പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി 'സ്വച്ഛതാ ഹി സേവ' ഉദ്ഘാടനം ചെയ്തു;  സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുമായി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ചു

Posted On: 15 SEP 2018 2:11PM by PIB Thiruvananthpuram

    ശുചിത്വ ഭാരത ദൗത്യത്തിന് ദേശവ്യാപകമായി പൊതുജന പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനും  മഹാത്മാഗാന്ധിയുടെ സ്വപ്‌നമായ ശുചിത്വ ഇന്ത്യ സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാനുമായി ''സ്വച്ഛതാ ഹി സേവ''  പ്രസ്ഥാനത്തിന് ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു.
    ശുചിത്വത്തിന് കൂടുതല്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുകയെന്നതാണ് സ്വച്ഛതാ ഹി സേവ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മഹാത്മാഗാന്ധിയുടെ 150 ജന്‍മവാര്‍ഷിക ആഘോഷം ആരംഭിക്കുന്ന 2018 ഒക്‌ടോബര്‍ 2ന് ശുചിത്വ ഭാരത ദൗത്യത്തിന് നാലു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ അതിന്റെ തുടര്‍ച്ചയായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവരോടും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകാനും ശുചിത്വ ഭാരതം സൃഷ്ടിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ ശക്തിപ്പെടുത്താനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
    വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രാജ്യത്തിന്റെ 17 കേന്ദ്രങ്ങളിലുള്ള, സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട  വ്യക്തികളുമായി പ്രധാനമന്ത്രി സംവദിച്ചു.
    ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ 450 ജില്ലകള്‍ വെളിയിട വിസര്‍ജ്ജമുക്തമായതുള്‍പ്പെടെയുള്ള ചില പ്രധാനപ്പെട്ട നേട്ടങ്ങള്‍ പ്രധാനമന്ത്രി അവരുമായി പങ്കുവച്ചു. അതുപോലെ ഈ കാലയളവില്‍ 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സ്വയം വെളിയിടവിസര്‍ജ്ജനമുക്തമായി പ്രഖ്യാപിച്ചു. ശൗചാലയ നിര്‍മാണവും മാലിന്യശേഖരണസംവിധാനം ഒരുക്കുന്നതും മാത്രം പോരെന്നും ശുചിത്വം എന്നത് മനസില്‍ ഉള്‍ക്കൊള്ളിക്കേണ്ട ഒരു സ്വഭാവമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ ഇപ്പോള്‍ ഈ സ്വഭാവം വികസിപ്പിക്കുന്നതിനായി പങ്കാളികളാകുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
    തങ്ങളുടെ വിദ്യാലയവും സമീപപ്രദേശങ്ങളും ശുചിയാക്കുന്നതിന് നല്‍കിയ സംഭാവനകളെക്കുറിച്ച് അസ്സമിലെ ദിബ്രുഗഢില്‍നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യുവാക്കളാണ് സാമൂഹികമാറ്റത്തിന്റെ അംബാസിഡര്‍മാരെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശുചിത്വത്തിന്റെ സന്ദേശം അവര്‍ വ്യാപിപ്പിച്ച രീതി പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
    ശുചിത്വത്തിനായി തങ്ങള്‍ കൈക്കൊണ്ട മുന്‍കൈകളെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനായി ഗുജറാത്തിലെ മെഹ്‌സാനയില്‍ കാര്‍ഷിക-ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ശുചിത്വ ഭാരത ദൗത്യം വയറിളക്കം പോലുള്ള അസുഖങ്ങള്‍ കുറച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
    മുംബൈയിലെ ഒരു കടലോരം ശുചിയാക്കുന്നതുള്‍പ്പെടെ താന്‍ പങ്കാളിയായ കര്‍മ്മപദ്ധതികളെക്കുറിച്ച് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍ വിശദീകരിച്ചു. പ്രശസ്ത വ്യവസായി ശ്രീ രത്തന്‍ ടാറ്റയും സംവാദത്തില്‍ പങ്കുചേര്‍ന്നു. ഇന്ത്യയിലെ ഓരോ പൗരന്റേയും സ്വപ്‌നമായ ഒരു അഭിമാനര്‍ഹമായ പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പങ്കാളിയാകുകയെന്നത് വലിയ ആദരവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുചിത്വ ഇന്ത്യ സൃഷ്ടിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് ഒരു വലിയ പങ്ക് വഹിക്കാനുണ്ടെന്ന തന്റെ വിശ്വാസം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
