പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിംഗപ്പൂരിലേക്ക് പുറപ്പെടുംമുമ്പ് പ്രധാനമന്ത്രിയുടെ പ്രസ്താവന

Posted On: 13 NOV 2018 5:40PM by PIB Thiruvananthpuram

സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ചുവടെ:
'ഞാന്‍ നവംബര്‍ 14, 15 തീയതികളില്‍ ആസിയാന്‍ -ഇന്ത്യ, കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി സിംഗപ്പൂര്‍ സന്ദര്‍ശിക്കും. അതിനു പുറമെ സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത നേതാക്കളുടെ യോഗത്തിലും ഞാന്‍ സംബന്ധിക്കും.
ആസിയാന്‍ അംഗ രാജ്യങ്ങളുമായും, വിശാലമായ ഇന്ത്യാ- പസഫിക് മേഖലയുമായുള്ള നമ്മുടെ ഇടപാടുകള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നമ്മുടെ തുടര്‍ പ്രതിബദ്ധതതയെയാണ് ഈ സമ്മേളനങ്ങളിലെ എന്റെ പങ്കാളിത്തം സൂചിപ്പിക്കുന്നത്.  ആസിയാന്‍, തെക്കന്‍ ഏഷ്യന്‍ ഉച്ചകോടി നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി ഞാന്‍ ഉറ്റുനോക്കുകയാണ്.
നവംബര്‍ 14 ന് സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ മുഖ്യ പ്രഭാഷണം നടത്തുന്ന ആദ്യ ഗവണ്‍മെന്റ് തലവന്‍ എന്ന ബഹുമതിക്ക് ഞാന്‍ അര്‍ഹനാകും. ധനകാര്യ സാങ്കേതികവിദ്യ സംബന്ധിച്ച ലോകത്തെ ഏറ്റവും വലിയ മേള എന്ന നിലയ്ക്ക്, അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയില്‍ ഇന്ത്യയുടെ കരുത്ത് എടുത്തുകാട്ടാനുള്ള ശരിയായ വേദി എന്നതിനു പുറമെ, നവീനാശയങ്ങളും വളര്‍ച്ചയും പരിപോഷിപ്പിക്കുന്നതിന് ആഗോള പങ്കാളിത്തങ്ങള്‍ക്ക് രൂപം നല്‍കാനുള്ള അവസരം കൂടിയാണിത്.
എന്റെ സന്ദര്‍ശനവേളയില്‍ ഇന്ത്യാ- സിംഗപ്പൂര്‍ സംയുക്ത ഹാക്കത്തോണില്‍ പങ്കെടുത്തവരുമായും വിജയികളുമായും ആശയവിനിമയത്തിനുള്ള അവസരവും എനിക്ക് ലഭിക്കും. ശരിയായ പ്രോത്സാഹനവും, അനുയോജ്യമായ പരിസ്ഥിതിയും ഒരുക്കിക്കൊടുത്താല്‍ മനുഷ്യ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ആഗോള നേതാക്കളാകാനുള്ള കഴിവ് നമ്മുടെ യുവജനങ്ങള്‍ക്കുണ്ടെന്നാണ് എന്റെ ഉറച്ച വിശ്വാസം.
ആസിയാനുമായും കിഴക്കനേഷ്യന്‍ ഉച്ചകോടി രാഷ്ട്രങ്ങളുമായും നമ്മുടെ വളരുന്ന പങ്കാളിത്തത്തിന് പുതിയൊരു ആക്കം നല്‍കാന്‍ എന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം സഹായിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
സിംഗപ്പൂരിലേക്ക് ഞാന്‍ പുറപ്പെടവെ, ആസിയാന്റെ ഇക്കൊല്ലത്തെ കഴിവുറ്റ അധ്യക്ഷ പദവിക്ക് എന്റെ ഹൃദയംഗമായ അനുമോദനങ്ങള്‍ അറിയിക്കുകയും, ആസിയാന്റെയും അനുബന്ധ ഉച്ചകോടികളുടെയും വിജയകരമായ നടത്തിപ്പിന് എല്ലാ ആശംസകള്‍ നേരുകയും ചെയ്യുന്നു'.

ND   MRD - 837
***

 



(Release ID: 1552681) Visitor Counter : 114