57th International Film Festival of India 2026
20 – 28 Nov 2026

'വില്ലൻ എല്ലായ്പ്പോഴും ഒരു വ്യക്തിയല്ല, മറിച്ച് സമൂഹത്തിൻ്റെ പ്രതിഫലനമാണ്': 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കാർത്തിക് സുബ്ബരാജ്

പോസ്റ്റഡ് ഓണ്‍: 27 NOV 2026 7:11PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2342880Views: 8

ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ "വില്ലൻ ശരിയായിരുന്നെങ്കിലോ?"  എന്ന പേരിൽ സംഘടിപ്പിച്ച അഭിമുഖ പരിപാടിയില്‍   ധാർമികതയുടെ സങ്കീർണതകൾ, വില്ലത്തരത്തിൻ്റെ സാമൂഹ്യ വേരുകൾ, മുൻവിധികളെ വെല്ലുവിളിക്കാനുള്ള സിനിമയുടെ ശേഷി എന്നിവയെക്കുറിച്ച് പ്രശസ്ത ചലച്ചിത്രകാരൻ കാർത്തിക് സുബ്ബരാജ് സംസാരിച്ചു. ചലച്ചിത്ര നിരൂപകൻ സുധീർ ശ്രീനിവാസൻ നിയന്ത്രിച്ച  സെഷനില്‍ നന്മയും തിന്മയും തമ്മിലെ പരമ്പരാഗത വേർതിരിവുകളെ അദ്ദേഹത്തിൻ്റെ സിനിമകൾ എങ്ങനെ വെല്ലുവിളിക്കുന്നുവെന്നാണ് വിലയിരുത്തിയത്.  

 

സാഹചര്യങ്ങളും സാമൂഹ്യ അനുഭവങ്ങളുമാണ് മനുഷ്യൻ്റെ പെരുമാറ്റത്തെ രൂപപ്പെടുത്തുന്നതെന്ന് നിരീക്ഷിച്ച സുബ്ബരാജ്,  എല്ലാവരുടെയും അടിസ്ഥാന സ്വഭാവം നന്മതിന്മകൾ കലർന്നതാണെന്ന്  അഭിപ്രായപ്പെട്ടു. വ്യക്തികൾ കണ്ടുമുട്ടുന്ന മനുഷ്യരും  നേരിടുന്ന സാഹചര്യങ്ങളുമാണ് അവരെ നല്ലവരായോ ചീത്തവരായോ വിലയിരുത്തപ്പെടുന്നതിനെ സ്വാധീനിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

 

'ഡൊറോത്തി'  എന്ന തൻ്റെ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, ബോധപൂർവം തിന്മ ചെയ്യുന്ന കഥാപാത്രങ്ങളും ആഴത്തിൽ വേരൂന്നിയ സാമൂഹ്യ സാഹചര്യങ്ങളുടെ സ്വാധീനം മൂലം ദോഷകരമായി പെരുമാറുന്ന കഥാപാത്രങ്ങളും തമ്മിലെ വ്യത്യാസം സുബ്ബരാജ് വ്യക്തമാക്കി. 'വിസിൽ വീരയ്യ' പ്രത്യക്ഷത്തിൽ  തിന്മയെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണെങ്കിലും, പൊറോട്ടക്കട ഉടമയെപ്പോലുള്ള കഥാപാത്രങ്ങൾ കൂടുതൽ അപകടകാരികളാകാമെന്നും  സ്വന്തം മുൻവിധികളും തെറ്റുകളും തിരിച്ചറിയാൻ അവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

നായികയുടെ മരണത്തിന് കാരണമായി പുരുഷാധിപത്യത്തെയും ആണധികാര മനോഭാവങ്ങളെയുമാണ് 'ഡൊറോത്തി' എന്ന ചിത്രം  അവതരിപ്പിക്കുന്നതെന്ന് സുബ്ബരാജ് പറഞ്ഞു. ഒരു വ്യക്തിക്ക് പകരം അടിച്ചമർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ഇവിടെ യഥാർത്ഥ പ്രതിനായകനായി പ്രതിഷ്ഠിച്ചിരിക്കുന്നത്. 'മെർക്കുറി'  എന്ന ചിത്രവുമായി ഇതിനെ താരതമ്യം ചെയ്ത അദ്ദേഹം, ഒരു ഗ്രാമത്തിൻ്റെ കൂട്ടായ മാനസികാവസ്ഥ എങ്ങനെ പ്രതികൂലമായി ചിത്രീകരിക്കപ്പെടുന്നുവെന്നും വിശാല സാമൂഹ്യ മനോഭാവങ്ങളിൽ നിന്ന് വ്യക്തിപരമായ വില്ലത്തരങ്ങൾ എങ്ങനെ ഉടലെടുക്കുന്നുവെന്നും വിശദീകരിച്ചു.

