• Sitemap
  • Advance Search
Economy

സേവന ഉത്പാദന സൂചിക

प्रविष्टि तिथि: 14 JUL 2026 21:01 PM

ഇന്ത്യന്‍ സേവന സമ്പദ്വ്യവസ്ഥയുടെ സ്പന്ദനങ്ങള്‍ അളക്കാനുള്ള സൂചിക
 

സേവന ഉത്പാദന സൂചിക: സേവന മേഖലയുടെ പ്രകടനത്തിലേക്ക് തുറക്കുന്ന ജാലകം

കഴിഞ്ഞ ഒരു ദശകത്തിനിടെ, സ്ഥിതിവിവരക്കണക്കുകളുടെയും ഭരണപരമായ ഡാറ്റയുടെയും ശേഖരണത്തിനും പരിപാലനത്തിനുമുള്ള സംവിധാനങ്ങള്‍ ഇന്ത്യ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന ആവൃത്തിയിലുള്ള ചരക്ക് സേവന നികുതി (GST) ഡാറ്റയുടെ ലഭ്യത, ഇന്‍കോര്‍പ്പറേറ്റഡ് സര്‍വീസസ് സെക്ടര്‍ എന്റര്‍പ്രൈസസിന്റെ വാര്‍ഷിക സര്‍വേയുടെ (ASISSE) സമാരംഭം, ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റാബേസുകളുടെ വിപുലീകരണം എന്നിവ പ്രധാന സംഭവവികാസങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രാമാണികമായ നയരൂപീകരണം സാധ്യമാക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തെക്കുറിച്ച് വ്യക്തമായ ധാരണ കൈവരിക്കുന്നതിനും ഇത് സഹായിക്കുന്നു.
 
ഈ പരിഷ്‌കാരങ്ങളെ അടിസ്ഥാനമാക്കി, സേവന മേഖലയുടെ പ്രകടനം അളക്കുന്ന ഒരു പുതിയ സാമ്പത്തിക സൂചകമായ സേവന ഉത്പാദന സൂചിക (ISP) സര്‍ക്കാര്‍ അവതരിപ്പിച്ചു. സേവന മേഖലയുടെ  ഉത്പാദനം പതിവായി നിരീക്ഷിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇന്ത്യയിലെ ആദ്യ ഹൈ-ഫ്രീക്വന്‍സി സൂചികയാണിത്. ഒരു നിശ്ചിത അടിസ്ഥാന വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഔപചാരിക സേവന മേഖല ഉത്പാദിപ്പിക്കുന്ന സേവനങ്ങളുടെ അളവിലുള്ള ഹ്രസ്വകാല പരിവര്‍ത്തനങ്ങളടക്കം ISP നിരീക്ഷിക്കുന്നു.  

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവന നല്‍കുന്നത് സേവന മേഖലയാണെന്നിരിക്കെ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും, ദേശീയ അക്കൗണ്ട് എസ്റ്റിമേഷന്റെ കൃത്യത മെച്ചപ്പെടുത്തുന്നതിനും, അവബോധപൂര്‍ണ്ണമായ നയ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതിനും സേവന ഉത്പാദന സൂചിക (ISP) സഹായകമാകും.

ആദ്യ പതിപ്പ്: പരീക്ഷണാത്മക സേവന ഉത്പാദന സൂചിക  

ഇന്ത്യയുടെ സേവന മേഖലയുടെ ഏകദേശം 60% വരുന്ന 19 സേവന ഉപമേഖലകളെ ഉള്‍പ്പെടുത്തി, 2026 ഏപ്രിലില്‍ സേവന ഉത്പാദന സൂചികയുടെ (ISP) ആദ്യ പരീക്ഷണ പതിപ്പ് സര്‍ക്കാര്‍ പുറത്തിറക്കി.

19 ഉപമേഖലകളില്‍ 14 എണ്ണം 2025 ഏപ്രിലിനെ അപേക്ഷിച്ച് 2026 ഏപ്രിലില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി.

ശക്തമായ പ്രതിമാസ വളര്‍ച്ചയുള്ള മികച്ച 5 ഉപമേഖലകളില്‍ താമസവും ഭക്ഷണവും (37.2%), ചില്ലറ വ്യാപാരം (30.8%), ഭരണപരവും പിന്തുണാ സേവനങ്ങളും (28.7%), റിയല്‍ എസ്റ്റേറ്റ് (27.7%), ടെലികമ്മ്യൂണിക്കേഷന്‍സ് (22.8%) എന്നിവ ഉള്‍പ്പെടുന്നു.

2025-26 ല്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച കൈവരിച്ച അഞ്ച് സേവന ഉപമേഖലകള്‍ താമസവും ഭക്ഷണവും (35.6%), ചില്ലറ വ്യാപാരം (30.5%), അറ്റകുറ്റപ്പണി സേവനങ്ങള്‍ (25.1%), മൊത്ത വ്യാപാരം (23.6%), റോഡ് ഗതാഗതം (22.6%) എന്നിവയായിരുന്നു.

സൂചികയുടെ പ്രധാന സവിശേഷതകള്‍

സേവന ഉത്പാദന സൂചിക (ISP) അവതരിപ്പിച്ചതോടെ, ആഗോള മാനദണ്ഡങ്ങള്‍ക്കനുപൂരകമായി സ്വന്തം സ്ഥിതിവിവരക്കണക്ക് സംവിധാനത്തെ ഇന്ത്യ മുന്നോട്ട് നയിക്കുന്നു. സൂചികയുടെ ചില പ്രധാന സവിശേഷതകളില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:

സേവന ഉത്പാദന സൂചികയുടെ (ISP) അടിസ്ഥാന വര്‍ഷമായി 2024-25 വര്‍ഷത്തെ തിരഞ്ഞെടുത്തു, ഇത് 2024 അടിസ്ഥാന വര്‍ഷമായി ഉപയോഗിക്കുന്ന പുതിയ ഉപഭോക്തൃ വില സൂചിക (CPI) ഉള്‍പ്പെടെയുള്ള മറ്റ് സാമ്പത്തിക സൂചകങ്ങള്‍ക്ക് അനുപൂരകമാണ്.

സേവന ഉത്പാദന സൂചികയുടെ (ISP) പ്രധാന ഉപയോക്താക്കളില്‍ ദേശീയ അക്കൗണ്ട്‌സ് അതോറിറ്റികള്‍, സാമ്പത്തിക മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഗവേഷകര്‍, വിശകലനത്തിനും തീരുമാനമെടുക്കലിനും ഡാറ്റ ഉപയോഗിക്കുന്ന വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവ ഉള്‍പ്പെടുന്നു.
 
ട്രയല്‍ ഇന്‍ഡെക്‌സ് ഓഫ് സര്‍വീസസ് പ്രൊഡക്ഷന്‍ (ISP) എല്ലാ മാസവും ഏകദേശം 60 ദിവസത്തിനകം പുറത്തിറക്കും, കൂടാതെ ഡാറ്റ ഓരോ മാസവും 29-ാം തീയതി-29-ാം തീയതി അവധി ദിവസമാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം -പ്രസിദ്ധീകരിക്കും.

നിലവില്‍, സേവന ഉത്പാദന സൂചിക (ISP) സമാഹരിക്കുമ്പോള്‍ വിലയിലെ മാറ്റങ്ങള്‍ ക്രമീകരിക്കുന്നതിന് വ്യത്യസ്ത പ്രൈസ് ഡിഫ്‌ലേറ്ററുകള്‍ ഉപയോഗിക്കുന്നു.

മൊത്ത വ്യാപാരത്തിന് മൊത്തവില വില സൂചിക (WPI) ഉപയോഗിക്കുന്നു.

മറ്റ് മിക്ക മേഖലകള്‍ക്കും, പ്രസക്തമായ ഉപഭോക്തൃ വില സൂചിക (CPI) അല്ലെങ്കില്‍ ഏറ്റവും അനുപൂരകമായ CPI ഉപയോഗിക്കുന്നു.

സേവന ഉത്പാദന സൂചിക (ISP) സമാഹരിക്കുമ്പോള്‍, അറ്റകുറ്റപ്പണി, പരിപാലന സേവനങ്ങള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ ഉപഭോക്തൃ വില സൂചിക (CPI) - ജനറല്‍ ഉപയോഗിക്കുന്നു.

വിലയിലെ മാറ്റങ്ങള്‍ അളക്കുന്നതിന് ഒരു പ്രത്യേക ഉപഭോക്തൃ വില സൂചിക ലഭ്യമല്ലാത്ത മേഖലകളിലാണ് ഉപഭോക്തൃ വില സൂചിക (CPI) - സേവനങ്ങള്‍ ഉപയോഗിക്കുന്നത്.

