Economy

ചെറുകിട-ഇടത്തരം സംരംഭ വളർച്ചാ ഫണ്ട്

प्रविष्टि तिथि: 06 OCT 2026 19:04 PM

ഇന്ത്യയുടെ ഭാവി ചാമ്പ്യൻമാർക്ക് മൂലധനക്കരുത്ത്

 

ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കരുത്തേകാൻ പുതിയ വളർച്ചാ മൂലധനം

ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വർഗീകരണം

സംരംഭങ്ങളുടെ പ്ലാന്റിലെയും യന്ത്രസാമഗ്രികളിലെയും ഉപകരണങ്ങളിലെയും നിക്ഷേപവും വാർഷിക വിറ്റുവരവും അടിസ്ഥാനമാക്കിയാണ് സംരംഭങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളായി തരംതിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മാനദണ്ഡങ്ങൾ പ്രകാരം 25 കോടി രൂപ വരെ നിക്ഷേപവും 100 കോടി രൂപ വരെ വിറ്റുവരവുമുള്ളവയെ ചെറുകിട സംരംഭങ്ങളായും 125 കോടി രൂപ വരെ നിക്ഷേപവും 500 കോടി രൂപ വരെ വിറ്റുവരവുമുള്ളവയെ ഇടത്തരം സംരംഭങ്ങളായും തരംതിരിച്ചിട്ടുണ്ട്.  

 


 

തൊഴിലവസരങ്ങൾ, കയറ്റുമതി, ഉല്പാദനം, നൂതനാശയങ്ങൾ എന്നിവയിലെല്ലാം സുപ്രധാന പങ്കുവഹിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നിലകൊള്ളുന്നത് ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. ഇവയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിന് ചെറുകിട-ഇടത്തരം സംരംഭ വളർച്ചാ ഫണ്ട് (SGF) രൂപീകരിക്കാന്‍  കേന്ദ്ര മന്ത്രിസഭ 10,000 കോടി രൂപയുടെ വിഹിതത്തിന് അംഗീകാരം നൽകി.

 

വ്യാപാര നിലനിൽപ്പും വിപുലീകരണ ശേഷിയും തെളിയിച്ച ഉയർന്ന വളർച്ചാ സാധ്യതയുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക്  ഇതുവഴി  ദീർഘകാല ഓഹരി മൂലധനം ലഭ്യമാക്കും. ഉല്പാദനം, സേവനം, സാങ്കേതികവിദ്യ, നൂതനാശയ മേഖലകൾ, തന്ത്രപ്രധാന മൂല്യ ശൃംഖലകൾ എന്നിവയിലുടനീളം മുൻനിര സംരംഭങ്ങളെ  വളർത്തിയെടുക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.

2026-27  കേന്ദ്ര ബജറ്റിലെ സമഗ്ര പ്രഖ്യാപനങ്ങളുടെ ഭാഗമായ ഈ സംരംഭം എം.എസ്.എം.ഇ ആവാസവ്യവസ്ഥയ്ക്ക് ഓഹരി മൂലധനം, പണലഭ്യത, വിദഗ്ധ പിന്തുണ എന്നിവ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

ഇന്ത്യയുടെ എം.എസ്.എം.ഇ ആവാസവ്യവസ്ഥ

  • സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംഭാവന: 2025-26 ലെ സാമ്പത്തിക സർവേ പ്രകാരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജി.ഡി.പി) 31.1%, വ്യാവസായിക ഉല്പാദനത്തിന്റെ 35.4%, ആകെ കയറ്റുമതിയുടെ 48.58% എന്നിവ എം.എസ്.എം.ഇ മേഖലയുടെ സംഭാവനയാണ്.

  • ഔദ്യോഗിക എം.എസ്.എം.ഇ ശൃംഖലാ വിപുലീകരണം: 2026 ഒക്ടോബർ 6 വരെയുള്ള കണക്കനുസരിച്ച്, ഉദ്യം, ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം എന്നിവയിലെ  ആകെ എം.എസ്.എം.ഇ രജിസ്ട്രേഷനുകൾ 9.78 കോടിയോളമെത്തി. രജിസ്റ്റർ ചെയ്ത എം.എസ്.എം.ഇകൾ 43.28 കോടിയോളം തൊഴിലവസരങ്ങൾ ലഭ്യമാക്കിയതായും വ്യക്തമാക്കുന്നു.  

  • വനിതാ പങ്കാളിത്തം: ആകെ രജിസ്ട്രേഷനുകളിൽ 37.6 ശതമാനവും വനിതാ ഉടമസ്ഥതയിലുള്ള സംരംഭങ്ങളാണ്.

  • പ്രധാന സാമ്പത്തിക മേഖലകളിലെ പങ്കാളിത്തം: വ്യാപാരം, സേവനം, ഉല്പാദനം എന്നീ മേഖലകളിലുടനീളം രജിസ്ട്രേഷനുകൾ വ്യാപിച്ചുകിടക്കുന്നു. വ്യാപാര മേഖലയിൽ 4.08 കോടിയോളമാണ് രജിസ്ട്രേഷനുകൾ. സേവന മേഖലയിൽ ഇത് 3.77 കോടിയും ഉല്പാദന മേഖലയിൽ 1.93 കോടിയുമാണ്.  

