മന്ത്രിസഭ

ചെറുകിട, ഇടത്തരം സംരംഭ രംഗത്ത് സഹകരിക്കുന്നതിനായുള്ള ഇന്ത്യ-റഷ്യ ധാരണാപത്രത്തിനു മന്ത്രിസഭയുടെ അനുമതി

Posted On: 03 OCT 2018 6:59PM by PIB Thiruvananthpuram

കേന്ദ്ര ചെറുകിട, ഇടത്തരം സംരഭ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സംരംഭമായ ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷന്‍ ലിമിറ്റഡും (എന്‍.എസ്.ഐ.സി.) റഷ്യയിലെ ജെ.എസ്.സി.-റഷ്യന്‍ ചെറുകിട ഇടത്തരം ബിസിനസ് കോര്‍പറേഷനും (ആര്‍.എസ്.എം.ബി. കോര്‍പറേഷന്‍) തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. റഷ്യന്‍ പ്രസിഡന്റിന്റെ അടുത്ത ഇന്ത്യാ സന്ദര്‍ശന വേളയില്‍ ധാരണാപത്രം ഒപ്പുവെക്കപ്പെടും.

ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭമേഖലകള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണു ധാരണാപത്രത്തിന്റെ ഉദ്ദേശ്യം. ശേഷിയും വിപണിയും സാങ്കേതികവിദ്യയും നയങ്ങളുമൊക്കെ സംബന്ധിച്ചു പരസ്പരം തിരിച്ചറിയാന്‍ ഇരു രാജ്യങ്ങള്‍ക്കു ഘടനാപരമായ ചട്ടക്കൂടും അനുകൂല പരിസ്ഥിതിയും സജ്ജമാക്കാന്‍ ഉതകുന്നതാണു ധാരണാപത്രം. സംരംഭങ്ങള്‍ക്കിടയിലുള്ള സഹകരണം മെച്ചപ്പെടുത്താനും സാങ്കേതികവിദ്യയുടെ കൈമാറ്റം, സംയുക്ത സംരംഭങ്ങള്‍, വാണിജ്യപങ്കാളിത്തം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സുസ്ഥിരതയാര്‍ന്ന വാണിജ്യ സഖ്യങ്ങള്‍ സാധ്യമാക്കാനും ഇതിലൂടെ ലക്ഷ്യംവെക്കുന്നു. ശേഷിവര്‍ധന, സംരംഭകത്വ വികസനത്തിനായി അതിവേഗമുള്ള ആലോചനാപദ്ധതി, പ്രദര്‍ശനങ്ങളിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുക വഴി പരസ്പരം അവസരമൊരുക്കല്‍ എന്നിവ ധാരണാപത്രത്തിലൂടെ സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.

ഈ സഹകരണം വഴി പുതിയ വിപണികള്‍, സംയുക്ത സംരംഭങ്ങള്‍, ഏറ്റവും നല്ല പ്രവര്‍ത്തന രീതികളും സാങ്കേതികവിദ്യയും മറ്റും പങ്കുവെക്കല്‍ തുടങ്ങിയ വഴികളിലൂടെ ഇന്ത്യന്‍ ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കു മുന്നില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുമെന്നാണു കരുതപ്പെടുന്നത്. ഇത്തരം സഹകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ളതിനാല്‍ ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിനു കീഴിലുള്ള എന്‍.എസ്.ഐ.സിയാണു ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ അനുയോജ്യമായ സ്ഥാപനം.

****



(Release ID: 1548748) Visitor Counter : 121