ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 നവംബർ 28 മുതൽ ഡിസംബർ 12 വരെ വാരാണസിയിൽ നടക്കുന്ന കാശി തമിഴ് സംഗമത്തിൻ്റെ (KTS) അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യും. രാജ്യരക്ഷ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് സമാപന സമ്മേളനത്തിൽ പങ്കെടുക്കും. തമിഴ്നാടും കാശിയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക, ഭാഷാ, നാഗരിക ബന്ധങ്ങൾ ആഘോഷിക്കുന്ന പരിപാടിയിൽ 1,400-ലധികം പ്രതിനിധികൾ പങ്കെടുക്കും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സംരംഭം, ഇരു പ്രദേശങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ തിരുക്കുറളിൻ്റെ കാലാതീതമായ ജ്ഞാനവും ധാർമിക ചിന്തകളും ആഘോഷിക്കുന്നതായിരിക്കും അഞ്ചാം പതിപ്പ്.
കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐഐടി മദ്രാസ്, ബനാറസ് ഹിന്ദു സർവകലാശാല (BHU), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് (CICT), ഉത്തർപ്രദേശ് ഗവൺമെൻ്റ് , വിവിധ കേന്ദ്ര ഗവൺമെൻ്റ് വകുപ്പുകളും മന്ത്രാലയങ്ങളും എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
KTS 5.0- ൻ്റെ പ്രമേയം — “തിരുക്കുറൾ പഠിക്കാം –
കാശി തമിഴ് സംഗമം 5.0- ൻ്റെ പ്രമേയം 'തിരുക്കുറൾ പഠിക്കാം' എന്നാണ്.തിരുക്കുറളിൻ്റെ കാലാതീതമായ ജ്ഞാനത്തെക്കുറിച്ച്, പ്രത്യേകിച്ച് വിദ്യാർഥികളിലും യുവാക്കളിലും, അവബോധവും ധാരണയും വളർത്തുന്നതിനാണ് പ്രമേയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സാഹിത്യ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും വിലമതിക്കുന്നതിനും ഇത് പ്രോത്സാഹനം നൽകും.
പ്രശസ്ത തമിഴ് കവിയും തത്ത്വചിന്തകനുമായ തിരുവള്ളുവർ രചിച്ച തിരുക്കുറൾ തമിഴ് സാഹിത്യത്തിലെ കാലാതീതമായ കൃതികളിലൊന്നാണ്. തലമുറകളിലൂടെ അത് മാർഗനിർദേശം നൽകിക്കൊണ്ടിരിക്കുന്നു. ധാർമികത, ഭരണനിർവഹണം, മാനുഷിക ബന്ധങ്ങൾ, അനുകമ്പ, അച്ചടക്കം, ഉത്തരവാദിത്വപൂർണമായ ജീവിതം എന്നിവയെക്കുറിച്ച് ഇതിലെ 1,330 ഈരടികൾ പ്രതിപാദിക്കുന്നു. അരം (ധർമ്മം), പൊരുൾ (സമ്പത്ത്), ഇമ്പം (സ്നേഹം) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് ഗ്രന്ഥം വിഭജിച്ചിരിക്കുന്നത്. നീതിയുക്തമായ പെരുമാറ്റം, സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം, മാനുഷിക ബന്ധങ്ങൾ എന്നിവയുടെ തത്വങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു .
പ്രതിനിധികളും പരിപാടിയും:
തമിഴ്നാട്ടിൽ നിന്നുള്ള ഏകദേശം 1,400 പേർ ഏഴ് സംഘങ്ങളായി, ഓരോ സംഘത്തിലും ഏകദേശം 200 പേർ വീതം, എട്ട് ദിവസത്തെ യാത്രയിൽ പങ്കെടുക്കും. നാല് ദിവസത്തെ യാത്രയും നാല് ദിവസത്തെ സന്ദർശനങ്ങളും എന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് . വിവിധസാംസ്കാരിക, അക്കാദമിക, മേഖലകളുമായി ബന്ധപ്പെട്ടതും ആത്മീയവുമായ പരിപാടികൾ ഉൾപ്പെടുന്ന യാത്രാപദ്ധതിയിൽ വാരാണസി, പ്രയാഗ്രാജ്, അയോധ്യ എന്നിവിടങ്ങൾ ഉൾപ്പെടും.
