Social Welfare

സമ്പൂർണ്ണ സാക്ഷരത

प्रविष्टि तिथि: 29 SEP 2026 11:13 AM

വികസിത ഇന്ത്യ ലക്ഷ്യമിട്ടുള്ള രാജ്യത്തിൻ്റെ പ്രയാണം

 

സാക്ഷരതയിൽ ഇന്ത്യയുടെ കുതിപ്പ്: സമ്പൂർണ്ണ സാക്ഷരതയിലേക്കുള്ള മുന്നേറ്റത്തിൻ്റെ   രൂപരേഖ

രാഷ്ട്രവികസനത്തിൻ്റെ   അടിസ്ഥാനശിലയായി സാക്ഷരത വർത്തിക്കുന്നു. വിദ്യാഭ്യാസ പുരോഗതിയുടെ സുപ്രധാന സൂചകം എന്നതിലുപരി, അവസരങ്ങൾ പ്രയോജനപ്പെടുത്താനും സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനും സമൂഹത്തിൽ അർത്ഥവത്തായ ഇടപെടലുകൾ നടത്താനും വ്യക്തികളെ പ്രാപ്തരാക്കുന്നതിനുള്ള ശക്തമായ ഉപാധിയാണ് സാക്ഷരത. സാക്ഷരതയെ ഒരു അടിസ്ഥാന മനുഷ്യാവകാശമായും സമത്വം, നീതി, സാമൂഹിക സർവ്വാശ്ലേഷിത്വം, നിയമവാഴ്ചയോടുള്ള ആദരവ് എന്നിവ കൈവരിക്കുന്നതിനുള്ള നിർണ്ണായക ഘടകമായും യുനെസ്കോ (UNESCO) അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് പതിറ്റാണ്ടായി സാക്ഷരതാ നിരക്ക് മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 1947-ൽ രാജ്യത്തെ മൊത്തം സാക്ഷരതാ നിരക്ക് കേവലം 14 ശതമാനം മാത്രമായിരുന്നു. വനിതകളുടെ സാക്ഷരതാ നിരക്കാകട്ടെ 8 ശതമാനം എന്ന താഴ്ന്ന നിലയിലായിരുന്നു. സാക്ഷരതാ നിരക്ക് ഉയർത്തുന്നതിനും വിദ്യാഭ്യാസ സംവിധാനത്തെ  ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യ വർഷങ്ങളായി ഒട്ടേറെ പദ്ധതികളും നടപടികളും സ്വീകരിച്ചു പോരുന്നു. വിദ്യാഭ്യാസ മേഖലയെ സമഗ്രമായി പരിഷ്കരിക്കുന്നതിനും, നൈപുണ്യയുക്തവും മാറ്റങ്ങളോട് പൊരുത്തപ്പെടാൻ ശേഷിയുള്ളതും ഭാവിസജ്ജവുമായ തൊഴിൽശക്തിയെ വാർത്തെടുക്കുന്നതിനുമായി കേന്ദ്രഗവണ്മെൻ്റ്  ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ആവിഷ്കരിച്ചു.

 എന്താണ് സാക്ഷരത?

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സാക്ഷരതയ്ക്ക് വിപുലവും സമഗ്രവുമായ ഒരു നിർവചനം നൽകിയിട്ടുണ്ട്. “കാര്യങ്ങൾ ഗ്രഹിച്ചുകൊണ്ട് വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമുള്ള ശേഷി — അതായത്, സാക്ഷരത എന്നത് കേവലം വായിക്കാനും എഴുതാനും അടിസ്ഥാനപരമായ കണക്കുകൂട്ടലുകൾ നടത്താനുമുള്ള ശേഷിയിൽ  ഒതുങ്ങുന്നതല്ല; മറിച്ച്, വിവരങ്ങൾ തിരിച്ചറിയാനും മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും സൃഷ്ടിപരമായി ഉപയോഗിക്കാനുമുള്ള ശേഷിയും, ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക സാക്ഷരത തുടങ്ങിയ നിർണായകമായ ജീവിതനൈപുണ്യങ്ങളും അതിൽ ഉൾപ്പെടുന്നു". ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ 95 ശതമാനം സാക്ഷരതാ നിരക്ക് കൈവരിക്കുമ്പോൾ, സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി വകുപ്പ് കണക്കാക്കുന്നു.

