മന്ത്രിസഭ

റോഡ് ഗതാഗതത്തിലും റോഡ് വ്യവസായത്തിലും ഉഭയകക്ഷിസഹകരണത്തിനായി ഇന്ത്യയും റഷ്യയും ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭയുടെ അനുമതി

Posted On: 03 OCT 2018 7:00PM by PIB Thiruvananthpuram

റോഡ് ഗതാഗതത്തിലും റോഡ് വ്യവസായത്തിലും ഉഭയകക്ഷിസഹകരണത്തിനായി ഇന്ത്യയും റഷ്യയും ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. റഷ്യന്‍ പ്രസിഡന്റിന്റെ വരാനിരിക്കുന്ന ഇന്ത്യാ സന്ദര്‍ശന വേളയില്‍ ധാരണാപത്രം ഒപ്പുവെക്കപ്പെടും.
ഗതാഗത, ദേശീയപാതാ മേഖലകളില്‍ സഹകരിക്കുന്നതിനായി ഔദ്യോഗിക വേദി വികസിപ്പിച്ചെടുക്കുന്നതിനും ആരംഭിക്കുന്നതിനുമായി റോഡ് ഗതാഗതം, റോഡ് വ്യവസായം എന്നീ മേഖലകളില്‍ ധാരണാപത്രം തയ്യാറാക്കുന്നതിനായി ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിവരികയായിരുന്നു. 
റോഡ് ഗതാഗതം, റോഡ് വ്യവസായം എന്നീ മേഖലകളിലുള്ള പരസ്പര സഹകരണം ഇരു രാജ്യങ്ങള്‍ക്കും നേട്ടമാകും. റഷ്യയുമായുള്ള മെച്ചപ്പെട്ട സഹകരണം റോഡ് ഗതാഗതം, റോഡ് വ്യവസായം, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ഐ.ടി.എസ്.) എന്നീ മേഖലകളില്‍ ദീര്‍ഘകാലീനവും ഫലപ്രദവുമായ ഉഭയകക്ഷിബന്ധം സ്ഥാപിതമാകുന്നതിനു സഹായകമാകും. ഇത് റോഡ് അടിസ്ഥാന സൗകര്യവും റോഡ് ശൃംഖലാ നിയന്ത്രണവും, ഗതാഗത നയം, സാങ്കേതികവിദ്യ, രാജ്യത്തെ ഹൈവേകളുടെ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള മാനദണ്ഡങ്ങള്‍ എന്നിവയ്ക്കു സഹായകമായിത്തീരുകയും ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണവും ഉഭയകക്ഷിബന്ധവും മെച്ചപ്പെടാന്‍ കാരണമായിത്തീരുകയും ചെയ്യും. 
പശ്ചാത്തലം:
ഇന്ത്യയും റഷ്യയും തമ്മില്‍ ദീര്‍ഘകാലമായ ബന്ധമുണ്ടെന്നു മാത്രമല്ല, നയതന്ത്രപരമായ പങ്കാളിത്തത്തോടെ ശക്തമായ ധനകാര്യ ബന്ധം പുലര്‍ത്തുന്നുമുണ്ട്. ഉപഗ്രഹാധിഷ്ഠിത ടോളിങ് സൊലൂഷ്യന്‍സില്‍ റഷ്യ സാങ്കേതിക പരിഹാരം വികസിപ്പിച്ചിട്ടുണ്ട്. ക്രാഷ് റിപ്പോര്‍ട്ടിങ്, മോണിറ്ററിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ആധുനിക ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം സ്വീകരിച്ചിട്ടുമുണ്ട്. റോഡ് ഗതാഗത രംഗത്ത് റഷ്യക്കുള്ള സാങ്കേതിക മികവ് പരിഗണിക്കുമ്പോള്‍ ആ രാഷ്ട്രവുമായി അടുത്ത ബന്ധം സ്ഥാപിക്കുകവഴി അത്തരം അറിവുകള്‍ നേടിയെടുക്കുന്നത് അഭികാമ്യമാണ്. ഹൈവേ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ഇന്ത്യ അതിവേഗം നടപ്പാക്കിവരികയാണ്. റോഡ് അടിസ്ഥാനസൗകര്യം പൂര്‍ണ അര്‍ഥത്തില്‍ ഉപയോഗപ്പെടുത്താനായി ഗതാഗത രംഗത്തെ ഉല്‍പാദന ക്ഷമതയും സുരക്ഷയും വര്‍ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണ്. ചരക്കുനീക്കത്തിനുള്ള ചെലവു കുറച്ചുകൊണ്ടുവരാന്‍ ഇതു സഹായകമാവുകയും ചെയ്യും. ഹൈവേകളും എക്‌സ്പ്രസ് വേകളും വളരെയധികം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതി റഷ്യയിലെ അടിസ്ഥാനസൗകര്യ വികസന സ്ഥാപനങ്ങള്‍ക്ക് ആകര്‍ഷകമായ അവസരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം, നടത്തിപ്പു സംബന്ധിച്ച കാര്യങ്ങളില്‍ ആശയവിനിമയം നടത്തുന്നതിനു വേദി ഒരുക്കുകയും ഇരു രാജ്യങ്ങളും അംഗങ്ങളായ രാജ്യാന്തര സംഘങ്ങളിലും വേദികളിലും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായിത്തീരുകയും ചെയ്യും. 
 



(Release ID: 1548749) Visitor Counter : 167