പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജവാന്മാരോടൊപ്പം ഹര്‍സിലില്‍ ദീപാവലി ആഘോഷിച്ചു

Posted On: 07 NOV 2018 10:05AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കരസേനയിലേയും, ഐ.റ്റി.ബി.പി.യിലെയും ജവാന്മാരോടൊപ്പം ഉത്തരാഘണ്ഡിലെ ഹര്‍സിലില്‍ ദീപാവലി ആഘോഷിച്ചു.

ജവാന്മാര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട്, തണുത്തുറഞ്ഞ വിദുരസ്ഥ മേഖലകളിലെ ഉയരങ്ങളില്‍ തങ്ങളുടെ കര്‍ത്തവ്യത്തോട് അവര്‍ പുലര്‍ത്തുന്ന സമര്‍പ്പണമാണ് രാജ്യത്തെ ശക്തമാക്കുന്നതെന്നും 125 കോടി ഇന്ത്യാക്കാരുടെ സ്വപ്നങ്ങളും, ഭാവിയും ഭദ്രമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി നന്മയുടെ വെളിച്ചം പരത്തുകയും, ഭയം ഇല്ലാതാക്കുകയും ചെയ്യുന്നു. അതുപോലെ, ജവാന്മാര്‍ തങ്ങളുടെ പ്രതിബദ്ധതയും, അച്ചടക്കവും വഴി ജനങ്ങളില്‍ സുരക്ഷിതത്വത്തിന്റെയും നിര്‍ഭയത്വത്തിന്റെയും അവബോധം പരത്താന്‍ സഹായിക്കുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ദീപാവലി ദിനത്തില്‍ താന്‍ സൈനികരെ സന്ദര്‍ശിക്കാറുള്ള കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈലാസ് മാനസരോവര്‍ യാത്രയുടെ ഭാഗമായിരിക്കവെ, ഐ.റ്റി.ബി.പി. ജവാന്മാരുമായി താന്‍ നടത്തിയ ആശയവിനിമയത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പ്രതിരോധ മേഖലയില്‍ ഇന്ത്യ വന്‍ പുരോഗതിയാണ് കൈവരിച്ച് കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു റാങ്ക്, ഒരു പെന്‍ഷന്‍ ഉള്‍പ്പെടെ വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി നിരവധി നടപടികളാണ് കൈക്കൊണ്ട് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര സമാധാനപാലന ദൗത്യത്തില്‍ ഇന്ത്യന്‍ സായുധ സേനകള്‍ ലോകത്തെമ്പാടും നിന്ന് ആദരവും, അഭിനന്ദനങ്ങളും ഏറ്റുവാങ്ങുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ജവാന്മാര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.  സമീപ പ്രദേശങ്ങളില്‍ നിന്നും തനിക്ക് ദീപാവലി ആശംസകള്‍ നേരാനെത്തിയ ജനങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ND   MRD - 814
***

 



(Release ID: 1552061) Visitor Counter : 86