• Sitemap
  • Advance Search
Economy

ഓരോ പർച്ചേസും അമൂല്യമാകുന്ന ഇടം

प्रविष्टि तिथि: 08 AUG 2026 16:32 PM

ഡിജിറ്റൽ ഭരണത്തിലൂടെ പൊതു സംഭരണത്തെ മാറ്റിമറിക്കുന്നു

യന്ത്രവത്കൃതമല്ലാത്തതും ചിതറിക്കിടന്നതുമായ പ്രക്രിയകൾക്ക് പകരം സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചുകൊണ്ട് ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) പൊതു സംഭരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സംഭരണത്തിന്റെ മുഴുവൻ ഘട്ടങ്ങളെയും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ഇടപാട് ചെലവുകൾ കുറയ്ക്കുന്നതിനൊപ്പം കാര്യക്ഷമത, സുതാര്യത, ഉത്തരാവാദിത്തം എന്നിവ വർധിപ്പിക്കാനും GeM-ന് സാധിച്ചു. എം.എസ്.ഇ-കൾ, സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സംരംഭങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക പദ്ധതികൾ ഗവൺമെന്റ് വിപണികളിലേക്കുള്ള പ്രവേശനം കൂടുതൽ വിപുലമാക്കുകയും സംഭരണ പ്രക്രിയയെ എല്ലാവരെയും ഉൾക്കൊള്ളുന്നതാക്കി മാറ്റുകയും ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ സംഭരണ മേഖലയുടെ പ്രധാന സ്തംഭങ്ങളിലൊന്നായ GeM ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത്, ബിസിനസ്സ് സുഗമമാക്കൽ എന്നിവയ്ക്ക് ശക്തമായ പിന്തുണ നൽകുന്നു.

ഡിജിറ്റൽ യുഗത്തിലെ പൊതു സംഭരണം

വിവിധ മേഖലകളിലായി ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് ഗവൺമെന്റ് വാങ്ങുന്നത്. വൈദ്യശാസ്ത്ര ഉപകരണങ്ങളും ക്ലാസ് റൂം ഫർണിച്ചറുകളും മുതൽ ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ പരിഹാരങ്ങളും വരെ പൊതു ഭരണത്തിന്റെ ഏതാണ്ട് എല്ലാ വശങ്ങളെയും സംഭരണ പ്രക്രിയ പിന്തുണയ്ക്കുന്നു.

പരമ്പരാഗത സംഭരണ രീതികളിൽ വളരെയധികം കടലാസ് ജോലികളും നിരവധി അനുമതികളും ദൈർഘ്യമേറിയ ടെൻഡറിംഗ് പ്രക്രിയകളും ഉൾപ്പെട്ടിരുന്നതിനാൽ അത് കാര്യക്ഷമതയെയും സുതാര്യതയെയും പരിമിതപ്പെടുത്തിയിരുന്നു. ഈ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിനായി 2016 ഓഗസ്റ്റ് ഒമ്പതിനാണ് ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) ഗവൺമെന്റ് ആരംഭിച്ചത്.

പരമ്പരാഗത സംഭരണ രീതിയിൽ നിന്ന് ഒരു ഡിജിറ്റൽ മാർക്കറ്റ്‌പ്ലേസിലേക്ക്

പൊതു സംഭരണ രംഗത്തെ വിപ്ലവകരമായ ഒരു പരിഷ്കാരമായി വിഭാവനം ചെയ്ത GeM സമഗ്രമായ ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. സുരക്ഷിതവും കടലാസുരഹിതവും പണരഹിതവും സമ്പർക്കരഹിതവുമായ ഒരു സംവിധാനത്തിലൂടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങാൻ ഇത് ഗവൺമെന്റ് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. ഇത് ഉപഭോക്താക്കളെയും വിൽപനക്കാരെയും ഒരു പൊതു ഓൺലൈൻ വിപണിയിൽ ഒന്നിച്ചു കൊണ്ടുവരികയും സംഭരണ പ്രക്രിയയെ കൂടുതൽ സുതാര്യവും കാര്യക്ഷമവും മത്സരശേഷിയുള്ളതുമാക്കുകയും ചെയ്യുന്നു.

