മന്ത്രിസഭ

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായുള്ള ദേശീയ നിരീക്ഷണ ചട്ടക്കൂടിനു മന്ത്രിസഭയുടെ അനുമതി

Posted On: 24 OCT 2018 1:06PM by PIB Thiruvananthpuram

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജികള്‍) നിരീക്ഷണ വിധേയമാക്കുന്നതിനായുള്ള ദേശീയ സൂചക ചട്ടക്കൂട് (എന്‍.ഐ.എഫ്.) കാലാനുസൃതമായി പുനരവലോകനം ചെയ്യുന്നതിനും പരിഷ്‌കരിക്കുന്നതിനുമായി ഉന്നതതല നിയന്ത്ര സമിതി രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ഓഫ് ഇന്ത്യയായ സ്ഥിതിവിവരക്കണക്ക്, പദ്ധതി നടത്തിപ്പു മന്ത്രാലയം (എം.ഒ.എസ്.പി.ഐ.) സെക്രട്ടറി അധ്യക്ഷനും വിവരശേഖരണ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും നിതി ആയോഗ് അംഗങ്ങളും ബന്ധപ്പെട്ട മറ്റു മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും പ്രത്യേക ക്ഷണിതാക്കളുമായ ഉന്നതാധികാര സമിതി സൂചിക യഥാസമയം പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള ദേശീയ സൂചികാ ചട്ടക്കൂടിന്റെ പ്രവര്‍ത്തനം പുനരവലോകനം ചെയ്യും.
 
ലക്ഷ്യങ്ങള്‍:
1. എസ്.ഡി.ജികള്‍ വികസന രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിനു നിലവിലുള്ള ദേശീയ നയങ്ങള്‍, പദ്ധതികള്‍, തന്ത്രപ്രധാനമായ കര്‍മപദ്ധതികള്‍ എന്നിവയാക്കി മാറ്റുക.
2. എസ്.ഡി.ജികളെ നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാനം ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും ഉള്ള എന്‍.ഐ.എഫിന്റെ സ്ഥിതിവിവരക്കണക്കു സൂചികകളായിരിക്കും. വിവിധ എസ്.ഡി.ജികള്‍ക്കു കീഴിലായി, ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള നയങ്ങള്‍ ഫ്രലപ്രദമാകുന്നുവോ എന്നതു ശാസ്ത്രീയമായി വിലയിരുത്തും.
3. സ്ഥിതിവിവരക്കണക്കു സൂചികയെ അടിസ്ഥാനമാക്കി എസ്.ഡി.ജികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച ദേശീയ റിപ്പോര്‍ട്ടുകള്‍ എം.ഒ.എസ്.പി.ഐ. പുറത്തിറക്കും. ദേശീയതലത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിനും വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും തുടര്‍പ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും റിപ്പോര്‍ട്ട് സഹായകമാകും.
4. മെച്ചപ്പെടുത്തുന്നതിനായി ദേശീയ സൂചികാ ചട്ടക്കൂട് ഉന്നതാധികാര സമിതി അവലോകനം ചെയ്തുകൊണ്ടിരിക്കും.
5. എം.ഒ.എസ്.പി.ഐക്ക് ആവശ്യമായ ഇടവേളകളില്‍ തടസ്സമില്ലാതെ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം വിവിധ വിവരശേഖര മന്ത്രാലയങ്ങളുടേതായിരിക്കും. ദേശീയ തലത്തിലും അതിനു കീഴെയുമുള്ള എസ്.ഡി.ജികളുടെ റിപ്പോര്‍ട്ടിങ്ങിനായി വിവരങ്ങള്‍ വിഭജിച്ചെടുക്കുന്നതും വിവരശേഖരണ മന്ത്രാലയങ്ങളുടെ ചുമതലയാണ്.
6. സൂക്ഷ്മതയാര്‍ന്നതും ഫലപ്രദവുമായ നിരീക്ഷണത്തിന് ഐ.ടി. സങ്കേതകങ്ങള്‍ ഉപയോഗപ്പെടുത്തും.

