Posted On:
09 AUG 2018 5:04PM by PIB Thiruvananthpuram
തൊഴില്‍, തൊഴിലാളി ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ ജാര്‍ഖണ്ഡിലെ കര്‍മയിലുള്ള കേന്ദ്ര ആശുപത്രിയും അതിന്റെ കെട്ടിടങ്ങളും ഭൂമിയും കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ ഒരു പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് സൗജന്യമായി ജാര്‍ഖണ്ഡ് ഗവണ്‍മെന്റിന് വിട്ടുകൊടുക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ആ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിലവിലുള്ള ജില്ല/റഫറല്‍ ആശുപത്രികളുമായി ചേര്‍ന്ന് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുകയാണു പദ്ധതി.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യവും
മൂന്നു മാസത്തിനുള്ളില്‍ കേന്ദ്ര ആശുപത്രിയും അതിന്റെ കെട്ടിടങ്ങളും ഭൂമിയും ജാര്‍ഖണ്ഡ് ഗവണ്‍മെന്റിന് കൈമാറും. ജീവനക്കാരുടെ കൈമാറ്റം/ഉള്‍ക്കൊള്ളല്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തൊഴില്‍, തൊഴിലാളിക്ഷേമ മന്ത്രാലയവും സംസ്ഥാന ഗവണ്‍മെന്റും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവയ്ക്കും.
പ്രധാന നേട്ടം:
ഈ നിര്‍ദേശം രാജ്യത്ത് പ്രതിവര്‍ഷം പരിശീലിപ്പിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കും. ആ മേഖലയിലെ ആരോഗ്യസുരക്ഷാ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അതിലൂടെ സാധാരണക്കാരുടെ ആരോഗ്യസുരക്ഷാ സേവനം മികച്ചതാക്കുകയും ചെയ്യും.
ഗുണഭോക്താക്കള്‍:
ജാര്‍ഖണ്ഡിലെ കര്‍മയിലും അതിനുചുറ്റും താമസിക്കുന്ന എല്ലാ ആളുകള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും. അവര്‍ക്ക് കുടുതല്‍ മികച്ച ആരോഗ്യസുരക്ഷാ സൗകര്യങ്ങള്‍ ലഭിക്കും.
പശ്ചാത്തലം:
തൊഴില്‍, തൊഴിലാളിക്ഷേമ മന്ത്രാലയം അസംഘടിതമേഖലയില്‍പ്പെട്ട ചിലവിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും തങ്ങളുടെ ആശുപത്രികളും ഡിസ്‌പെന്‍സറികളും വഴി ആരോഗ്യസുരക്ഷ നല്‍കുന്നുണ്ട്. ഈ മേഖലയിലുള്ള മിഖാഖനി/ ബിഡി തൊഴിലാളികള്‍ എന്നിവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി ജാര്‍ഖണ്ഡിലെ കര്‍മയില്‍ 150 കിടക്കകളുള്ള ഒരു ആശുപ്രതി (ആ വളപ്പില്‍ തെന്നയുള്ള 50 കിടക്കകളുള്ള ക്ഷയരോഗ ആശുപത്രി ഉള്‍പ്പെടെ) തൊഴില്‍, തൊഴിലാളി ക്ഷേമ മന്ത്രാലയം ആരംഭിച്ചിരുന്നു. ആ മേഖലയില്‍ ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് കര്‍മയിലുള്ള കേന്ദ്ര ആശുപത്രിയും അതിന്റെ കെട്ടിടങ്ങളും ഭൂമിയും കൈമാറുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.