ആഗോളതലത്തിൽ, കേവലം വായിക്കാനും എഴുതാനുമുള്ള ശേഷി എന്നതിലുപരിയായി യുനെസ്കോ സാക്ഷരതയെ നിർവചിക്കുന്നു. സാങ്കേതികവിദ്യയെയും വിവരങ്ങളെയും കൂടുതലായി ആശ്രയിക്കുന്ന സമകാലിക ലോകത്ത്, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഡിജിറ്റൽ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷിയും സാക്ഷരതയുടെ പരിധിയിൽ ഉൾപ്പെടുന്നു. തൊഴിൽ, വിദ്യാഭ്യാസം, ദൈനംദിന ജീവിതം എന്നിവയിൽ ഫലപ്രദമായി ഇടപെടാനും സജീവ പങ്കാളികളാകാനും വ്യക്തികളെ പ്രാപ്തരാക്കുന്ന അടിസ്ഥാന നൈപുണ്യമാണ് സാക്ഷരത. വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൻ്റെ   അനിവാര്യ ഘടകമായ സാക്ഷരത, മറ്റ് മനുഷ്യാവകാശങ്ങൾ ആസ്വദിക്കാനും അവ ഫലപ്രദമായി വിനിയോഗിക്കാനും വ്യക്തികളെ പ്രാപ്തരാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.

സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമുള്ള പുരോഗതി വിലയിരുത്തപ്പെടുന്നു

1951 മുതൽ സാക്ഷരതാ നിരക്കിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ ഇന്ത്യയ്ക്കായിട്ടുണ്ട്. 1951-ൽ 18.32 ശതമാനമായിരുന്ന രാജ്യത്തിൻ്റെ   മൊത്തം സാക്ഷരതാ നിരക്ക് 2011-ഓടെ 74.04 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ പുരുഷ സാക്ഷരതാ നിരക്ക് 27.15 ശതമാനത്തിൽ നിന്ന് 82.14 ശതമാനമായും സ്ത്രീ സാക്ഷരതാ നിരക്ക് 8.86 ശതമാനത്തിൽ നിന്ന് 65.46 ശതമാനമായും ഗണ്യമായി വർധിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷരതയിൽ ഉണ്ടായ ഈ മുന്നേറ്റം രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.

 



 

നഗര-ഗ്രാമ മേഖലകളിലെ സാക്ഷരതാ നിരക്കുകളിലും കഴിഞ്ഞ ദശകങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ദൃശ്യമായി. നഗരപ്രദേശങ്ങളിലെ സാക്ഷരതാ നിരക്ക് 1951-ലെ 34.59 ശതമാനത്തിൽ നിന്ന് 2011-ൽ 84.1 ശതമാനമായി ഉയർന്നപ്പോൾ, ഗ്രാമീണ മേഖലയിലെ സാക്ഷരതാ നിരക്ക് 12.10 ശതമാനത്തിൽ നിന്ന് 67.8 ശതമാനമായി വർധിച്ചു.  2001-നും 2011-നും മദ്ധ്യേ ഗ്രാമീണ പുരുഷന്മാരുടെ സാക്ഷരതാ നിരക്കിൽ 10 ശതമാനം വർധനയുണ്ടായപ്പോൾ, ഗ്രാമീണ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 26 ശതമാനം ഉയർന്നു. ഗ്രാമീണ മേഖലകളിലെ സ്ത്രീകളുടെ സാക്ഷരതയിൽ ഉണ്ടായ ഗണ്യമായ വർധന വിദ്യാഭ്യാസരംഗത്ത് കൈവരിച്ച ശ്രദ്ധേയമായ പുരോഗതി വ്യക്തമാക്കുന്നു.

പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) 2025- കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സാക്ഷരതാ നിരക്കിൽ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ 7 വയസ്സും അതിൽ കൂടുതലുമുള്ളവരുടെ സാക്ഷരതാ നിരക്ക് 89 ശതമാനവും, 5 വയസ്സും അതിൽ കൂടുതലുമുള്ളവരുടേത് 88 ശതമാനവുമാണ്. നഗരമേഖലയിൽ 7 വയസ്സും അതിൽ കൂടുതലുമുള്ളവരിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 93.1 ശതമാനവും സ്ത്രീകളുടേത് 84.8 ശതമാനവുമാണ്. ഗ്രാമീണ മേഖലയിൽ ഇതേ പ്രായപരിധിയിലുള്ളവരുടെ സാക്ഷരതാ നിരക്ക് യഥാക്രമം 77.4 ശതമാനവും 76.4 ശതമാനവുമാണ്. ഗ്രാമീണ ജനസംഖ്യയിൽ 7 വയസ്സും അതിൽ കൂടുതലുമുള്ള പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 84.8 ശതമാനവും സ്ത്രീകളുടേത് 70.3 ശതമാനവുമാണ്. PLFS 2025 പ്രകാരം, രാജ്യത്തെ മൊത്തത്തിലുള്ള സാക്ഷരതാ നിരക്ക് 81.1 ശതമാനമാണ്. നഗര-ഗ്രാമ മേഖലകളിലെയും പുരുഷ-സ്ത്രീ വിഭാഗങ്ങളിലെയും സാക്ഷരതാ നിരക്കുകൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിലും,  രാജ്യത്തിൻ്റെ  സാക്ഷരതാ നിലവാരം മെച്ചപ്പെട്ടുവരുന്നതിൻ്റെ   സൂചനകളാണ് ഈ കണക്കുകൾ നൽകുന്നത്.