    ശ്രീ. സജ്ഞയ് ഗുപ്ത ഉള്‍പ്പെടെ ദൈനിക് ജാഗരണില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നോയിഡയില്‍ നിന്നും സംവാദത്തില്‍ പങ്കുചേര്‍ന്നു. ശുചിത്വ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ തങ്ങളുടെ അനുഭവങ്ങള്‍ അവര്‍ പങ്കുവച്ചു. സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരെയുള്ള ലഡാക്കിലെ പാംഗോഗ് തടാകത്തില്‍നിന്ന് നിന്ന് ഐ.ടി.ബി.പി സൈനികരും സംവാദത്തില്‍ പങ്കുചേര്‍ന്നു. ഐ.ടി.ബി.പി സൈനികരുടെ ധീരതയേയും രാജ്യത്തിന് അവര്‍ നല്‍കുന്ന സേവനത്തേയും പ്രധാനമന്ത്രി പ്രശംസിച്ചു.
    കോയമ്പത്തൂരില്‍ നിന്നും സദ്ഗുരു ജഗ്ഗി വാസുദേവും സംവാദത്തില്‍ പങ്കാളിയായി. ശുചിത്വ പ്രചരണം ഒരു പരിധിവരെ വലിയ പ്രചോദനമുണ്ടാക്കിയിട്ടുണ്ടെന്ന് തന്റെ യാത്രകളില്‍ കാണാന്‍ കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഈ പ്രേരണ നല്‍കിയതിന് അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. സ്വച്ഛ് ഭാരത് എന്നത് എതെങ്കിലുമൊരു ഗവണ്‍മെന്റിന്റേയോ പ്രധാനമന്ത്രിയോ പ്രസ്ഥാനമല്ല, അത് രാജ്യത്തിന്റെ മൊത്തത്തിലുള്ള പ്രസ്ഥാനമാണെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി.
    ഛത്തിസ്ഗഢിലെ ദന്തേവാദ, തമിഴ്‌നാട്ടിലെ സേലം എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ സ്വച്ഛഗ്രാഹികള്‍ ശുചിത്വത്തിന് വേണ്ടി തങ്ങള്‍ നടത്തിയ പ്രയത്‌നങ്ങള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. പട്‌നാ സാഹിബ് ഗുരുദ്വാരയില്‍ നിന്നും മൗണ്ട് അബുവിലെ ദഡി ജാന്‍കിയില്‍ നിന്നുമുള്ള ആത്മീയ നേതാക്കളും പൗര•ാരും പ്രധാനമന്ത്രിയുമായി സംവദിച്ചു. ശുചിത്വത്തിനായി നല്‍കിയ പ്രയത്‌നത്തിന് പ്രധാനമന്ത്രി ബ്രഹ്മകുമാരി പ്രസ്ഥാനത്തിന് പ്രത്യേകമായി നന്ദി പറഞ്ഞു. മദ്ധ്യപ്രദേശിലെ രാജ്ഗ്രഹില്‍ നിന്നുള്ള പൗര•ാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ഫത്തേഹ്പൂരില്‍ നിന്നുള്ളവര്‍ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ബംഗളൂരുവില്‍നിന്ന് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും സംവാദത്തില്‍ പങ്കുചേര്‍ന്നു. പ്രധാനമന്ത്രി രാജ്യത്തെ പ്രത്യേകിച്ച് യുവജനങ്ങളെ വിശ്വാസത്തിലെടുത്തെന്ന് അദ്ദേഹം പറഞ്ഞു.
     ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ഗംഗാശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. 'ഗംഗാ മാതാവി'നെ ശുചിയാക്കുന്നതിനുള്ള അവരുടെ പ്രയത്‌നത്തെ അദ്ദേഹം പ്രശംസിച്ചു. സ്വച്ഛതാ ഹി സേവ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗംഗാനദിയുടെ തീരത്ത് താമസിക്കുന്ന എല്ലാവരും നദിയെ ശുചീകരിക്കാനായി സ്വയം രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അജ്മീര്‍ ഷെറീഫ് ദര്‍ഗയില്‍ നിന്നുള്ള ഭക്തരും ഹരിയാനയിലെ റേവാരിയില്‍ നിന്നുള്ള റെയില്‍വേ ജീവനക്കാരും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി. കൊല്ലത്തിനടുത്തുള്ള അമൃത പുരിയില്‍നിന്ന് മാതാ അമൃതാനന്ദമയിയും സംവാദത്തില്‍ പങ്കുചേര്‍ന്നു.
    ചര്‍ച്ച ഉപസംഹരിച്ച്‌കൊണ്ട് പ്രധാനമന്ത്രി സ്ച്ഛഗ്രാഹികളുടെ പങ്കിനെ പ്രശംസിക്കുകയും ചരിത്രം അവരെ എക്കാലവും ഓര്‍മ്മിക്കുമെന്നും പറഞ്ഞു. ശുചിത്വത്തിലുള്ള നമ്മുടെ വിശ്വാസവും നിശ്ചയദാര്‍ഢ്യവും ആകാശത്തോളം ഉയര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛതാ ഹി സേവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനായി അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.
RS    MRD
 


(Release ID: 1546229) Visitor Counter : 201