ഡിഫ്‌ലേറ്ററിന്റെ ആവശ്യകത

ഉത്പാദിപ്പിക്കുന്ന സേവനങ്ങളുടെ അളവിലുള്ള ഹ്രസ്വകാല മാറ്റങ്ങള്‍ സേവന ഉത്പാദന സൂചിക (ISP) അളക്കുന്നു. സേവന മേഖലയിലെ ഡാറ്റ സാധാരണയായി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ശേഖരിക്കുന്നത്, അതിനാല്‍ വിലയിലെ മാറ്റങ്ങളുടെയും യഥാര്‍ത്ഥ മൂല്യവര്‍ദ്ധനവിന്റെയും സംയോജിത ആഘാതം അത് പ്രതിഫലിപ്പിക്കുന്നു. റിപ്പോര്‍ട്ട് ചെയ്ത സേവന വരുമാനത്തില്‍ നിന്ന് വിലയിലെ മാറ്റങ്ങളുടെ പ്രഭാവം നീക്കം ചെയ്യുന്നതിനും സേവന ഉത്പാദനത്തിലെ യഥാര്‍ത്ഥ വളര്‍ച്ച അളക്കുന്നതിനും പ്രൈസ് ഡിഫ്‌ലേറ്റര്‍ അനിവാര്യമാണ്.

പ്രൈസ് ഡിഫ്‌ലേറ്റര്‍ 'മൂല്യം അടിസ്ഥാനമാക്കിയുള്ള' (നാമമാത്രമായ) ഡാറ്റയെ 'വോളിയം അടിസ്ഥാനമാക്കിയുള്ള' (യഥാര്‍ത്ഥ) ഡാറ്റയാക്കി മാറ്റുന്നു, ഇത് കാലക്രമേണ ഉത്പാദനത്തിലെ യഥാര്‍ത്ഥ മാറ്റങ്ങളുടെ കൃത്യമായ ചിത്രം നല്‍കുന്നു.

ഇന്ത്യയ്ക്കായി ISP ചട്ടക്കൂട് കെട്ടിപ്പടുക്കുന്നു

സേവന ഉത്പാദന സൂചികയുടെ (ISP) ആശയപരവും രീതിശാസ്ത്രപരവുമായ ചട്ടക്കൂട് രൂപകല്‍പ്പന ചെയ്യുന്നതിനായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (MoSPI) 2025 മെയ് മാസത്തില്‍ ഒരു സാങ്കേതിക ഉപദേശക സമിതി (TAC) രൂപീകരിച്ചു. അക്കാദമിക സ്ഥാപനങ്ങള്‍, വ്യവസായ അസോസിയേഷനുകള്‍, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സേവന മേഖലയിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ സമിതിയില്‍ ഉള്‍പ്പെടുന്നു. ISP വിശ്വസനീയവും സമഗ്രവും ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുപൂരകവുമാണെന്ന് ഉറപ്പാക്കി, അന്താരാഷ്ട്ര രംഗത്തെ മികച്ച രീതികളെ അടിസ്ഥാനമാക്കിയാണ് നിര്‍ദ്ദിഷ്ട ചട്ടക്കൂട് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ISP തയ്യാറാക്കുന്നതിനുള്ള ഏറ്റവും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ OECD കംപൈലേഷന്‍ മാനുവല്‍ ഫോര്‍ ഇന്‍ഡെക്‌സ് ഓഫ് സര്‍വീസസ് പ്രൊഡക്ഷന്‍ (2007) നല്‍കുന്നു, ഒപ്പം യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസായ യൂറോസ്റ്റാറ്റ്, ISP സമാഹരണത്തിനുള്ള മറ്റൊരു പ്രധാന അന്താരാഷ്ട്ര റഫറന്‍സാണ്.

ഫ്രാന്‍സ്, സ്‌പെയിന്‍, സ്ലൊവേനിയ എന്നിവയുള്‍പ്പെടെ നിരവധി വികസിത സമ്പദ്വ്യവസ്ഥകള്‍ സേവന മേഖലയുടെ പ്രകടനം അളക്കുന്നതിനായി സേവന ഉത്പാദന സൂചിക (ISP) അഥവാ സമാനമായ സൂചകങ്ങള്‍ പതിവായി പ്രസിദ്ധീകരിക്കുന്നു. യൂറോപ്യന്‍ യൂണിയന് പുറത്ത്, ദക്ഷിണ കൊറിയ പ്രതിമാസ സേവന വ്യവസായ പ്രവര്‍ത്തന സൂചിക പുറത്തിറക്കുന്നു, യുണൈറ്റഡ് കിംഗ്ഡവും സമഗ്രമായ സേവന സൂചിക പ്രസിദ്ധീകരിക്കുന്നു.

 


 

മേഖലാടിസ്ഥാനത്തിലുള്ള സേവന ഉത്പാദന സൂചിക

വിശ്വസനീയവും ഉയര്‍ന്ന ആവൃത്തിയിലുള്ളതുമായ ഡാറ്റ ലഭ്യമാകുന്ന സേവന ഉപമേഖലകളെയാണ് ISP തുടക്കത്തില്‍ കണക്കിലെടുക്കുന്നത്..

 



 

സേവന ഉത്പാദന സൂചികയില്‍ (ISP) ഉള്‍പ്പെടാത്ത സേവന ഉപമേഖലകളില്‍ പൊതുഭരണം, പ്രതിരോധം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നിവ ഒഴികെയുള്ള സാമ്പത്തിക സേവനങ്ങള്‍ (കേന്ദ്ര ബാങ്ക് പ്രവര്‍ത്തനങ്ങള്‍, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍ എന്നിവ പോലുള്ളവ), താമസസൗകര്യങ്ങളില്ലാത്ത സാമൂഹിക പ്രവര്‍ത്തനങ്ങള്‍, അംഗത്വ സംഘടനാ സേവനങ്ങള്‍, വ്യക്തിഗത സേവനങ്ങള്‍, ഗാര്‍ഹിക ജീവനക്കാരുടെ തൊഴിലുടമകളെന്ന നിലയിലെ സ്വകാര്യ കുടുംബങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വിദേശ സംഘടനാ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍, ചൂതാട്ടം, വാതുവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഈ മേഖലകളെ ഒഴിവാക്കിയിരിക്കുന്നത് അവ പ്രധാനമായും സര്‍ക്കാരിന്റെ പ്രധാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലോ അല്ലെങ്കില്‍ വിപണി ഇതര പ്രവര്‍ത്തനങ്ങളാലും അനൗപചാരിക മേഖലയാലും നയിക്കപ്പെടുന്നതിനാലോ ആണ്.

 ISP യെ ശാക്തീകരിക്കുന്ന ഡാറ്റാ ആവാസവ്യവസ്ഥ

ISP-കള്‍ സമാഹരിക്കുന്നതിന് മൂന്ന് പ്രധാന ഡാറ്റാ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നു-അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റ, GST, ASISSE-

വ്യോമ ഗതാഗതം, റെയില്‍വേ ഗതാഗതം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നിവയുടെ ISP-കള്‍ക്കായുള്ള സ്ഥിതിവിവരക്കണക്കുകള്‍ അഡ്മിനിസ്‌ട്രേറ്റീവ് രേഖകളില്‍ നിന്നോ നിലവിലുള്ള (ദ്വിതീയ) ഡാറ്റാ ഉറവിടങ്ങളില്‍ നിന്നോ ശേഖരിക്കുന്നു.

ASISSE ഡാറ്റ സര്‍ക്കാരിതര ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ സ്ഥിതിവിവരക്കണക്കുകള്‍ സമാഹരിക്കാന്‍ ഉപയോഗിക്കും. 2026 ഏപ്രിലില്‍ ആരംഭിച്ച ASISSE, സേവന മേഖലയിലെ സംയോജിത ബിസിനസുകളുടെ സമഗ്രമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു.

നിങ്ങള്‍ക്കറിയാമോ?

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ കൃത്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി സ്റ്റാറ്റിസ്റ്റിക്കല്‍ ആപ്ലിക്കേഷനുകളില്‍ ആദ്യമായി ജിഎസ്ടി ഡാറ്റ ഉപയോഗിക്കും.

 മൊത്ത വ്യാപാരം, ചില്ലറ വ്യാപാരം, അറ്റകുറ്റപ്പണികള്‍, താമസം, ഭക്ഷണം, റോഡ് ഗതാഗതം, ജലഗതാഗതം, വെയര്‍ഹൗസിംഗ്, ഗതാഗതത്തിനായുള്ള പിന്തുണാ പ്രവര്‍ത്തനങ്ങള്‍, തപാല്‍-കൊറിയര്‍ സേവനങ്ങള്‍, വാര്‍ത്താവിനിമയം, വാര്‍ത്താ വിതരണ പ്രക്ഷേപണം, റിയല്‍ എസ്റ്റേറ്റ്, ഐടി, കമ്പ്യൂട്ടര്‍ അനുബന്ധ സേവനങ്ങള്‍, പ്രൊഫഷണല്‍, ശാസ്ത്ര-സാങ്കേതിക സേവനങ്ങള്‍, ഗവേഷണവും വികസനവും, ഭരണപരവും അനുബന്ധ സേവനങ്ങളും, കല, വിനോദം തുടങ്ങിയ മേഖലകളുടെ സ്ഥിതിവിവരക്കണക്കുകള്‍ സമാഹരിക്കുന്നതിന് ജിഎസ്ടി ഡാറ്റ ഉപയോഗിക്കും.