 



 

സാക്ഷരതാ രംഗത്തെ പുരോഗതിക്കൊപ്പം, കൂടുതൽ കുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിനും പഠനം തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഒരു വിദ്യാഭ്യാസ ഘട്ടത്തിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് വിജയകരമായി മുന്നേറുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി ഗവണ്മെൻ്റ്  ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2014–15 മുതൽ, വിദ്യാർത്ഥികളുടെ പ്രവേശനനിലവാരം സൂചിപ്പിക്കുന്ന മൊത്തം പ്രവേശന അനുപാതം (Gross Enrolment Ratio – GER), ഒരു വിദ്യാഭ്യാസ ഘട്ടത്തിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് വിദ്യാർത്ഥികൾ മുന്നേറുന്നതിൻ്റെ   തോത് വ്യക്തമാക്കുന്ന പരിവർത്തനനിരക്ക് (Transition Rate), പഠനം പാതിവഴിയിൽ ഉപേക്ഷിക്കാതെ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ തുടരുന്നതിൻ്റെ   തോത് സൂചിപ്പിക്കുന്ന നിലനിർത്തൽ നിരക്ക് (Retention Rate) എന്നിവയിൽ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. UDISE+ റിപ്പോർട്ട് 2025–26 പ്രകാരം, ഈ സൂചകങ്ങളിലെ പുരോഗതി ഇന്ത്യയുടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

സ്കൂൾ പ്രവേശനം: 24.72 കോടിയിലധികം വിദ്യാർത്ഥികൾ സ്കൂളുകളിൽ പ്രവേശനം നേടി.

മൊത്തം പ്രവേശന അനുപാതം (GER): അടിസ്ഥാന ഘട്ടത്തിൽ 42.8%, പ്രിപ്പറേറ്ററി ഘട്ടത്തിൽ 91.7%, മിഡിൽ ഘട്ടത്തിൽ 89.6%, സെക്കൻഡറി ഘട്ടത്തിൽ 71.7% എന്നിങ്ങനെയായിരുന്നു.

പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ നിരക്ക് (Dropout rate) പ്രിപ്പറേറ്ററി ഘട്ടത്തിൽ 1.8%, മിഡിൽ ഘട്ടത്തിൽ 3.6%, സെക്കൻഡറി ഘട്ടത്തിൽ 7.0% എന്നിങ്ങനെയായിരുന്നു.

പഠനം തുടരുന്നവരുടെ നിരക്ക് (Retention rate) അടിസ്ഥാന ഘട്ടത്തിൽ 98.5%, പ്രിപ്പറേറ്ററി ഘട്ടത്തിൽ 91.1%, മിഡിൽ ഘട്ടത്തിൽ 83.7%, സെക്കൻഡറി ഘട്ടത്തിൽ 51.9% എന്നിങ്ങനെ രേഖപ്പെടുത്തി.

അടുത്ത ഘട്ടത്തിലേക്കുള്ള പരിവർത്തന നിരക്കിൽ (Transition rate) പുരോഗതിയുണ്ടായി; അടിസ്ഥാന ഘട്ടത്തിൽ നിന്ന് പ്രിപ്പറേറ്ററി ഘട്ടത്തിലേക്ക് 99.2%, പ്രിപ്പറേറ്ററിയിൽ നിന്ന് മിഡിൽ ഘട്ടത്തിലേക്ക് 93.8%, മിഡിൽ ഘട്ടത്തിൽ നിന്ന് സെക്കൻഡറി ഘട്ടത്തിലേക്ക് 88.3% എന്നിങ്ങനെ വിദ്യാർത്ഥികൾ മുന്നേറി.

വിദ്യാഭ്യാസത്തിൻ്റെ   ഒരു തലത്തിൽ നിന്ന് അടുത്ത തലത്തിലേക്ക് വിജയകരമായി മുന്നേറുന്ന വിദ്യാർത്ഥികളുടെ ശതമാനത്തെയാണ് 'ട്രാൻസിഷൻ റേറ്റ്' (പരിവർത്തന നിരക്ക്) സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉന്നതവിദ്യാഭ്യാസരംഗത്തെ പങ്കാളിത്തം ഗണ്യമായി വർധിച്ചു:

പ്രവേശനം നേടിയവരുടെ എണ്ണം 2014-15-ലെ 3.42 കോടിയിൽ നിന്ന് 2023-24-ൽ 4.50 കോടിയായി ഉയർന്നു.

ഇതേ കാലയളവിൽ മൊത്തം പ്രവേശന അനുപാതം (GER) 23.7 ശതമാനത്തിൽ നിന്ന് 30 ശതമാനമായി വർധിച്ചു.

ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയവരുടെ എണ്ണം 2014-15-ലെ 88.28 ലക്ഷത്തിൽ നിന്ന് 2023-24-ൽ 1.09 കോടിയിലധികമായി വർധിച്ചു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഒരു നിശ്ചിത അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികളുടെ ആകെ എണ്ണത്തെയാണ് 'ഉന്നതവിദ്യാഭ്യാസ ഔട്ട്-ടേൺ' (Higher education out-turn) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തോടൊപ്പം പട്ടികജാതി (SC), പട്ടികവർഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC) എന്നിവയിൽപ്പെട്ടവരുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പങ്കാളിത്തവും ഉയരുന്നത് വിദ്യാഭ്യാസാവസരങ്ങളിലെ ലഭ്യതയും തുല്യതയും മെച്ചപ്പെടുന്നതിൻ്റെ   സൂചനയാണ്. ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിൽ തുടർ പുരോഗതി കൈവരിക്കുന്നതിനെ ഈ പ്രവണതകൾ പ്രതിഫലിപ്പിക്കുന്നു. അതോടൊപ്പം, 2035-ഓടെ ഉന്നതവിദ്യാഭ്യാസത്തിലെ മൊത്തം പ്രവേശന അനുപാതം (Gross Enrolment Ratio – GER) 50 ശതമാനമായി ഉയർത്തുക എന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം കൈവരിക്കുന്നതിനും ഇത്തരം നടപടികൾ പിന്തുണ നൽകുന്നു.

സാക്ഷരത മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഗവണ്മെൻ്റ്  സംരംഭങ്ങൾ

കാലാന്തരത്തിൽ, സാക്ഷരതയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിലും സമീപനത്തിലും സമഗ്രമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അടിസ്ഥാനപരമായ വായന, എഴുത്ത്, ഗണിതശേഷി എന്നിവയിൽ മാത്രം പരിമിതപ്പെടുന്നതല്ല ഇന്നത്തെ സാക്ഷരതാ സങ്കൽപ്പം; മറിച്ച്, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും ഫലപ്രദമായി ഇടപെടാനും സജീവമായി പങ്കാളികളാകാനും ആവശ്യമായ വൈവിധ്യമാർന്ന കഴിവുകളും ഇതിൽ ഉൾപ്പെടുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ൻ്റെ   ലക്ഷ്യങ്ങൾക്കനുസൃതമായി, വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുക, പഠനഫലങ്ങൾ മെച്ചപ്പെടുത്തുക, ഈ മേഖലയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും മുന്നേറ്റം ഉറപ്പാക്കുക, ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെഗവണ്മെൻ്റ്  'ഉല്ലാസ്' (ULLAS), 'നിപുൺ ഭാരത്' (NIPUN Bharat) തുടങ്ങിയ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

ഉല്ലാസ് (സമൂഹത്തിലെ എല്ലാവർക്കും ജീവിതകാലം മുഴുവൻ പഠനം തുടരുന്നതിനും, അറിവും നൈപുണ്യവും വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ ഉണ്ടായിരിക്കണം എന്ന അവബോധം)

ഉല്ലാസ് -ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം’ (NILP) എന്നും അറിയപ്പെടുന്ന ‘ഉല്ലാസ്’ (നവ ഭാരത സാക്ഷരതാ കാര്യക്രമം), ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാതെ പോയ 15 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്നവരെ ശാക്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020- ൻ്റെ   ലക്ഷ്യങ്ങളൾക്ക് അനുപൂരകമായ ഈ പദ്ധതി, പ്രായോഗിക സാക്ഷരത, അടിസ്ഥാന ഗണിതശേഷി, അവശ്യ ജീവിതനൈപുണ്യങ്ങൾ, ആജീവനാന്ത പഠനത്തിനുള്ള അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നു. മുതിർന്നവരെ കൂടുതൽ സ്വയംപര്യാപ്തരാക്കുന്നതിനും സമൂഹത്തിൽ സജീവമായി പങ്കാളികളാകുന്നതിനും സാമൂഹിക സർവ്വാശ്ലേഷിത്വം ഉറപ്പാക്കുന്നതിനും രാഷ്ട്ര വികസനത്തിൽ അർത്ഥവത്തായ സംഭാവനകൾ നൽകുന്നതിനും അവരെ പ്രാപ്തരാക്കുക എന്നതാണ് ULLAS- ൻ്റെ   പ്രധാന ലക്ഷ്യം.