പ്രധാന ഫലം:
1. എസ്.ഡി.ജികള്‍ വികസനത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക തലങ്ങളെ ഏകോപിപ്പിക്കും. 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന അടിസ്ഥാന മുദ്രാവാക്യം മുന്‍നിര്‍ത്തി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനും അഭിവൃദ്ധി ഉറപ്പുവരുത്തുന്നതിനും ഇതിലൂടെ ലക്ഷ്യംവെക്കുന്നു.
2. 17 ഗോളുകളും 169 ടാര്‍ഗറ്റുകളും ഉള്ള എസ്.ഡി.ജികള്‍, എല്ലാവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും അസമത്വങ്ങള്‍ കുറച്ചുകൊണ്ടുവരികയും ജീവിക്കാനുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും തുല്യതയാര്‍ന്ന സാമൂഹിക വികസനവും ഉള്‍ച്ചേര്‍ക്കലും ഒപ്പം പ്രകൃതിവിഭവങ്ങളുടെയും ആവാസവ്യവസ്ഥയുടെയും ഏകോപിതവും സുസ്ഥിരവുമായി നടത്തിപ്പും ഉറപ്പാക്കുകയും വഴി സുസ്ഥിരവും ഉള്‍ച്ചേര്‍ത്തുള്ളതും തുല്യതയാര്‍ന്നതുമായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാന്‍ ലക്ഷ്യംവെക്കുന്നു.
3. ദേശീയതലത്തില്‍ എസ്.ഡി.ജികള്‍ ഫലപ്രാപ്തിയെ അടിസ്ഥാനമാക്കി നിരീക്ഷിക്കുന്നതതിന് എന്‍.ഐ.എഫ്. സഹായകമാകും.
ദേശീയ സൂചക ചട്ടക്കൂട് നടപ്പാക്കുന്നതുകൊണ്ട് പ്രത്യക്ഷമായ സാമ്പത്തിക ബാധ്യതകള്‍ ഇല്ല. അതേസമയം, എസ്.ഡി.ജി. സൂചകങ്ങള്‍ നിരീക്ഷണവിധേയമാക്കുന്നതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ വിവരശേഖരണ സംവിധാനം ശക്തിപ്പെടുത്തുകയും പുനഃക്രമീകരിക്കുകയും ചെയ്യേണ്ടിവരും.
എസ്.ഡി.ജികള്‍ ജനങ്ങളുടെ ജീവിതം പുരോഗമിക്കാനിടയാക്കും. എസ്.ഡി.ജികള്‍ നടപ്പാക്കുന്നതു രാജ്യത്തിനാകെ നേട്ടമായിത്തീരും.

പശ്ചാത്തലം:
രാഷ്ട്രങ്ങള്‍ക്കു 2000 മുതല്‍ 2015 വരെയുള്ള വികസന നയം രൂപീകരിക്കാനും നടപ്പാക്കാനുമുള്ള രൂപരേഖയായിത്തീര്‍ന്ന 'മില്ലെനിയം ഡെവലപ്‌മെന്റ് ഗോള്‍സ്' (എം.ഡി.ജികള്‍) എന്നറിയപ്പെടുന്ന എട്ടു വികസന ലക്ഷ്യങ്ങള്‍ 2000ല്‍ ന്യൂയോര്‍ക്കിലുള്ള യു.എന്‍. ആസ്ഥാനത്തു ചേര്‍ന്ന മില്ലെനിയം ഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ടിരുന്നു. വിവിധ വികസന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നവയായിരുന്നു അവ. വിവിധ രാഷ്ട്രങ്ങളില്‍ വിവിധ ക്രമത്തിലാണ് എം.ഡി.ജികള്‍ സ്വീകരിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ എം.ഡി.ജികള്‍ ഉപയോഗപ്രദമാണോ എന്നു വിലയിരുത്തുന്നതിനും 2015നപ്പുറം ലോക വികസന സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഉള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യേണ്ടതും ആവശ്യമായിത്തീര്‍ന്നു.

ഐക്യരാഷ്ട്രസഭയുടെ എഴുപതാമത് പൊതു അസംബ്ലി അടുത്ത 15 വര്‍ഷത്തേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അംഗീകരിച്ചു. 17 എസ്.ഡി.ജികള്‍ 2016 ജനുവരി ഒന്നിനു നിലവില്‍വന്നു. നിയമപ്രാബല്യം ഇല്ലെങ്കിലും എസ്.ഡി.ജികള്‍ ഫലത്തില്‍ രാജ്യാന്തര തലത്തിലുള്ള ഉടമ്പടികളായിത്തീര്‍ന്നു. അടുത്ത 15 വര്‍ഷത്തിനിടെയുള്ള ആഭ്യന്തര ചെലവുകളുടെ മുന്‍ഗണന നിര്‍ണയിക്കുന്നതിനുള്ള ശേഷി ഇതിന് ഉണ്ടുതാനും. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി രാഷ്ട്രങ്ങള്‍ തയ്യാറാവുകയും അതിനായി ദേശീയതല ചട്ടക്കൂടുകള്‍ തയ്യാറാക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. ഓരോ രാജ്യത്തിന്റെയും സുസ്ഥിര വികസന നയങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ടായിരിക്കും ഇതിന്റെ വിജയസാധ്യത. ലക്ഷ്യങ്ങള്‍ നേടുന്നതും തുടര്‍പ്രവര്‍ത്തനം നടത്തുന്നതും ഓരോ രാഷ്ട്രങ്ങളുടെയും ഉത്തരവാദിത്തമാണ്. എസ്.ഡി.ജികളുടെ പ്രവര്‍ത്തന പുരോഗതി ദേശീയ തലത്തില്‍ വിലയിരുത്തുന്നതിനു മേന്മയേറിയതും എപ്പോഴും ലഭ്യമായതും സമയബന്ധിതവുമായ വിവരശേഖരണം ആവശ്യമായിവരും.
AKA   MRD - 795



(Release ID: 1550851) Visitor Counter : 601