ഗോവ, നവംബർ 28, 2026
57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.ഐ) ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ അഭിനയത്തിന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള രജതമയൂര പുരസ്കാരം ലഭിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുരസ്കാരം സമ്മാനിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ, ഐ.എഫ്.എഫ്.ഐ ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഋഷഭ് ഷെട്ടിയുടെ അഭിനയത്തിലെ ആഴവും തീവ്രതയും പരിഗണിച്ച രാജ്യാന്തര ജൂറി, പ്രേക്ഷകരെ വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെ ആകർഷകമായി നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിച്ചു. സിനിമയുടെ കഥാഗതിയിൽ ശാരീരികമായി പൂർണമായും അലിഞ്ഞുചേരുന്ന അദ്ദേഹത്തിന്റെ പ്രകടനത്തെ ജൂറി വിലയിരുത്തിയതിങ്ങനെ:
"അദ്ദേഹം ചിരിക്കുന്നു, കരയുന്നു, വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെയുള്ള യാത്രയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അദ്ദേഹത്തിന്റെ ശരീരം മുഴുവൻ സിനിമയോട് സംവദിക്കുന്നു. കഥയിൽ അദ്ദേഹം പൂർണമായും സ്വയം സമർപ്പിക്കുന്നു. അഭിനയത്തിനപ്പുറം അനുഭവമായി മാറുന്ന, വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഋഷഭ് ഷെട്ടിയുടേത്."

ഒരു ഫീച്ചർ ചിത്രത്തിലെ പുരുഷ നടന്റെ മികച്ച അഭിനയപ്രകടനത്തിനാണ് രജതമയൂര പുരസ്കാരം നൽകുന്നത്. രജതമയൂര ശിൽപ്പം, സർട്ടിഫിക്കറ്റ്, 15 ലക്ഷം രൂപയുടെ സമ്മാനത്തുക എന്നിവയാണ് പുരസ്കാരത്തിൽ ഉൾപ്പെടുന്നത്.

‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ സിനിമയുടെ സംഗ്രഹം
കടംബ രാജവംശത്തിന്റെ കാലഘട്ടത്തിൽ കാന്താരയിലെ നിഗൂഢ വനത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബംഗ്രയിലെ രാജാവായ വിജയേന്ദ്രൻ വനത്തിലേക്കു കടക്കുകയും മരിക്കുകയും ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ പിൻഗാമിയായ രാജശേഖരൻ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിടുന്നു.
വർഷങ്ങൾക്കുശേഷം വനവാസിയായ ബെർമെയെന്ന യുവാവ് വിലക്കപ്പെട്ട അതിർത്തി കടന്ന് രാജ്യത്തെ കൊടിയ ഭരണത്തിന്റെ യാഥാർഥ്യം തിരിച്ചറിയുന്നു. ക്രൂരനായ രാജകുമാരൻ കുലശേഖരൻ വനവാസി ഗോത്രവിഭാഗങ്ങൾക്കുനേരെ ആക്രമണം നടത്തുന്നതോടെ, നീതിക്കും ധർമ്മത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ബെർമെ തന്റെ ജനങ്ങളെ ഒന്നിപ്പിക്കുന്നു. ആശയങ്ങൾ, വിശ്വാസം, വിധി എന്നിവ തമ്മിലുള്ള ഇതിഹാസതുല്യമായ ഏറ്റുമുട്ടലിലേക്ക് സംഘർഷം വളരുന്നു. ഒടുവിൽ രണ്ട് ലോകങ്ങളുടെയും ഭാവി നിർണയിക്കുന്ന പോരാട്ടമായി അത് മാറുന്നു.
Rishab Shetty wins the Silver Peacock for Best Actor (Male) at #IFFI2026 for Kantara: A Legend Chapter 1! 🎉🎬 #IFFI2026 #57IFFI #StoriesWithoutBorders @shetty_rishab https://t.co/9y5R8p9jqh
— PIB India (@PIB_India) November 28, 2026
IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
* * *
SK