സാക്ഷരതയിലൂടെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള ‘ജൻ ജൻ സാക്ഷർ’ (എല്ലാവർക്കും സാക്ഷരത) എന്നതാണ് ULLAS- ൻ്റെ   പ്രധാന ദർശനം. വ്യക്തികളിൽ ‘കർത്തവ്യ ബോധ്’ (കർത്തവ്യ ബോധം) വളർത്തുന്നതിനും സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി പ്രാധാന്യം നൽകുന്നു. സമ്പൂർണ്ണ സാക്ഷരത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സന്നദ്ധപ്രവർത്തനത്തെയും ‘ജൻഭാഗിദാരി’ (സമൂഹ പങ്കാളിത്തം)യെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സാക്ഷരതാ പ്രവർത്തനങ്ങളിൽ സമൂഹത്തിൻ്റെ   സജീവ പങ്കാളിത്തം ഉറപ്പാക്കാനും ULLAS ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസം സുഗമവും ഫലപ്രദവുമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഓൺലൈൻ, ഓഫ്‌ലൈൻ പഠനരീതികളെ സമന്വയിപ്പിച്ചുള്ള ഒരു ഹൈബ്രിഡ് പഠനരീതിയാണ് ULLAS പിന്തുടരുന്നത്. iOS, Android പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ULLAS ആപ്പിൽ 27 ഭാഷകളിലെ പഠനസാമഗ്രികൾ ലഭ്യമാണ്. ജില്ലാ, ബ്ലോക്ക് തലങ്ങളിൽ വീടുതോറും നടത്തുന്ന സർവേകളിലൂടെ സാക്ഷരതാ പിന്തുണ ആവശ്യമായ മുതിർന്ന പഠിതാക്കളെയും സന്നദ്ധ അധ്യാപകരാകാൻ താത്പര്യമുള്ളവരെയും കണ്ടെത്തുന്നു. സ്കൂൾ അധ്യാപകർ, പൊതുപ്രവർത്തകർ, ആശാ (ASHA) പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർക്ക് സന്നദ്ധ അധ്യാപകരായി പ്രവർത്തിക്കാം. കണ്ടെത്തുന്ന പഠിതാക്കളെ സന്നദ്ധ അധ്യാപകരുമായി ബന്ധിപ്പിക്കുകയും ULLAS ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ സഹായവും മാർഗനിർദേശവും നൽകുകയും ചെയ്യുന്നു. പരിശീലന പരിപാടികൾ, ഓറിയൻ്റേഷൻ സെഷനുകൾ, ശിൽപശാലകൾ എന്നിവ നേരിട്ടും ഓൺലൈൻ സംവിധാനങ്ങളിലൂടെയും സംഘടിപ്പിക്കുന്നു. പഠിതാക്കൾ ലഭ്യമായ പഠനസാമഗ്രികൾ ഉപയോഗിച്ച് അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാന ശേഷിയും വികസിപ്പിക്കുന്നു. തുടർന്ന്, അവർ ‘ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി അസസ്‌മെന്റ് ടെസ്റ്റ്’ (FLNAT) എഴുതുന്നു. പരീക്ഷയ്ക്ക് ശേഷം പഠിതാക്കളുടെ പഠനനേട്ടങ്ങൾ വിലയിരുത്തുകയും, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് സർട്ടിഫിക്കേഷൻ നൽകുകയും ചെയ്യുന്നു.

 



 

ULLAS- ൻ്റെ   പുരോഗതിയും സ്വാധീനവും: 1,037.90 കോടി രൂപ വിഹിതത്തോടെ 2022–27 കാലയളവിൽ 5 കോടി പഠിതാക്കളെ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുകയാണ് ULLAS- ൻ്റെ   പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഇതുവരെ ഏകദേശം 4.03 കോടി പഠിതാക്കളും 52.20 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 3.3 കോടിയിലധികം പഠിതാക്കൾ ഇതിനോടകം ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി അസസ്‌മെൻ്റ്  ടെസ്റ്റിൽ (FLNAT) പങ്കെടുത്തിട്ടുണ്ട്. ഈ കണക്കുകൾ രാജ്യത്ത് മുതിർന്നവരുടെ സാക്ഷരതയും അടിസ്ഥാന പഠനശേഷികളും മെച്ചപ്പെടുത്തുന്നതിൽ ULLAS കൈവരിച്ച വ്യാപ്തിയും പുരോഗതിയും വ്യക്തമാക്കുന്നു.

 



 

2024-നും 2026-നും ഇടയിൽ പത്ത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചു. ലഡാക്ക്, മിസോറാം, ഗോവ, ത്രിപുര, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, സിക്കിം, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സമ്പൂർണ്ണ സാക്ഷരത എന്ന രാജ്യത്തിൻ്റെ   ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് ഈ നേട്ടങ്ങൾ നിർണായകമായ സംഭാവന നൽകുന്നു. അതോടൊപ്പം, സമൂഹത്തിൻ്റെ   സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് മുതിർന്നവരുടെ സാക്ഷരത വ്യാപിപ്പിക്കുന്നതിലും ലക്ഷക്കണക്കിന് പഠിതാക്കളിലേക്ക് വിദ്യാഭ്യാസാവസരങ്ങൾ എത്തിക്കുന്നതിലും ULLAS പ്രധാന പങ്ക് വഹിക്കുന്നു.