 

അപമാനത്തെയും ഉത്തരവാദിത്തബോധത്തെയും കുറിച്ച് പരാമർശിക്കവെ, ഒരാളുടെ കഴിവില്ലായ്മയ്ക്ക് നേരെയുള്ള പരിഹാസവും ചിരിയും ശകാരത്തേക്കാൾ വേദനാജനകമാകുമെന്ന് ചലച്ചിത്രകാരൻ നിരീക്ഷിച്ചു. പശ്ചാത്താപവും കുറ്റബോധവും ശിക്ഷാരൂപങ്ങളാണെന്നും, ഒരാളുടെ പ്രവൃത്തികളുടെ പരിണതഫലങ്ങൾ എപ്പോഴും ശാരീരിക ഉപദ്രവമോ മരണമോ ആകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

സമൂഹത്തെ സ്വാധീനിക്കാനുള്ള സിനിമയുടെ കഴിവിനെക്കുറിച്ച് സംസാരിക്കവെ, 'ഡൊറോത്തി'ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങൾ സുബ്ബരാജ് ഓർത്തെടുത്തു; പ്രേക്ഷകർ ട്രാൻസ്ജെൻഡർ വ്യക്തികളെ ആലിംഗനം ചെയ്തതും പുരുഷന്മാർ വികാരാധീനരായി കരഞ്ഞതുമായ നിമിഷങ്ങൾ അദ്ദേഹം അനുസ്മരിച്ചു. വിനോദത്തിനപ്പുറം സഹാനുഭൂതി വളർത്താനും സാമൂഹ്യ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനും സിനിമകൾക്ക് കഴിയുമെന്ന  വിശ്വാസത്തെ ഇത്തരം പ്രതികരണങ്ങൾ ശക്തിപ്പെടുത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കഥാവിഷ്കാരത്തിലൂടെ മാറ്റം കൊണ്ടുവരികയെന്ന ആശയം 'ജിഗർതണ്ട' എന്ന ചിത്രത്തോടുള്ള  സമീപനത്തെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു.

 

സംഭാഷണത്തിലുടനീളം, കഥാപാത്രങ്ങളെ പൂർണമായും സദ്ഗുണസമ്പന്നരായ നായകന്മാരായോ ഒരിക്കലും നന്നാകാത്ത വില്ലന്മാരായോ ചിത്രീകരിക്കുന്നതിലെ  വിമുഖത സുബ്ബരാജ് വ്യക്തമാക്കി. ധാർമിക വിധികൾ പ്രേക്ഷക വ്യാഖ്യാനത്തിന് വിട്ടുകൊടുക്കുന്നതിലൂടെ, കഥാപാത്രങ്ങളെയും അവരുടെ പ്രേരണകളെയും സ്വന്തം കാഴ്ചപ്പാടിൽ പരിശോധിക്കാനാണ് അദ്ദേഹം പ്രേക്ഷകരെ ക്ഷണിക്കുന്നത്.

 

വ്യക്തികളിൽ മാത്രമല്ല, അവരെ രൂപപ്പെടുത്തുന്ന സാമൂഹ്യ മനോഭാവങ്ങളിലും ഘടനകളിലുമാണ് വില്ലത്തരം പലപ്പോഴും വേരൂന്നിയിരിക്കുന്നതെന്ന സുബ്ബരാജിൻ്റെ ചലച്ചിത്ര സമീപനത്തിലേക്ക് ഉൾക്കാഴ്ച നൽകുന്നതായിരുന്നു ഈ സെഷന്‍.  

 

നന്മയെയും തിന്മയെയും കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾക്കപ്പുറത്തേക്ക് നോക്കാനും, ആഴത്തിൽ വേരൂന്നിയ മുൻവിധികളെ ചോദ്യം ചെയ്യാനും, സങ്കീർണമായ സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി സംവദിക്കാനും പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കുന്ന സിനിമയുടെ കഴിവിനെ സുബ്ബരാജിൻ്റെ വാക്കുകൾ വിശദീകരിച്ചു. 'അതിരുകളില്ലാത്ത കഥകൾ' എന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രമേയത്തോട്  ചേർന്നുനിൽക്കുന്നതാണ് അദ്ദേഹത്തിൻ്റെ കഥാഖ്യാന ശൈലി. പ്രത്യേക സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലങ്ങളിൽ വേരൂന്നിയ കഥകൾക്ക് പോലും ധാർമികത, സഹാനുഭൂതി, മനുഷ്യസ്വഭാവം എന്നിവയെക്കുറിച്ച് സാർവത്രികമായ ചോദ്യങ്ങളുയർത്താൻ കഴിയുമെന്ന് ഇത് വ്യക്തമാക്കുന്നു. 

 

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക  IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48 

*****

 


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2342880
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026