പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നാളെയും, മറ്റന്നാളും കിഴക്കന്‍ യു.പി. സന്ദര്‍ശിക്കും

Posted On: 13 JUL 2018 4:26PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേനദ്ര മോദി നാളെയും, മറ്റന്നാളും (2018 ജൂലൈ 14, 15) ഉത്തര്‍ പ്രദേശിലെ വാരാണസി, അസംഗഢ്, മിര്‍സാപൂര്‍ എന്നീ ജില്ലകള്‍ സന്ദര്‍ശിക്കും.

അസംഗഢില്‍ ജൂലൈ 14 ന്, പ്രധാനമന്ത്രി 340 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ്സ് വേയ്ക്ക് തറക്കല്ലിടും. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ നിരവധി പ്രധാന ചരിത്ര നഗരങ്ങളായ ബാരാബങ്കി, അമേത്തി, സുത്താന്‍പൂര്‍, ഫൈസാബാദ്, അംബേദ്ക്കര്‍ നഗര്‍, അസംഗഢ്, മൗ, ഗാസിപ്പൂര്‍ മുതലായവയെ സംസ്ഥാന തലസ്ഥാനമായ ലക്‌നൗവുമായി ബന്ധിപ്പിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ എക്‌സ്പ്രസ്സ് വേ വഴി ഡല്‍ഹി, പടിഞ്ഞാറ് നോയിഡയില്‍ നിന്നും കിഴക്ക് ഗാസിപ്പൂരില്‍ നിന്നും ഉത്തര്‍ പ്രദേശിലെ നിരവധി പ്രധാന പട്ടണങ്ങളും, നഗരങ്ങളുമായി ബന്ധിപ്പിക്കപ്പെടും.

വാരാണസിയില്‍ പ്രധാനമന്ത്രി മൊത്തം 900 കോടി രൂപയിലധികം ചെലവില്‍ നിര്‍മ്മിച്ച വിവിധ പദ്ധതികളുടെ തറക്കല്ലിടലും, സമര്‍പ്പണവും നിര്‍വ്വഹിക്കും. സമര്‍പ്പിക്കപ്പെടുന്ന പദ്ധതികളില്‍ വാരാണസി സിറ്റി ഗ്യാസ് വിതരണ പദ്ധതി, വാരാണസി - ബലിയ ഇ.എം.യു ട്രെയിന്‍ എന്നിവ ഉള്‍പ്പെടും. പഞ്ചകോശി പരിക്രമ മാര്‍ഗ്ഗ്, സ്മാര്‍ട്ട്‌സിറ്റി ദൗത്യം, നമാമി ഗംഗേ എന്നിവയ്ക്ക് കീഴിലുള്ള നിരവധി പദ്ധതികള്‍ തുടങ്ങിയവയ്ക്ക് തറകല്ലിടും. വാരാണസിയില്‍ ഒരു അന്താരാഷ്ട്ര കണ്‍വെണ്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

മറ്റൊരു ചടങ്ങില്‍, പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ 'മേരി കാശി' എന്ന പേരില്‍ ഒരു പുസ്തകം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രകാശനം ചെയ്യും.

ജൂലൈ 15 ന് മിര്‍സാപൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അവിടെ ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിക്കും. പ്രദേശത്തെ ജലസേചനത്തിന് വന്‍തോതില്‍ ആക്കമേകുന്ന ഈ പദ്ധതി, ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍, അലഹബാദ് ജില്ലകളിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

അതേ ചടങ്ങില്‍, ശ്രീ. നരേന്ദ്ര മോദി മിര്‍സാപൂര്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിടും. സംസ്ഥാനത്തെ 108 ജനഔഷധി കേന്ദ്രങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. മിര്‍സാപൂരിനെയും, വാരാണസിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗംഗാ നദിക്ക് കുറുകെയുള്ള ഒരു പാലം ചുനാറിലെ ബാലുഘട്ടില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
ND  MRD – 585
***

 



(Release ID: 1538883) Visitor Counter : 63