നിപുൺ ഭാരത്: (അർത്ഥഗ്രഹണത്തോടെയുള്ള വായനയിലും അടിസ്ഥാന സംഖ്യാബോധത്തിലും പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം.)

വിദ്യാഭ്യാസത്തിൻ്റെ   അടിസ്ഥാന ഘട്ടത്തിലെ പഠനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തുടർവർഷങ്ങളിലെ കുട്ടികളുടെ പഠനപുരോഗതിക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിനുമായി ‘സമഗ്ര ശിക്ഷ’ പദ്ധതിയുടെ കീഴിൽ 2021 ജൂലൈയിലാണ് ഈ പരിപാടി ആരംഭിച്ചത്. രണ്ടാം ക്ലാസ് പൂർത്തിയാകുമ്പോഴേക്കും എല്ലാ കുട്ടികളും വായന, എഴുത്ത്, അടിസ്ഥാന ഗണിതശേഷി എന്നിവയിൽ ആവശ്യമായ പ്രാവീണ്യം നേടുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, 2026–27-ഓടെ സാർവത്രിക അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും കൈവരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പഠനത്തിൻ്റെ   അടിസ്ഥാന ഘട്ടത്തിലുള്ള 3 മുതൽ 8 വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്രമായ പഠനവികസനത്തിലാണ് ഈ പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കൂടാതെ, സ്കൂളുകളിലെ വിദ്യാർത്ഥി പ്രവേശനം വർധിപ്പിക്കുന്നതിനും പഠനം തുടരുന്നവരുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് കുറയ്ക്കുന്നതിനുമായി ഗവണ്മെൻ്റ്  വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. സമഗ്ര ശിക്ഷ, പിഎം ശ്രീ (PM SHRI – Pradhan Mantri Schools for Rising India), പിഎം ഇ-വിദ്യ (PM e-VIDYA), പിഎം പോഷൺ (PM POSHAN – Pradhan Mantri Poshan Shakti Nirman) എന്നിവയാണ് ഈ രംഗത്തെ പ്രധാനപ്പെട്ട പദ്ധതികളിൽ ചിലത്.

പഠനഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്കൂളുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും സ്കൂൾ വിദ്യാഭ്യാസരംഗത്ത് എല്ലാവർക്കും തുല്യമായ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ‘സമഗ്ര ശിക്ഷ’ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യം 4 (SDG-4) മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്ക് അനുപൂരകമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സർവ ശിക്ഷാ അഭിയാൻ (SSA), രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാൻ (RMSA), അധ്യാപക വിദ്യാഭ്യാസം (Teacher Education – TE) എന്നീ മുൻകാല പദ്ധതികളെ സമന്വയിപ്പിച്ചാണ് സമഗ്ര ശിക്ഷ നടപ്പിലാക്കുന്നത്. അടിസ്ഥാന പഠനത്തിന് ശക്തമായ അടിത്തറ ഒരുക്കുക, അധ്യാപകരുടെ ശേഷി വികസിപ്പിക്കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പഠനവുമായി സമന്വയിപ്പിക്കുക എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിലൂടെ സന്തുലിതവും സർവ്വാശ്ലേഷിയും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

രാജ്യത്തുടനീളമുള്ള 14,500-ലധികം മാതൃകാ സ്കൂളുകളെ ശക്തിപ്പെടുത്തുന്നതിനാണ് ‘പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ’ (PM SHRI) പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളുടെ വ്യത്യസ്ത സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങൾ, ബഹുഭാഷാ ആവശ്യങ്ങൾ, വൈവിധ്യമാർന്ന പഠനശേഷികൾ എന്നിവ പരിഗണിച്ച്, തുല്യത, സർവ്വാശ്ലേഷിത്വം, സന്തോഷകരമായ പഠനാന്തരീക്ഷം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ വിദ്യാർത്ഥികളുടെ അക്കാദമിക മികവിനൊപ്പം സാമൂഹിക, വൈകാരിക, സർഗാത്മക വികാസവും ജീവിതനൈപുണ്യങ്ങളുടെ സമഗ്രമായ വികസനവും ഉറപ്പാക്കാൻ PM SHRI ലക്ഷ്യമിടുന്നു.

 വിവിധ മാർഗങ്ങളിലൂടെയും പ്ലാറ്റ്‌ഫോമുകളിലൂടെയും പഠനത്തിന് പ്രവേശനം ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ, ഓൺലൈൻ, ഓൺ-എയർ (പ്രക്ഷേപണ) വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങളെ ഏകോപിപ്പിക്കുന്ന സമഗ്ര പദ്ധതിയാണ് ‘പിഎം ഇ-വിദ്യ’ (PM e-VIDYA). സാങ്കേതികവിദ്യയുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭ്യാസസാമഗ്രികൾ കൂടുതൽ പഠിതാക്കളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ പഠിക്കുന്ന ഏകദേശം 25 കോടി വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

10.36 ലക്ഷം ഗവണ്മെൻ്റ് , എയ്ഡഡ് സ്കൂളുകളിലെ ബാലവാടികകളിലും ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലും പഠിക്കുന്ന 11.20 കോടി വിദ്യാർത്ഥികൾക്ക്, സ്കൂൾ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ പാകം ചെയ്ത ചൂടുള്ള ഉച്ചഭക്ഷണം നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ‘പിഎം പോഷൺ’ (PM POSHAN). വിദ്യാർത്ഥികൾക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കുന്നതിനൊപ്പം, സ്കൂളുകളിലെ വിദ്യാർത്ഥി പ്രവേശനം, ഹാജർ, പഠനത്തിൽ തുടരുന്നവരുടെ എണ്ണം എന്നിവ വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പോഷകാഹാരവും വിദ്യാഭ്യാസവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും വിദ്യാഭ്യാസത്തിലുള്ള അവരുടെ സ്ഥിരമായ പങ്കാളിത്തത്തിനും പിഎം പോഷൺ പിന്തുണ നൽകുന്നു.

ഈ സംരംഭങ്ങളെല്ലാം സംയുക്തമായി വിദ്യാർത്ഥികളുടെ പ്രവേശനം വർധിപ്പിക്കുന്നതിനും തുടർ പഠനം ഉറപ്പാക്കുന്നതിനും പഠനനേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുകൂലമായ വിദ്യാഭ്യാസാന്തരീക്ഷം സൃഷ്ടിക്കുന്നു. അതോടൊപ്പം, വിവിധ പ്രായങ്ങളിലെയും വിദ്യാഭ്യാസഘട്ടങ്ങളിലെയും പഠിതാക്കൾക്ക് സാക്ഷരതയും അടിസ്ഥാന വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനും മുതിർന്നവരുടെ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും ആജീവനാന്ത പഠനത്തിന് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇവ നിർണായകമായ പങ്ക് വഹിക്കുന്നു.

വികസിത ഇന്ത്യയ്ക്കും സുസ്ഥിര വികസനത്തിനും സാക്ഷരത

എല്ലാവർക്കും കൂടുതൽ നീതിപൂർവകവും സർവ്വാശ്ലേഷിയും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂടാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) പ്രദാനം ചെയ്യുന്നത്.   തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയും ആജീവനാന്ത പഠനത്തിനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവയ്ക്കുന്ന SDG 4-ൽ സാക്ഷരതയ്ക്കും വിദ്യാഭ്യാസത്തിനും നിർണായക സ്ഥാനമാണുള്ളത്. സാക്ഷരത ജിഡിപിയുമായും പ്രതിശീർഷ വരുമാനവുമായും ഭാവാത്മകമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ സാമ്പത്തിക വളർച്ചയ്ക്കും ദേശീയ വികസനത്തിനും സംഭാവന നൽകുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വികസിത ഇന്ത്യ എന്ന ദർശനം കൈവരിക്കുന്നതിന് സാക്ഷരരും, വിദ്യാസമ്പന്നരും, വൈദഗ്ധ്യമുള്ളവരുമായ ഒരു ജനത ആവശ്യമാണ്.

വിദ്യാഭ്യാസത്തിനപ്പുറം, സ്ത്രീശാക്തീകരണം, സമത്വം, സാമൂഹിക സർവ്വശേഷിത്വം, മനുഷ്യാവകാശങ്ങളുടെ സാക്ഷാത്കാരം എന്നിവയ്ക്ക് സാക്ഷരത ശക്തമായ അടിത്തറ ഒരുക്കുന്നു. അതോടൊപ്പം, തൊഴിൽക്ഷമതയും ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിനും നൂതനഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാക്ഷരത നിർണായക പങ്ക് വഹിക്കുന്നു. വിദ്യാഭ്യാസവും നൈപുണ്യവികസനവും വ്യക്തികളെ ഹരിത തൊഴിലുകളിൽ ഫലപ്രദമായി പങ്കാളികളാകാനും ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് പിന്തുണ നൽകാനും പരിസ്ഥിതി സുസ്ഥിരതയ്ക്ക് സംഭാവന ചെയ്യാനും പ്രാപ്തരാക്കുന്നു. അതിനാൽ, സാക്ഷരതയിലുണ്ടാകുന്ന പുരോഗതി സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ വിവിധ മേഖലകളിൽ ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കുകയും കൂടുതൽ സമഗ്രവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിന് ശക്തമായ അടിത്തറ പാകുകയും ചെയ്യുന്നു.

ഭാവിദർശനം: സമ്പൂർണ്ണ സാക്ഷരത  

സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച സാക്ഷരതാ മുന്നേറ്റം രാഷ്ട്രനിർമാണത്തിലും മാനവവികസനത്തിലും സാധ്യമായ ആഴത്തിലുള്ള പരിവർത്തനത്തിൻ്റെ   പ്രതിഫലനമാണ്. ഇന്ന് സാക്ഷരത കേവലം വായിക്കാനും എഴുതാനുമുള്ള ശേഷിയിൽ ഒതുങ്ങുന്നില്ല; മറിച്ച്, പഠനം തുടരാനും ഉപജീവനമാർഗങ്ങൾ കണ്ടെത്താനും വ്യക്തിശാക്തീകരണം സാധ്യമാക്കാനും സമൂഹത്തിൽ അർത്ഥവത്തായും സജീവമായും പങ്കാളികളാകാനും പ്രാപ്തരാക്കുന്ന അടിസ്ഥാന ശേഷിയായി അത് മാറിയിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ULLAS, NIPUN Bharat തുടങ്ങിയ പദ്ധതികൾ സാക്ഷരതയുടെ ഈ വിശാല കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും മുതൽ മുതിർന്നവരുടെ വിദ്യാഭ്യാസം, ആജീവനാന്ത പഠനം, ഭാവിയിലെ തൊഴിൽലോകത്തിന് ആവശ്യമായ നൈപുണ്യങ്ങൾ എന്നിവയിലേക്കുള്ള തുടർ പഠനസാധ്യതകൾക്ക് ഇവ ഊന്നൽ നൽകുന്നു. സുസ്ഥിര വികസന ലക്ഷ്യം 4 (SDG 4)-ന് അനുപൂരകമായ ഈ പ്രവർത്തനങ്ങൾ, സന്തുലിതവും സർവ്വാശ്ലേഷിയും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുന്നതിനും സമഗ്രവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന  ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, നിലവിലുള്ള സാക്ഷരതാ-വിദ്യാഭ്യാസ പദ്ധതികളുടെ ഫലപ്രദവും നിരന്തരവുമായ നിർവ്വഹണം അത്യന്താപേക്ഷിതമാണ്. പ്രാദേശികവും ലിംഗപരവുമായ അസമത്വങ്ങൾ പരിഹരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, സാക്ഷരതയുടെയും വിദ്യാഭ്യാസത്തിൻ്റെയും പ്രയോജനങ്ങൾ എല്ലാ സാമൂഹിക വിഭാഗങ്ങളിലേക്കും തുല്യമായി എത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാകും. സാക്ഷരരും വിദ്യാസമ്പന്നരും നൈപുണ്യമുള്ളവരും ശാക്തീകരിക്കപ്പെട്ടവരുമായ ഒരു ജനത, എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉത്പാദനക്ഷമവും സുസ്ഥിരവുമായ ‘വികസിത ഇന്ത്യ’ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറയായി മാറും.


സൂചനകൾ 

Ministry of Education

https://www.pib.gov.in/PressReleaseDetail.aspx?PRID=2282525&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2049494&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1882765&reg=48&lang=2

https://ullas.education.gov.in/nilp/about-us

https://static.pib.gov.in/WriteReadData/specificdocs/documents/2021/jul/doc20217531.pdf

https://aicte.gov.in/sites/default/files/nep2020.pdf

https://www.pib.gov.in/PressReleaseIframePage.aspx?PRID=1805881&reg=48&lang=2

https://www.pib.gov.in/Pressreleaseshare.aspx?PRID=1911807&reg=48&lang=2

https://udiseplus.gov.in/#/en/page/publications

https://cdnbbsr.s3waas.gov.in/s392049debbe566ca5782a3045cf300a3c/uploads/2025/06/202506041473712372.pdf

https://cdnbbsr.s3waas.gov.in/s392049debbe566ca5782a3045cf300a3c/uploads/2026/07/202607131602421770.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2291330&reg=48&lang=2

https://www.dsel-education.gov.in/offerings/initiative/details/pm-e-vidya-IDOyMTMtQWa

https://www.pib.gov.in/PressReleasePage.aspx?PRID=2120666&reg=48&lang=2

 

MOSPI

https://www.mospi.gov.in/sites/default/files/reports_and_publication/cso_social_statices_division/Chapter_3_2014.pdfhttps://www.mospi.gov.in/uploads/publications_reports/publications_reports1780040415321_0624fb13-fb47-40bc-b470-7c7e9635c3ef_PLFS_2025_F_REV_29052026.pdf

 

NITI Aayog

https://www.niti.gov.in/sites/default/files/2026-05/School-Education-System-in-India.pdf

 

PIB Backgrounder

https://www.pib.gov.in/FactsheetDetails.aspx?Id=150983&reg=48&lang=1

https://www.pib.gov.in/PressNoteDetails.aspx?id=159901&NoteId=159901&ModuleId=3&reg=3&lang=1

 

UNESCO

https://www.unesco.org/en/days/literacy

https://unesdoc.unesco.org/ark:/48223/pf0000399013

Literacy for All

*****

(तथ्य सामग्री आईडी: 151056) आगंतुक पटल : 4


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Bengali , Kannada , Urdu