പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി-20 ഉച്ചകോടിക്കു മുന്‍പായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

Posted On: 27 NOV 2018 10:09PM by PIB Thiruvananthpuram

ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കാനായി തിരിക്കുംമുന്‍പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കിയ പ്രസ്താവന:

'അര്‍ജന്റീന ആതിഥ്യമരുളുന്ന 13ാമത് ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ഞാന്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ ബ്യൂണസ് അയേഴ്സില്‍ ആയിരിക്കും.

ലോകത്തിലെ ഏറ്റവും വലിപ്പമേറിയ 20 സമ്പദ്വ്യവസ്ഥകള്‍ക്കിടിയിലുള്ള ബഹുതല സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള വേദിയാണ് ജി-20. പ്രവര്‍ത്തനമാരംഭിച്ച ശേഷമുള്ള പത്തു വര്‍ഷവും സുസ്ഥിരമായ ആഗോള വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ ശ്രമിച്ചുവരികയാണ് ഈ സഖ്യം. ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്കു പ്രാധാന്യം കല്‍പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണു നടത്തുന്നത്.

ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും ഇന്ത്യ നല്‍കിവരുന്ന സംഭാവനകള്‍ നീതിപൂര്‍വവും സുസ്ഥിരവുമായ വികസനമെന്ന ഉച്ചകോടിയുടെ പ്രമേയത്തോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവര ഇടുന്നതാണ്.

രൂപീകൃതമായി പത്തു വര്‍ഷമായി നടന്നു വരുന്ന ജി-20 ന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും വരുന്ന ദശാബ്ദത്തില്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളെ നേരിടാനും എങ്ങനെ സഹകരിക്കാമെന്നു ജി-20 നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന പ്രതീക്ഷയിലാണു ഞാന്‍. ആഗോള സാമ്പത്തിക സ്ഥിതി, വ്യാപാരം, രാജ്യാന്തര സാമ്പത്തിക-നികുതി സംവിധാനങ്ങള്‍, ഭാവിപ്രവര്‍ത്തനങ്ങള്‍, സ്ത്രീശാക്തീകരണം, അടിസ്ഥാനസൗകര്യം, സുസ്ഥിര വികസനം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

സാമ്പത്തിക പ്രതിസന്ധി ഉണ്ടായ അവസരത്തില്‍ ആഗോള സാമ്പത്തിക രംഗത്തിനു പുനരുജ്ജീവനമേകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ ഇപ്പോള്‍ മുന്‍പില്ലാത്ത വിധം സാമ്പത്തിക, സാങ്കേതിക വെല്ലുവിളികള്‍ നേരിട്ടുവരികയാണ്. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും ആഗോള നന്മയ്ക്കായുള്ള സംയുക്ത പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതുമായ ബഹുമുഖ പരിഷ്‌കാരം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടുകയാണ്. രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തേണ്ടതും സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയും ഭീകരവാദത്തിനു പണം ലഭ്യമാക്കുന്നവര്‍ക്കെതിരെയും സംഘടിതമായ നടപടി ഉണ്ടാവേണ്ടതും അത്യാവശ്യമാണ്.

മുന്‍കാലങ്ങളിലേതു പോലെ, പരസ്പരം താല്‍പര്യമുള്ള ഉഭയകക്ഷി വിഷയങ്ങള്‍ നേതാക്കളുമായി ഉച്ചകോടിക്കിടെ ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
AKA  MRD - 867
***



(Release ID: 1554167) Visitor Counter : 121