ISP എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു?

കഴിഞ്ഞ ഏതാനും ദശകങ്ങളായി, സാമ്പത്തിക പരിഷ്‌കാരങ്ങള്‍, സാങ്കേതികവിദ്യയിലെ പുരോഗതി, ആഗോള വിപണികളുമായുള്ള ശക്തമായ ബന്ധം എന്നിവ മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഗണ്യവും ഘടനാപരവുമായ പരിവര്‍ത്തനങ്ങള്‍ ദൃശ്യമായിട്ടുണ്ട്. തത്ഫലമായി, സാമ്പത്തിക വളര്‍ച്ചയ്ക്കും  തൊഴിലവസര സൃഷ്ടിക്കും സേവന മേഖല സുപ്രധാന സംഭാവന നല്‍കിപ്പോരുന്നു.

2013-14 മുതല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GVA) 50% ത്തിലധികം സംഭാവന ചെയ്യുന്ന മേഖലയാണിത്. 2024-25 ല്‍ സേവന മേഖലയുടെ GVA വിഹിതം 52.9% ആയിരുന്നു.

ഇന്ത്യയിലെ മൊത്തം തൊഴിലവസരങ്ങളുടെ ഏകദേശം 30% ഈ മേഖലയിലാണ് സൃഷ്ടിക്കപ്പെടുന്നത്, കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏകദേശം 4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

2026-27 സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യയുടെ സേവന കയറ്റുമതി ശക്തമായ വളര്‍ച്ച നിലനിര്‍ത്തുന്നു. 2026-27 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സേവന കയറ്റുമതി 103.41 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു, ഇത് മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.16% വളര്‍ച്ച രേഖപ്പെടുത്തി.

2047 ഓടെ ആഗോള സേവനമേഖലയില്‍ 10% വിഹിതം ലക്ഷ്യമിട്ട് സേവന വിപണിയില്‍ ഇന്ത്യയെ ലോക നേതൃത്വത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സേവന മേഖല സുപ്രധാന പങ്ക് വഹിക്കുന്നു, അതിനാല്‍ മേഖലയുടെ  പ്രകടനം നിരീക്ഷിക്കുന്നതിനായി ഒരു ഹ്രസ്വകാല സൂചകം അത്യന്താപേക്ഷിതമായിരിക്കുന്നു. വ്യാവസായിക ഉത്പാദന സൂചിക (IIP) വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ അളക്കുന്നുള്ളൂ, സേവന മേഖലയിലെ ഹ്രസ്വകാല പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്നില്ല. ഈ പരിമിതി പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ സേവന ഉത്പാദന സൂചിക (ISP) അവതരിപ്പിച്ചത്.

സാമ്പത്തിക മേഖലയിലെ ഇന്ത്യയുടെ പ്രകടനം അളക്കുന്നതില്‍ പുതിയ നാഴികക്കല്ല്
 
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്  സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ISP യുടെ സമാരംഭം വ്യക്തമാക്കുന്നത്. ഉയര്‍ന്ന ആവൃത്തിയിലുള്ള ഡാറ്റയും ശക്തമായ രീതിശാസ്ത്രവും സമന്വയിപ്പിക്കുന്നതിലൂടെ, ISP ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയെക്കുറിച്ചുള്ള സമയബന്ധിതമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. പ്രതിമാസ സൂചകമെന്ന നിലയില്‍, ഇത് സാമ്പത്തിക പുരോഗതി നിരീക്ഷിക്കാന്‍ സഹായിക്കുന്നു, നയപരമായ പ്രതികരണങ്ങള്‍ മെച്ചപ്പെടുത്തുന്നു, ഇന്ത്യയുടെ വളര്‍ച്ചാ പാതയെക്കുറിച്ച് വ്യക്തമായ ധാരണ പ്രദാനം ചെയ്യുന്നു.

 

അലവംബം:

Ministry of Statistics & Programme Implementation

https://www.pib.gov.in/PressReleasePage.aspx?PRID=2284450&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2277392&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2255933&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2269286&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2249336&reg=3&lang=1

 

Ministry of Commerce & Industry

https://www.pib.gov.in/PressReleasePage.aspx?PRID=2284139&reg=3&lang=1

 

PIB Archives

https://www.pib.gov.in/PressNoteDetails.aspx?NoteId=157804&ModuleId=3&reg=48&lang=2

Click here to see pdf 

****

(तथ्य सामग्री आईडी: 150776) आगंतुक पटल : 6


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Urdu , Assamese , Bengali , Manipuri , Kannada