 

 

ചെറുകിട ഇടത്തരം സംരംഭ വളര്‍ച്ചാ ഫണ്ടിന്റെ പ്രവർത്തന ചട്ടക്കൂട്

 

എന്താണ് എ.ഐ.എഫുകൾ ?

നിക്ഷേപകരിൽ നിന്ന് സ്വകാര്യമായി സമാഹരിക്കുന്ന തുക നിർദിഷ്ട നയങ്ങൾക്ക് വിധേയമായി നിക്ഷേപിക്കുന്നതിന് ഇന്ത്യയിൽ രൂപീകരിക്കുന്ന സംവിധാനങ്ങളാണ് ബദൽ നിക്ഷേപ ഫണ്ടുകള്‍ (എ.ഐ.എഫ്).

 

 

നിക്ഷേപ ഘടനയും തെരഞ്ഞെടുപ്പും

നേരിട്ടുള്ള ഓഹരി നിക്ഷേപ നിധിയായാണ് ചെറുകിട-ഇടത്തരം സംരംഭ വളര്‍ച്ചാ ഫണ്ട് രൂപകല്പന ചെയ്തിരിക്കുന്നത്. എസ്.ജി.എഫ് ചട്ടക്കൂടിന് കീഴിൽ സ്ഥാപിതമായ ബദൽ നിക്ഷേപ ഫണ്ട്  (എ.ഐ.എഫ്) രൂപത്തിലാണ് ഇത് പ്രവർത്തിക്കുക.

ചെറുകിട-ഇടത്തരം സംരംഭ വളര്‍ച്ചാ ഫണ്ടിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ

  • ഉല്പാദന മേഖലയ്ക്ക് മുൻഗണന: ചെറുകിട-ഇടത്തരം സംരംഭ  വളര്‍ച്ചാ ഫണ്ട് വിഹിതത്തിന്റെ വലിയൊരു പങ്ക് ചെറുകിട-ഇടത്തരം ഉല്പാദന സംരംഭങ്ങൾക്കായി വിനിയോഗിക്കും. ഉല്പാദന ശേഷി വർധിപ്പിക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും ഉല്പാദനക്ഷമത മെച്ചപ്പെടുത്താനും കയറ്റുമതി മത്സരശേഷി ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

  • വളർച്ച വ്യാവസായിക ക്ലസ്റ്ററുകളിലേക്ക്: രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെ വ്യാവസായിക ക്ലസ്റ്ററുകളിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങളെയും  ഫണ്ട് പരിഗണിക്കും. സന്തുലിത പ്രാദേശിക വ്യാവസായിക വികസനം സാധ്യമാക്കാനും പ്രാദേശിക വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും.

 

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക വളർച്ചാ ഫണ്ട് ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

സമ്പദ്‌വ്യവസ്ഥയിൽ എം.എസ്.എം.ഇകളുടെ വിപുലമായ സാന്നിധ്യമുണ്ടെങ്കിലും നിലവിലെ ഓഹരി നിധികള്‍ ഭൂരിഭാഗവും സൂക്ഷ്മ സംരംഭങ്ങൾ ഉൾപ്പെടുന്ന പ്രാരംഭഘട്ട  സംരംഭങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ വളർച്ചാ ഓഹരി മൂലധനം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.

കൂടുതൽ വിപുലീകരണത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക്  ഇത്തരം മൂലധനം അത്യന്താപേക്ഷിതമാണ്.  വളർച്ചാ പാതയിലെ നിർണായക വഴിത്തിരിവുകളെ അതിജീവിക്കാനും ഉയർന്ന തോതിലുള്ള പ്രവർത്തനക്ഷമതയും മത്സരശേഷിയും കൈവരിക്കാനും ഇത് സംരംഭങ്ങളെ സഹായിക്കും. പ്രതീക്ഷ നൽകുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങളെ വ്യവസായ രംഗത്തെ മുൻനിരക്കാരായി ഉയർത്താൻ ഇത്തരം നിക്ഷേപങ്ങൾ പിന്തുണയേകും.

 

ദീർഘകാല വളർച്ചാ മൂലധനം ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വിപുലീകരണത്തിന് വഴിയൊരുക്കുന്നതെങ്ങനെ? 

പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ

മറ്റ് സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ

നവീകരണങ്ങൾക്ക് ആക്കം കൂട്ടാൻ

ആഗോള മൂല്യ ശൃംഖലകളുമായി സംയോജിക്കാൻ

അത്യാധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ

തന്ത്രപ്രധാന നിക്ഷേപങ്ങൾ നടത്താൻ

ഉല്പാദന ശേഷിയിൽ നിക്ഷേപിക്കാൻ

അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിക്കാൻ

 

 

നൂതനാശയങ്ങൾ, വളർച്ച, തൊഴിൽ എന്നിവയിലുണ്ടാകുന്ന സ്വാധീനം

പ്രധാന മേഖലകളിലുടനീളം  സാധ്യതകളേറിയ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ ഈ ഫണ്ട് ശക്തിപ്പെടുത്തും. സംരംഭങ്ങളുടെ വിപുലീകരണം, മത്സരശേഷി, തൊഴിലവസരങ്ങൾ എന്നിവയിലേക്ക് ഇതിന്റെ ഗുണഫലങ്ങൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

  • ദേശീയ പ്രാധാന്യമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് പിന്തുണ നൽകും.

  • ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഉല്പാദന ശേഷി വർധിപ്പിക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സഹായമേകുന്നതിലൂടെ തൊഴിൽ സൃഷ്ടിയെ പിന്തുണയ്ക്കും.

  • അതത് മേഖലകളിൽ മുന്നേറാനാവശ്യമായ പ്രവർത്തന വ്യാപ്തിയും ഉല്പാദന ശേഷിയും മത്സരശേഷിയുമുള്ള ഇന്ത്യൻ കമ്പനികളുടെ കരുത്തുറ്റ നിരയെ വാർത്തെടുക്കാനാണ്  സംരംഭം ലക്ഷ്യമിടുന്നത്.

 

എം.എസ്.എം.ഇ-കൾക്ക് സമഗ്ര പിന്തുണ

ധനസഹായം, തൊഴിൽ സൃഷ്ടി, നൈപുണ്യം, സാങ്കേതികവിദ്യ, സമഗ്ര സഹായം, പൊതു സംഭരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റ് പിന്തുണ ലഭിക്കുന്നുണ്ട്.

പ്രധാന മേഖല

നടപ്പാക്കുന്ന പ്രധാന പദ്ധതികൾ

വായ്പയും ധനസഹായ പിന്തുണയും

ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (CGTMSE)

തൊഴിൽ സൃഷ്ടി

പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (PMEGP)

സമഗ്ര സഹായം  

പി.എം വിശ്വകർമ

പരിശീലനവും സംരംഭകത്വ വികസനവും

എം.എസ്.എം.ഇ സ്കില്ലിങ്, സംരംഭകത്വ നൈപുണ്യ വികസന പദ്ധതി (ESDP), ആസ്പയർ (ASPIRE)

സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും ശാക്തീകരണവും

റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ് (RAMP), സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ് (ZED) പദ്ധതി, ടൂൾ റൂം ആൻഡ് ടെക് സെന്ററുകൾ

പൊതു സംഭരണം

എം.എസ്.എം.ഇ സംബന്ധ് (SAMBANDH), എസ്.സി/എസ്.ടി ഹബ്

 

ഉപസംഹാരം

പരിഷ്കാരങ്ങൾ, ഡിജിറ്റൽവൽക്കരണം, വായ്പാ പിന്തുണ, വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ എന്നിവയിലൂടെ ചെറുകിട-ഇടത്തരം സംരംഭ മേഖലയെ ശക്തിപ്പെടുത്താന്‍ നടത്തുന്ന നിലവിലെ ശ്രമങ്ങൾക്ക് ചെറുകിട-ഇടത്തരം സംരംഭ വളര്‍ച്ചാ ഫണ്ട് കൂടുതൽ കരുത്തേകുന്നു.  നിക്ഷേപങ്ങൾക്ക് വഴിതുറക്കുന്നതിലൂടെ ആത്മനിർഭർ ഭാരത്, വികസിത് ഭാരത്@2047 എന്നീ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുന്നതിനൊപ്പം നൂതനാശയങ്ങളിലൂന്നിയ വ്യവസായവൽക്കരണത്തെയും ഈ ഫണ്ട് പ്രോത്സാഹിപ്പിക്കും.  

വളർച്ച കൂടുതൽ സമഗ്രമാക്കാനും അവസരങ്ങൾ രാജ്യത്തുടനീളം എത്തിക്കാനും ഇന്ത്യ പുലര്‍ത്തുന്ന വിശാല കാഴ്ചപ്പാടിനെയാണ് ചെറുകിട സംരംഭങ്ങൾക്ക് നൽകുന്ന ഈ പിന്തുണ പ്രതിഫലിപ്പിക്കുന്നത്.

 

അവലംബം:

Cabinet:

https://www.pib.gov.in/PressReleasepage.aspx?PRID=2319532&reg=48&lang=1

Ministry of Micro, Small & Medium Enterprises (MSME):

https://www.msme.gov.in/ministry/about-us/details/Title%3DWhat%27s-MSME-IzMzITMtQWa

https://dashboard.msme.gov.in/

Securities and Exchange Board of India:

https://www.sebi.gov.in/sebi_data/faqfiles/jan-2017/1485861425527.pdf

PIB Archives:

https://www.pib.gov.in/FactsheetDetails.aspx?ModuleId=16&NoteId=150826&id=150826&lang=2&reg=48

Click here to see pdf 

 

***

(तथ्य सामग्री आईडी: 151106) आगंतुक पटल : 1


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Bengali , हिन्दी , Assamese , Kannada , Telugu