അമേരിക്ക, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ പൊതു സംഭരണ രീതികൾ ഉൾപ്പെടെയുള്ള ആഗോളതലത്തിലെ മികച്ച മാതൃകകൾ പഠിച്ച ശേഷമാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. സംഭരണ പ്രക്രിയ ലളിതമാക്കുന്നതിനും മാനദണ്ഡമാക്കുന്നതിനും ഇത് ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ ഭേദഗതികളിലൂടെ ഇതിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കി. ഇത് പ്ലാറ്റ്‌ഫോം വഴി സാധനങ്ങൾ വാങ്ങാൻ ഗവൺമെന്റ് സ്ഥാപനങ്ങളെ പ്രാപ്തരാക്കി.

കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, സഹകരണ സംഘങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി ഗവൺമെന്റ് ഉപഭോക്താക്കൾക്ക് GeM സേവനം നൽകുന്നു. വിൽപനക്കാരുടെ രജിസ്ട്രേഷൻ, ഉൽപ്പന്നങ്ങളുടെ പട്ടികപ്പെടുത്തൽ എന്നിവ മുതൽ ലേലം വിളി, കരാർ നൽകൽ, ഓർഡറുകൾ പൂർത്തിയാക്കൽ, പണമടയ്ക്കൽ വരെയുള്ള സംഭരണത്തിന്റെ മുഴുവൻ ഘട്ടങ്ങളെയും ഈ പ്ലാറ്റ്‌ഫോം ഡിജിറ്റൈസ് ചെയ്യുന്നു. ഇത് ഉയർന്ന സുതാര്യതയും ഉത്തരാവാദിത്തവും ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പവും ഉറപ്പാക്കുന്നു.

GeM-ന്റെ സംരംഭങ്ങൾ, നൂതനാശയങ്ങൾ, സ്വാധീനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം - https://www.pib.gov.in/PressNoteDetails.aspx?NoteId=156653&ModuleId=3&reg=3&lang=1

സുതാര്യമായ ഒരു സംഭരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു

സുതാര്യതയാണ് GeM-ന്റെ സംഭരണ ചട്ടക്കൂടിന്റെ കേന്ദ്രബിന്ദു. ഈ പ്ലാറ്റ്‌ഫോം ന്യായമായ മത്സരവും മാനദണ്ഡമാക്കിയ പ്രക്രിയകളും ഗവൺമെന്റ് സംഭരണത്തിലുടനീളം വിവരശേഖരണത്തെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളെടുക്കൽ സാധ്യമാക്കുന്നു. ഗവൺമെന്റ് ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് നേരിട്ടുള്ള വാങ്ങൽ, താരതമ്യം ചെയ്യൽ, ഇലക്ട്രോണിക് ബിഡ്ഡിംഗ്, റിവേഴ്‌സ് ലേലം എന്നിവയിലൂടെ സാധനങ്ങൾ വാങ്ങാം. ഡിജിറ്റൽ റെക്കോർഡുകൾ, തത്സമയ നിരീക്ഷണം, ഓട്ടോമേറ്റഡ് പ്രവർത്തനരീതികൾ എന്നിവ വ്യക്തിഗത തീരുമാനങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതിനൊപ്പം ഉത്തരാവാദിത്തം വർധിപ്പിക്കുകയും ചെയ്യുന്നു.

കൃത്യമായ വിവരങ്ങളോടെ തീരുമാനങ്ങൾ എടുക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി വിവരശേഖരണത്തിലധിഷ്ഠിതമായ ടൂളുകളും സംയോജിത സേവനങ്ങളും GeM വാഗ്ദാനം ചെയ്യുന്നു.

നിങ്ങൾക്കറിയാമോ?

കേന്ദ്ര സൈനികകാര്യ വകുപ്പ് 2026 ഓഗസ്റ്റ് 6 വരെയുള്ള കണക്കനുസരിച്ച് മൊത്തം വ്യാപാരാധിഷ്ഠിത മൂല്യത്തിൽ (GMV) 1.35 ലക്ഷം കോടി രൂപ പിന്നിട്ടു.

2026 ഓഗസ്റ്റ് 6 വരെയുള്ള കണക്കനുസരിച്ച് GeM-ന്റെ മൊത്തം വ്യാപാരാധിഷ്ഠിത മൂല്യത്തിന്റെ (GMV) 14.93 ശതമാനത്തിലധികം സംഭാവന ചെയ്തത് പ്രതിരോധ സംഭരണമാണ്.

  • GeM-ന് പുറത്തുനിന്ന് സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് ഉൽപ്പന്നങ്ങളുടെ ലഭ്യതയും മുൻകാല സംഭരണ പ്രവണതകളും വിലയിരുത്താൻ ഉപഭോക്താക്കൾക്ക് GeM അവെയ്‌ലബിലിറ്റി റിപ്പോർട്ടും പാസ്റ്റ് ട്രാൻസാക്ഷൻ സമ്മറിയും പ്രയോജനപ്പെടുത്താം.
  • ബിസിനസ്സ് അനലിറ്റിക്സ് സവിശേഷതകൾ അവസാന വാങ്ങൽ വില, വിലയിലെ മാറ്റങ്ങൾ, വകുപ്പിന്റെ മുൻകാല സംഭരണ ചരിത്രം തുടങ്ങിയ വിവരങ്ങൾ നൽകുന്നു. ഇത് കൂടുതൽ അറിവോടെയും ചെലവ് കുറഞ്ഞതുമായ സംഭരണ തീരുമാനങ്ങളെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.
  • സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലുമായുള്ള (CPPP) സംയോജനം, രാജ്യത്തുടനീളം നടക്കുന്ന വിവിധ സംഭരണങ്ങളുമായി ബന്ധപ്പെട്ട ഗവൺമെന്റ് ടെൻഡർ വിവരങ്ങൾ ഒരൊറ്റ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നു.
  • കൂടുതൽ ഏകീകൃതവും പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കുന്നതുമായ ഒരു പൊതു സംഭരണ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി ഇന്റർനാഷണൽ/ഇന്ത്യൻ റെയിൽവേ ഇലക്ട്രോണിക് പ്രൊക്യുർമെന്റ് സിസ്റ്റത്തിന്റെയും (IREPS) ഡിഫൻസ് പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലിന്റെയും (DPPP) സേവനങ്ങൾ GeM-മായി സംയോജിപ്പിച്ചുവരികയാണ്.

പൊതു സംഭരണത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്നു

GeM 1.37 ലക്ഷത്തിലധികം ഗവൺമെന്റ് ഉപഭോക്തൃ സ്ഥാപനങ്ങളെ 25 ലക്ഷത്തോടടുത്ത് വിൽപനക്കാരുമായും സേവന ദാതാക്കളുമായും ബന്ധിപ്പിക്കുകയും ഇതുവരെയായി 20 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള മൊത്തം സംഭരണം സാധ്യമാക്കുകയും ചെയ്യുന്നു.

ഇടപാടുകൾ സുഗമമാക്കുന്നതിനപ്പുറം ഇന്ത്യയുടെ ഡിജിറ്റൽ സംഭരണ മേഖലയുടെ ഒരു പ്രധാന ഘടകമായി GeM മാറിയിരിക്കുന്നു. ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്നിവയ്ക്ക് ഈ പ്ലാറ്റ്‌ഫോം പിന്തുണ നൽകുന്നു. 10,660-ലധികം ഉൽപ്പന്ന വിഭാഗങ്ങളും 350-ലധികം സേവന വിഭാഗങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ഡിജിറ്റൽ മാർക്കറ്റ്‌പ്ലേസ് ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് ഗവൺമെന്റിന്റെ വിവിധ സംഭരണ ആവശ്യകതകൾ നിറവേറ്റുന്നു. ഗതാഗതം, കാറ്ററിംഗ്, വാഹനം വാടകയ്‌ക്കെടുക്കൽ, മനുഷ്യവിഭവശേഷി സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം മെഡിക്കൽ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, കമ്പ്യൂട്ടറുകൾ, അഗ്നിശമന സുരക്ഷാ ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയും ഈ വിപണിയിൽ ഉൾപ്പെടുന്നു. വിവിധ സംഭരണ രീതികൾ, സംയോജിത പണമടയ്ക്കൽ സംവിധാനങ്ങൾ, ഓൺലൈൻ കരാർ നിർമ്മാണം എന്നിവ സുതാര്യവും കാര്യക്ഷമവും പൂർണ്ണവുമായ ഡിജിറ്റൽ സംഭരണം ഉറപ്പാക്കുന്നു.

നയപരിഷ്കാരങ്ങൾ, സാങ്കേതികവിദ്യ നവീകരണം, തന്ത്രപ്രധായ പങ്കാളിത്തങ്ങൾ എന്നിവയിലൂടെ GeM നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ആവർത്തിച്ചുള്ള വാങ്ങലുകൾക്കായുള്ള നിരക്ക് കരാറുകളും (Rate Contracts) വിൽപനക്കാർക്കുള്ള കരുതൽ ധന (Caution Money) ആവശ്യകത ഒഴിവാക്കിയതും സമീപകാലത്തെ ചില പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു. ഈ പരിഷ്കാരങ്ങൾ സംഭരണ പ്രക്രിയ ലളിതമാക്കുകയും ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം മെച്ചപ്പെടുത്തുകയും ചെയ്തു.

GeM മേഖലയെ ശക്തിപ്പെടുത്തുന്ന പങ്കാളിത്തങ്ങൾ

പൊതു സംഭരണം കൂടുതൽ നൂതനവും സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കുന്നതിനായി GeM ഗവൺമെന്റ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ, അന്താരാഷ്ട്ര ഏജൻസികൾ എന്നിവയുമായി തന്ത്രപ്രധാന പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്.

  • നൂതനാശയങ്ങൾ: സ്പേസ്-ടെക് സംഭരണത്തിനായി ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററുമായും (IN-SPACe) ഡ്രോൺ സംഭരണത്തിനായി ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയുമായും (DFI) 2025 ഏപ്രിലിൽ GeM പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
  • ധനകാര്യം: GeMSahay സംരംഭത്തിന് കീഴിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തം രജിസ്റ്റർ ചെയ്ത വിൽപനക്കാർക്കും സേവന ദാതാക്കൾക്കും ഈടില്ലാത്ത പ്രവർത്തന മൂലധനം ലഭ്യമാക്കുന്നത് മെച്ചപ്പെടുത്തുന്നു.

GeMSahay

GeM-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ പ്രൊപ്രൈറ്റർഷിപ്പ് വിൽപനക്കാർക്ക് തൽക്ഷണവും ഈടില്ലാത്തതുമായ പ്രവർത്തന മൂലധന വായ്പകൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക മൊബൈൽ ആപ്പാണ് GeM സഹായ്. ഉപഭോക്താവിന്റെ സമ്മതം ആവശ്യമില്ലാതെ തന്നെ വേഗത്തിലുള്ളതും കടലാസുരഹിതവുമായ വായ്പ ലഭ്യത ഇത് സാധ്യമാക്കുന്നു, ഇത് ഗവൺമെന്റ് ഓർഡറുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ വിൽപനക്കാരെ സഹായിക്കുന്നു.

  • ശേഷി വർധനവ്: അരുൺ ജെയ്റ്റ്‌ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (AJNIFM), കെയർഎഡ്ജ് റേറ്റിംഗ്സ് (CareEdge Ratings), നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസ് (NCGG), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (IIPA) എന്നിവയുമായുള്ള ധാരണാപത്രങ്ങൾ പൊതു സംഭരണത്തിലെ ഗവേഷണം, പരിശീലനം, അറിവ് പങ്കുവെക്കൽ, നയരൂപീകരണം എന്നിവയെ പിന്തുണയ്ക്കുന്നു.
  • നിയമാനുസരണം: മാൻപവർ ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങളിലെ സുതാര്യത വർധിപ്പിക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നത് ശക്തമാക്കുന്നതിനും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (EPFO) സംയോജനം നടത്തി.
  • എല്ലാവരെയും ഉൾച്ചേർക്കൽ: യുഎൻ വിമൻ സംഘടനയുമായുള്ള പങ്കാളിത്തം വുമനിയ സംരംഭത്തിലൂടെ വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ലിംഗസമത്വവും എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ പൊതു സംഭരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സ്ത്രീകൾ, സ്റ്റാർട്ടപ്പുകൾ, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സംരംഭകർ എന്നിവരുടെ ശാക്തീകരണം

ഗവൺമെന്റ് സംഭരണത്തിലേക്കുള്ള ഏറ്റവും അവസാനത്തെ വ്യക്തിയിലേക്കും പ്രവേശനം ശക്തമാക്കുന്നതിനായി 2026 ജൂണിൽ GeM കോമൺ സർവീസ് സെന്റർ ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡുമായി (CSC-SPV) പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഈ പങ്കാളിത്തത്തിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പരീക്ഷണാടിസ്ഥാനത്തിൽ 50 GeM സുവിധ കേന്ദ്രങ്ങൾ സ്ഥാപിക്കും.

GeM സുവിധ കേന്ദ്രങ്ങൾ പ്രാദേശിക പിന്തുണയോടെ അവബോധം, വിൽപനക്കാരുടെ രജിസ്ട്രേഷൻ, വെണ്ടർ വിലയിരുത്തൽ, കാറ്റലോഗ് നിർമ്മാണം, ശേഷി വർധനവ്, പരാതിപരിഹാരം എന്നിവ നൽകുന്നു. എം.എസ്.ഇ-കൾ, വനിതകൾ, എസ്‌സി/എസ്ടി സംരംഭകർ, സ്റ്റാർട്ടപ്പുകൾ, കരകൗശലവിദ​ഗ്ധ‍ർ, നെയ്ത്തുകാർ, സ്വയം സഹായ സംഘങ്ങൾ, പ്രാദേശിക നിർമ്മാതാക്കൾ എന്നിവരുടെ ഗവൺമെന്റ് സംഭരണത്തിലെ പങ്കാളിത്തം വർധിപ്പിക്കുകയാണ് ഇവ ലക്ഷ്യമിടുന്നത്.

GeM വഴി എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച (2025-26)

ഗവൺമെന്റ് സംഭരണത്തിൽ സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പങ്കാളിത്തം സാധ്യമാക്കിക്കൊണ്ട് പരമ്പരാഗതമായി കുറഞ്ഞ പ്രാതിനിധ്യമുള്ള വിഭാഗങ്ങൾക്ക് വിപണിപ്രവേശനം വിപുലീകരിക്കാൻ ഈ പ്ലാറ്റ്‌ഫോമിന് കഴിഞ്ഞു.

  • മൈക്രോ, സ്മോൾ എന്റർപ്രൈസസ് (MSE): 11 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത എം.എസ്.ഇ-കൾ 2.36 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 51 ലക്ഷത്തിലധികം ഓർഡറുകൾ പൂർത്തിയാക്കി.
  • വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങൾ: രജിസ്റ്റർ ചെയ്ത 2.1 ലക്ഷത്തിലധികം വനിതാ നേതൃത്വത്തിലുള്ള എം.എസ്.ഇ-കൾ 28,000 കോടി രൂപയിലധികം മൂല്യമുള്ള സംഭരണം സ്വന്തമാക്കി.
  • എസ്‌സി/എസ്ടി സംരംഭങ്ങൾ: സംഭരണം 6,000 കോടി രൂപ കടന്നു. ഏകദേശം 28% വാർഷിക വളർച്ച രേഖപ്പെടുത്തി.
  • സ്റ്റാർട്ടപ്പുകൾ: സംഭരണം 19,000 കോടി രൂപ കടന്നു, 36% ലധികം വാർഷിക വളർച്ച രേഖപ്പെടുത്തി.

എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തം ശക്തമാക്കുന്നതിനായി സ്വായത്ത് (SWAYATT), സ്റ്റാർട്ടപ്പ് റൺവേ 2.0, വുമനിയ, സരസ് കളക്ഷൻ എന്നിവയുൾപ്പെടെയുള്ള പ്രത്യേക സംരംഭങ്ങൾക്ക് GeM തുടക്കമിട്ടു. ഈ സംരംഭങ്ങൾ സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങൾ (SHG), കരകൗശലവിദ​ഗ്ധ‍ർ, അർഹമായ പരിഗണന ലഭിക്കാത്ത മറ്റ് വിഭാഗങ്ങൾ എന്നിവർക്ക് വിപണിപ്രവേശനം മെച്ചപ്പെടുത്തുന്നു.

സ്വായത്ത് (SWAYATT): എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതു സംഭരണത്തെ പ്രോത്സാഹിപ്പിക്കുന്ന GeM-ന്റെ പ്രധാന സംരംഭമാണ് സ്വായത്ത് (സ്റ്റാർട്ടപ്സ്, വിമൻ ആൻഡ് യൂത്ത് അഡ്വാന്റേജ് ത്രൂ ഇ-ട്രാൻസാക്ഷൻസ്). ഗവൺമെന്റ് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ ഇത് സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, എം.എസ്.ഇ-കൾ, സ്വയം സഹായ സംഘങ്ങൾ എന്നിവരെ പ്രാപ്തരാക്കുന്നു.