വിദ്യാർഥികൾ,അധ്യാപകർ,എഴുത്തുകാരും മാധ്യമപ്രവർത്തകരും,കൃഷിയും അനുബന്ധ മേഖലകളിലും നിന്നുള്ളവർ,പ്രൊഫഷണലുകളും കരകൗശല വിദഗ്ധരും,വനിതകൾ,ആത്മീയ നേതാക്കൾ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
വാരാണസിയിലെ താമസത്തിനിടെ പ്രതിനിധികൾ കാശി വിശ്വനാഥ ക്ഷേത്രം, രാംനഗർ കോട്ട, ഭാരത് മാതാ ക്ഷേത്രം എന്നിവയുൾപ്പെടെയുള്ള പ്രധാന മത, ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കും. ഗംഗാ ആരതി, ഗംഗാ സ്നാനം, അക്കാദമിക സെഷനുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും യാത്രാപദ്ധതിയിൽ ഉൾപ്പെടും. തുടർന്ന് പ്രതിനിധികൾ പ്രയാഗ്രാജിലെ ത്രിവേണി സംഗമവും അയോധ്യയിലെ ശ്രീരാമ ക്ഷേത്രവും സന്ദർശിക്കും.
മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പൈതൃക ഭവനം, കേദാർ ഘട്ട്, ചെറിയ തമിഴ്നാട് എന്നറിയപ്പെടുന്ന കാശി മഠം എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക തമിഴ് പൈതൃക പര്യടനവും പ്രതിനിധികൾക്കായി ഒരുക്കും. കൂടാതെ BHU-യിലെ തമിഴ് വിഭാഗത്തിൽ അക്കാദമിക സംവാദവും നടക്കും.
വിദ്യാർഥി പങ്കാളിത്ത പരിപാടി:
വിവിധ അക്കാദമിക വിഷയങ്ങളിലും ഭാഷാ പശ്ചാത്തലങ്ങളിലുമുള്ള വിദ്യാർഥികൾക്കിടയിൽ തിരുക്കുറളിനെക്കുറിച്ചുള്ള വിശാലമായ ധാരണ പ്രോത്സാഹിപ്പിക്കുന്നതിനായി 1,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ രാജ്യവ്യാപകമായ വിദ്യാർഥി പങ്കാളിത്ത പരിപാടി നടപ്പാക്കുന്നു. ഘടനാപരമായ പഠനം, ഗവേഷണം, ക്യാമ്പസ് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
• പങ്കെടുക്കുന്ന ഓരോ സ്ഥാപനവും തിരുക്കുറളിൽ താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തുകയും മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ ഒരു വിദ്യാർഥിയെ നാമനിർദേശം ചെയ്യുകയും ചെയ്യും.
• തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് 22 ഷെഡ്യൂൾഡ് ഭാഷകളിലും ഇംഗ്ലീഷിലും നൽകുന്ന ഓൺലൈൻ അക്കാദമിക ഓറിയൻ്റേഷനിൽ പങ്കെടുക്കാം.
• തുടർന്ന് ഒരു മാസത്തെ ഗവേഷണ-അക്കാദമിക പരിപാടി നടക്കും. CICT-യിൽ നിന്നുള്ള ബഹുഭാഷാ പഠനസാമഗ്രികൾ ഇതിനായി ലഭ്യമാക്കും. പരിപാടിയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചുള്ള ആവശ്യകതകൾ പൂർത്തിയാക്കുന്ന യോഗ്യരായ ഓരോ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിക്കും ₹10,000 സ്റ്റൈപ്പൻഡ് ലഭിക്കും.
