈ.എം പെന്‍ഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 3 ലക്ഷം പൊതുസേവന കേന്ദ്രങ്ങളിലായി രണ്ടു കോടിയിലേറെ തൊഴിലാളികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചടങ്ങ് വീക്ഷിച്ചു.

ഇതൊരു ചരിത്ര ദിനമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തെ അനൗപചാരിക മേഖലയിലെ 42 കോടിയോളം വരുന്ന തൊഴിലാളികള്‍ക്ക് പി.എം.എസ്.വൈ.എം സമര്‍പ്പിച്ചു. പദ്ധതിയില്‍ പേര് ചേര്‍ക്കുന്ന, അനൗപചാരിക മേഖലയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ദ്ധക്യ കാലത്ത് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ഇത് ഉറപ്പുതരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് അനൗപചാരിക മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്കായി ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പി.എം.എസ്.വൈ.എമ്മിന്റെ പ്രയോജനങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഗുണഭോക്താവ് നല്‍കുന്ന വിഹിതത്തിന് തുല്യമായ തുക ഗവണ്‍മെന്റും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസം 15000 രൂപയില്‍ താഴെ വരുമാനമുള്ള, അസംഘടിത മേഖലയിലെ തൊഴിലാളികളോട് തൊട്ടടുത്തുള്ള പൊതു സേവന കേന്ദ്രം വഴി ഗുണഭോക്താക്കളായി പേര് ചേര്‍ക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സങ്കീര്‍ണ്ണതകളൊന്നുമുണ്ടാവില്ലെന്ന് ഉറപ്പുനല്‍കിയ പ്രധാനമന്ത്രി ആധാര്‍ നമ്പറും ബാങ്ക് വിവരങ്ങളും നല്‍കി ഒരു ഫോറം പൂരിപ്പിച്ചു നല്‍കുക മാത്രമേ വേണ്ടൂവെന്നും പറഞ്ഞു. ഗുണഭോക്താവിന്റെ പേര് ചേര്‍ക്കാന്‍ പൊതു സേവന കേന്ദ്രങ്ങള്‍ക്ക് വരുന്ന ചെലവ് കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും. ഇത് ഡിജിറ്റല്‍ ഇന്ത്യയുടെ അത്ഭുതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം വീട്ടിലും അയല്‍പക്കത്തും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരെ പി.എം.എസ്.വൈ.എമ്മില്‍ ചേര്‍ക്കാനും അതിന് സഹായിക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. സമ്പത്തുള്ളവരുടെ ഇത്തരം പ്രവൃത്തി പാവങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലിന്റെ മാന്യതയെ ബഹുമാനിക്കുന്നത് രാജ്യത്തെ മുന്നോട്ടു നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ ഉദ്യമങ്ങളായ ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പി.എം ആവാസ് യോജന, ഉജ്ജ്വല യോജന, സൗഭാഗ്യ യോജന, സ്വച്ഛ് ഭാരത് എന്നിവ അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് സവിശേഷമായി ഉന്നംവെക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണത്തിനായി ഗവണ്‍മെന്റ് കൈക്കൊണ്ട ഉദ്യമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

പി.എം-എസ്.വൈ.എമ്മിനോടൊപ്പം ആയുഷ്മാന്‍ ഭാരതിനു കീഴില്‍ നല്‍കുന്ന ആരോഗ്യ പരിരക്ഷ, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ജീവന്‍ പരിരക്ഷ, അംഗവൈകല്യ പരിരക്ഷ എന്നിവ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ദ്ധക്യകാലത്ത് സമഗ്രമായ സാമൂഹ്യ സുരക്ഷാ പരിരക്ഷ ഉറപ്പുവരുത്തും.

അഴിമതിക്കെതിരായ ശക്തമായ നിലപാട് ആവര്‍ത്തിച്ചുകൊണ്ട്, ഇടനിലക്കാരെയും അഴിമതിയും തുടച്ചു നീക്കാന്‍ തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി എല്ലായ്‌പ്പോയും ജാഗരൂകനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



(Release ID: 1567591) Visitor Counter : 107