വുമനിയ: വനിതാ സംരംഭകരും വനിതാ സ്വയം സഹായ സംഘങ്ങളും (WSHG) നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഈ സംരംഭം GeM-ൽ പ്രദർശിപ്പിക്കുന്നു. ഗവൺമെന്റ് സംഭരണ അവസരങ്ങൾ പ്രയോജനപ്പെടുത്താനും വിപണി വിപുലീകരിക്കാനും ഇത് അവരെ സഹായിക്കുന്നു. വുമനിയയെക്കുറിച്ച് കൂടുതൽ അറിയാം - https://www.pib.gov.in/PressNoteDetails.aspx?NoteId=158580&ModuleId=3&reg=48&lang=2

സരസ് കളക്ഷൻ: ഒരു പ്രത്യേക മാർക്കറ്റ്‌പ്ലേസ് വിഭാഗത്തിന് കീഴിൽ ഗ്രാമീണ സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ദിനചര്യ ഉൽപ്പന്നങ്ങൾ സരസ് കളക്ഷൻ പ്രദർശിപ്പിക്കുന്നു, കൂടാതെ ഗ്രാമീണ മേഖലയിലെ സ്വയം സഹായ സംഘങ്ങൾക്ക് കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ഉപഭോക്താക്കളിലേക്ക് വിപണിപ്രവേശനം നൽകാനും ഇത് ലക്ഷ്യമിടുന്നു.

സ്റ്റാർട്ടപ്പ് റൺവേ 2.0: സ്റ്റാർട്ടപ്പുകൾക്ക് അവയുടെ നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും ഗവൺമെന്റ് ഉപഭോക്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനും പൊതു സംഭരണത്തിൽ പങ്കാളികളാകുന്നതിനും ഇത് ഒരു പ്രത്യേക വിപണി വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ മികച്ച പൊതു സംഭരണത്തിലേക്ക്

GeM അതിന്റെ 11-ാം വർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ മികച്ചതും സംയോജിതവുമായ ഒരു പൊതു സംഭരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് ഊന്നൽ നൽകുന്നത്. നിർമ്മിത ബുദ്ധിയും വിപുലമായ പങ്കാളിത്തവും സുതാര്യത, കാര്യക്ഷമത, ഭരണനിർവഹണം എന്നിവയെ കൂടുതൽ ശക്തമാക്കും. ഗവൺമെന്റ് ആവശ്യകതകളെ പ്രാദേശിക സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ വോക്കൽ ഫോർ ലോക്കൽ, മെയ്ക്ക് ഇൻ ഇന്ത്യ, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച എന്നിവയെ GeM മുന്നോട്ട് കൊണ്ടുപോകുന്നു. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും സ്വയംപര്യാപ്തവുമായ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയെ GeM പിന്തുണയ്ക്കുന്നത് തുടരുന്നു.

അവലംബം

 

Ministry of Commerce & Industry

https://www.pib.gov.in/PressReleasePage.aspx?PRID=2201284&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2274872&reg=3&lang=1

https://doe.gov.in/files/circulars_document/FInal_GFR_upto_31_07_2024.pdf

https://assets-bg.gem.gov.in/resources/upload/shared_doc/gem-chronicle-december-2025-edition_1766729032.pdf

https://eprocure.gov.in/cppp/newsletterdisp/kbadqkdlcswfjdelrquehwuxcfmijmuixngudufgbuubgubfugbububjxcgfvsbdihbgfGhdfgFHytyhRtNjI2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1897442&reg=48&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2021/mar/doc202131041.pdf

 

PIB Archives

https://www.pib.gov.in/PressNoteDetails.aspx?NoteId=156611&ModuleId=3&reg=3&lang=1

https://www.pib.gov.in/factsheetdetails.aspx?id=148586&reg=48&lang=2

Click here to see PDF

***

SK

(तथ्य सामग्री आईडी: 150816) आगंतुक पटल : 12


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Bengali , Assamese , Telugu , Kannada