• ഓരോ വിദ്യാർഥിയും ഒരു അധ്യാപകൻ്റെ മാർഗനിർദേശത്തിൽ 4 മുതൽ 10 പേജ് വരെ വരുന്ന ഒരു ലേഖനമോ ഗവേഷണ കുറിപ്പോ തയ്യാറാക്കുകയും, സ്വന്തം സ്ഥാപനത്തിൽ തിരുക്കുറളിനെക്കുറിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള അവതരണം നടത്തുകയും വേണം.
ഉത്തർപ്രദേശിലെ സ്കൂളുകളിൽ തിരുക്കുറൾ പഠിപ്പിക്കുന്നു :
സംഗമത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നുള്ള 50 അധ്യാപകർ ഉത്തർപ്രദേശ് സന്ദർശിച്ച് സ്കൂളുകളിൽ തിരുക്കുറൾ പഠിപ്പിക്കും. തമിഴ്നാട്ടിൽ നിന്നുള്ള തിരുക്കുറൾ വിദഗ്ധരും വാരാണസിയിലെ സ്കൂളുകൾ സന്ദർശിക്കും. ഓറിയൻ്റേഷൻ മൊഡ്യൂളുകൾ, സംവേദനാത്മക സെഷനുകൾ, ക്വിസുകൾ എന്നിവയിലൂടെ തിരുക്കുറളിലെ അടിസ്ഥാന ആശയങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും.
സ്കൂളുകളിലെ വായനാ പരിപാടികൾ :
നാഷണൽ ബുക്ക് ട്രസ്റ്റ്, രാഷ്ട്രീയ ഇ-പുസ്തകാലയവുമായി സഹകരിച്ച് വാരാണസിയിലെ സ്കൂളുകളിൽ വായനാശീലം, കഥാഖ്യാനം , സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സംവേദനാത്മക സെഷനുകൾ സംഘടിപ്പിക്കും.
അക്കാദമിക ഇടപെടലുകൾ, സാംസ്കാരിക അവതരണങ്ങൾ, പ്രാദേശിക കരകൗശല പ്രദർശനങ്ങൾ:
ബനാറസ് ഹിന്ദു സർവകലാശാല, ഭാരതീയ ഭാഷാ സമിതിയുടെ പങ്കാളിത്തത്തോടെ തിരുക്കുറളിനെക്കുറിച്ചുള്ള ദേശീയ സമ്മേളനം സംഘടിപ്പിക്കും. തിരുക്കുറളിനെ ആസ്പദമാക്കിയുള്ള സാംസ്കാരിക പരിപാടികളും ഹ്രസ്വചിത്രങ്ങളുടെ പ്രദർശനങ്ങളും സംഘടിപ്പിക്കും. പ്രധാന വേദിയിൽ തമിഴ്നാട്ടിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള കരകൗശല-കൈത്തറി ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും പ്രതിനിധികൾക്കായി ഒരുക്കും.
ഡിജിറ്റൽ, പൊതുജന അവബോധം :
രാജ്യത്തുടനീളമുള്ള കൂടുതൽ പേരിലേക്ക് തിരുക്കുറളിൻ്റെ ആശയങ്ങൾ ലഭ്യമാക്കുന്നതിനായി കാശി തമിഴ് സംഗമം 5.0 സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തും. CICT-യുടെ തിരുക്കുറൾ ബഹുഭാഷാ ആപ്പിൽ 1,330 ഈരടികളും 22 ഷെഡ്യൂൾഡ് ഭാഷകളിലേക്കുള്ള പരിഭാഷകളോടുകൂടി ലഭ്യമാണ്. തിരഞ്ഞെടുത്ത ഈരടികളെ ആസ്പദമാക്കിയുള്ള ഹ്രസ്വ ആനിമേറ്റഡ് വീഡിയോകളും സിനിമകളും തിരുക്കുറൾ ഓഡിയോബുക്കുകളും ഈ പതിപ്പിനായി CICT ഒരുക്കുന്ന പരിപാടികളിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും:
തിരുക്കുറളിനെക്കുറിച്ചുള്ള MyGov ക്വിസിൽ പങ്കെടുക്കുക: