പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാത്മാ ഗാന്ധി രാജ്യാന്തര ശുചിത്വ കണ്‍വെന്‍ഷന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു

Posted On: 02 OCT 2018 3:35PM by PIB Thiruvananthpuram

ന്യൂഡെല്‍ഹിയില്‍ നടന്ന മഹാത്മാ ഗാന്ധി രാജ്യാന്തര ശുചിത്വ കണ്‍വെന്‍ഷ(എം.ജി.ഐ.എസ്.സി.)ന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു. ലോകത്താകമാനമുള്ള ശുചിത്വ മന്ത്രിമാരും വാഷ് (വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍) നേതാക്കളും സംബന്ധിച്ച നാലു ദിവസത്തെ രാജ്യാന്തര സമ്മേളനമായിരുന്നു എം.ജി.ഐ.എസ്.സി. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ശ്രീ. ആന്റോണിയോ ഗട്ടറസിനൊപ്പം പ്രധാനമന്ത്രി ഡിജിറ്റല്‍ പ്രദര്‍ശനം കണ്ടു. വേദിയില്‍വെച്ചു വിശിഷ്ടവ്യക്തികള്‍ മഹാത്മാഗാന്ധി സ്മാരക സ്റ്റാംപും മഹാത്മാഗാന്ധി ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന മന്ത്രങ്ങളിലൊന്നായ ‘വൈഷ്ണവ ജനതോ’ അടിസ്ഥാനമാക്കിയുള്ള മെഡ്‌ലി സി.ഡിയും പ്രകാശിപ്പിച്ചു. ചടങ്ങില്‍ സ്വച്ഛ് ഭാരത് അവാര്‍ഡുകളുടെ വിതരണവും നടന്നു.

ശുചിത്വത്തിനു മഹാത്മാ ഗാന്ധി കല്‍പിച്ചിരുന്ന പ്രാധാന്യം പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഗ്രാമീണ ശുചിത്വം പ്രധാന വിഷയമായി അവതരിപ്പിച്ചിരുന്ന, മഹാത്മാ ഗാന്ധിയുടെ 1945ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘നിര്‍മാണ പദ്ധതി’ എന്ന ലേഖനത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.

ശുചിത്വം പാലിക്കാത്തതു നിമിത്തം ചുറ്റുപാട് മാലിന്യം നിറഞ്ഞതായിത്തീര്‍ന്നാല്‍ അതുമായി പൊരുത്തപ്പെടുന്ന മോശം സ്ഥിതി ഉണ്ടാവുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഒരാള്‍ തനിക്കു ചുറ്റുമുള്ള അഴുക്ക് വൃത്തിയാക്കുന്നപക്ഷം അയാള്‍ ഊര്‍ജസ്വലനായിരിക്കും എന്നു മാത്രമല്ല, അയാള്‍ മാലിന്യം നിറഞ്ഞ ചുറ്റുപാടുമായി താദാത്മ്യപ്പെടുകയുമില്ല.

സ്വച്ഛ് ഭാരത് ദൗത്യത്തിലേക്കു നയിച്ചത് മഹാത്മാ ഗാന്ധിയുടെ പ്രേരണയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ പ്രേരണയാല്‍ ഇന്ത്യന്‍ ജനത സ്വച്ഛ് ഭൗരത് ദൗത്യത്തെ ലോകത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാക്കി മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014ല്‍ വെറും 38 ശതമാനമായിരുന്ന ഗ്രാമീണ ശുചിത്വം ഇപ്പോള്‍ 94 ശതമാനത്തിലേറെയായി ഉയര്‍ന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചു ലക്ഷത്തിലേറെ ഗ്രാമങ്ങള്‍ ഇപ്പോള്‍ തുറസ്സായ സ്ഥലത്തു മലവിസര്‍ജനമില്ലാത്ത പ്രദേശങ്ങളായി മാറിയെന്നും ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. സ്വച്ഛ് ഭാരത ദൗത്യം ആരംഭിച്ചശേഷം ഇന്ത്യയിലെ ജനങ്ങളുടെ ജീവിതശൈലിയില്‍ ഗുണപരമായ മാറ്റം ഉണ്ടായതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. സുസ്ഥിരമായ വികസനലക്ഷ്യം നേടിയെടുക്കാനുള്ള പാതയിലാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ സുന്ദരമാക്കുന്ന നാലു ‘പി’കളായ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് (രാഷ്ട്രീയ നേതൃത്വം), പബ്ലിക് ഫണ്ടിങ് (പൊതുധനം ലഭ്യമാക്കല്‍), പാര്‍ട്ണര്‍ഷിപ്പ്‌സ് (പങ്കാളിത്തങ്ങള്‍), പീപ്പിള്‍സ് പാര്‍ടിസിപ്പേഷന്‍ (ജനപങ്കാളിത്തം) എന്നിവ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.



(Release ID: 1549353) Visitor Counter : 112